Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭർത്താവിനെയും ഭർതൃ മാതാവിനെയും വീടിന് പുറത്താക്കി ഭാര്യയും മകനും വീടുപൂട്ടിക്കടന്നു കളഞ്ഞു; കേറികിടക്കാനോ, ആഹാരം കഴിക്കാനോ നിവർത്തിയില്ലാതെ വീടിനു പിന്നിലെ ഷീറ്റു മേഞ്ഞ കുടുസു മുറിയിൽ നാലുമാസം കഴിച്ചുകൂട്ടി 90കാരിയും 70കാരനും; മഴക്കാലമായതോടെ ചായ്‌പ്പും ചോർന്നൊലിച്ചു തുടങ്ങി; ഒടുവിൽ വയോധികയേയും മകനേയും ജനമൈത്രി പൊലീസെത്തി വാതിൽ ചവിട്ടി പൊളിച്ച് വീടിനകത്തു കയറ്റി; അഞ്ചാലും മൂട് പൊലീസിന് കൈയടിച്ച് നാട്ടുകാരും

ഭർത്താവിനെയും ഭർതൃ മാതാവിനെയും വീടിന് പുറത്താക്കി ഭാര്യയും മകനും വീടുപൂട്ടിക്കടന്നു കളഞ്ഞു; കേറികിടക്കാനോ, ആഹാരം കഴിക്കാനോ നിവർത്തിയില്ലാതെ വീടിനു പിന്നിലെ ഷീറ്റു മേഞ്ഞ കുടുസു മുറിയിൽ നാലുമാസം കഴിച്ചുകൂട്ടി 90കാരിയും 70കാരനും; മഴക്കാലമായതോടെ ചായ്‌പ്പും ചോർന്നൊലിച്ചു തുടങ്ങി; ഒടുവിൽ വയോധികയേയും മകനേയും ജനമൈത്രി പൊലീസെത്തി വാതിൽ ചവിട്ടി പൊളിച്ച് വീടിനകത്തു കയറ്റി; അഞ്ചാലും മൂട് പൊലീസിന് കൈയടിച്ച് നാട്ടുകാരും

ആർ പീയൂഷ്

കൊല്ലം: ഭർത്താവിനെയും ഭർതൃമാതാവിനെയും വീടിന് പുറത്താക്കി ഭാര്യയും മകനും വീടുപൂട്ടിക്കടന്നു കളഞ്ഞു. നാലുമാസത്തോളം വീടിനു പുറത്തെ ചായ്‌പ്പിൽ കഴിയുകയായിരുന്ന വയോധികയേയും മകനേയും ജനമൈത്രി പൊലീസെത്തി വാതിൽ ചവിട്ടി പൊളിച്ച് വീടിനകത്തു കയറ്റി. അഞ്ചാലുംമൂട് നീരാവിൽ നടരാജാ ഭവനിൽ ചെമ്പകക്കുട്ടി അമ്മാൾ (90), മകൻ രാജു (70) എന്നിവരാണ് കേറികിടക്കാനോ, ആഹാരം കഴിക്കാനോ പോലും നിവർത്തിയില്ലാതെ വീടിനു പിന്നിലെ ഷീറ്റു മേഞ്ഞ കുടുസു മുറിയിൽ കഴിഞ്ഞു വന്നത്.

ഇവരുടെ ദയനീയ സ്ഥിതി അറിഞ്ഞ തണലിടം റസിഡന്റ് അസോസിയേഷൻ പ്രവർത്തകരും നടരാജാ ക്ലബ്ബിന്റെ പ്രവർത്തകരും ചേർന്ന് പൊലീസിൽ വിവരമറിയിച്ചു. അംഗങ്ങൾ വിളിച്ചറിയിച്ചതിനെ തുടർന്ന് അഞ്ചാലും മൂട് പൊലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസർ എസ്.ലാലു എത്തിയാണ് വീട് ചവിട്ടി തുറന്ന് ഇവരെ അകത്ത് കയറ്റിയത്.

നാലുമാസം മുൻപാണ് രാജുവുമായി പിണങ്ങി ഭാര്യയും മകനും വീടു പൂട്ടി പരവൂരിൽ താമസത്തിനായി പോയത്. ഇതോടെ ഇരുവരും ചായ്‌പ്പിൽ കഴിഞ്ഞു വരികയായിരുന്നു. കനത്ത വേനലിലും മഴയിലും രോഗിയായ മാതാവും മകനും ഏറെ പ്രയാസപ്പെട്ടാണ് ഇവിടെ കഴിഞ്ഞിരുന്നത്. ആഹാരം പാചകം ചെയ്യുന്നതും ചായ്‌പ്പിൽ തന്നെയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ഇരുവരും ചോർന്നൊലിക്കുന്ന ചായ്‌പ്പിൽ നനഞ്ഞു കുതിർന്നിരുന്നു. തങ്ങളുടെ ദുരിതം നീരാവിലെ നവകേരളാ ക്ലബ്ബിന്റെ അംഗങ്ങളോട് പറയുകയും അവർ വിവരം അഞ്ചാലും മൂട് പൊലീസിൽ അറിയിക്കുകയുമായിരുന്നു.

സംഭവം അറിഞ്ഞ് ഇവിടെയെത്തിയ ജനമൈത്രി ബീറ്റ് ഓഫീസർ എസ്.ലാലു രാജുവിന്റെ മകൻ രാജേഷിനെ ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ വളരെ മോശമായിട്ടാണ് ഇയാൾ പൊലീസ് ഉദ്യോഗസ്ഥനോട് സംസാരിച്ചത്. വേഗം ഇവിടെയെത്തി വീട് തുറന്ന് നൽകിയില്ലെങ്കിൽ പൂട്ട് പൊളിച്ച് ഇരുവരെയും അകത്ത് കയറ്റുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്റെ വീടിനകത്ത് അതിക്രമിച്ചു കടന്നാൽ പൊലീസിൽ പരാതി നൽകുമെന്നായി മകൻ.

എങ്കിൽ പരാതിയുമായി സ്റ്റേഷനിലേക്ക് വന്നാൽ മതി എന്ന് മറുപടി നൽകിയ ശേഷം പൂട്ട് പൊളിക്കുകയായിരുന്നു. വയോധികയായ മാതാവിനെയും മകനെയും വീടിനകത്ത് കയറ്റുകയും എന്ത് ആവിശ്യമുണ്ടെങ്കിലും വിളിക്കണമെന്നും പറഞ്ഞ് ഉദ്യോഗസ്ഥൻ മടങ്ങുകയും ചെയ്തു. ക്ലബ്ബ് അംഗങ്ങളോട് ഇവരെ ശ്രദ്ധിക്കണമെന്നും പറഞ്ഞേൽപ്പിച്ചു. ഇരുവർക്കും വേണ്ട ആഹാര സാധനങ്ങളും ക്ലബ്ബ് അംഗങ്ങൾ വാങ്ങി നൽകി.

ചെമ്പകക്കുട്ടിയമ്മാൾക്കായി നീരാവിൽ നവകേരള ക്ലബ്ബിന്റെ നേതൃത്വത്തിൽ 10 വർഷം മുൻപ് നിർമ്മിച്ചു നൽകിയ വീടാണിത്. ഈ വീട്ടിൽ നിന്നുമാണ് ഇവരെ പുറത്താക്കി വീടുപൂട്ടി കടന്നുകളഞ്ഞത്. എട്ടുമാസം മുൻപ് ചെമ്പകക്കുട്ടിയമ്മാളിനെ വീടിന് പുറത്താക്കി എന്ന പരാതി പൊലീസിന് ലഭിച്ചിരുന്നു. അന്നും ഇതേ പൊലീസ് ഉദ്യോഗസ്ഥനെത്തി താക്കീത് നൽകി വീടിനുള്ളിൽ കയറ്റിയിരുന്നു. എന്നാൽ ഇപ്പോൾ വീട് വിൽക്കാൻ വേണ്ടി ഇവരെ പുറത്താക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP