Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എട്ടുനിലയിൽ പൊട്ടിയ അമൃതശ്രീ ചിട്ടിക്കമ്പനിയുടെ എല്ലാ പ്രാദേശിക ഓഫീസുകളും പൊലീസ് അടപ്പിച്ചു; നടന്നത് ലൈസൻസും മറ്റു രേഖകളുമില്ലാത്ത ക്രമക്കേട് തന്നെ

എട്ടുനിലയിൽ പൊട്ടിയ അമൃതശ്രീ ചിട്ടിക്കമ്പനിയുടെ എല്ലാ പ്രാദേശിക ഓഫീസുകളും പൊലീസ് അടപ്പിച്ചു; നടന്നത് ലൈസൻസും മറ്റു രേഖകളുമില്ലാത്ത ക്രമക്കേട് തന്നെ

ആലപ്പുഴ : സ്വകാര്യ ചിട്ടിക്കമ്പനികൾ ഒന്നൊന്നായി പൊട്ടിപ്പൊളിയുമ്പോഴും വിശ്വാസയോഗ്യമായ ചിട്ടിസ്ഥാപനമെന്ന തരത്തിൽ പരസ്യംചെയ്ത് ജനങ്ങളെ കൈയിലെടുത്ത അമൃതശ്രീ ചിട്ടിക്കമ്പനിയും എട്ടുനിലയിൽ പൊട്ടി. ചിട്ടിയുടമയെ കഴിഞ്ഞയാഴ്ച പൊലീസ് അറസ്്റ്റ് ചെയ്തിരുന്നു. സംസ്ഥാനത്തൊട്ടാകെ ബ്രാഞ്ചുകളുള്ള കമ്പനിയുടെ പ്രാദേശീക ഓഫീസുകളെല്ലാം ഇപ്പോൾ ചിറ്റാളന്മാരുടെ പരാതിയെ തുടർന്ന് പൊലീസ് അടച്ചുപൂട്ടുകയാണ്.

ഏകദേശം നൂറുകോടിയോളം വരും അമൃതശ്രീ തട്ടിച്ചെടുത്ത തുക. പ്രമാദമായ കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസിനെ തുടർന്ന് അടച്ചുപൂട്ടിയ ഹിമാലയ, എവറസ്റ്റ് എന്നീ ചിട്ടിക്കമ്പനികളുടെ ചുവടു പിടിച്ചാണ് അമൃതശ്രീ വളർന്നുവന്നത്. 35,000 രുപയ്ക്ക് താഴെ ചിട്ടി മാത്രമുള്ള സ്ഥാപനമെന്ന രീതിയിലാണ് ചിട്ടികൾ ക്രമപ്പെടുത്തിയിരുന്നത്. ഏറ്റവും ചെറിയ തുകയെന്ന തരത്തിൽ ചിറ്റാളന്മാരുടെ എണ്ണം വർദ്ധിപ്പിക്കുകയെന്നതായിരുന്നു ലക്ഷ്യം. പരസ്യം നൽകിയിരുന്നതും അത്തരത്തിലായിരുന്നു.

പരസ്യത്തിനായി പ്രധാനമായും പ്രാദേശിക ചാനലുകളെയാണ് ആശ്രയിച്ചിരുന്നത്. ആദ്യമൊക്കെ ഇടപാടുകൾ സുതാര്യമായിരുന്നെങ്കിലും പിന്നീട് ചിട്ടി പിടിച്ചുകഴിഞ്ഞാൽ പണം നൽകാൻ കാലതാമസം നേരിട്ടു തുടങ്ങിയതോടെയാണ് ചിറ്റാളന്മാർ പ്രശ്‌നം തുടങ്ങിയത്. ചിട്ടിക്കമ്പനികൾ തമ്മിലുള്ള കുടിപ്പകയെ തുടർന്ന് ഹിമാലയയും എവറസ്റ്റും കെട്ടിപ്പൂട്ടിയപ്പോൾ അമൃതശ്രീ എന്ന പേരിൽ തുടങ്ങിയ ചിട്ടിക്കമ്പനിയെ കുറിച്ച് നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഹിമാലയ ഗ്രൂപ്പുകൾ ബിനാമി പേരിൽ തുടങ്ങിയ ചിട്ടിക്കമ്പനിയാണിതെന്നായിരുന്നു ആക്ഷേപം. ചെറായി കേന്ദ്രീകരിച്ചുള്ള സ്ഥാപനമായതിനാലാണ് വിവാദം രൂപപ്പെട്ടത്.

പിന്നീട് കമ്പനി ഉടമ ശിവദാസൻ പരസ്യം ചെയ്താണ് വിവാദം മറികടന്നത്. സംസ്ഥാനത്തെ ഓഫീസുകൾ സീൽ ചെയ്യുന്നതിന്റെ ഭാഗമായി ഇന്നലെ മാവേലിക്കരയിലെ ഓഫീസും പൊലീസ് അടച്ചുപൂട്ടി. ഇവിടെനിന്നും 2 കോടി രൂപയാണ് പിരിച്ചെടുത്തിട്ടുള്ളത്. പ്രാദേശീകതലത്തിലുള്ള സ്ത്രീകളെ ജീവനക്കാരാക്കി ചിറ്റാളന്മാരെ ചേർക്കുകയും പണപ്പിരിവ് നടത്തുകയും ചെയ്യുന്ന രീതിയായിരുന്നു ഇവിടെ. അതുെകാണ്ടുതന്നെ ഉടമ മുങ്ങിയാൽ ചിറ്റാളന്മാർ നാട്ടുകാരായ ജീവനക്കാരെ തടഞ്ഞുവെക്കുന്ന തരത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

ഇരുപതോളം കേസുകളാണ് ഇപ്പോൾ മാവേലിക്കര പൊലീസ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്ഥാപനത്തിന് ലൈസൻസോ മറ്റു രേഖകളോ ഇല്ല.കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ഇതുമായി ബന്ധപ്പെട്ട നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു പൊലീസ് പറയുന്നു. ചിട്ടിതട്ടിപ്പിനെ തുടർന്ന് കഴിഞ്ഞയാഴ്ച ഉടമ എറണാകുളം ചെറായിൽ പതിശേരിൽ വീട്ടിൽ ശിവദാസനെ (45)മരട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.സ്ഥാപനത്തിലെ മാനേജർക്കെതിരെയും കേസുണ്ടെങ്കിലും മാനേജർ ഒളിവിലാണ്. തട്ടിപ്പിനിരയായവർ 11ന് രാവിലെ 10 മണിക്ക് മാവേലിക്കര പൊലീസ്‌റ്റേഷനിൽ എത്തണമെന്ന് പൊലീസ് അറിയിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം പരിശോധനയ്ക്കു ശേഷമായിരുന്നു ഓഫീസ് പൂട്ടി സീൽ ചെയ്തത്. പരിശോധനയിൽ കമ്പൂട്ടറുകൾ ഉൾപ്പടെ നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. മാവേലിക്കര സബ് രജിസ്ട്രാർ എം.ഷരീഫ്, മാവേലിക്കര എസ്.ഐ സി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP