Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിഎസും തോമസ് ഐസക്കും എംഎ ബേബിയും ഷൈലജ ടീച്ചറും വി മുരളീധരനും അടക്കം മിക്ക മന്ത്രിമാരും നേതാക്കളും നടിമാർക്ക് പരസ്യ പിന്തുണ നൽകി രംഗത്ത്; ഇടത് ജനപ്രതിനിധികളായ ഇന്നസെന്റിനും മുകേഷിനും ഗണേശിനും എതിരെ മുന്നണിയിൽ മുറുമുറുപ്പ്; വേണ്ടാത്ത പുലിവാൽ എന്തിനെടുത്ത് തലയിൽ വച്ചെന്ന് മോഹൻലാലിനോട് ചോദിച്ച് ആരാധകർ; അമിതാവേശം മൂലം കഷ്ടപ്പെട്ടും കാശുമുടക്കിയും ഉറപ്പിച്ച സോഷ്യൽ മീഡിയ പിന്തുണ ഒലിച്ച് പോകുന്നത് കണ്ട് ഞെട്ടി ദിലീപും പിണിയാളുകളും

വിഎസും തോമസ് ഐസക്കും എംഎ ബേബിയും ഷൈലജ ടീച്ചറും വി മുരളീധരനും അടക്കം മിക്ക മന്ത്രിമാരും നേതാക്കളും നടിമാർക്ക് പരസ്യ പിന്തുണ നൽകി രംഗത്ത്; ഇടത് ജനപ്രതിനിധികളായ ഇന്നസെന്റിനും മുകേഷിനും ഗണേശിനും എതിരെ മുന്നണിയിൽ മുറുമുറുപ്പ്; വേണ്ടാത്ത പുലിവാൽ എന്തിനെടുത്ത് തലയിൽ വച്ചെന്ന് മോഹൻലാലിനോട് ചോദിച്ച് ആരാധകർ; അമിതാവേശം മൂലം കഷ്ടപ്പെട്ടും കാശുമുടക്കിയും ഉറപ്പിച്ച സോഷ്യൽ മീഡിയ പിന്തുണ ഒലിച്ച് പോകുന്നത് കണ്ട് ഞെട്ടി ദിലീപും പിണിയാളുകളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദിലീപ് വിഷയത്തിൽ മോഹൻലാൽ മൗനം പാലിക്കുന്നത് തുടരുകയാണ്. അമ്മയുടെ പ്രസിഡന്റായിമോഹൻലാൽ ചുമതലയേറ്റിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂ. അതിനിടെയാണ് ദിലീപിനെ അമ്മയിൽ തിരിച്ചെടുത്ത വിഷയത്തിൽ പ്രതിഷേധം ശക്തമായി. മഞ്ജു വാര്യരെ ഒപ്പം നിർത്തി പ്രശ്‌നം ആളിക്കത്താതെ നോക്കാനായിരുന്നു മോഹൻലാലിന്റെ തീരുമാനം. എന്നാൽ ആക്രമിക്കപ്പെട്ട നടിയുൾപ്പെടെ അമ്മയിൽ നിന്ന് രാജിവച്ചതോടെ കാര്യങ്ങൾ കൈവിട്ടു പോയി. സമൂഹമാധ്യമങ്ങളിൽ ഉണ്ടാക്കിയെടുത്ത ദിലീപിന്റെ ജനപ്രിയതയും ഇതോടെ നഷ്ടമായി. വീണ്ടും സോഷ്യൽ മീഡിയയിൽ ദിലീപ് പ്രതിനായകനാവുകയാണ്. ഇതിനൊപ്പമാണ് അമ്മയുടേയും അതിന്റെ നേതാവ് മോഹൻലാലിന്റേയും തീരുമാനങ്ങൾ ചോദ്യം ചെയ്യപ്പെടുന്നത്. മന്ത്രിമാരും രാഷ്ട്രീയ നേതാക്കളുമെല്ലാം അമ്മയെ വിമർശിക്കുന്നു.

വേണ്ടാത്ത പുലിവാൽ എന്തിനെടുത്ത് തലയിൽ വച്ചെന്ന് മോഹൻലാലിനോട് ചോദിച്ച് ആരാധകർ. ദിലീപിനെ അനുകൂലിക്കാൻ മോഹൻലാലിനും കഴിയുന്നില്ല. അതുകൊണ്ടാണ് അമ്മയുടെ ഭാരവാഹികൾ ആരും പ്രതികരിക്കാത്തത്. സാമൂഹ്യക്ഷേമ മന്ത്രി കെ കെ ശൈലജ ടീച്ചർ നടിമാരെ പരസ്യമായി പിന്തുണച്ചു. അമ്മയിൽ ഇടത് എംഎൽഎമാരായ മുകേഷും കെബി ഗണേശ് കുമാറും ഭാരവാഹികളാണ്. ഇതിൽ മുകേഷ് സിപിഎം എംഎൽഎയാണ്. ഗണേശ് പിന്തുണയോടെ ജയിച്ച വ്യക്തിയും. ചാലക്കുടി ലോക്‌സഭയുടെ ഇടത് പ്രതിനിധി ഇന്നസെന്റാണ്. അമ്മയുടെ മുൻ പ്രസിഡന്റ്. ഇവർക്കെതിരെ ഇടതുപക്ഷത്തും പ്രതിഷേധം ശക്തമാണ്. ദിലീപിനെ തിരിച്ചെടുത്തതിന്റെയും അതിനെത്തുടർന്നുണ്ടായ സംഭവങ്ങളുടെയും പൂർണ ഉത്തരവാദിത്വം ഇപ്പോൾ നേതൃത്വത്തിനായി. മോഹൻലാലിനെതിരേ എൻ.എസ്. മാധവനെപ്പോലുള്ളവർ രംഗത്തെത്തിക്കഴിഞ്ഞു.

'ലാലേട്ടൻ രാജിവെയ്ക്കുക, ഹാർവി വെയ്ൻസ്റ്റീനിനെ പ്രസിഡന്റാക്കുക' എന്നായിരുന്നു മാധവന്റെ ട്വീറ്റ്. ലൈംഗികാതിക്രമക്കേസിൽ ശിക്ഷ അനുഭവിക്കുന്നയാളാണ് ഹോളിവുഡ് സിനിമാപ്രവർത്തകനായ വെയ്ൻസ്റ്റീൻ. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരേ നേരത്തേയും മാധവൻ ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. 'മെയിൽ ഷോവനിസ്റ്റ് പിഗ്സ്'എന്നാണ് അദ്ദേഹം 'അമ്മ' ഭാരവാഹികളെ വിളിച്ചത്. അങ്ങനെ ദിലീപിനെതിരേയും അമ്മയ്‌ക്കെതിരേയും സോഷ്യൽ മീഡിയയിൽ പ്രതിഷേധം കടുക്കുന്നു. വി എസ് അച്യുതാനന്ദനും തോമസ് ഐസക്കും എംഎ ബേബിയും വി മുരളീധരനും എല്ലാം നടിമാർക്ക് പിന്തുണ നൽകുന്നു. ഇതെല്ലാം അമ്മ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു. ദിലീപ് ജയിലിലായപ്പോൾ ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ അതൊക്കെ മറികടന്ന് സോഷ്യൽ മീഡിയയെ തനിക്കൊപ്പം നിർത്തുന്നതിൽ ദിലീപ് വിജയിക്കുകയും ചെയ്തു. പുതിയ സംഭവവികാസങ്ങളോടെ ദിലീപ് വീണ്ടും സോഷ്യൽ മീഡിയയിൽ ഒറ്റപ്പെടുകയാണ്. കുറച്ചു ഫാൻസുകാർ മാത്രമാണ് ഇപ്പോഴും ദിലീപിനായി വാദിക്കാനുള്ളത്.

സിനിമയിൽ തന്റെ അവസരങ്ങൾ തട്ടിമാറ്റിയത് ദിലീപ് എന്നും, അമ്മയോട് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ല എന്നും ആക്ഷേപം. അതേസമയം, നടിമാരുടെ രാജിയിൽ പ്രതികരിക്കാതെ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവും മുൻ പ്രസിഡന്റ് ഇന്നസെന്റും ഒളിച്ചുകളിക്കുകയും ചെയ്തിരുന്നു. രാജി തീരുമാനം വളരെ നേരത്തേ എടുക്കേണ്ടത് ആയിരുന്നു എന്ന് നടി ഗീതു മോഹൻദാസ്. അമ്മയുടേത് നിരുത്തരവാദപരമായ നിലപാടെന്ന് രമ്യാ നമ്പീശൻ. മലയാള സിനിമയെ സ്ത്രീ സൗഹൃദ ഇടമാക്കി മാറ്റാൻ അമ്മയ്ക്കു കഴിഞ്ഞില്ല എന്നും വിമൻ ഇൻ സിനിമ കളക്റ്റീവിന്റെ ഫേസ്‌ബുക് പേജിൽ രമ്യ നമ്പീശനും പറഞ്ഞു. അതിനിടെയാണ് അമ്മയിൽ നിന്ന് രാജിവെച്ച നടിമാർക്ക് ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാൻ വി എസ്. അച്യുതാനന്ദന്റെ പിന്തുണ എത്തിയത്. രാജി ധീരമായ നടപടിയെന്ന് വി എസ്. രാജിവെച്ചവർക്ക് പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ബിജെപി നേതാവും എംപിയുമായ വി. മുരളീധരനും രംഗത്ത് എത്തിയിരുന്നു. ഇതോടെയാണ് പൊതു സമൂഹവും 'അമ്മ'യെ കടന്നാക്രമിക്കാൻ തുടങ്ങിയത്.

ഒട്ടും ആശാസ്യമല്ലാത്ത പ്രവർത്തി: കെകെ ശൈലജ ടീച്ചർ

മലയാള സിനിമാ മേഖലയിലെ ഒട്ടും ആശാസ്യമല്ലാത്ത പ്രവർത്തികളാണ് സംഘടനയിലെ പുരുഷാധിപത്യ പ്രവണതയിലൂടെ പുറത്തുവന്നിരിക്കുന്നത്. ഉന്നത നീതി ബോധം പുലർത്തേണ്ട ഒരു സംഘടനയിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത നിലപാടാണ് ആനുകാലിക സംഭവങ്ങളിലൂടെ പുറത്തുവന്നത്.

സ്ത്രീപക്ഷ നിലപാടുകളെ ഉൾക്കൊള്ളാനും അതു ഉയർത്തിപ്പിടിക്കാനും മാറിയ കാലഘട്ടത്തിൽ ഒരു സംഘടനയ്ക്ക് കഴിയുന്നില്ലെങ്കിൽ സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടുപോവും. അക്രമത്തിന് ഇരയായ പെൺകുട്ടിയുടെ മനസറിയാനും കൂടെ നിൽക്കാനും കഴിയാത്തവർക്ക് സാംസ്‌കാരിക പ്രവർത്തകരാവാൻ അവകാശമില്ല.

പ്രതികരിക്കാൻ തീരുമാനിക്കുകയും രാജിവെക്കുകയും ചെയ്തു. സഹോദരിമാർക്ക് ഒപ്പം സാംസ്‌കാരിക കേരളം നിലകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. സാമൂഹ്യനീതി വകുപ്പ് മന്ത്രിയെന്ന നിലയിൽ നാലുപേർക്കും എല്ലാ പിന്തുണയും അറിയിക്കുന്നു...

നിർഭാഗ്യവശാൽ ആ ചോദ്യങ്ങൾക്കൊന്നും യുക്തിസഹമായ മറുപടി ലഭിച്ചിട്ടില്ല: തോമസ് ഐസക്

മലയാള സിനിമയിലെ പുരുഷാധിപത്യവാഴ്ച ഏറ്റവും അശ്ലീലമായ ഭാവം പ്രകടിപ്പിക്കുകയാണ്. വളരെ പ്രസക്തമായ ചോദ്യങ്ങളാണ് താരസംഘടനയോട് സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മ ഉന്നയിച്ചത്. ആ ചോദ്യങ്ങളോടു പ്രതികരിക്കാനുള്ള ബാധ്യത താരസംഘടനയെ നയിക്കുന്നവർക്കുണ്ട്. നിർഭാഗ്യവശാൽ ആ ചോദ്യങ്ങൾക്കൊന്നും യുക്തിസഹമായ മറുപടി ലഭിച്ചിട്ടില്ല.

അതിക്രമത്തിന് ഇരയായ നടിക്ക് താരസംഘടനയിൽ നിന്ന് രാജി വെയ്‌ക്കേണ്ടി വന്നിരിക്കുകയാണ്. ഈ സാഹചര്യം എങ്ങനെയുണ്ടായി എന്ന് സംഘടന ആത്മപരിശോധന നടത്തണം. ഹീനമായ അതിക്രമത്തിനിരയായിട്ടും താനടങ്ങുന്ന സംഘടനയിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും യാതൊരു പിന്തുണയും ലഭിച്ചില്ലെന്നാണ് അവർ സമൂഹത്തോടു തുറന്നു പറയുന്നത്. ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്, താരങ്ങളുടെ കൂട്ടായ്മയുടെ ഉദ്ദേശശുദ്ധി തന്നെയാണ്.

സ്ത്രീവിവേചനത്തിനെതിരെയും തുല്യനീതിക്കു വേണ്ടിയും വലിയ പോരാട്ടങ്ങൾ നടക്കുന്ന കാലമാണിത്. ആ ഘട്ടത്തിലാണ്, സമൂഹത്തെ ഏറ്റവും സ്വാധീനിക്കുന്ന കലാരൂപമായ സിനിമയുടെ തലപ്പത്തിരിക്കുന്നവർ ക്രൂരമായ സ്ത്രീവിരുദ്ധതയ്ക്ക് കുട പിടിക്കുന്നവരാണെന്ന ആരോപണമുയരുന്നത്. സിനിമാസ്വാദകരും താരങ്ങളുടെ ആരാധകരുമായ വലിയൊരു സമൂഹത്തിനു തെറ്റായ സന്ദേശമാണ് അവർ നൽകുന്നത്.

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ നൽകിയെന്ന ഗുരുതരമായ കുറ്റാരോപണം നേരിടുന്ന നടനെ പിന്തുണയ്ക്കുകയും അതിക്രമത്തെ അതിജീവിച്ച നടിയെ തുടർച്ചയായി അവഹേളിക്കുകയും ചെയ്യുന്നത് ഈ സമൂഹം കണ്ടുകൊണ്ടിരിക്കുകയാണ്. ആ പ്രവൃത്തിയുടെ പ്രത്യാഘാതങ്ങൾ കണക്കിലെടുക്കാതെ മുന്നോട്ടു പോകുന്നത് ഒട്ടേറെ പോരാട്ടങ്ങളിലൂടെ വളർന്നുവന്ന നവോത്ഥാനസമൂഹം പൊറുക്കുകയില്ല.

താരസംഘടന ഒരു ഷോയിൽ അവതരിപ്പിച്ച സ്‌കിറ്റിനെതിരെയും ഉയർന്ന നിശിത വിമർശനങ്ങൾ ശ്രദ്ധയിൽപ്പെട്ടു. സ്ത്രീശാക്തീകരണത്തെ പരിഹസിക്കുന്ന ഇത്തരം പേക്കൂത്തുകൾ എങ്ങനെയാണ് ഒരു സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാൻ കഴിയുക? ചിന്താശേഷിയുള്ളവരും ഇതൊക്കെ കാണുന്നുണ്ടെന്ന വിചാരം ഇതിന്റെ സംഘാടകർക്ക് ഇല്ലാതെ പോകുന്നത് കഷ്ടമാണ്.

ഇവിടെ ഞാനാരെയും കുറ്റവിചാരണ നടത്താൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ കോടതിയിൽ ഒരു കുറ്റവിചാരണ നടക്കുന്നുണ്ട്. വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്. അക്കാര്യത്തിൽ വിധി പറയേണ്ടത് കോടതിയാണ്. അതാണ് നമ്മുടെ നിയമവ്യവസ്ഥ. ആ വിധിക്കു മുമ്പ്, താരസംഘടന എങ്ങനെയാണ് നിരപരാധിയെന്ന മുൻവിധിയോടു കൂടി പ്രസ്തുത നടന് അനുകൂലമായ നിലപാടെടുക്കുന്നത്? അതിക്രമത്തെ അതിജീവിച്ച സഹപ്രവർത്തകയിൽ ഈ പ്രവൃത്തിയുണ്ടാക്കുന്ന മാനസികാഘാതം എന്തുകൊണ്ടാണ് താരസംഘടനയെ നയിക്കുന്നവരുടെ പരിഗണനാവിഷയമാകാത്തത്?

ഗുരുതരമായ കുറ്റാരോപണത്തിന് വിധേയനായി നിയമവ്യവസ്ഥയുടെ പ്രതിക്കൂട്ടിൽ നിൽക്കുന്ന ആളിന് താരസംഘടനയിൽ നിന്നു ലഭിക്കുന്ന പിന്തുണയെ സമൂഹത്തിലെ മൂല്യങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ കണക്കാക്കാനാവൂ. താരസംഘടനയുടെ നേതാക്കൾക്ക് സമൂഹം നൽകുന്ന സ്ഥാനത്തിന് അതു ഭൂഷണമല്ല. അതുകൊണ്ട് താരസംഘടനയും നേതാക്കളും ആത്മപരിശോധന നടത്തണമെന്നാണ് എന്റെ അഭ്യർത്ഥന.

സാമൂഹികമൂല്യങ്ങളെ വെല്ലുവിളിക്കുന്ന നടപടികൾക്കെതിരെ താരസംഘടനയിൽനിന്നുള്ള രാജിയിലൂടെ പ്രതികരിച്ച ഭാവന, രമ്യാ നമ്പീശൻ, റീമ കല്ലിങ്കൽ, ഗീതു മോഹൻദാസ് എന്നിവർക്ക് ജനാധിപത്യ കേരളത്തിന്റെ പിന്തുണയുണ്ടാകും. തുല്യനീതിക്കും അവസരസമത്വത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ ഏറ്റവും അനിവാര്യമാണ് ഇത്തരം പ്രതികരണങ്ങൾ. ജനാധിപത്യ കേരളത്തിന്റെ എല്ലാ പിന്തുണയും അവർക്കുണ്ടാകണം. ഉണ്ടാകും.

അഭിനേതാക്കളുടെ സംഘടനയും തെറ്റ് തിരുത്തുമെന്നും പ്രതീക്ഷിക്കുന്നു: എംഎ ബേബി

കേരളത്തിലെ പുരുഷാധിപത്യബോധം ചിലരുടെ വ്യക്തിപരമായ ഒരു പ്രശ്‌നമല്ല. നമ്മുടെ സമൂഹത്തെ ആകെ ബാധിക്കുന്ന ഒന്നാണത്. അതിനെ ഉടച്ചു കളഞ്ഞല്ലാതെ നമ്മൾ ഒരു ആധുനിക സമൂഹമാവില്ല.

മലയാളിയുടെ പുരുഷാധിപത്യ ബോധത്തെ അരക്കിട്ടുറപ്പിക്കുന്നതിൽ സിനിമ വഹിച്ച പങ്ക് വളരെ കൂടുതലാണ്. പക്ഷേ, ഇന്നത് വെല്ലുവിളിക്കപ്പെടുന്നു. കാഴ്ചക്കാരിലെയും സിനിമയുണ്ടാക്കുന്നവരിലെയും പുതുതലമുറ ഈ പുരുഷാധിപത്യത്തെ സഹിക്കാൻ തയ്യാറല്ല. നിർഭാഗ്യവശാൽ, നമ്മുടെ സിനിമാ ലോകത്തെ മുതിർന്ന പൗരർ മാറിയ കാലത്തിന്റെ ഈ ചുവരെഴുത്ത് കാണുന്നില്ല.

ഒരു സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യിച്ചു എന്ന പേരിൽ കുറ്റാരോപിതനായി നിയമവ്യവസ്ഥയുടെ മുന്നിൽ നില്ക്കുന്ന ഒരു നടനെ അമ്മ എന്ന അഭിനേതാക്കളുടെ സംഘടനയിൽ നിന്ന് പുറത്താക്കി. പുതിയ ലോകവീക്ഷണത്തെ പ്രതിനിധാനം ചെയ്യുന്ന തലമുറയുടെ നിർബന്ധത്തെ കൂടെ തുടർന്നാണിത് സംഭവിച്ചത്. പക്ഷേ, ഇപ്പോൾ ഈ നടനെ സംഘടനയിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇതിലൂടെ ആധുനിക കേരള സമൂഹത്തോട് ഒരു വെല്ലുവിളി നടത്തുകയാണ് അഭിനേതാക്കളുടെ ഈ സംഘടന ചെയ്തിരിക്കുന്നത്.

ഇതൊക്കെ ഈ സംഘടനയുടെ ആഭ്യന്തര കാര്യമല്ലേ എന്ന് കരുതുന്നവരുണ്ടാകും. പക്ഷേ, കേരളസമൂഹത്തിന്റെ വലിയ ആദരവ് നേടുന്നവരാണ് ഇതിലെ അംഗങ്ങൾ. അവരുടെ ഓരോ പ്രവൃത്തിയും സമൂഹത്തെ ആകെ സ്വാധീനിക്കുന്നു. അതിനാൽ പൊതുസമൂഹം ഇക്കാര്യത്തിൽ അഭിപ്രായം പറയുക സ്വാഭാവികമാണ്

അഭിനേതാക്കളുടെ സംഘടനയുടെ ഒരു പരിപാടിയിൽ സ്ത്രീകളെ ആക്ഷേപിച്ച് നടത്തിയ നാടകം ജീർണ മാനസികാവസ്ഥയോടെയാണ് എന്നതും പറയാതിരിക്കാനാവില്ല.. മലയാളിയുടെ പൊതുബോധം കഴിഞ്ഞ നൂറ്റാണ്ടിലേതാണെന്ന് ലോകത്തോട് പറയുന്നതായിപ്പോയി ഇത്. വെള്ളിത്തിരയിലെ ആരാധ്യരുടെ ലോകവീക്ഷണം ഇത്തരത്തിൽ ജീർണമാണ് എങ്കിൽ അത് സ്വാധീനിക്കുന്ന മനുഷ്യരുടെ ലോകവീക്ഷണം എന്താകും? സ്ത്രീ വീട്ടുപകരണവും ലൈംഗികവസ്തുവും മാത്രം എന്ന ബോധം സമൂഹത്തിൽ നിലനില്ക്കാൻ ഇതു കാരണമാകും. സ്ത്രീകൾക്കെതിരായ അക്രമങ്ങൾക്കെല്ലാം അടിസ്ഥാനം ഈ പൊതുബോധമാണ്.

ഇവയിൽ പ്രതിഷേധിച്ച് അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ നിന്ന് രാജിവെച്ച ഭാവന, രമ്യാ നമ്പീശൻ, റീമ കല്ലിങ്കൽ, ഗീതു മോഹൻദാസ് എന്നിവരുടെ നടപടിക്ക് ജനാധിപത്യ കേരളമാകെ പിന്തുണ നല്കും.. അഭിനേതാക്കളുടെ സംഘടനയും ഇവരുടെ കൂടെ അഭിപ്രായം പരിഗണിച്ച് തങ്ങളുടെ തെറ്റ് തിരുത്തുമെന്നും പ്രതീക്ഷിക്കുന്നു.

ദിലീപിനെ തിരിച്ചെടുത്തതിൽ മോഹൻലാൽ മൗനം പാലിച്ചു: വി മുരളീധരൻ

മലയാളചലച്ചിത്രരംഗത്തെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ നിന്നും നടി ഭാവനയും മറ്റു മൂന്ന് അഭിനേത്രികളും രാജിവയ്ക്കാനെടുത്ത തീരുമാനം ഏറ്റവും ഉചിതമായ ഒന്നാണ്.

മോഹൻലാൽ എന്ന മഹാനായ നടൻ അമ്മയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷം കൈകൊണ്ട ആദ്യ സുപ്രധാന തീരുമാനം ദിലീപിനെ തിരിച്ചെടുക്കാനായിരുന്നു എന്നത് ദൗർഭാഗ്യകരമാണ്. ശ്രീ മോഹൻലാലിന്റെ പ്രതിച്ഛായയ്ക്ക് തന്നെ കളങ്കം വരുത്തിയ തീരുമാനമായിരുന്നു അത്. ശ്രീമതി ഭാവന എഴുതിയ രാജിക്കത്ത് കാര്യങ്ങൾ വിശദീകരിച്ചിട്ടുള്ളതുകൊണ്ട് അക്കാര്യത്തിൽ ഒരു അഭിപ്രായപ്രകടനത്തിന് മുതിരുന്നില്ല. മലയാളികളുടെ ജനാധിപത്യബോധത്തിനുള്ള വെല്ലുവിളിയാണ് അമ്മയിൽ നടക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സംഭവങ്ങൾ.

എല്ലാവരും തുല്യർ എന്ന ജനാധിപത്യ സങ്കല്പത്തിന് പകരം ചിലർ മറ്റുള്ളവരെക്കാൾ വലിയവർ എന്ന സ്ഥിതിയാണ് അമ്മയിൽ നിലനിൽക്കുന്നത് എന്നാണ് സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്. അമ്മയുടെ ജനാധിപത്യസ്വഭാവം നിലനിർത്താൻ അധ്യക്ഷനെന്ന നിലയിൽ ശ്രീ മോഹൻലാൽ മുൻകൈ എടുക്കണമെന്നാണ് അദ്ദേഹത്തെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് മലയാളികളിൽ ഒരാൾ എന്ന നിലയിൽ എനിക്ക് അഭ്യർത്ഥിക്കാനുള്ളത്.

മെഗാ സ്റ്റാറും സൂപ്പർ സ്റ്റാറും ജനപ്രിയനുമാണ് സംഘടനയിലെ ബ്രഹ്മാ- വിഷ്ണു- മഹേശ്വരന്മാർ: ജയശങ്കർ

അമ്മ സംഘടനയിലെ അമ്മായിഅമ്മപ്പോരു സഹിക്കാതെ നാലു നടികൾ- ഭാവന,രമ്യ,ഗീതു,റിമ- അംഗത്വം ഉപേക്ഷിച്ചു. ജനപ്രിയനായകനെ തിരിച്ചെടുത്തതാണ് പെട്ടെന്നുള്ള പ്രകോപനം.

ജനപ്രിയന്റെ തിരിച്ചുവരവും നാലു നടികളുടെ രാജിയും സാംസ്‌കാരിക കേരളത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. അമ്മയെ അപലപിച്ചും നടികളെ അനുകൂലിച്ചും പ്രതികരണ തൊഴിലാളികൾ ഉറഞ്ഞു തുള്ളുകയാണ്- വി എസ് അച്യുതാനന്ദൻ മുതൽ വിടി ബൽറാം വരെ, വി മുരളീധരൻ മുതൽ എംഎ ബേബി വരെ. മുരളി തുമ്മാരുകുടി, ഡോ ശാരദക്കുട്ടി, ദീപാ നിഷാന്ത്, കെകെ ഷാഹിന, ഹരീഷ് വാസുദേവൻ, സുനിൽ പി ഇളയിടം മുതലായ ബുദ്ധിജീവികളുടെ കാര്യം പറയാനുമില്ല. സാമ്രാജ്യത്വത്തെയും ഫാസിസത്തെയും കഠിനമായി എതിർക്കുന്ന നടൻ അലൻസിയറും സംവിധായകൻ കമലും ഇതുവരെ മിണ്ടിക്കേട്ടില്ല.

രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക നായകരും എന്തൊക്കെ പറഞ്ഞാലും അമ്മ സംഘടന നിലപാടു മാറ്റില്ല. ജനപ്രിയ നായകനെ ഒറ്റുകൊടുക്കില്ല. അച്യുതാനന്ദനും ബേബിയും ഐസക്കും ഒത്തുപിടിച്ചാലും ധീരസഖാക്കൾ മുകേഷും ഇന്നസെന്റും ഗണേശ കുമാരനും ഇളകില്ല. താരത്തമ്പുരാക്കന്മാർക്കു തമ്പുരാക്കന്മാർ തന്നെ സൃഷ്ടിച്ച പോക്കറ്റ് സംഘടനയാണ് 'അമ്മ'. മെഗാ സ്റ്റാറും സൂപ്പർ സ്റ്റാറും ജനപ്രിയനുമാണ് സംഘടനയിലെ ബ്രഹ്മാ- വിഷ്ണു- മഹേശ്വരന്മാർ. ഇവരിൽ ജനപ്രിയനാണ് സർവശക്തൻ.

ആലുവ സബ്‌ജെയിലിൽ ഉണ്ട തിന്നു കിടക്കുമ്പോഴും അമ്മ സംഘടനയെ നിയന്ത്രിച്ചത് ജനപ്രിയൻ. ഇന്നസെന്റും ഇടവേള ബാബുവുമൊക്കെ കുറവൻ കയ്യറ്റത്തെ കുരങ്ങു പോലെ. ചാടിക്കളിയെടാ കുഞ്ചിരാമാ എന്നു പറഞ്ഞാൽ ചാടിക്കളിക്കും അത്രതന്നെ. ജയിലിൽ നിന്നിറങ്ങിയ ജനപ്രിയൻ മുമ്പത്തേക്കാൾ ശക്തനും പ്രതികാര ദാഹിയുമാണ്. രാജിവെച്ചില്ലെങ്കിൽ പോലും നാൽവർ സംഘത്തിന് അമ്മയിൽ തുടരാൻ കഴിയുമായിരുന്നില്ല. മഞ്ജു വാര്യർ, പാർവതി, പൃഥ്വിരാജ് എന്നീ കുലംകുത്തികളുടെ കാര്യവും തഥൈവ.

ജനപ്രിയ നായകൻ കളി തുടങ്ങിയിട്ടേയുള്ളൂ. ശേഷം വെള്ളിത്തിരയിൽ. # ജനപ്രിയനൊപ്പം, പൾസറിനൊപ്പം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP