Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആഗോള കത്തോലിക്കാ സഭയ്ക്ക് നാണക്കേട്; മെത്രാൻ പദവിയിൽ നിന്നും നീക്കാൻ പോപ്പ് ഫ്രാൻസിസ് അടിയന്തിരമായി ഇടപെടണം; പീഡന കേസിൽ സഭ നാണം കെടുമ്പോൾ അപ്പീലുമായി വിശ്വാസികൾ; പോപ്പിന്റെ ശ്രദ്ധ ക്ഷണിക്കാൻ ലോകം എമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികൾ ഒപ്പിടുമെന്ന പ്രതീക്ഷ

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആഗോള കത്തോലിക്കാ സഭയ്ക്ക് നാണക്കേട്; മെത്രാൻ പദവിയിൽ നിന്നും നീക്കാൻ പോപ്പ് ഫ്രാൻസിസ് അടിയന്തിരമായി ഇടപെടണം; പീഡന കേസിൽ സഭ നാണം കെടുമ്പോൾ അപ്പീലുമായി വിശ്വാസികൾ; പോപ്പിന്റെ ശ്രദ്ധ ക്ഷണിക്കാൻ ലോകം എമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികൾ ഒപ്പിടുമെന്ന പ്രതീക്ഷ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഫ്രാങ്കോ മുളക്കൽ നാണം കെടുത്തുന്നത് ജാതിമതഭേദമന്യേ നീതി നടക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോരുത്തരെയുമാണ്. പ്രത്യേകിച്ചും കത്തോലിക്കാ വിശ്വാസികളെ. ഫ്രാങ്കോയെ ന്യായീകരിക്കാൻ ഇറങ്ങിയവർ കൂട്ടത്തോടെ ഉഭയകക്ഷി സമ്മതപ്രകാരമാണ് ബന്ധം എന്നു പറഞ്ഞു സ്ഥാപിക്കാൻ തുടങ്ങിയതോടെ വിശ്വാസികളുടെ പ്രതിസന്ധി കൂടുതൽ രൂക്ഷമായിരിക്കുകയാണ്. പരസ്പര സമ്മതത്തോടെ ഒരു കന്യാസ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ഒരു മെത്രാന് ആ പദവിയിൽ എങ്ങനെ തുടരാൻ കഴിയുമെന്ന ചോദ്യമാണ് വിശ്വാസികൾ ഉയർത്തുന്നത്. അപ്പോൾ വ്യഭിചാരം മാരക പാപം ആണ് എന്നു പഠിപ്പിക്കുന്നതിന്റെ യുക്തിയെന്തെന്ന് വിശ്വാസികൾ ചോദിക്കുന്നു. അതുകൊണ്ട് ഫ്രാങ്കോ ബലാത്സംഗം ചെയ്താലും ശരി ഇല്ലെങ്കിലും ശരി ആ പദവിയുടെ അന്തസു കാക്കാൻ എത്രയും വേഗം രാജി വയ്ക്കണമെന്ന മുറവിളിയാണ് വിശ്വാസികൾ ഉയർത്തുന്നത്.

ഒരു വിശ്വാസി പോലും ഫ്രാങ്കോയ്ക്കു വേണ്ടി രംഗത്തില്ലാതിരിക്കവെയാണ് ഫ്രാങ്കോ കുറ്റക്കാരൻ ആണെങ്കിലും അല്ലെങ്കിലും മെത്രാൻ പദവിയിൽ നിന്നും രാജി വയ്ക്കണം എന്ന ആവശ്യം സജീവമാകുന്നത്. ബ്രിട്ടീഷ് എംപയർ പുരസ്‌കാരം നേടിയ സ്വിൻഡനിലെ മലയാളി റോയ് സ്റ്റീഫനാണ് ഇത്തരമൊരു അപ്പീലുമായി രംഗത്തെത്തിയത്. ഇത്തരം നീചമായ പ്രവൃത്തിയിലൂടെ ആഗോള കത്തോലിക്കാ സഭയ്ക്ക് നാണക്കേടുണ്ടാക്കിയ ബിഷപ്പിനെതിരെ കടുത്ത നടപടി സ്വീകരിക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് പോപ്പ് ഫ്രാൻസിസിനോട് ആവശ്യപ്പെടാനാണ് അപ്പീലെന്ന് സ്റ്റീഫർ പറയുന്നു. ഫ്രാങ്കോയെ മെത്രാൻ പദവിയിൽ നിന്നും നീക്കാൻ പോപ്പ് അടിയന്തിരമായി ഇടപെടണമെന്നാണ് ഈ അപ്പീൽ ആവശ്യപ്പെടുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ അപ്പീൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പോപ്പിന്റെ ശ്രദ്ധ ക്ഷണിക്കാൻ ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികൾ ഈ അപ്പീലിൽ ഒപ്പിടുമെന്ന പ്രതീക്ഷ വർധിച്ചിട്ടുണ്ട്.

change.org വെബ്സൈറ്റിലാണ് സ്റ്റീഫൻ ഈ പെറ്റീഷൻ ലോഞ്ച് ചെയ്തിരിക്കുന്നത്. 2014നും 2016നും ഇടയിൽ ഫ്രാങ്കോ നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് ഒരു കന്യാസ്ത്രീയാണ് മുന്നോട്ട് വന്നിരിക്കുന്നതെന്നും അതിനാൽ ഫ്രാങ്കോയെ ഇനിയും വച്ച് പൊറുപ്പിക്കുന്നത് സഭയക്ക് കടുത്ത നാണക്കേടുണ്ടാക്കുമെന്നും ഈ പെറ്റീഷൻ പോപ്പിനോട് അഭ്യർത്ഥിക്കുന്നു. സഭയിൽ തന്റെ സ്ഥാനം ദുരുപയോഗപ്പെടുത്തി ഫ്രാങ്കോ തങ്ങളെയും മോശം ലക്ഷത്തിന് വേണ്ടി സമീപിച്ചിരുന്നുവെന്ന് മറ്റ് മൂന്ന് കന്യാസ്ത്രീകളും ആരോപിച്ചിരുന്നുവെന്ന് പെറ്റീഷൻ ഉയർത്തിക്കാട്ടുന്നു.

ഫ്രാങ്കോ 2014 മെയ്‌ മാസത്തിൽ കേരളത്തിലെ കോൺവെന്റ് സന്ദർശിച്ചപ്പോഴായിരുന്നു ആദ്യമായി താൻ പീഡിപ്പിക്കപ്പെട്ടിരുന്നതെന്ന് 2018 ജൂൺ 29ന് സമർപ്പിച്ച് 72 പേജ് വരുന്ന പരാതിയിൽ ഈ കന്യാസ്ത്രീ വെളിപ്പെടുത്തുന്നുവെന്നും പെറ്റീഷൻ അടിവരയിട്ട് കാണിക്കുന്നുണ്ട്. തുടർന്നുള്ള രണ്ട് വർഷക്കാലത്തിനിടെ ബിഷപ്പ് തന്നെ ഡസനിലധികം തവണ പീഡിപ്പിച്ചുവെന്നും കന്യാസ്ത്രീ പരാതിപ്പെട്ടിരുന്നു. 54കാരനായ ഫ്രാങ്കോ പീഡനത്തിനിരയായ കന്യാസ്ത്രീയുടെ മിഷനറീസ് ഓഫ് ജീസസ് റിലീജിയസ് കോൺഗ്രെഗേഷന്റെ മേൽനോട്ടം വഹിച്ചിരുന്ന ആളായിരുന്നുവെന്നും തന്റെ ഈ സ്വാധീനം അദ്ദേഹം ദുരുപയോഗപ്പെടുത്തുകയായിരുന്നുവെന്നും പെറ്റീഷൻ എടുത്ത് കാട്ടുന്നു.

ഇരയായ കന്യാസ്ത്രീയുടെ കോൺഗ്രെഗേഷൻ ജലന്ധർ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെങ്കിലും ഇതിന് കേരളത്തിൽ പാലായിൽ കോൺവെന്റുണ്ടെന്നും അവിടെ ഫ്രാങ്കോ സന്ദർശനത്തിനെത്തിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ടതെന്നും കന്യാസ്ത്രീ പരാതിപ്പെട്ടത് പെറ്റീഷനിലൂടെ സ്റ്റീഫൻ പോപ്പിനെ ഓർമിപ്പിക്കുന്നു.ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ബിഷപ്പ് കന്യാസ്ത്രീയുടെ എതിർപ്പിനെ അവഗണിച്ച് അവരെ പീഡിപ്പിച്ചുവെന്ന് വ്യക്തമായിട്ടുണ്ടെന്നും സ്റ്റീഫൻ അപ്പീലിലൂടെ പോപ്പിന്റെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്.

കോട്ടയത്തെ കുറവിലങ്ങാട്ടുള്ള സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ ഗസ്റ്റ് റൂമിൽ നഴ്സിനെ ബിഷപ്പ് തടഞ്ഞ് വച്ചിരുന്നുവെന്നും പെറ്റീഷൻ എടുത്ത് കാട്ടുന്നു.ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഹൈക്കോടതി ജങ്ഷനിൽ സെപ്റ്റംബർ എട്ടിന് ആരംഭിച്ച സമരം ശക്തിയാർജിക്കുന്ന കാര്യവും സ്റ്റീഫൻ പോപ്പിന്റെ ശ്രദ്ധയിലേക്ക് പെറ്റീഷനിലൂടെ കൊണ്ട് വരുന്നുണ്ട്. ഈ സമരത്തിന് ഇന്നലെയും വലിയ ജനപങ്കാളിത്തമാണ് ലഭിച്ചിരിക്കുന്നത്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഇന്ന് അഞ്ച് കന്യാസ്ത്രീകളുമെത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

സേവ് ഔവർ സിസ്റ്റേഴ്സ് (എസ്ഒഎസ്) ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ സമരം പുരോഗമിക്കുന്നത്. 101 പേർ അടങ്ങുന്ന കർമസമിതിയാണ് പരിപാടികൾക്ക് നേതൃത്വമേകുന്നത്.മൂന്നുദിവസമായി നിരാഹാരമനുഷ്ഠിച്ചിരുന്ന അഡ്വ. ജോൺ ജോസഫിനെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് പൊലീസെത്തി ആശുപത്രിയിലേക്കു മാറ്റി. തുടർന്ന് സ്റ്റീഫൻ മാത്യു നിരാഹാരം ഏറ്റെടുത്തുവെന്നും ഏറ്റവും പുതിയ റിപ്പോർട്ടുണ്ട്. സ്ഥാനമഹിമയും പണത്തിന്റെ സ്വാധീനവുമാണ് കുറ്റവാളിയായ ഫ്രാങ്കോയെ സംരക്ഷിച്ച് നിർത്തുന്നതെന്നാണ് സമരത്തിൽ പങ്കെടുക്കുന്ന കന്യാസ്ത്രീകൾ ആരോപിക്കുന്നതെന്ന് സ്റ്റീഫൻ പെറ്റീഷനിലൂടെ എടുത്ത് കാട്ടുന്നു.

ബിഷപ്പിനെതിരെയുള്ള പരാതി നൽകി 74 ദിവസം കഴിഞ്ഞിട്ടും കാര്യമായ നടപടിയെടുക്കാത്തതിൽ കന്യാസ്ത്രീകൾക്ക് പരാതിയുണ്ട്. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ മൊഴി പൊലീസ് പലവട്ടം രേഖപ്പെടുത്തിയിട്ടും ബിഷപ്പിനെ വെറും ഒരു തവണ മാത്രമാണ് ചോദ്യ ചെയ്തതെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകൾ ആരോപിക്കുന്നുവെന്നും പെറ്റീഷനിൽ പരാമർശമുണ്ട്. എല്ലാവരും നിയമത്തിന് മുന്നിൽ സമന്മാരാണെന്നിരിക്കെ ആരോപിതരാവുന്ന ഇന്ത്യയിലെ മതമേലാളന്മാർക്ക് മാത്രം ഇളവേകുന്ന പ്രവണത വച്ച് പൊറുപ്പിക്കാനാവില്ലെന്നും അതിനാല് എത്രയും പെട്ടെന്ന് ബിഷപ്പിനെതിരെ കത്തോലിക്കാ സഭയെങ്കിലും കടുത്ത നടപടിയെടുക്കണമെന്ന് ജോയിന്റ് ക്രിസ്റ്റിയൻ കൗൺസിൽ വൈസ്പ്രസിഡന്റ് ജോർജ് ജോസഫ് ആവശ്യപ്പെട്ട കാര്യം പെറ്റീഷൻ പോപ്പിന്റെ ശ്രദ്ധയിലേക്കായി എടുത്ത് കാട്ടുന്നുണ്ട്. അതിനാൽ ഫ്രാങ്കോയെ എല്ലാ സഭാ സ്ഥാനങ്ങളിൽ നിന്നും ഉടനടി നീക്കം ചെയ്യാനും കുറ്റ വിചാരണക്ക് സന്നദ്ധനാകാൻ ഫ്രാങ്കോയോട് ഉത്തരവിടാനും പോപ്പിനോട് പെറ്റീഷൻ അഭ്യർത്ഥിക്കുന്നു.

ഈ പെറ്റീഷനിൽ ഒപ്പിടാൻ ആഗ്രഹിക്കുന്നവർ ഈ ലിങ്കിലൂടെ https://www.change.org/p/an-appeal-to-pope-francis-to-remove-bishop-of-jalandhar-punjab-india-franco-mulakkal സാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP