Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അൽഫോൻസിന്റെ മന്ത്രി സ്ഥാനം ഗുണം ചെയ്തില്ല; സ്വന്തം കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും ന്യൂനപക്ഷങ്ങൾ അടുത്തില്ല; കുമ്പനാട് ഐപിസിക്ക് സ്വദേശി ദർശനിൽ കൊടുത്ത കോടികൾ വെള്ളത്തിൽ വരച്ച വരപോലായി; ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താൻ മന്ത്രിക്ക് ആയില്ല; കണ്ണന്താനത്തിനെ വീണ്ടും മന്ത്രിയാക്കാനുള്ള നീക്കത്തിൽ ബിജെപിയിൽ മുറുമുറുപ്പ്

അൽഫോൻസിന്റെ മന്ത്രി സ്ഥാനം ഗുണം ചെയ്തില്ല; സ്വന്തം കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും ന്യൂനപക്ഷങ്ങൾ അടുത്തില്ല; കുമ്പനാട് ഐപിസിക്ക് സ്വദേശി ദർശനിൽ കൊടുത്ത കോടികൾ വെള്ളത്തിൽ വരച്ച വരപോലായി; ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താൻ മന്ത്രിക്ക് ആയില്ല; കണ്ണന്താനത്തിനെ വീണ്ടും മന്ത്രിയാക്കാനുള്ള നീക്കത്തിൽ ബിജെപിയിൽ മുറുമുറുപ്പ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: അൽഫോൻസ് കണ്ണന്താനത്തെ വീണ്ടും കേന്ദ്രമന്ത്രിയാക്കാനുള്ള നീക്കത്തിൽ സംസ്ഥാന ബിജെപിയിൽ മുറുമുറുപ്പ്. തോറ്റമ്പിയിരിക്കുന്ന കേരളാ ഘടകത്തിന്റെ എതിർപ്പ് കേന്ദ്രനേതൃത്വം കാര്യമാക്കാത്തിടത്തോളം കാലം അൽഫോൻസിന് ഭീഷണിയില്ല. ഒരു പാടു കാര്യങ്ങൾ കണ്ണന്താനത്തിനെതിരേ സംസ്ഥാന ഘടകം ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളുടെ വോട്ടിൽ ലക്ഷ്യമിട്ടാണ് അൽഫോൻസ് കണ്ണന്താനത്തെ എംപിയും തുടർന്ന് കേന്ദ്രടൂറിസം സഹമന്ത്രിയുമാക്കിയത്.

ശബരിമല വരുന്ന പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ ഈ കാഞ്ഞിരപ്പള്ളിക്കാരന്റെ മന്ത്രിസഭയിലെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് കേന്ദ്രനേതൃത്വം കരുതിയത്. ടൂറിസം വകുപ്പ് നടപ്പാക്കിയ സ്വദേശി ദർശൻ പദ്ധതി പ്രകാരം കോടികളാണ് അൽഫോൻസ് കേരളത്തിലെ ആരാധനാലയങ്ങൾക്ക് കൊണ്ടു വന്നത്. ക്ഷേത്രങ്ങളെക്കാളുപരി മോസ്‌കുകൾക്കും ക്രിസ്ത്യൻ പള്ളികൾക്കുമാണ് പണം വാരിക്കോരി നൽകിയത്. പെന്തക്കോസ്ത് സഭകൾക്ക് വരെ കോടികൾ നൽകി.

കുമ്പനാട് ആസ്ഥാനമായ ഐപിസിക്ക് 1.63 കോടിയാണ് സ്വദേശി ദർശൻ പദ്ധതി പ്രകാരം നൽകിയത്. പത്തനംതിട്ട മണ്ഡലത്തിൽ നിർണായകമായ വോട്ടുള്ള ഐപിസിക്കാർ കേന്ദ്രത്തിന്റെ കാരുണ്യം നേരിട്ടറിഞ്ഞ് അന്തം വിട്ടു നിന്നു. മോദി ഇത്രയ്ക്ക് വിശാല ഹൃദയനാണല്ലോ എന്നൊരു അഭിപ്രായവും സഭയ്ക്കുള്ളിൽ രൂപം കൊണ്ടു. ഇതോടെ സഭാ നേതൃത്വം അപകടം മണത്തു. അവർ വിശ്വാസികളുടെ യോഗം വിളിച്ചു ചേർത്തു.

ഒന്നും കാണാതെ കേന്ദ്രസർക്കാർ തങ്ങൾക്ക് ഇത്രയും പണം തരാൻ സാധ്യതയില്ലെന്നും കുമ്പനാട് ഐപിസിയുടെ വിശാലമായ മൈതാനം ശബരിമല ഇടത്താവളമാക്കുകയാണ് ലക്ഷ്യമെന്നും ഒരു പ്രചാരണം ഇവർ തുടങ്ങി വച്ചു. ഇതോടെ മോദിയോട് തോന്നിയ സഹാനുഭൂതി ഉദിച്ചപ്പോഴേ അസ്തമിച്ചു. പത്തനംതിട്ട ജില്ലയിൽ മാത്രം സ്വദേശ് ദർശൻ പദ്ധതി പ്രകാരം 10. 72 കോടിയാണ് അനുവദിച്ചത്. ഇതിൽ ഏറെയും ക്രൈസ്തവമുസ്ലിം ആരാധനാലയങ്ങൾക്കാണ്. 10,72,24, 318 രൂപയാണ് അനുവദിച്ചത്് തീർത്ഥാടന പ്രാധാന്യമുള്ള ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.

ആരാധനാലയങ്ങൾക്ക് അനുവദിച്ചിട്ടുള്ള തുക. സെന്റ് ജോൺസ് കത്തീഡ്രൽ, തിരുവല്ല (64,13, 586 രൂപ), സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് പള്ളി നിരണം (86,56,451), സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി, ചന്ദനപ്പള്ളി ( 22,24,732), സെന്റ് തോമസ് ക്നാനായ പള്ളി റാന്നി (21,95,456), ഐ.പി.സി, ഹെബ്രോൻ കുമ്പനാട് ( 1,63,49,110), ജുമാമസ്ജിദ് ചിറ്റാർ (30,73,145), അടൂർ മുസ്്ലിം ജമാ അത്ത് ട്രസ്റ്റ് (57,21,058) ചെറുകോൽപ്പുഴ ഹിന്ദു മത പരിഷത്ത് (75,12,894) കവിയൂർ മഹാദേവ ക്ഷേത്രം (36,19, 126) കോട്ടാങ്ങൽ മുസ്്ലിം ജമാഅത്ത് (27,60, 371), നൂർ മൊഹമ്മദിയ ജുമാ മസ്ജിദ് തൃക്കോമല, റാന്നി (30,29, 125), പ്രത്യക്ഷ രക്ഷാദൈവസഭ, ഇരവിപേരൂർ ( 87,62265), ശബരി ശരണ ആശ്രമം (1,53,99,503), ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, വൈകുണ്ഠപുരം (18,74,484), ശ്രീപാർഥസാരഥി ക്ഷേത്രം അടൂർ (83,36,820), ശ്രീ അയ്യപ്പട്രസ്റ്റ്, പടുതോട് (5,40,698). വിദേശഫണ്ട് തടഞ്ഞതു കാരണം പ്രതിസന്ധിയിലായവരിൽ ഐപിസി സഭയും ഉൾപ്പെട്ടിരുന്നു.

മന്ത്രിയെന്ന നിലയിൽ അൽഫോൻസ് കാണിച്ച കോമാളത്തരങ്ങൾ കാരണം അദ്ദേഹത്തെ ആരും മുഖവിലയ്ക്ക് എടുത്തില്ല. അൽഫോൻസിന്റെ മന്ത്രി സ്ഥാനം ഗുണം ചെയ്തിരുന്നുവെങ്കിൽ കാഞ്ഞിരപ്പള്ളിയിൽ ന്യൂനപക്ഷങ്ങളുടെ വോട്ടിൽ നല്ലൊരു പങ്ക് എൻഡിഎയ്ക്ക് ലഭിക്കുമായിരുന്നു. ഇതിന്റെ അനുരണനം തൊട്ടടുത്ത പൂഞ്ഞാർ മണ്ഡലത്തിലും ഉണ്ടാകുമായിരുന്നു. കേന്ദ്രസർക്കാരിനെതിരായ തരംഗം ഉണ്ടായില്ല എന്നതു മാത്രമാണ് ഏക ആശ്വാസം. അതിന് കാരണമായത് സംസ്ഥാന സർക്കാരിന്റെ പ്രവർത്തനമായിരുന്നു. എങ്ങനെയും പിണറായിക്ക് തിരിച്ചടി കൊടുക്കാൻ ഭൂരിപക്ഷവും ന്യൂനപക്ഷവും മത്സരിച്ചപ്പോൾ എൻഡിഎയ്ക്ക് തിരിച്ചടി നേരിടുകയായിരുന്നു.

അൽഫോൻസിന്റെ കേന്ദ്രമന്ത്രി സ്ഥാനം കൊണ്ട് പത്തനംതിട്ടയ്ക്ക് പോലും പ്രയോനം ഒന്നുമുണ്ടായിട്ടില്ല. ഒരു പദ്ധതി പോലും കേരളത്തിലേക്ക് കൊണ്ടു വരാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. 2014 ൽ അമേഠിയിൽ പരാജയപ്പെട്ട സ്മൃതി ഇറാനി തനിക്ക് ലഭിച്ച കേന്ദ്രമന്ത്രി സ്ഥാനം എങ്ങനെയാണ് വോട്ടാക്കി മാറ്റിയതെന്ന് അൽഫോൻസ് കണ്ടു പഠിക്കേണ്ടിയിരിക്കുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP