Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭീകരവാദത്തെ അടിച്ചമർത്താൻ തയ്യാറാകണം എന്നു പറഞ്ഞ് പാക്കിസ്ഥാന് മുന്നറിയിപ്പ്; ഇന്ത്യയുമായി മൂന്ന് ബില്ല്യൺ ഡോളറിന്റെ പ്രതിരോധ കരാർ ഒപ്പുവെക്കുമെന്നും വാഗ്ദാനം; നരേന്ദ്ര മോദിയുടെ ചായവിൽപ്പനയും ജീവിതവും പറഞ്ഞും ആൾക്കൂട്ടത്തെ കൈയിലെടുത്തു; ബോളിവുഡ് സിനിമകളെ കുറിച്ചും സച്ചിൻ ടെണ്ടുൽക്കറിന്റെയും പേരു പറഞ്ഞപ്പോൾ നിറഞ്ഞ കൈയടി; ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബൂബക്കർ ബാഗ്ദാദിയെ വധിച്ചത് നേട്ടമായി എടുത്തു പറഞ്ഞു; 'നമസ്‌തേ' എന്നു പറഞ്ഞു തുടങ്ങിയ ട്രംപിന്റെ പ്രസംഗം ഇന്ത്യൻ മനസ്സറിഞ്ഞ്

ഭീകരവാദത്തെ അടിച്ചമർത്താൻ തയ്യാറാകണം എന്നു പറഞ്ഞ് പാക്കിസ്ഥാന് മുന്നറിയിപ്പ്; ഇന്ത്യയുമായി മൂന്ന് ബില്ല്യൺ ഡോളറിന്റെ പ്രതിരോധ കരാർ ഒപ്പുവെക്കുമെന്നും വാഗ്ദാനം; നരേന്ദ്ര മോദിയുടെ ചായവിൽപ്പനയും ജീവിതവും പറഞ്ഞും ആൾക്കൂട്ടത്തെ കൈയിലെടുത്തു; ബോളിവുഡ് സിനിമകളെ കുറിച്ചും സച്ചിൻ ടെണ്ടുൽക്കറിന്റെയും പേരു പറഞ്ഞപ്പോൾ നിറഞ്ഞ കൈയടി; ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബൂബക്കർ ബാഗ്ദാദിയെ വധിച്ചത് നേട്ടമായി എടുത്തു പറഞ്ഞു; 'നമസ്‌തേ' എന്നു പറഞ്ഞു തുടങ്ങിയ ട്രംപിന്റെ പ്രസംഗം ഇന്ത്യൻ മനസ്സറിഞ്ഞ്

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: അമേരിക്കയിലെ 11 ഡിഗ്രി സെൽഷ്യസ് ചൂടിൽ നിന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഹമ്മദാബാദിലെ 31 ഡിഗ്രീ ചൂടിലേക്ക് വന്നിറങ്ങിയത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ അഹമ്മദാബാദിലെ മൊട്ടേറ സ്‌റ്റേഡിയിൽ അദ്ദേഹത്തിന് വേണ്ടി സംഘടിപ്പിച്ച നമസ്‌തേ ട്രംപ് പരിപാടിയിൽ പൊരിവെയിലത്ത് നിന്നു കൊണ്ടാണ് അര മണിക്കൂർ സമയം അദ്ദേഹം സംസാരിച്ചത്. ഇന്ത്യൻ ജനതയുടെ മനസ്സറിഞ്ഞു കൊണ്ടും നരേന്ദ്ര മോദിയുടെ ജനപ്രീതിയുടെ ആഴം അറിഞ്ഞു കൊണ്ടാമായിരുന്നു ട്രംപ് മൊട്ടേറ സ്റ്റേഡിയത്തിൽ പ്രസംഗിച്ചത്. മോദിയുടെ നാട്ടിൽ എത്തിയാൽ ആദ്യം പുകഴ്‌ത്തേണ്ടത് അദ്ദേഹത്തെ തന്നെയാണെന്ന് ബോധ്യമുള്ള ട്രംപ് അതു നല്ലതുപോലെ ചെയ്തു. മറിച്ച് മോദി ചെയ്തതും ട്രംപിനെ പുകഴ്‌ത്തൽ ആയിരുന്നു താനും.

ഒന്നേകാൽ ലക്ഷത്തോളം വരുന്ന കാണികളെ അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം. മോദി സ്വാഗതം ഓതിയതിന് ശേഷമാണ് അദ്ദേഹം പ്രസംഗിച്ചത്. നമസ്‌തേ.. എന്നു പറഞ്ഞു കൊണ്ടായിരുന്നു ട്രംപ് പ്രസംഗം തുടങ്ങിയത്. തുടർന്ന് ഇന്ത്യയും - അമേരിക്കയും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ചും സംസാരിച്ചു. ഇസ്ലാമിക തീവ്രവാദത്തിനെതിരെയും പാക്കിസാനെതിരെയും അദ്ദേഹം സംസാരിക്കുമെന്ന് ആഗ്രഹിച്ചിരുന്നവരാണ് ഇന്ത്യക്കാർ. ആ വാക്കും ട്രംപു പാലിച്ചു. ഇങ്ങനെ തന്റെ പ്രസംഗത്തിൽ ഉടനീളം ഇന്ത്യൻ മനസ്സ് അറിഞ്ഞു കൊണ്ടുള്ള പ്രസംഗമാണ് അദ്ദേഹം നടത്തിയത്.

അമേരിക്ക ഇന്ത്യയുടെ വിശ്വസ്തരായ സുഹൃത്തായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഇത്രയേറെ വൈവിധ്യങ്ങളുണ്ടായിട്ടും ഇന്ത്യ കാത്തുസൂക്ഷിക്കുന്ന ഐക്യം മറ്റു രാജ്യങ്ങൾക്ക് മാതൃകയാണ്. ജനാധിപത്യം നിലനിർത്തി ഇത്രയധികം പുരോഗതി കൈവരിച്ച രാജ്യം വേറെയില്ലെന്നും നമസ്‌തേ ട്രംപിനെ അഭിസംബോധന ചെയ്തു കൊണ്ടു ട്രംപ് പറഞ്ഞു. ട്രംപിന്റെ വാക്കുകൾ കൈയടികളോടെയാണ് സ്‌റ്റേഡിയം സ്വീകരിച്ചത്.

മോദിയുടെ ജീവിതം ഇന്ത്യക്കാർക്കെല്ലാം അഭിമാനവും മാതൃകയാണ്. എല്ലാവരും സ്‌നേഹിക്കുന്ന നേതാവെങ്കിലും മോദി കടുപ്പക്കാരനാണെന്നും ട്രംപ് പറഞ്ഞു. മോദിയുടെ നേതൃത്വത്തിൽ ലഭിച്ച സ്വീകരണം തനിക്ക് ലഭിച്ച മഹത്തായ അംഗീകാരമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. മോദിയുടെ നേട്ടങ്ങൾ എണ്ണിപറഞ്ഞായിരുന്നു ട്രംപിന്റെ പ്രസംഗം. മോദിയുടെ ചായവിൽപ്പനയും ജീവിതവും ഹോട്ടൽ ജോലിയും ട്രംപിന്റെ പ്രസംഗത്തിൽ വിഷയങ്ങളായി. മോദിയെ 'ചാമ്പ്യൻ ഒഫ് ഇന്ത്യ' എന്നും 'രാജ്യത്തിനായി രാപ്പകൽ അധ്വാനിക്കുന്ന നേതാവെ'ന്നും അദ്ദേഹം വിശേഷിപ്പിച്ചു. തന്റെ അച്ഛന്റെ കൂടെ 'ചായ്വാല' ആയിട്ടാണ് മോദി തന്റെ ജീവിതം ആരംഭിച്ചതെന്നും അദ്ദേഹം ഈ നഗരത്തിലാണ് ഒരു ചായക്കടയിൽ ജോലി ചെയ്തതെന്നും പറഞ്ഞുകൊണ്ട് മോദിയോട് എഴുന്നേറ്റുനിൽക്കാൻ പറഞ്ഞ് ട്രംപ് ഹസ്തദാനം നൽകി.

ഇന്ത്യയുമായി 300 കോടി ഡോളറിന്റെ പ്രതിരോധകരാർ ഒപ്പുവെക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യം കാത്തിരുന്ന 'നമസ്തേ ട്രംപ്' പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് പ്രതിരോധ മേഖലയിലെ സഹകരണം കൂടുതൽ ശക്തമാക്കുമെന്ന് വ്യക്തമാക്കിയത്. ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാണെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ ഹൃദയത്തിൽ ഇന്ത്യ എന്നും ഉണ്ടാകും. യു എസ് ഇന്ത്യയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അമേരിക്കയുടെ വികസനത്തിന് അവിടെയുള്ള 40 ലക്ഷം ഇന്ത്യക്കാർ നൽകിയ സംഭാവന വളരെ വലുതാണ്. അതിന് എന്നും. കടപ്പെട്ടിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഭീകരവാദത്തെ അടിച്ചമർത്താൻ പാക്കിസ്ഥാൻ തയ്യാറാകണം. ഭീകരവാദത്തെ അടിച്ചമർത്താൻ പാക്കിസ്ഥാൻ തയ്യാറാകണം. ഇന്ത്യയുമായി മികച്ച രീതിയിലുള്ള സൗഹൃദമാണ് ഇന്ത്യക്കുള്ളത്. എന്നാൽ, അവർ അതിർത്തിയിലെ തിവ്രവാദം ഇല്ലാതാക്കാൻ ശ്രമിക്കണം. ഭീകരവാദത്തിന് മുന്നിൽ അതിർത്തികൾ അടയ്ക്കണം.

തീവ്രവാദത്തിന്റെ ഇരകളാണ് ഇന്ത്യയും അമേരിക്കയും. ഇസ്ലാമിക് സ്റ്റേറ്റ് (ഐ എസ്) തലവൻ അബൂബക്കർ അൽ ബാഗ്ദാദിയെ വധിച്ചതിനൊപ്പം ഇറാഖിലെയും സിറിയയിലെയും ഐ എസ് കേന്ദ്രങ്ങൾ തകർക്കാനും അമേരിക്കയ് സാധിച്ചുവെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും നല്ല പ്രതിരോധ പങ്കാളിയായി അമേരിക്ക മാറണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. ഏറ്റവും മികച്ച പ്രതിരോധ സംവിധാനങ്ങളും ആയുധങ്ങളും അമേരിക്കയുടെ പക്കലുണ്ട്. ആ നിലയ്ക്കാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ നടക്കുന്നത്. പ്രതിരോധ മേഖലകളിൽ സഹകരണം തുടർന്നും ഉണ്ടാകുമെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചാമ്പ്യനാണ്. അദ്ദേഹം ഗുജറാത്തിന്റെ മാത്രം അഭിമാനമല്ല. കഠിനാധ്വാനവും സമർപ്പണാവും കൊണ്ട് ഇന്ത്യ ആഗ്രഹിക്കുന്ന എന്തും നേടാമെന്നുള്ളതിന്റെ ജീവിക്കുന്ന ഉദ്ദാഹരണമാണ് അദ്ദേഹം. മോദിയുടെ ജീവിതം എല്ലാവർക്കും മാതൃകയാക്കാവുന്നതാണെന്നും യു എസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു. ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളായ സച്ചിൻ തെൻഡുൽക്കറിന്റെയും വിരാട് കോഹ്ലിയുടെയും നാടാണ് ഇന്ത്യ. ബോളീവുഡ് സിനിമകൾ കാണുന്നതിൽ സന്തോഷം കണ്ടെത്തുന്നവരാണ്. ബോളിവുഡ് സിനിമാ വ്യവസായം വളരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 100 ലധികം ഭാഷകൾ സംസാരിക്കുന്ന 2000 ത്തോളം സിനിമകൾ ഒരു വർഷം റിലീസാകുന്ന രാജ്യമാണ് ഇന്ത്യ. എക്കാലത്തേയും വലിയ ബോളിവുഡ് ഹിറ്റുകളിൽ ഒന്നായ ദിൽവാലേ ദുൽഹനിയ ലേ ജായേങ്കേ സിനിമയുടെ പേരെടുത്ത് പരാമർശിക്കുകയും ചെയ്തു ട്രംപ്.

പാക്കിസ്ഥാനുമായി അമേരിക്കയ്ക്ക് മികച്ച ബന്ധമാണ് ഉള്ളതെന്നും ട്രംപ് പറഞ്ഞു. ഈ നയതന്ത്ര ബന്ധം ഉപയോഗിച്ച് ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ കുറയ്ക്കാൻ സാധിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. എല്ലാ മതങ്ങളും സഹവർത്തിത്വത്തോടെ കഴിയുന്ന രാജ്യമാണ് ഇന്ത്യ. 27 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. ഇന്ത്യക്ക് നേട്ടങ്ങൾ കൈവരിക്കാനായത് ജനാധിപത്യവും സഹിഷ്ണുതയും കാരണമാണ്. സ്വാമി വിവേകാനന്ദനും ഗാന്ധിജിയും അദ്ദേഹത്തിന്റെ പ്രസംഗത്തിൽ കടന്നുവന്നു. ഇന്ത്യയുമായുള്ള ബന്ധം ദൃഢമാകും. ഇന്ത്യയിലെ സ്ത്രീ സംരംഭകർ മികച്ചവരെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഇന്ത്യയുമായുള്ള വ്യാപാര കരാറിൽ ചർച്ച തുടരുകയാണ്. ഇന്ത്യയുമായി 300 കോടി ഡോളറിന്റെ കരാർ ഒപ്പിടുമെന്നും ട്രംപ് പറഞ്ഞു.

ഒരു മണിക്കൂർ നീണ്ട ഇരുവരുടെയും പ്രസംഗത്തിൽ വ്യാപാര കരാറിന്റെ ചർച്ചകൾ തുടരുകയാണന്നും 300 കോടി ഡോളറിന്റെ സൈനിക സാമഗ്രികൾ(ഹെലിക്കോപ്റ്റർ ഇടപാട്) ഇന്ത്യക്ക് നൽകുന്നതിനുള്ള കരാർ ചൊവ്വാഴ്ച ഒപ്പിടുമെന്നുമുള്ള രണ്ട് കാര്യങ്ങൾ മാത്രമാണ് പ്രസംഗത്തിൽ ഗൗരവമായി കടന്നുവന്നത്. ഒരു ലക്ഷത്തിലധികം പേരാണ് മൊട്ടേരയിലെ സ്റ്റേഡിയത്തിൽ നമസ്തെ ട്രംപ് പരിപാടിക്ക് എത്തിയത്. നന്ദി പ്രസംഗം നടത്തിയ മോദി ഇന്ത്യ-അമേരിക്ക സൗഹൃദം നീണാൾ വാഴട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP