Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥിനി ആൻസി വർഗീസിന്റെ ജീവനെടുത്ത ബസ് അപകടത്തിലെ ഡ്രൈവറുടെ ലൈസൻസ് വ്യാജമെന്ന് ആക്ഷേപം; മതിയായ യോഗ്യത ഇല്ലാത്തയാളെ ഡ്രൈവറായി നിയമിച്ച കോളേജ് അധികൃതർ തന്നെ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ശക്തം; കേസ് ഒത്തു തീർപ്പാക്കാൻ ശ്രമം ശക്തമാക്കി കോളേജ് മാനേജ്‌മെന്റും

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥിനി ആൻസി വർഗീസിന്റെ ജീവനെടുത്ത ബസ് അപകടത്തിലെ ഡ്രൈവറുടെ ലൈസൻസ് വ്യാജമെന്ന് ആക്ഷേപം; മതിയായ യോഗ്യത ഇല്ലാത്തയാളെ ഡ്രൈവറായി നിയമിച്ച കോളേജ് അധികൃതർ തന്നെ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ശക്തം; കേസ് ഒത്തു തീർപ്പാക്കാൻ ശ്രമം ശക്തമാക്കി കോളേജ് മാനേജ്‌മെന്റും

മറുനാടൻ മലയാളി ബ്യൂറോ

ഇരിങ്ങാലക്കുട: മലക്കപ്പാറയിൽ ക്രൈസ്റ്റ് കോളേജിൽ ബസ് മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ച സംഭവം കൂടുതൽ വിവാദമാകുന്നു. അപകടസമയത്ത് വാഹനമോടിച്ചിരുന്ന നിഖിൽ എന്ന ഡ്രൈവറുടെ ലൈസൻസ് വ്യാജമെന്ന് തെളിഞ്ഞതോടെയാണ് അപകടത്തെ തുടർന്നുള്ള കാര്യങ്ങൾ വിവാദമാകുന്നത്. കോളേജിൽ സമർപ്പിച്ചിരുന്ന ഡ്രൈവിങ്ങ് ലൈസൻസിന്റെ കോപ്പി വെച്ച് മോട്ടോർ വാഹന വകുപ്പിൽ നടത്തിയ അന്വേഷണത്തിലാണ് ഈ നമ്പറിൽ നൽകിയിരിക്കുന്ന ലൈസൻസ് മൂർക്കനാട് സ്വദേശിയായ മറ്റൊരു വ്യക്തിയുടെ പേരിലുള്ളതാണ് എന്ന് മനസ്സിലായത്. ഇത് സംബന്ധിച്ച് കൂടുതൽ പരിശോധനകൾ വേണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.

സ്‌കൂൾ ബസ് ഓടിക്കുന്നതിന് 10 വർഷത്തെ പരിചയം വേണമെന്നിരിക്കേ 2013 ലെ ലൈസൻസ് കോപ്പി കണ്ട് ഡ്രൈവറെ വാഹനമോടിക്കാൻ ഏൽപ്പിച്ച ക്രൈസ്റ്റ് കോളേജിന്റെ നടപടിയും വിവാദമായിരിക്കുകയാണ്. സ്ഥിരം ജീവനക്കാരനല്ല, ഓൺകോൾ അടിസ്ഥാനത്തിൽ വിളിക്കുന്ന ഡ്രൈവർ മാത്രമായിരുന്നു നിഖിൽ എന്ന മാനേജ്‌മെന്റ് വാദത്തോട് കഴിഞ്ഞ കുറേ മാസങ്ങളായി ഹോസ്റ്റൽ വാർഡന്റെ സഹായിയായി നിഖിൽ കോളേജ് ഹോസ്റ്റലിൽ ജോലി ചെയ്യുന്നുണ്ടെന്ന് വിദ്യാർത്ഥികൾ ഇരിങ്ങാലക്കുട ടൈംസിനോട് പറഞ്ഞു, ലൈസൻസ് വ്യാജമെന്ന് തെളിഞ്ഞതോടെ വ്യാജരേഖ ചമച്ചതിനുള്ള വകുപ്പും ഈ കേസിൽ കൂട്ടി ചേർക്കും. ഡ്രൈവർ ഇപ്പോഴും ഒളിവിലാണ്.

അതേസയം മലക്കപ്പാറ ബസ്സപകടത്തിൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ കേസ് കോടതിയിലെത്തും മുമ്പേ മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തിനും, പരുക്കേറ്റ വിദ്യാർത്ഥികൾക്കും നഷ്ടപരിഹാരം നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ക്രൈസ്റ്റ് കോളേജ് മാനേജ്‌മെന്റ്. ഇത് മാനേജ്‌മെന്റെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്‌ച്ച മറക്കാനാണെന്നുള്ള ആക്ഷേപവും ശക്തമാണ്. വിദ്യാർത്ഥി യൂണിയൻ ഭാരവാഹികളും, മെമ്പേഴ്സും ഇന്നലെ പ്രിൻസിപ്പാൾ ഓഫീസ് ഉപരോധിക്കുകയും തുടർന്ന് നടത്തിയ ചർച്ചയിലുമാണ് മാനേജ്‌മെന്റ് നഷ്ടപരിഹാരം നൽകുമെന്ന പ്രഖ്യാപനം നടത്തിയത്.

വിദ്യാർത്ഥി യൂണിയൻ സമരം നടത്തിയാലും ഇല്ലെങ്കിലും ഡ്രൈവർക്ക് നിയമപരമായ ലൈസൻസോ യോഗ്യതയോ ഇല്ലാത്തതു കൊണ്ട് സ്വാഭാവികമായും ക്രൈസ്റ്റ് കോളേജ് മാനേജ്‌മെന്റിന് തന്നെ നഷ്ട പരിഹാരം നൽകാൻ വിധി വരും. ഇൻഷുറൻസ് കമ്പനിക്ക് ഈ വിഷയത്തിൽ യാതൊരു ബാധ്യതയുമില്ല. അതു കൊണ്ട് കോടതി വിധിക്കും മുമ്പേ നഷ്ടപരിഹാരം നൽകുമെന്നുള്ള മാനേജ്‌മെന്റിന്റെ പ്രഖ്യാപനത്തെ സംശയത്തോടെയാണ് ഈ രംഗത്തെ വിദഗ്ദർ വിലയിരുത്തുന്നത്.

എത്രയാണ് കൊടുക്കാനുദ്ദേശിക്കുന്ന നഷ്ടപരിഹാര തുക എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ലെങ്കിലും ഇന്നലെ മാനേജ്‌മെന്റ് പ്രഖ്യാപനത്തിന് തൊട്ടു മുന്നേ ബിജെപി നഗരസഭാ യോഗം ചേർന്ന് 25 ലക്ഷം രൂപ മരിച്ച ആൻസിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് പ്രമേയം പാസ്സാക്കിയിരുന്നു. മാത്രവുമല്ല ഈ സംഭവത്തിൽ ഡ്രൈവർക്കെതിരെ 468, 471 വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്യണം എന്ന ആവശ്യത്തിലേക്ക് ഈ കേസ് ചുരുങ്ങുന്നതോടെ ഡ്രൈവറെ മുൻ നിർത്തി മാനേജ്‌മെന്റിന്റെ വീഴ്ചകൾ മറച്ചു പിടിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മനഃപൂർവം അല്ലാത്ത നരഹത്യക്ക് കേസ് എടുത്ത്, ഒതുക്കി തീർക്കുവാൻ ഇരിങ്ങാലക്കുടയിലെ സിപിഎം നേതൃത്വവും, ക്രൈസ്റ്റ് മാനേജ്മെന്റും കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെന്ന ആക്ഷേപവും ശക്തമായി ഉയരുന്നുണ്ട്. ഭരിക്കുന്ന പാർട്ടിയുടെ ആൾ ആ ബസിന്റെ ഡ്രൈവർ ആയി വന്നത് ആരുടെ സമ്മർദത്തിലെന്ന ചോദ്യവും ഉയരുന്നു. ഇനി എഫ് ഐ ആർ ഇടുമ്പോൾ ഡ്രൈവറുടെ പേര് മാറുമോ? അപകടം നടക്കുമ്പോൾ ഡ്രൈവറുടെ സഹായി ആയി ബസിൽ കൂടെ ഉണ്ടായിരുന്ന ആൾ ആരാണ്? ബസിന്റെ ഡ്രൈവർക്ക് ഹെവി വെഹിക്കിൾ ഓടിക്കാൻ വേണ്ട ലൈസൻസ് ഉണ്ടോ? ഹെവി ലൈസൻസ് കിട്ടി 10 വർഷം കഴിഞ്ഞാലെ സ്‌കൂൾ/കോളേജ് ബസുകൾ ഓടിക്കാൻ പാടൂ എന്ന നിയമം കാറ്റിൽ പറത്താൻ ആരെങ്കിലും ഒത്താശ ചെയ്തിരുന്നോ? എന്നീ ചോദ്യങ്ങളും ഉയരുന്നു. ഏതായാലും ആൻസി വർഗീസിന്റെ മരണത്തിലെ ദുരൂഹത ചർച്ചയാക്കാൻ വിദ്യാർത്ഥി സംഘടനകൾ പോലും എത്തുന്നില്ല. സിപിഎം നേതൃത്വത്തിന്റെ ഇടപെടൽ മൂലം എസ് എഫ് ഐ മൗനം പാലിക്കുന്നതായും ആക്ഷേപമുണ്ട്.

ചെറുപ്പം മുതൽ സംഘടനാ പ്രവർത്തനങ്ങളിലും സാമൂഹിക സേവന പ്രവർത്തനങ്ങളിലും താൽപര്യം പ്രകടിപ്പിച്ചിരുന്ന ആൻസിയുടെ അവസാന നാളുകൾ പെരുമ്പാറ ആദിവാസി കോളനിയിലായിരുന്നു. കഴിഞ്ഞ ചെവ്വാഴ്ചയാണ് ഗ്രാമീണ സഹവാസ ക്യാംപിന്റെ ഭാഗമായി മലക്കപ്പാറയിലെത്തിയത്. ചെറുപ്പം മുതൽ ഊരകം പള്ളിയിലെ സിഎൽസി സംഘടനയിലെ സജീവ പ്രവർത്തകയാണ്. പള്ളിയുടെ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സിഎൽസി നടത്തിയ മെഗാ മാർഗംകളിയുടെയും ഓണത്തിന് നടത്തിയ തിരുവാതിരക്കളിയുടെയും പ്രധാന സംഘാടക കൂടിയായിരുന്നു ആൻസി. ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുന്നിൽ നിന്നു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി വിജയിച്ച ആൻസി സാമൂഹിക സേവനത്തിലെ താൽപര്യം മൂലമാണ് എംഎസ്ഡബ്ല്യു എടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP