Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആരോപണങ്ങളെല്ലാം ഒടുവിൽ തന്റെ നേരെ വരുന്നതിൽ മോഹൻലാലിന് കടുത്ത നിരാശ; ദൈനംദിന കാര്യങ്ങൾ നോക്കാൻ ഒരു വർക്കിങ് പ്രസിഡന്റോ സ്ഥിരം വക്താവോ വേണമെന്ന നിർദ്ദേശം മുന്നോട്ട് വെച്ചു; പരസ്യമായി അംഗങ്ങൾ ഏറ്റുമുട്ടുന്നത് കാര്യങ്ങൾ കൈവിട്ടുവെന്ന പ്രതീതിയുണ്ടാക്കുമെന്നും വിലയിരുത്തൽ; നടിമാർ മനസ്സ് തുറന്നാൽ സിനിമാ ലോകം തകർന്നടിയുമെന്ന് ലിബർട്ടി ബഷീർ; കലഹം പലവിധമായതോടെ മോഹൻലാൽ രാജി സന്നദ്ധതയറിയിച്ചുവെന്ന് സൂചന

ആരോപണങ്ങളെല്ലാം ഒടുവിൽ തന്റെ നേരെ വരുന്നതിൽ മോഹൻലാലിന് കടുത്ത നിരാശ; ദൈനംദിന കാര്യങ്ങൾ നോക്കാൻ ഒരു വർക്കിങ് പ്രസിഡന്റോ സ്ഥിരം വക്താവോ വേണമെന്ന നിർദ്ദേശം മുന്നോട്ട് വെച്ചു; പരസ്യമായി അംഗങ്ങൾ ഏറ്റുമുട്ടുന്നത് കാര്യങ്ങൾ കൈവിട്ടുവെന്ന പ്രതീതിയുണ്ടാക്കുമെന്നും വിലയിരുത്തൽ; നടിമാർ മനസ്സ് തുറന്നാൽ സിനിമാ ലോകം തകർന്നടിയുമെന്ന് ലിബർട്ടി ബഷീർ; കലഹം പലവിധമായതോടെ  മോഹൻലാൽ രാജി സന്നദ്ധതയറിയിച്ചുവെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി; മലയാള സിനിമയിലെ നടീനടന്മാരുടെ സംഘടനയായ എഎംഎംഎയും വിമൻ ഇൻ കളക്ടീവും (ഡബ്ല്യൂസിസി) തമ്മിലുള്ള പോര് പുതിയ തലങ്ങളിൽ എത്തിയതോടെ നടികൾ ഉന്നയിച്ച ആരോപണത്തിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് താരസംഘടനയയിൽ ഭിന്നത രൂക്ഷം. അംഗങ്ങൾ തമ്മിലുള്ള ചേരിതിരുവുകൾ മറ നീക്കി പുറത്തുവരിക കൂടി ചെയ്തതോടെ പ്രസിഡന്റായ മോഹൻലാൽ ഈ വിഷയത്തിൽ അതൃപ്തി അറിയച്ചതായിട്ടാണ് വിവരം. കൂടാതെ ദിലീപ് വിഷയത്തിൽ ഓരോ അവസരത്തിലും ആരോപണങ്ങൾ തനിക്കുനേരെ വരുന്നതിലുള്ള അസ്വസ്ഥതയും ഒപ്പം രാജി സന്നദ്ധതയും മോഹൻലാൽ സുഹൃത്തുക്കളെ അറിയിച്ചതായി 'അമ്മ'യുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

സംഘടനയുമായി ബന്ധപ്പെട്ട ദൈനംദിന കാര്യങ്ങൾ നോക്കാൻ ഒരു വർക്കിങ് പ്രസിഡന്റോ അല്ലെങ്കിൽ സ്ഥിരം വക്താവോ വേണമെന്ന അഭിപ്രായവും മോഹൻലാൽ പങ്കുവച്ചു എന്നാണ് അറിയുന്നത്. ഇതിന് പിന്നാലെയാണ് ഇന്ന് ജഗദീഷിന്റെ വാർത്താക്കുറിപ്പും ഉച്ചയ്ക്ക് ശേഷം സിദ്ദിഖിന്റെയും കെപിഎസി ലളിതയുടെയും വാർത്താസമ്മേളനവും നടന്നത്.ഇപ്പോഴുള്ള നടിമാർ പത്ത് ശതമാനം കാര്യങ്ങൾ പോലും തുറന്നുപറഞ്ഞിട്ടില്ല.നടിമാർ മനസ്സ് തുറന്നാൽ സിനിമാ ലോകത്തെ പല ദന്ത ഗോപുരങ്ങളും തകർന്നടിയുമെന്ന് ലിബർട്ടി ബഷീർ പ്രസ്താവന നടത്തുക കൂടി ചെയ്തതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. മീ ടൂ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ലിബർട്ടി ബഷീർ ഇക്കാര്യം വ്യക്തമാക്കിയത്. പതിനേഴിലേറെ ചിത്രങ്ങൾ നിർമ്മിച്ച തനിക്ക് പല സംഭവങ്ങളും ഇന്നലെ എന്നപോലെ ഓർമ്മയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഒറ്റ നോട്ടത്തിൽ തന്നെ പരസ്പര വൈരുദ്ധ്യമുള്ള കാര്യങ്ങളാണ് ജഗദീഷും സിദ്ദിഖും 'അമ്മ'യുടെ നിലപാടായി മാധ്യമങ്ങളോട് പറഞ്ഞത്. ആക്ഷേപമുയർത്തിയ വനിതാ അംഗങ്ങളുമായി രമ്യതയിലെത്തണമെന്ന അഭിപ്രായത്തോടുകൂടിയായിരുന്നു ജഗദീഷിന്റെ കുറിപ്പ്. എന്നാൽ നേർ വിപരീതമായ അഭിപ്രായമായിരുന്നു സിദ്ദിഖും കെപിഎസി ലളിതയും ചേർന്നുനടത്തിയ വാർത്താസമ്മേളനത്തിൽ അവർ ഉയർത്തിയത്.ഡബ്ല്യുസിസിയുമായി ചർച്ചയ്ക്കില്ലെന്നും വനിതാ അംഗങ്ങളെ തിരിച്ചെടുക്കണമെങ്കിൽ മാപ്പ് പറയണമെന്നുമാണ് ഇരുവരും പറഞ്ഞത്. പിന്നാലെ ആരാണ് 'അമ്മ'യുടെ യഥാർഥ വക്താവ് എന്നതിനെച്ചൊല്ലിയും ഇരുവരും തമ്മിൽ തർക്കം നടന്നു. ജഗദീഷ് 'അമ്മ'യുടെ ഖജാൻജി മാത്രമാണെന്നും വക്താവല്ലെന്നും അദ്ദേഹത്തിന്റെ വാർത്താക്കുറിപ്പ് കണ്ടിട്ടില്ലെന്നുമായിരുന്നു സിദ്ദിഖിന്റെ പ്രതികരണം. എന്നാൽ മോഹൻലാലിനോട് ചോദിച്ചിട്ടാണ് വാർത്താക്കുറിപ്പ് ഇറക്കിയത് എന്നായിരുന്നു ജഗദീഷിന്റെ പ്രതികരണം.

'അമ്മ' പ്രസിഡന്റ് മോഹൻലാലിനൊപ്പം മുകേഷ്, ജയസൂര്യ, സുധീർ കരമന, ആസിഫ് അലി, ഇടവേള ബാബു എന്നിവർ ഉൾപ്പെടെയുള്ളവർക്ക് ജഗദീഷിനോട് അഭിപ്രായൈക്യം ഉണ്ടെന്ന് അറിയുന്നു. എന്നാൽ സിദ്ദിഖ് പറഞ്ഞതിനോട് യോജിപ്പുള്ളവരും സംഘടനയിലുണ്ട്. ഗണേശ്കുമാർ, അജു വർഗീസ്, ടിനി ടോം, ബാബുരാജ് തുടങ്ങിയവർ സിദ്ദിഖിനെ പിന്തുണയ്ക്കുന്നവരാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി സമാഹരിക്കാനായുള്ള 'അമ്മ'യുടെ ഗൾഫ് ഷോയ്ക്ക് പിന്നാലെ രാജി വെക്കാനുള്ള സന്നദ്ധതയാണ് മോഹൻലാൽ അടുത്ത സുഹൃത്തുക്കളെ അറിയിച്ചത്.

ഡബ്‌ള്യൂ.സി.സി ഉന്നയിച്ച വിഷയങ്ങൾക്ക് മറുപടിയായി അഭിനേതാക്കളായ സിദ്ധിഖും നടി കെ.പി.എ.സി ലളിതയും നടത്തിയ പത്രസമ്മേളനത്തിൽ പ്രതികരണവുമായി നടി പാർവതിയും രംഗത്തെത്തി. സുരക്ഷിതമായ തൊഴിലിടത്തിന് വേണ്ടിയാണ് ചർച്ച തുടങ്ങിയതെന്നും അതിനെ അജൻഡയാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും പാർവതി ആരോപിച്ചു. ഡബ്‌ള്യൂ.സി.സിക്കെതിരേയുള്ള സൈബർ ആക്രമണത്തെ ന്യായീകരിച്ചായിരുന്നു സിദ്ദിഖിന്റെ പത്രസമ്മേളനം. എ.എം.എം.എ പ്രസിഡന്റ് മോഹൻലാലിനെ ഇവർ അപമാനിച്ചുവെന്നും അത്തരം ആരോപണം ഉന്നയിച്ചവർക്കെതിരെ നടപടി ഉണ്ടാകുമെന്നും സിദ്ദിഖ് വ്യക്തമാക്കിയിരുന്നു.

ദിലീപിനെ സംരക്ഷിക്കുന്ന ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഇരയ്ക്കൊപ്പം തന്നെയാണ് തങ്ങളെന്നുമാണ് എ.എ.എം.എയുടെ ഔദ്യാഗിക പ്രതികരണമായി സിദ്ധിഖും കെ.പി.എ.സി ലളിതയും അറിയിച്ചത്. എന്നാൽ ഇവരുടെ വാദം തള്ളിക്കൊണ്ട് സംഘടനയുടെ ഔദ്യോഗിക വക്താവ് എന്ന നിലയ്ക്ക് നടൻ ജഗദീഷും പത്രക്കുറിപ്പ് പുറത്തിരക്കിയിരുന്നു. ഈ അവസരത്തിലാണ് പാർവതിയുടെ പ്രതികരണം.''രണ്ട് കാര്യങ്ങളാണ് ഇപ്പോൾ പറയാനുള്ളത്, ശ്രീ ജഗദീഷ് പുറത്തു വിട്ട പത്രകുറിപ്പാണോ അവരുടെ യഥാർത്ഥ ഔദ്യോഗിക പ്രതികരണം അതോ ഇപ്പോൾ സിദ്ദിഖ് സാറും കെ.പി.എ.സി.ലളിത ചേച്ചിയും കൂടി ഇരുന്ന് സംസാരിച്ചതാണോ എ.എം.എം.എയുടെ ഔദ്യോഗിക പ്രതികരണം. അതേപോലെ അവർ പറയുകയും ചെയ്തു മഹേഷ് എന്ന നടൻ ഇവർക്ക് വേണ്ടി ഘോരം ഘോരം വാദിച്ചത് ഇവർ പറഞ്ഞിട്ടല്ലെന്ന്. നമുക്കറിയാനുള്ളത് ആര് പറയുന്നതാണ് കേൾക്കേണ്ടത് എന്നതാണ്.

'അമ്മ എന്ന സംഘടന എന്തെങ്കിലും രീതിയിൽ എന്തിനെങ്കിലും എതിരെ ഒരു ഔദ്യോഗിക നടപടി എടുക്കുന്നത് കണ്ടു കഴിഞ്ഞാൽ അതിൽ സന്തോഷമുണ്ട്. അതായത് ബാക്കി കാര്യങ്ങൾ എല്ലാം നല്ല രീതിയിൽ ചെയ്യുന്നുണ്ട് എന്ന് പറഞ്ഞാലും ഔദ്യോഗിക മറുപടിയെ ചോദിച്ചിട്ടുള്ളു, ഏതൊരു ജനറൽ ബോഡി അംഗത്തിനും തോന്നാവുന്ന സംശയമേ ഞങ്ങൾ ചോദിച്ചിട്ടുള്ളൂ. അങ്ങനെ ഉള്ളതിന് ഉത്തരം കിട്ടാതെ വരികയാണ്. ഇതൊരു പൊതു പ്രശ്‌നമാണ്. രഹസ്യമായ സംഭവമല്ല. ഒരു ഉത്തരവാദിത്തം നമ്മുടെ സമൂഹത്തോട് നമുക്കുണ്ട്.

പക്ഷെ ഇതിന് ഒരു ഉത്തരവും നമുക്ക് കിട്ടിയിട്ടില്ല. പക്ഷെ ഇതിനെ ഗൂഢാലോചന ആണെന്നും അജണ്ടയാണെന്നും പറയുന്നത് വളരെ എളുപ്പമുള്ള പോംവഴിയാണ്, അതിൽ വളരെ സങ്കടമുണ്ട്. നമുക്ക് നേടാനുള്ളതെന്താണ് എന്നതിന് ഒരു തെളിവുമില്ല. നമ്മൾ നീതിക്ക് വേണ്ടി സുരക്ഷിതമായ തൊഴിലിടത്തിന് വേണ്ടിയാണ് ഈ ചർച്ച തന്നെ തുടങ്ങിയത്. അതിനെ ഒരു അജണ്ട ആക്കി മാറ്റാനെങ്കിൽ എനിക്കൊന്നും പറയാനില്ല'.

അതേസമയം എറണാകുളത്ത് നടന്ന പത്രസമ്മേളനത്തിൽ രേവതി തുറന്നു പറഞ്ഞ കാര്യങ്ങളെ വെല്ലുവിളിച്ച് നടൻ സിദ്ദീഖ്. ജഗതീഷിന്റെ വാർത്താക്കുറിപ്പിനെതിരെ രംഗത്തെത്തിയ അതേ വാർത്താസമ്മേളനത്തിലാണ് സിദ്ദിഖിന്റെ ആരോപണം. 26 വർഷം മുൻപ് ഒരു പെൺകുട്ടി ഓടികയറിവന്നു ഞാനവളെ രക്ഷിച്ചു എന്നൊക്കെ വാർത്താസമ്മേളനത്തിൽ പറയുന്ന കേട്ടു. അതേത് സിനിമയുടെ സെറ്റിൽ വച്ചാണ് അത് സംഭവിച്ചത് എന്ന് പറയണമെന്നായിരുന്നു സിദ്ദിഖിന്റെ വെല്ലുവിളി.

ആരായിരുന്നു സംവിധായകൻ ആരായിരുന്നു നിർമ്മാതാവ് അതു പറയണം. ഞങ്ങൾ അന്വേഷിക്കാം നടപടിയെടുക്കാം. കേസെടുക്കാൻ മുന്നിൽ നിൽക്കാമെന്നും സിദ്ദിഖ് പറഞ്ഞു.മോഹൻലാൽ നടിമാരെന്ന് വിളിച്ചെന്ന് വിമർശിക്കുന്നതായി കണ്ടു. അതിലെന്താണ് തെറ്റെന്നും സിദ്ദിഖ് ചോദിച്ചു ഇത്തരം ആരോപണങ്ങൾ ബാലിശമാണ്. കഴിഞ്ഞ പത്താം തിയതി ദിലീപ് രാജി കത്ത് എഴുതി നൽകിയിട്ടുണ്ട്. എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്നാണ് രാജി സ്വീകരിക്കുന്ന കാര്യത്തിൽ തീരുമാനിക്കേണ്ടത്. പുറത്ത് പോയ നാല് നടിമാരേക്കാൾ നാനൂറ് പേരടങ്ങുന്ന സംഘടനയാണ് അമ്മയെന്നും സിദ്ദിഖ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP