Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേശാഭിമാനിയിലെ 'പപ്പു' പ്രയോഗത്തിന്റെ ക്ഷീണം മാറും മുമ്പേ വിജയരാഘവന്റെ അശ്ലീല പരാമർശം ബൂമറാങ്ങായി; പ്രതിരോധിക്കാൻ വാക്കുകൾ പോരാതെ വരുമ്പോൾ പ്രളയം പോലെ അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടും; 450 ജീവനുകൾക്ക് മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്ന പ്രതിപക്ഷം പരിഹസിക്കുന്നത് സർക്കാരിന്റെ കള്ളങ്ങൾ ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞുവെന്ന്; ശബരിമല മുഖ്യപ്രചാരണ വിഷയമാകാതെ ആദ്യഘട്ടത്തിൽ അജണ്ട സെറ്റ് ചെയ്ത 'ക്യാപ്റ്റനും' കിട്ടിയത് വലിയ അടി

ദേശാഭിമാനിയിലെ 'പപ്പു' പ്രയോഗത്തിന്റെ ക്ഷീണം മാറും മുമ്പേ വിജയരാഘവന്റെ അശ്ലീല പരാമർശം ബൂമറാങ്ങായി; പ്രതിരോധിക്കാൻ വാക്കുകൾ പോരാതെ വരുമ്പോൾ പ്രളയം പോലെ അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടും; 450 ജീവനുകൾക്ക് മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്ന പ്രതിപക്ഷം പരിഹസിക്കുന്നത് സർക്കാരിന്റെ കള്ളങ്ങൾ ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞുവെന്ന്; ശബരിമല മുഖ്യപ്രചാരണ വിഷയമാകാതെ ആദ്യഘട്ടത്തിൽ അജണ്ട സെറ്റ് ചെയ്ത 'ക്യാപ്റ്റനും' കിട്ടിയത് വലിയ അടി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറന്നുവിട്ടതാണ് പ്രളയകാരണമെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് തിരഞ്ഞെടുപ്പ് കാലത്ത് സർക്കാരിന് തിരിച്ചടിയാകും. ശബരിമല യുവതീപ്രവേശനം അടക്കമുള്ള വിഷയങ്ങൾ തിരഞ്ഞെടുപ്പിൽ സജീവ ചർച്ചയാക്കാതിരിക്കുന്നതിൽ വിജയിച്ച എൽഡിഎഫ് ഇതുവരെയുള്ള അജണ്ട സെറ്റ് ചെയ്യുന്നതിൽ വിജയിച്ചിരിക്കെയാണ് ആലത്തൂരിലെ എ.വിജയരാഘവന്റെ വിവാദ പരാമർശവും മറ്റും വന്നത്. അതിന് മുമ്പ് ദേശാഭിമാനിയിലെ പപ്പുപ്രയോഗവും പിന്നീട് ഖേദപ്രകടനവും സിപിഎമ്മിന് ക്ഷീണമായി. ഇതിന് പിന്നാലെ പ്രളയരക്ഷകനായി മുഖ്യമന്ത്രിയെ അവതരിപ്പിച്ച് പ്രചാരണം കൊടുമ്പിരി കൊള്ളവേയുള്ള അമിക്കസ് ക്യൂറി റിപ്പോർട്ട് കുരുക്കായി മാറി. ഡാമുകൾ തുറന്നതിൽ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും, ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. ഇതോടെ തിരഞ്ഞെടുപ്പ് കാലത്ത് ഇടതുസർക്കാരിനെ അടിക്കാനുള്ള വലിയ അടിയാണ് പ്രതിപക്ഷത്തിന് കിട്ടിയിരിക്കുന്നത്.

പ്രളയത്തിൽ 450 പേരുടെ മരണത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രളയകാരണത്തെക്കുറിച്ച് കോൺഗ്രസ് പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണമെന്ന് അമിക്കസ് ക്യൂറി കണ്ടെത്തിയ സാഹചര്യത്തിൽ ഉത്തരവാദികൾക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ പറഞ്ഞു. എം.എം മണിക്ക് വൈദ്യുതി മന്ത്രി സ്ഥാനത്ത് ഇരിക്കാൻ അർഹതയില്ല. ഇത്രയുമായിട്ടും മണിക്ക് പശ്ചാത്താപം തോന്നാത്തത് കഷ്ടമാണെന്നും മുനീർ തിരുവനന്തപുരത്ത് പറഞ്ഞു. പ്രളയവുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ സ്ഥാപനം നടത്തിയ പഠന റിപ്പോർട്ടിലെ നിരീക്ഷണങ്ങൾ ശരിവയ്ക്കുന്നതാണ് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്.

അണക്കെട്ട് നടത്തിപ്പിലെ പാളിച്ച പ്രളയത്തിന് വഴി തെളിച്ചെന്ന അമിക്കസ് ക്യൂറി കണ്ടെത്തലിന് മുന്നിൽ ഇതുവരെ സർക്കാർ നിരത്തിയ കള്ളങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്ന് വീഴുകയാണെന്ന് ചെന്നിത്തല പറഞ്ഞു. പ്രളയം മനുഷ്യനിർമ്മിതാണെന്നു താൻ പറഞ്ഞപ്പോൾ എന്നെ നേരിടാനായിരുന്നു സർക്കാർ ശ്രമിച്ചത്. കണക്കുകൾ വളച്ചൊടിച്ചും തങ്ങൾക്ക് അനുകൂലമായി വ്യാഖ്യാനിച്ചും പിടിച്ചുനിൽക്കാനാണ് സർക്കാർ ഇതുവരെ ശ്രമിച്ചത്. എല്ലാവരെയും എല്ലാക്കാലവും പറ്റിക്കാനാവില്ല എന്ന് ഇനിയെങ്കിലും മനസിലാക്കണം. പ്രളയത്തിൽ പൊലിഞ്ഞ 450 ജീവനുകൾക്ക് സർക്കാരാണ് ഉത്തരവാദി. പേമാരി മുന്നിൽകണ്ടതിനാൽ നിറഞ്ഞു തുളുമ്പി നിന്ന അണക്കെട്ടുകളിൽ നിന്നും വെള്ളം അൽപാൽപമായി തുറന്നു വിടാത്തതിന്റെ ദുരന്തമാണ് കേരളം അനുഭവിച്ചത്. അണക്കെട്ട് തുറന്നുവിടണമെന്നു ഞാൻ ആവശ്യപ്പെട്ടപ്പോൾ പരിഹസിച്ച സർക്കാരാണ് ഈ പ്രളയത്തിലെ ഒന്നാംപ്രതിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി

ആർ.ജി.ഐ.ഡി.എസ് റിപ്പോർട്ട്

പ്രളയത്തിന് കാരണം വീഴ്ചയും അലംഭാവവുമാണെന്ന് കോൺഗ്രസ് അനുകൂല രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് സ്്റ്റഡീസ് ( ആർ.ജി.ഐ.ഡി.എസ്) നിയോഗിച്ച വിദഗ്ധ സമിതിയുടെ പഠന റിപ്പോർട്ട് വിലയിരുത്തിയിരുന്നു. അശാസ്ത്രീയമായി ഡാമുകൾ തുറന്നു വിട്ട് മനുഷ്യനിർമ്മിത പ്രളയ ദുരന്തമാണ് വരുത്തിവച്ചതെന്നും റിപ്പോർട്ട് പറയുന്നു.

മൺസൂൺ കാലം തുടങ്ങും മുൻപ് തന്നെ ജലസംഭരണികൾ നിറഞ്ഞു തുടങ്ങിയെങ്കിലും വൈദ്യുതോദ്പാദനം എന്ന ഒറ്റ ലക്ഷ്യത്തിലൂടെ ഉദ്യോഗസ്ഥർ നിസംഗരായിരുന്നതാണ് പ്രളയം മഹാദുരന്തമാക്കി മാറ്റിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. പേമാരിയെ തുടർന്ന് എല്ലാ അണക്കെട്ടുകളും നിറഞ്ഞു കവിഞ്ഞതോടെ അധികമായി വന്ന ജലം ശേഖരിക്കാൻ മാർഗ്ഗം ഇല്ലാതായി. അധികജലം എല്ലാ ഡാമുകളിൽ നിന്നും ഒന്നിച്ച് ഒഴുക്കി വിട്ടത് പ്രളയത്തിന്റെ രൂക്ഷത തീവ്രമാക്കി. അണക്കെട്ടുകളിൽ നിന്ന് പെട്ടെന്നുണ്ടായ ജല പ്രവാഹത്തെ തുടർന്ന് നിയന്ത്രണാതീതമായി ജലം ഒഴുകുകയും ആളുകളെ മാറ്റിപാർപ്പിക്കാൻ സമയം ലഭിക്കാതിരിക്കുകയും ചെയ്തത് കടുത്ത നാശ നഷ്ടങ്ങൾക്കും 500-ഓളം പേരുടെ ജീവഹാനിക്കും ഇടയാക്കി. അണക്കെട്ടിൽ അടിഞ്ഞു കൂടിയിരുന്ന മാലിന്യങ്ങളും ചെളിയും യഥാസമയം നീക്കം ചെയ്യാത്തതും വീഴ്ചയാണെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

ജൂലൈ അവസാനത്തോടെ തന്നെ കേരളത്തിലെ ഒട്ടുമിക്ക ജലസംഭരണികളും പരമാവധി സംഭരണ ശേഷിയിൽ എത്തിയിരുന്നു. ഡാമുകൾ പരമാവധി നിറഞ്ഞ സാഹചര്യത്തതിൽ നിയന്ത്രിതമായി തുറന്നുവിടണമെന്ന വിദഗ്ധരുടേയും മാധ്യമങ്ങളുടെയും ആവശ്യം മുഖവിലയ്‌ക്കെടുക്കാതെ വൈദ്യുതോത്പാദനം എന്ന ഒറ്റ ലക്ഷ്യത്തിൽ സർക്കാർ സംവിധാനങ്ങൾ പ്രവർത്തിച്ചപ്പോൾ ജലം നിയന്ത്രിക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത്. എല്ലാ സംഭരണികളും നിറഞ്ഞു കവിയും വരെ കാഴ്ചക്കാരായി നിന്നവർ പരമാവധി സംഭരണശേഷി കഴിഞ്ഞതോടെ 34 സംഭരണികളുടെയും ഷട്ടറുകൾ ഒരു നിയന്ത്രണവുമില്ലാതെ ഒന്നിച്ചു തുറന്നു വിട്ടു. ഇത് ദുരന്തവ്യാപ്തി വർധിപ്പിച്ചു-സമിതി റിപ്പോർട്ടിൽ പറയുന്നു.

അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്

ദേശീയ കാലാവസ്ഥാ വകുപ്പ് നൽകിയ മുന്നറിയിപ്പ് സർക്കാർ അവഗണിച്ചുവെന്നും പല ഡാമുകളിലും ചെളിയടിഞ്ഞത് തിരിച്ചറിയാൻ ഡാം സുരക്ഷാ അതോരിറ്റിക്ക് സാധിച്ചില്ലെന്നും അമിക്കസ് ക്യൂറി റിപ്പോർട്ടിൽ പറയുന്നു. പ്രളയം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ സംവിധാനങ്ങൾക്ക് വീഴ്‌ച്ച പറ്റിയെന്നും ഇതേക്കുറിച്ച് പരിശോധിക്കണം എന്നാവശ്യപ്പെട്ടും പതിനഞ്ചോളം ഹർജികളാണ് കേരളഹൈക്കോടതിയിൽ എത്തിയത്. ഈ ഹർജികളിൽ കോടതിയെ സഹായിക്കാനാണ് അമിക്കസ് ക്യൂറിയെ ഹൈക്കോടതി നിയമിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത വരുന്ന സമയത്ത് മുന്നറിയിപ്പില്ലാത്ത ഡാമുകൾ തുറന്നവിട്ടതാണ് പ്രളയത്തിന് കാരണമെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് സർക്കാരിനും ഇടതുപക്ഷത്തിനും വെല്ലുവിളി സൃഷ്ടിക്കും.

മെട്രോമാന്റെ മുന്നറിയിപ്പ്

നേരത്തെ പ്രളയം മനുഷ്യനിർമ്മിതമാണെന്ന് ചൂണ്ടിക്കാട്ടി മെട്രോമാൻ ഇ ശ്രീധരനും ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. പ്രളയത്തെപ്പറ്റി വിശദമായ സാങ്കേതിക പഠനം ആവശ്യമെന്ന് മുഖ്യമന്ത്രിക്കും പ്ലാനിങ് ബോർഡ് ചെയർമാനും കത്ത് അയച്ചിരുന്നെങ്കിലും അത് സർക്കാർ അവഗണിച്ചു എന്നും ഹർജിയിൽ ആരോപിക്കുന്നു. കൃത്യമായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ സമാന ദുരന്തങ്ങൾ ഇനിയും ആവർത്തിക്കാം എന്നും ഹർജിയിൽ ഇ ശ്രീധരൻ വിശദമാക്കുന്നു. ഉന്നതതല ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ച് ദുരന്തത്തിന് കാരണമെന്തെന്ന് അന്വേഷിക്കണം. ഈ കമ്മിറ്റിക്ക് സർക്കാരിന്റെ പിന്തുണ ഉറപ്പുവരുത്തണം എന്നിവ ആണ് ഹർജിയിലെ മറ്റു ആവശ്യങ്ങൾ. ഫൗണ്ടേഷൻ ഫോർ റീസ്റ്റോറേഷൻ ഓഫ് നാഷണൽ വാല്യൂസ് സൊസൈറ്റിയുടെ പ്രസിഡന്റ് എന്ന നിലയ്ക്കാണ് ഇ ശ്രീധരൻ ഹർജി നൽകിയത്.

അതേസമയം അണക്കെട്ടുകൾ തുറന്നതു കൊണ്ടാണ് പ്രളയമുണ്ടായതെന്ന വാദം തള്ളിക്കൊണ്ടുള്ള നിലപാടായിരുന്നു സംസ്ഥാന സർക്കാറിന്റേത്. കനത്ത മഴകാലമായതിനാലാണ് ജലവിതാനം ഉയർന്നത്. പ്രളയ ദിനങ്ങളിലെ മഴ 1924ലേതിന് സമാനമായിരുന്നുവെന്നും സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഇത്രയധികം മഴ പെയ്യുമെന്ന പ്രവചനം ഉണ്ടായിരുന്നില്ല. മുന്നറിയിപ്പ് നൽകിയതിന് ശേഷമാണ് അണക്കെട്ടുകൾ തുറന്നത്. ബാണാസുര സാഗർ അടക്കം അണക്കെട്ടുകൾ നിയമാനുസൃതമാണ് തുറന്നത്. പെരിയാർ, കബനി നദികളിലൂടെയുള്ള ജലപ്രവാഹം അണക്കെട്ടിലേക്ക് മാത്രമല്ല ഉണ്ടാകുന്നത്. കേന്ദ്ര ജല കമീഷന്റെ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇടുക്കിയടക്കം എല്ലാ അണക്കെട്ടുകളും തുറന്നത്.

കേന്ദ്ര ജല കമീഷന്റെ മുഴുവൻ കണ്ടെത്തലുകളും സർക്കാറിന് അനുകൂലമാണ്. ഇടുക്കി അണക്കെട്ട് തുറന്നിരുന്നില്ലെങ്കിലും പെരിയാറിൽ വെള്ളപ്പൊക്കുണ്ടാകുമെന്ന് ജലകമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇത് കൂടാതെ കേരളത്തിലുണ്ടായ പ്രളയം മനുഷ്യ നിർമ്മിത ദുരന്തമെന്ന് കുറ്റപ്പെടുത്തി ജെ.എൻ.യു ഗവേഷകരും രംഗത്തെത്തിയിരുന്നു. സാഹചര്യം ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടു. മനുഷ്യനിർമ്മിത ദുരന്തം നേരിടാൻ ശരിയായ സമയത്ത് ഇടപ്പെട്ടില്ലയെന്നു ജെ.എൻ.യുവിലെ സ്പെഷ്യൽ സെന്റർ ഫോർ ഡിസാസ്റ്റർ റിസർച്ച് കേന്ദ്രത്തിലെ ഗവേഷകർ തയ്യറാക്കിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

എല്ലാ തെളിവുകളും നൽകിയെന്ന് കെഎസ്ഇബി

ല്ലാ തെളിവുകളും അമിക്കസ് ക്യൂറിക്ക് നൽകിയെന്ന് കെഎസ്ഇബി ചെയർമാൻ എൻ.എസ്‌പിള്ള. അമിക്കസ് ക്യൂറിയുടെ നിരീക്ഷണം ഏതു സാഹചര്യത്തിൽ എന്നറിയില്ല. മുന്നറിയിപ്പുകൾ നൽകിയതിന്റെ സകലരേഖകളും സമർപ്പിച്ചു. കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് എൻ.എസ്‌പിള്ള പറഞ്ഞു.

'ക്യാപ്റ്റനും' സംഘത്തിനും തിരിച്ചടി

പ്രളയരക്ഷനായ 'ക്യാപ്ടൻ' ആയി അവതരിച്ച് വോട്ടുപിടിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തുണ്ട്. ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഈ വിഷയം തെരഞ്ഞെടുപ്പ് വിഷമാക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് ഇടതുപക്ഷം. ഈ സാഹചര്യത്തിലാണ് പ്രളയ രക്ഷകനായി പിണറായിയെ അവതരിപ്പിച്ച് വോട്ടുപിടിക്കാൻ സിപിഎം ശ്രമം നടത്തിയത്. ഈ നീക്കത്തിന് പോലും തിരിച്ചടിയായാണ് ഇപ്പോൾ നടക്കുന്ന സംഭവ വികാസങ്ങൾ. സർക്കാർ വീഴ്‌ച്ചകൾ എണ്ണിപ്പറഞ്ഞു കൊണ്ടുള്ള റിപ്പോർട്ട് മുഖ്യമന്ത്രിക്കും കനത്ത തിരിച്ചടിയാണ്.

ദേശാഭിമാനിയിലെ പപ്പുപ്രയോഗം വരുത്തിയ ക്ഷീണവും, രമ്യ ഹരിദാസിനെതിരെയുള്ള വിജയരാഘവന്റെ അശ്ലീലപരാമർശവും തിരിച്ചടി നൽകിയിരിക്കെയാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് വന്നിരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ അഞ്ചുമണ്ഡലങ്ങളിൽ കേൺഗ്രസ് ബിജെപി സഖ്യമുണ്ടെന്ന്ആരോപിച്ച് കോടിയേരി ആദ്യ വെടി പൊട്ടിക്കുകയും മറ്റുകക്ഷികൾക്ക് അതിന് മറുപടി പറയേണ്ടിയും വന്നു. ശബരിമല വലിയ ചർച്ചാവിഷയമാകാതെയും കേന്ദ്രഭരണവും, വർഗ്ഗീയതയുമൊക്കെ സംസാരമാകുകയും ചെയ്തതോടെ, അജണ്ട സെറ്റ് ചെയ്യുന്നത് ഇടതുപക്ഷമാണെന്ന് വന്നു. എന്നാൽ, ഒരാഴ്ചയ്ക്കിടെയിലെ സംഭവങ്ങൾ കാര്യങ്ങൾ മാറ്റി മറിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP