Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇനിയും ഏത് നിമിഷവും ഉരുൾപൊട്ടാം; വെള്ളപ്പാച്ചിലിന് ശമനമില്ല; വഴി മാറിയൊഴുകന്ന പുഴ കരയിടിച്ച് വീടുകൾക്ക് ഭീഷണിയാവുന്നു; പാലങ്ങളുടെ പൊടി പോലുമില്ല; കൃഷി ഭൂമിയും വിളകളും കുത്തിയൊലിച്ച് പോയതോടെ നിസ്സഹായരായി കർഷകർ; പ്രളയദുരിത മേഖലയായ ബാവലിപ്പുഴക്കിരുവശവും മറുനാടൻ ലേഖകൻ കണ്ട കാഴ്ചകൾ

ഇനിയും ഏത് നിമിഷവും ഉരുൾപൊട്ടാം; വെള്ളപ്പാച്ചിലിന് ശമനമില്ല; വഴി മാറിയൊഴുകന്ന പുഴ കരയിടിച്ച് വീടുകൾക്ക് ഭീഷണിയാവുന്നു; പാലങ്ങളുടെ പൊടി പോലുമില്ല; കൃഷി ഭൂമിയും വിളകളും കുത്തിയൊലിച്ച് പോയതോടെ നിസ്സഹായരായി കർഷകർ; പ്രളയദുരിത മേഖലയായ ബാവലിപ്പുഴക്കിരുവശവും മറുനാടൻ ലേഖകൻ കണ്ട കാഴ്ചകൾ

രഞ്ജിത്ത് ബാബു

കണ്ണൂർ: പ്രളയക്കെടുതികളിൽ വിറങ്ങലിച്ച് നിൽക്കുന്ന ബാവലിപുഴയുടെ ഇരുകരകളിലുമുള്ള മൂന്ന് പഞ്ചായത്തുകളിലെ ജനങ്ങളുടെ ജീവിതം നേരിട്ട് കണ്ട മറുനാടൻ ലേഖകന് ഭീതതമായ അനുഭവങ്ങളാണ് പങ്കുവെക്കാനുള്ളത്.കണ്ണൂരിൽ നിന്ന് കൊട്ടിയൂരിലേക്കുള്ള ബസ്സ് യാത്രയിൽ തന്നെ കുടിയേറ്റ ജനതയിൽ പ്രതിഫലിച്ച ദുരന്തത്തിന്റെ വ്യാപ്തി അറിയാനായി. യാത്രികർ നിറഞ്ഞ് കവിയുമായിരുന്ന ബസ്സിൽ സീറ്റിൽ കൊള്ളാവുന്നവർ മാത്രം. അവരിൽ തന്നെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുകൊള്ളാനും കണ്ണീരൊപ്പാനുമുള്ളവരാണ് ഏറേയും.

അന്നത്തെ കാര്യങ്ങൾ പക്ഷം പിടിച്ച് സംസാരിക്കുന്ന പതിവ് കുടിയേറ്റ കാരണവന്മാരുടെ ശബ്ദ കോലാഹലങ്ങളൊന്നുമില്ല. കണിച്ചിയാർ മുതൽ കൊട്ടിയൂർ വരെയുള്ള ബന്ധുക്കളെ കാണുകയാണ് പലരുടേയും ലക്ഷ്യം. ആൾ നാശമുണ്ടായില്ലെങ്കിലും ഭവന നഷ്ടവും കൃഷിനാശവും ഈ മേഖലയെ പിടിച്ച് കുലുക്കിയിരിക്കുകയാണ്. പേരാവൂർ ബസ്സ് സ്റ്റാൻഡിൽ ബസ്സ് എത്തിയപ്പോഴും ആളനക്കമില്ല. എല്ലാം വിജനം. കച്ചവടക്കാരുടെ കണ്ണുകളിൽ പോലും ദുരന്തത്തിന്റെ ലാഞ്ചന. പേമാരിയുണ്ടായ ദുരന്തം ജനങ്ങളെ എത്രമാത്രം ഗ്രസിച്ചുവെന്ന് മനസ്സിലാക്കി തരികയായിരുന്നു നാട്.

അല്പനേരം സ്റ്റാൻഡിൽ നിർത്തിയിട്ട ബസ്സിൽ കയറാൻ ആരുമില്ലായിരുന്നു. നേരെ കൊട്ടിയൂർ ലക്ഷ്യമാക്കി വണ്ടി നീങ്ങി. ആദ്യം കണിച്ചിയാറിലാണ് ഇറങ്ങിയത്. ഈ പഞ്ചായത്തും പ്രളയക്കെടുതി ഏറ്റുവാങ്ങിയതാണ്. പ്രസിഡണ്ട് സെലിൻ മാണിയെ വിളിച്ച് സംസാരിച്ചു. അവർ ദുരിതാശ്വാസ പ്രവർത്തനത്തിന് ഇറങ്ങിയിരിക്കയായിരുന്നു. വിവരങ്ങളൊക്കെ ഫോണിൽ സംസാരിച്ചു. ആ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു ആദ്യം. ചീങ്കണ്ണിപ്പുഴയും ബാവലി പുഴയും ഇവിടെ സംഗമിക്കുന്നു.

മലവെള്ളപ്പാച്ചിലിൽ ഇരുകരകളും വേർപ്പെട്ട് പോയി. പൂളക്കുറ്റിയിലെ കോൺക്രീറ്റ് പാലത്തെ മലവെള്ളം പുഴയിൽ ഇടിച്ചിറക്കിയതിന്റെ ദുരന്തഫലമാണ് കരയിലുള്ളവർ അനുഭവിക്കുന്നത്. 60 കുടുംബങ്ങളിലെ 250 പേർ മറുകരയിൽ കഴിയുന്നു. എന്നാൽ മുമ്പ് ഇവിടെ ഒരു പാലമുണ്ടായിരുന്നു എന്ന് കാണിക്കാനുള്ള യാതൊരു ലക്ഷണവുമില്ല. പുഴക്കകത്ത് പാലത്തെ അടർത്തികൊണ്ടു പോയിരിക്കയാണ്. പാലത്തിന്റെ പൊടി പോലും കാണാത്ത അവസ്ഥയാണ്. കണിച്ചിയാർ പഞ്ചായത്ത് നേരിട്ട പ്രധാന ദുരന്തം കാർഷിക നഷ്ടവും റോഡ് തകർച്ചയുമാണ്. പത്തേക്കറിലെ പതിനായിരത്തോളം വരുന്ന നേന്ത്ര വാഴകൾ, 2500 ചേന, 3000 ൽ പരം കപ്പ, 3000 ൽ പരം കവുങ്ങ് ഇവയെല്ലാം പേമാരിയിൽ പെട്ടുപോയി.

ഓണക്കാലത്ത് കണിച്ചിയാറിലെ ആശാൻ ചേരിയിൽ നിന്നും പച്ചക്കറി വിഭവങ്ങൾ ചന്തകളിൽ എത്തുന്നത് പതിവാണ്. വെണ്ട, പയർ, പാവക്ക, തുടങ്ങിയവ 50 ലേറെ കുടുംബങ്ങൾ കൃഷി ചെയ്യുകയാണ് പതിവ്. എല്ലാം പാകപ്പെട്ടു വരുമ്പോഴാണ് ദുരന്തം അവരുടെ വിയർപ്പിന്റെ വിലയെ ഒഴുക്കി കളഞ്ഞത്. ഏലപ്പീടികയിലും തൊണ്ടിയിലും നഷ്ടപ്പെട്ടത് വീടുകളാണ്. ദിവസങ്ങൾ കഴിയുന്തോറും തകർച്ചയിലെത്തുന്ന വീടുകളുടെ എണ്ണം കൂടിക്കൂടി വരുന്നു. പല വീടുകൾക്കും വിള്ളൽ ബാധിച്ചിരിക്കുന്നു. ഇനി വാസയോഗ്യമാണോയെന്ന് സംശയിക്കണ്ടേിയിരിക്കുന്നവയാണ് മറ്റുള്ളവ.

ഭീതിയൊഴിയാതെ അമ്പായത്തോട് വനമേഖല

കേളകത്തേക്കാണ് അടുത്ത യാത്ര. പൊയ്യാമല പഞ്ചായത്ത് അംഗം ജോയ് വേളുപുഴക്കൽ ഒപ്പം ചേർന്നു. ദുരിതങ്ങളുടെ പെരുമഴയായിരുന്നു കേളകം പഞ്ചായത്തിലുണ്ടായത്. ബാവലി പുഴ കരയിടിച്ചു കൊണ്ടിരിക്കയാണ്. ഒട്ടേറെ വീടുകൾ ഭീഷണിയിലും. വീട്ടുകാർ മനസ്സില്ലാ മനസ്സോടെ ഒഴിഞ്ഞു പോകുന്നു. മലയോര വികസന ഏജൻസി 2014 ൽ പണിത പൊയ്യാംമല കുടിവെള്ള പദ്ധതി പൂർണ്ണമായും തകർന്നു. ബാവലി പുഴ കരകവിഞ്ഞ് ഒഴുകിയപ്പോൾ തകർന്നത് കുടിവെള്ള പദ്ധതി പൂർണ്ണമായാണ്. മലയോര ജനതക്ക് വേൽക്കാല ജലസ്‌ത്രോതസ്സായിരുന്നു ഇത്. പുറം ചുമർ മാറ്റി നിർത്തി പുഴ കൊണ്ടു പോയിരിക്കയാണ്. മരം വീണാണ് ഈ പഞ്ചായത്തിൽ ഏറെ വീടുകളും തകർന്നത്. എട്ട് ചെറു പാലങ്ങൾ ഒലിച്ചു പോയിരിക്കയാണ്. തെങ്ങും വാഴയും റബ്ബറും എല്ലാം നഷ്ടപ്പെട്ട കർഷകരുടെ എണ്ണം ഇനിയും പൂർണ്ണമായിട്ടില്ല. പതിനഞ്ച് കോടി രൂപയുടേതെങ്കിലും നാശനഷ്ടം ഇതുവരെയായിട്ടുണ്ട്. മലയിൽ ഒറ്റപ്പെട്ടവർ താഴോട്ട് വരാനാവാത്ത വിധം കഴിയുകയാണ്.

ഈ മേഖലയിലെ ദുരന്തങ്ങളുടെ കേന്ദ്ര സ്ഥാനം കൊട്ടിയൂർ മലനിരകളാണ്. വയനാട് ജില്ലയുമായി പങ്കിടുന്ന ഒട്ടേറെ മലകൾ പാലുകാച്ചിയും ചപ്പമലയും അമ്പായത്തോട് വനവും എല്ലാം അപകടാവസ്ഥയിലാണ്. വെള്ളപ്പാച്ചിലിന് ഇതുവരേയും യാതൊരു മാറ്റവുമുണ്ടായിട്ടില്ല. വനത്തിൽ ഉരുൾ പൊട്ടുമോ എന്ന ഭീഷണി ജനത്തെ ഭയാശങ്കയിലാഴ്‌ത്തുന്നു. അമ്പായത്തോട് മലയിലും ചപ്പമലയിലും കഴിയുന്നവരെ പുറം ലോകം നേരത്തെ വിശേഷിപ്പിച്ചത് ഈ സുന്ദര ഭൂമിയിൽ താമസിക്കാനായത് നിങ്ങളുടെ പൂർവ്വ ജന്മ സുകൃതം എന്നാണ്. എന്നാൽ കഴിഞ്ഞ ദിവസമുണ്ടായ ഉരുൾ പൊട്ടലിൽ കയ്യിൽ കിട്ടിയതും പെറുക്കി ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ട അവസ്ഥയാണ് ഇവർക്കുണ്ടായത്. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മലയിൽ ജീവൻ തൃണവൽക്കരിച്ച് കഴിയുന്നവവർ ഇപ്പോഴുമുണ്ട്.

ഇനി ജീവിച്ചിട്ടെന്ത് കാര്യമെന്ന് കർഷകർ

കാർഷിക നഷ്ടത്തിൽ മനം നൊന്ത് ഇനി ജീവിച്ചിട്ടെന്ത് കാര്യം എന്നു പറയുന്നവരുമുണ്ട്. അതിർത്തി മലകൾ ഇപ്പോഴും വെള്ളം കുടിച്ച് ചീർത്തിരിക്കയാണെന്ന് പഴമക്കാർ പറയുന്നു. അതുകൊണ്ടു തന്നെ ഉരുൾ പൊട്ടാനുള്ള സാധ്യതയുമുണ്ട്. ഈ കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് ഏറ്റവും വലിയ ഉരുൾ പൊട്ടൽ നടന്നതും അമ്പായത്തോട് വനത്തിലാണ്. നിരവധി പേരുടെ കൃഷി ഭൂമി പാടേ ഒലിച്ചു പോയി. കരയിടിച്ചിൽ മൂലം വീടുകൾ തകർന്നു. ചിലത് തകർച്ചയുടെ വക്കിലുമാണ്. കൊട്ടിയൂർ താഴത്തേതിൽ സുരേന്ദ്രന്റെ 70 സെന്റ് കൃഷി ഭൂമി പൂർണ്ണമായും പുഴയെടുത്തു കഴിഞ്ഞു. കാലവർഷ ദുരന്തത്തിൽ ആളപായമില്ലെന്ന് ആശ്വസിക്കാമെങ്കിലും ജീവിക്കാൻ മറ്റു വഴിയില്ലാതായിരിക്കയാണ് ഒട്ടേറെ കുടുംബങ്ങൾക്ക്.

ബാവലി പുഴക്ക് കുറുകേയുള്ള പാമ്പറപ്പാൻ പാലം മൂവായിരത്തോളം പേരെ കൊട്ടിയൂർ നഗരവുമായി ബന്ധിപ്പിക്കുന്നതാണ്. 25 വർഷം മുമ്പ് പന്നിയാം മല പ്രദേശവാസികളും മറ്റുള്ളവരും ചേർന്ന് സ്വന്തം വിയർപ്പിന്റെ വില കൊടുത്ത് നിർമ്മിച്ചതാണ് ഈ പാലം. ഉരുൾ പൊട്ടലിൽ പാലം കഷ്ടിച്ച് പിടിച്ച് നിന്നെങ്കിലും പാലത്തെ ബന്ധിപ്പിക്കുന്ന ഇരുകരകളും തകർച്ചയിലാണ്. ആർമിയും പൊലീസും നാട്ടുകാരും കരകളുമായി ബന്ധപ്പെടുത്തുന്ന പ്രവർത്തി നടത്തുകയാണ്. വർഷങ്ങൾക്കു മുമ്പ് മരപ്പാലം ഒലിച്ചു പോയതിനെ തുടർന്നാണ് കോൺക്രീറ്റ് പാലം ഇവിടെ പണിതത്.

സർക്കാറിനോട് ആവശ്യപ്പെട്ട് ഫലമില്ലാതായപ്പോൾ നാട്ടുകാരുടെ ശ്രമഫലമായി പാലം പൂർത്തിയാക്കുകയായിരുന്നു. അതുകൊണ്ടു തന്നെ ഏത് നിലയിലും പാലത്തെ സംരക്ഷിച്ച് ബലപ്പെടുത്താൻ ഒരുങ്ങിയിരിക്കയാണ് അഗസ്റ്റിൻ ചക്കാലയിലിന്റേയും പന്നിയാംമല വാർഡ് മെമ്പർ ഉഷ വലിയറയുടേയും നേതൃത്വത്തിൽ നാട്ടുകാർ. മൂന്ന് പഞ്ചായത്തുകളിലെ പതിനഞ്ചോളം കിലോമീറ്റർ ദൂരത്തിൽ ഒഴുകുന്ന ബാവലി പുഴയോരത്തിലൂടെയുള്ള ദുരിത കാഴ്‌ച്ചകളാണ് വിശദീകരിക്കപ്പെട്ടത്. പൂർണ്ണമായും ദുരിത വിവരങ്ങൾ എടുക്കുക ഇപ്പോഴും അസാധ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP