Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വയനാട്ടിൽ പൊങ്ങിയത് കടലിലെ ഒരു കപ്പു വെള്ളം മാത്രം; കേരളം മുഴുവൻ സർക്കാർ ഭൂമി ഭൂമാഫിയയുടെ പിടിയിൽ; കുട്ടിക്കാനത്തെ മിക്ക കൊട്ടാരങ്ങളും കൈമോശം സംഭവിച്ചു; അമ്മച്ചി കൊട്ടാരവും ഏക്കറു കണക്കിന് ഭൂമിയും ഒരു കത്തോലിക്കാ മെത്രാന്റെ കൈവശമെന്ന് റിപ്പോർട്ടുകൾ

വയനാട്ടിൽ പൊങ്ങിയത് കടലിലെ ഒരു കപ്പു വെള്ളം മാത്രം; കേരളം മുഴുവൻ സർക്കാർ ഭൂമി ഭൂമാഫിയയുടെ പിടിയിൽ; കുട്ടിക്കാനത്തെ മിക്ക കൊട്ടാരങ്ങളും കൈമോശം സംഭവിച്ചു; അമ്മച്ചി കൊട്ടാരവും ഏക്കറു കണക്കിന് ഭൂമിയും ഒരു കത്തോലിക്കാ മെത്രാന്റെ കൈവശമെന്ന് റിപ്പോർട്ടുകൾ

മറുനാടൻ മലയാളി ബ്യൂറോ

പീരുമേട്: എല്ലാം ശരിയാക്കാൻ എത്തിയ പിണറായി സർക്കാറിന്റെ കീഴിൽ കാര്യങ്ങളെല്ലാം തകിടം മറിയുന്ന കാഴ്‌ച്ചയാണ് പതിവാകുന്നത്. കേരളത്തെ ഒരു വശത്തു നിന്നു മുറിച്ചുവിൽക്കാനുള്ള ശ്രമങ്ങൾ ശക്തമായി നടക്കുമ്പോൾ അത് തടയാൻ റവന്യൂ വിഭാഗത്തിനൊന്നും സാധിക്കുന്നില്ല. ഒരു വിഭാഗം ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേർന്നു ഭൂമി കച്ചവടം ചെയ്യുന്ന അവസ്ഥയാണുള്ളത്. വയനാട്ടിൽ മിച്ചഭൂമി സ്വകാര്യവ്യക്തിക്ക് പതിച്ചു കൊടുക്കാൻ ശ്രമം നടത്തിയതിന് പിന്നിൽ സിപിഐ ജില്ലാ സെക്രട്ടറി അടമുള്ളവർ ഉണ്ടെന്നാണ് പുറത്തുവന്ന വാർത്തകൾ. എന്നാൽ, അതൊരു കടലിലെ ഒരു കപ്പു വെള്ളം മാത്രമായേ കാണാൻ സാധിക്കൂ. കേരളം മുഴുവൻ ഭൂമാഫിയയുടെ പിടിയിലായ അവസ്ഥയാണുള്ളത്.

ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്തുള്ള കൊട്ടാരങ്ങളും സർക്കാറിന് കൈമോശം വന്നുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ. അമ്മച്ചി കൊട്ടാരവും ഇതിനോട് അനുബന്ധിച്ച ഏക്കറു കണക്കിന് ഭൂമിയുമാണ് സർക്കാറിൽ നിന്നും അധ്യാധീനപ്പെട്ടിരിക്കുന്നത്. ഇതിനെല്ലാം പിന്നിൽ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സർക്കാറിൽ വന്നുചേരേണ്ട അമ്മച്ചി കൊട്ടാരം സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തിയപ്പോൾ എങ്ങനെ ഇത് സംഭവിച്ചു എന്നതിന് റവന്യൂവകുപ്പിന്റെ പക്കൽ യാതൊരു രേഖയുമില്ല. ജില്ലാ കളക്ൾടർ അന്വേഷിച്ചിട്ട് പോലും ഇതിന്റെ രേഖകളൊന്നും ലഭിച്ചില്ല. അത്രയ്ക്ക് വിദഗ്ധമായി തന്നെ ഭൂമാഫിയക്കാരും ഉദ്യോഗസ്ഥരും ചേർന്ന് കാര്യങ്ങൾ നീക്കി.

ഒരു കത്തോലിക്കാ മെത്രാനാണ് തിരുവിതാംകൂർ രാജവംശത്തിന്റെ വേനൽക്കാല വസതിയായിരുന്ന കുട്ടിക്കാനം കൊട്ടാരം കൈവശപ്പെടുത്തിയതെന്നാണ് സൂചന. ഇതിനോട് അനുബന്ധിച്ച സ്ഥലം റവന്യൂ രേഖകൾ പ്രകാരം 73.10 ഹെക്ടർ വരും. രേഖകളിൽ ഇത്രയും ഭൂമി ഉണ്ടെങ്കിൽ ശരിക്കുമുള്ള ഭൂമി അതിനേക്കാൾ വരുമെന്നാണ് പലരും വിലയിരുത്തുന്നത്. വില്ലേജ് ഓഫീസിലെ കണക്കുകൾ പ്രകാരം സർക്കാർ തരിശായി 38.6 ഹെക്ടറും സർക്കാർ പുറമ്പോക്കായി 34.50 ഹെക്ടർ സ്ഥലവും ഇവിടെയുണ്ട്. ഈ സ്ഥലവും കൈമോശം സംഭവിച്ചു എന്നാണ് പുറത്തുവരുന്നത്. എങ്ങനെ ഈ സ്ഥലം നഷ്ടപ്പെട്ടു എന്നത് അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞിട്ടും ഇതൊന്നും എവിടെയും എത്തിയിട്ടില്ല. റെയ്ഡിന്റെ പേരിൽ കൊണ്ടുപോയ രേഖകൾ ഉപയോഗിച്ച് വ്യാജരേഖ ഉണ്ടായിരിക്കാം എന്നും സംശയമുണ്ട്.

സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിൽ ആയതോടെ സർക്കാറിന് നഷ്ടപ്പെടുന്നത് ചരിത്രശേഷിപ്പുകളും കൂടിയാണ്. രാജ രവിവർമ വരച്ചതടക്കം ചിത്രങ്ങളും ചിത്രങ്ങൾ കൊത്തിയ മരയുരുപ്പടികളുമുള്ളവയാണ് കൈമാറപ്പെട്ടത്. രവിവർമ ചിത്രങ്ങൾക്കുപുറമെ രാജാവ് ഉപയോഗിച്ചിരുന്ന ചന്ദനം, ഈട്ടി, തേക്കുതടിയിൽ തീർത്ത നൂറ്റാണ്ടുകൾ പഴക്കമുള്ള കട്ടിലുകൾ, മേശ, കസേരകൾ, ചാരുകസേരകൾ എന്നിവയും അപ്രത്യക്ഷമായി. ചിത്രങ്ങൾക്കുതന്നെ കോടികൾ വിലമതിക്കും.

1990കളിൽ കൈമാറ്റം ചെയ്യുന്നതുവരെ മര യുരുപ്പടികൾ കൊട്ടാരത്തിൽ ഉണ്ടായിരുന്നു. ഇതിന് കാവൽക്കാരെയും നിയമിച്ചിരുന്നു. കൊട്ടാരം സ്വകാര്യവ്യക്തികൾക്ക് കൈമാറാൻ നിയമം അനുവദിക്കാത്തതിനാൽ ട്രസ്റ്റിനാണ് നൽകിയത്. പിന്നീട് സ്വകാര്യവ്യക്തികളുടെ പക്കൽ എത്തുകയായിരുന്നു. ശത്രുക്കളിൽനിന്ന് രക്ഷപ്പെടാൻ കൊട്ടാരത്തിൽനിന്ന് മുറിഞ്ഞപുഴയുടെ അടിവാരത്തിലെ മലഞ്ചെരിവിൽ എത്തുന്ന ഗുഹ ഉണ്ടായിരുന്നതായും പഴമക്കാർ പറയുന്നു. റവന്യൂ രേഖകളിൽ 73.10 ഹെക്ടർ സ്ഥലം ഉണ്ടെങ്കിലും ഇതിൽ പകുതിയും നഷ്ടപ്പെട്ടു. ബാക്കി സ്ഥലമാണ് കൈമാറ്റം ചെയ്തത്.

ചരിത്രസ്മാരകമായി സംരക്ഷിക്കേണ്ട കൊട്ടാരവും അനുബന്ധ വസ്തുക്കളും സ്ഥലവും നഷ്ടപ്പെട്ടപ്പോഴും അധികൃതർ മൗനത്തിലായിരുന്നു. പുരാവസ്തു ഗവേഷണ വിഭാഗം വർഷങ്ങൾക്കുമുമ്പ് കൊട്ടാരം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചെങ്കിലും തുടർ നടപടി ഉണ്ടായില്ല. 1924-1931 കാലയളവിൽ റീജന്റ് ആയിരുന്ന റാണി സേതു ലക്ഷ്മി ഭായി തിരുവിതാംകൂറിന്റെ വേനൽക്കാല തലസ്ഥാനമായി ഉപയോഗിച്ചിരുന്ന കൊട്ടാരമാണ് സ്വകാര്യ വ്യക്തി കൈവശപ്പെടുത്തിയത്. സ്വാതന്ത്ര്യാനന്തരം തിരുവിതാംകൂറിന്റെ വസ്തുവകകൾ സംസ്ഥാന സർക്കാരിന്റെ ഭാഗം ആകുമായിരുന്നു എങ്കിലും അമ്മച്ചി കൊട്ടാരം കേരളസർക്കാർ ഏറ്റെടുത്തതിനു രേഖകൾ ഒന്നുമില്ല .

പീരുമേട് വില്ലേജ് ഓഫിസിലെ ബി .ടി .ആർ (ബേസിക് ടാക്സ് രെജിസ്റ്റർ) പ്രകാരം കൊട്ടാരം ഉൾപ്പെടുന്ന എഴുപത്തിമൂന്നു ഹെക്റ്ററോളം ഭൂമി സർക്കാർ തരിശ് ഭൂമി എന്നും സർക്കാർ പുറമ്പോക്കു ഭൂമി എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത് .ഇതിൽ കൊട്ടാരം ഉൾപ്പെടെ പത്തു ഹെക്റ്ററോളം ഭൂമി ആണ് സ്വകാര്യ വ്യക്തികളുടെ കയ്യിൽ എത്തിയിരിക്കുന്നത്. സർക്കാർ ഭൂമി എങ്ങനെയാണ് സ്വകാര്യവ്യക്തികളുടെ കയ്യിൽ എത്തിയത് എന്ന് തെളിയിക്കുന്ന രേഖകൾ ഒന്നും തന്നെ ലഭ്യമല്ല എന്നാണു പീരുമേട് വില്ലജ് ഓഫിസിൽ നിന്നും കിട്ടിയ വിവരം.

ജോ മൺറോ എന്ന ആളാണ് കൊട്ടാരം പണികഴിപ്പിച്ചത്. കേരളീയ വാസ്തുകലയുടേയും വിക്ടോറിയൻ നിർമ്മാണ രീതികളുടെയും സമന്വയമാണ് ഈ കെട്ടിടം. തദ്ദേശീയമായ നിർമ്മാണ വസ്തുക്കൾക്കൊപ്പം ഇറക്കുമതി ചെയ്ത തറയോടുകളും ഉപയോഗിച്ചിരിക്കുന്നു.
കുട്ടിക്കാനം കൊട്ടാരത്തിൽ എല്ലാവർഷവും വേനൽക്കാലത്ത് ശ്രീചിത്തിര തിരുന്നാൾ ബാലരാമവർമയും അമ്മ സേതുലക്ഷ്മീ ഭായിയും മൂന്നു മാസത്തോളം വരെ താമസിച്ചിരുന്നു. സേതുലക്ഷ്മീ ഭായി ഇവിടെ താമസിച്ചിരുന്നതിനാലാണ് ഇതിനു അമ്മച്ചികൊട്ടാരമെന്ന വിളിപ്പേരുണ്ടായത്.
കേരളത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് അടിത്തറ പാകിയ പല സുപ്രധാന രാജകീയ തീരുമാനങ്ങളും ഉണ്ടായത് ഇവിടുത്തെ മന്ത്രമണ്ഡപത്തിലാണ്. തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരിയായിരുന്ന ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവാണ് ഏറ്റവുമൊടുവിൽ ഇവിടെ താമസിച്ചിരുന്ന രാജകുടുംബാംഗം.

പ്രധാന മുറികളിലെല്ലാം അടുപ്പും ചിമ്മിനിയുമുണ്ട്. കൊട്ടാരത്തിനു നാലു പുറവും വീതിയിലുള്ള വരാന്തയാണ്. വിശാലമായ പൂമുഖം കടന്നു ചെല്ലുന്നത് വലിയൊരു സ്വീകരണ മുറിയിലേക്കാണ്. അവിടെയാണ് അസംബ്ലി ഹാളെന്നു വിളിക്കുന്ന മഹാരാജാവിന്റെ മന്ത്രമണ്ഡപം. ഇവിടെനിന്നു നടുമുറ്റത്തേക്കു പ്രവേശിക്കാം. കൂടാതെ അമ്മ മഹാറാണിയുടെ തോഴിമാർക്ക് താമസിക്കാൻ തയാറാക്കിയ പ്രത്യേക മുറികളും കാണാം. ഇറ്റാലിയൻ ടൈലുകൾ പാകിയ കുളിമുറികൾ, ഗ്രന്ഥപ്പുര, പൂജാമുറി തുടങ്ങിയവും ഇവിടെ ഇന്നും നിലനിൽക്കുന്നു. പീരുമേട്ടിലെ ശ്രീകൃഷ്ണ ക്ഷേത്രം വരെ നീളുന്ന ഒരു രഹസ്യ ഭൂഗർഭപാതയും കൊട്ടാരത്തിനുള്ളിലുണ്ട്.

നിരവധി മലയാളം, തമിഴ് ചലച്ചിത്രങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. മേൽക്കൂരയെല്ലാം ജീർണിച്ച് ഇടിഞ്ഞ നിലയിലാണ്. ഇറ്റലി, ബ്രിട്ടൺ മുതലായ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത പല സാധനങ്ങളും ഇവിടെയുണ്ട്. ഇറ്റാലിയൻ കാർപ്പെറ്റ്, ടൈൽസ്, ടോയ്ലറ്റ് വിളക്കുകൾ എന്നിവ അന്നത്തെ ലോകകമ്പോളത്തിലെ മികച്ച ഉൽപന്നങ്ങളായിരുന്നു. ഒറ്റ അച്ചിൽ വാർത്തെടുത്ത ഇരുമ്പഴികളിലെല്ലാം തിരുവിതാംകൂർ രാജകുടുംബത്തിന്റെ രാജമുദ്ര ആലേഖനം ചെയ്തിട്ടുണ്ട്. പ്രധാന കെട്ടിടത്തിനു കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെങ്കിലും ജനാലകളും വാതിലുകളും മേൽത്തട്ടുമെല്ലാം ചിതലെടുത്തും തുരുമ്പിച്ചും നശിച്ചു തുടങ്ങിയിരിക്കുന്നു.

ചരിത്രത്തിന്റെ ഭാഗമായ ഈ കൊട്ടാരവും സംരക്ഷിക്കാൻ സർക്കാറിന് സാധിക്കുന്നില്ലെന്നത് കടുത്ത വീഴ്‌ച്ച തന്നെയാണ്. സർക്കാർ വക ഭൂമി പണമുള്ളവർക്ക് തീറെഴുതിക്കൊടുത്ത് കീശവീർപ്പിക്കാൻ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പാർട്ടിക്കാരും അടങ്ങിയ മാഫിയ തന്നെ പ്രവർത്തിക്കുന്നു എന്നതിന്റെ തെളിവാണ് ഈ സംഭവവും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP