Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫുൾ ഓപ്ഷൻ ഇന്നോവ ക്രിസ്റ്റയിൽ 130 കിലോമീറ്റർ വേഗത്തിൽ മുഖ്യമന്ത്രി; പിണറായിക്ക് ഒപ്പം 'ഓടിയെത്താൻ' ആവാതെ തളർന്ന് എസ്‌കോർട്ട് പൊലീസുകാർ; ശബരിമലയിൽ ഉറക്കമിളച്ചും ഏറ്റുമുട്ടിയും തളർന്ന് മറ്റൊരു വലിയ വിഭാഗം; കേരളമൊട്ടുക്ക് പൊലീസിനെതിരെ അക്രമം ഉണ്ടായിട്ടും ഒരു നടപടിയുമില്ല; ശമ്പളകമ്മിഷൻ ശുപാർശയും നടപ്പാക്കാൻ വിമുഖത; അമർഷം പുകഞ്ഞ് ആഭ്യന്തരം

ഫുൾ ഓപ്ഷൻ ഇന്നോവ ക്രിസ്റ്റയിൽ 130 കിലോമീറ്റർ വേഗത്തിൽ മുഖ്യമന്ത്രി; പിണറായിക്ക് ഒപ്പം 'ഓടിയെത്താൻ' ആവാതെ തളർന്ന് എസ്‌കോർട്ട് പൊലീസുകാർ; ശബരിമലയിൽ ഉറക്കമിളച്ചും ഏറ്റുമുട്ടിയും തളർന്ന് മറ്റൊരു വലിയ വിഭാഗം; കേരളമൊട്ടുക്ക് പൊലീസിനെതിരെ അക്രമം ഉണ്ടായിട്ടും ഒരു നടപടിയുമില്ല; ശമ്പളകമ്മിഷൻ ശുപാർശയും നടപ്പാക്കാൻ വിമുഖത; അമർഷം പുകഞ്ഞ് ആഭ്യന്തരം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേന മുമ്പെങ്ങുമില്ലാത്ത ജോലിഭാരംകൊണ്ട് നടുതളർന്ന് ഇരിക്കുകയാണ് ഇപ്പോൾ. ഈ മണ്ഡല-മകരവിളക്കു കാലംപോലെ സേനയ്ക്ക് ഇത്രയേറെ തലവേദനയുണ്ടായ കാലം വേറെയില്ല. ശബരിമലയിലും അതോടൊപ്പം സമീപ ജില്ലകളിലും അടുത്തകാലത്ത് അരങ്ങേറിയതുപോലെ സമരങ്ങളും പ്രതിഷേധങ്ങളും അക്രമങ്ങളും വേറെയൊരു കാലത്തും ഇത്രയും ദീർഘകാലം ഉണ്ടായിട്ടില്ല.

ശബരിമല വിഷയത്തിൽ തന്നെ സംസ്ഥാനത്ത് അരങ്ങേറിയ ഹർത്താലുകളും പ്രതിഷേധങ്ങളും അക്രമങ്ങളും വേറെ. ഇത്തരത്തിൽ മുൻകാലങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലേറെ ജോലിഭാരം നേരിടേണ്ടിവന്നിരിക്കുകയാണ് സേന ഇക്കഴിഞ്ഞ രണ്ടു മാസങ്ങളിലും.

എന്നാൽ ജോലി ലഘൂകരണത്തിനോ ശമ്പള പരിഷ്‌കരണത്തിനോ യാതൊരു നടപടിയും സർക്കാർ എടുക്കുന്നില്ല. ശബരിമലയിൽ തുടക്കത്തിൽ എക്‌സ്ട്രാ ഡ്യൂട്ടിയും മറ്റും ചെയ്ത ചിലർക്ക് ആയിരം രൂപ പ്രഖ്യാപിച്ചിരുന്നു. ഇതല്ലാതെ മറ്റൊരു നടപടിയുമില്ല.

ഇതിനെല്ലാം പുറമെയാണ് പൊലീസിന് നേരെ അക്രമം നടത്തിയവർക്ക് എതിരെ നടപടിപോലും ഇല്ലാത്ത സ്ഥിതി. ഇത്തരത്തിൽ ജോലിഭാരത്തിന് പുറമെ അപമാനഭാരവും കൂടെ ചുമക്കേണ്ട സ്ഥിതി വന്നതോടെ പൊലീസ് സേനയിൽ പരക്കെ അമർഷം പുകയുകയാണ്. പല ഉദ്യോഗസ്ഥരും ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ഇന്നോവ ക്രിസ്‌റ്റോകളിൽ പറപറക്കുന്ന മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കുമൊപ്പം ഓടിയെത്താനാവാതെ വലയുന്ന എസ്‌കോർട്ട് പൊലീസുകാരുടെ പരിദേവനം വേറെ. പ്രതിഷേധങ്ങളും കരിങ്കൊടികാട്ടൽ ഭീഷണിയും നിലനിൽക്കുന്നതിനാൽ മന്ത്രിമാർ പോകുന്ന ഓരോ റൂട്ടിലും അധികജോലിയാണ് ബന്ധപ്പെട്ട സ്റ്റേഷനുകളിലെ പൊലീസുകാർക്ക്. മുഖ്യമന്ത്രിയുടെ യാത്ര ഇന്നോവ ക്രിസ്റ്റയിലാണ്.

30 ലക്ഷം രൂപ വിലയുള്ള ഫുൾ ഓപ്ഷൻ പുത്തൻ ഇന്നോവ ക്രിസ്റ്റയിൽ മുഖ്യമന്ത്രി പറക്കുന്നത് മണിക്കൂറിൽ 100 - 130 കി.മീ. വേഗത്തിലാണ്. അകമ്പടിക്കു പൊലീസുകാർ പോകുന്നത് പതിനായിരക്കണക്കിനു കിലോമീറ്റർ ഓടിക്കഴിഞ്ഞ പഴഞ്ചൻ ബൊലേറോയിൽ. ജീവൻ പണയംവച്ച് ഒരുവിധം കിതച്ചെത്തുകയാണ് ഇവർ. പഴഞ്ചൻ വാഹനങ്ങൾ പായിക്കുന്നത് അപകടത്തിനിടയാക്കുമെന്ന ഭീതിയിലും കൂടെയാണ് എസ്‌കോർട്ട് സംഘങ്ങളുടെ യാത്ര. മറ്റു മന്ത്രിമാരുടെ കാര്യത്തിലും ഇതുതന്നെ അവസ്ഥ.

ഇത്തരത്തിൽ നടുവൊടിഞ്ഞ പണിയുണ്ടെങ്കിലും ചീത്തപ്പേരിനും കുറ്റപ്പെടുത്തലുകൾക്കും മേലാവിൽ നിന്നുള്ള സമ്മർദ്ദങ്ങൾക്കും കുറവൊന്നുമില്ല. എന്നാൽ കാലങ്ങളായി കിട്ടേണ്ട ശമ്പള പരിഷ്‌കരണ കാര്യത്തിൽ പോലും മിണ്ടാട്ടമില്ല. മറ്റെല്ലാ വിഭാഗങ്ങൾക്കും ശമ്പളപരിഷ്‌കരണം വരുമ്പോഴും സേനയിൽ അത് കിട്ടാത്തതിന്റെ മുറുമുറുപ്പുമുണ്ട്.

പൊലീസ് നിയമത്തിലെ ഭേദഗതിയും പൊലീസുകാർക്കു നേരേയുണ്ടായ അക്രമസംഭവങ്ങളിൽ പ്രതികൾക്കെതിരേ ശക്തമായ നടപടികൾ ഉണ്ടാകാത്തതിലും പത്താം ശമ്പളകമ്മിഷൻ ശിപാർശകൾ നടപ്പാക്കാൻ സർക്കാർ വിമുഖത കാട്ടുന്നതിലും സേനയിൽ കടുത്ത അമർഷമാണ്.

ഇതിനിടെ, മുഖ്യമന്ത്രിക്കു വേണ്ടതിലുമധികം അകമ്പടി വാഹനങ്ങൾ നൽകി പ്രീതി പിടിച്ചുപറ്റാൻ പൊലീസിലെ ഉന്നതരിൽ ചിലർ ശ്രമിക്കുന്നതും ചർച്ചയാവുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഉണ്ടാകുന്ന സ്ഥലംമാറ്റങ്ങൾ ലക്ഷ്യമിട്ടാണു ഈ 'സുഖിപ്പിക്കൽ' എന്നാണ് ആക്ഷേപം. സാധാരണയായി 10 ദിവസമായിരുന്നു പൊലീസുകാരുടെ ശബരിമല ഡ്യൂട്ടി. ഇക്കുറി നാലു ഘട്ടങ്ങളിലായി 15 ദിവസം വീതമാണു ഡ്യൂട്ടിക്കിട്ടത്. അവസാന ഘട്ടത്തിൽ ഡ്യൂട്ടിക്കു നിയോഗിതരായവർക്ക് 25 ദിവസം ഡ്യൂട്ടിചെയേ്‌ണ്ടേിവന്നു. അസൗകര്യങ്ങളുടെ നടുവിൽ ശബരിമലയിൽ രോഗബാധിതരായ പൊലീസുകാരും നിരവധിയാണ്.

ഇതിനെല്ലാം പുറമെ, കേരള പൊലീസ് ആക്ടിൽ ഭേദഗതി വരുത്തി ചെറിയ അച്ചടക്ക നടപടിപോലും സ്ഥാനക്കയറ്റത്തെ ബാധിക്കുന്ന വിധമാക്കിയതും എതിർപ്പുയർത്തിയിട്ടുണ്ട്. കീഴുദ്യോഗസ്ഥരെ മൂക്കുകയറിട്ട് നിർത്താനാണു ഭേദഗതിയെന്നാണ് ആരോപണം.

ഈ മാസം എട്ടിനാണ് ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയത്. യു.ഡി.എഫ്. സർക്കാർ നടപ്പാക്കാൻ നിശ്ചയിച്ചിരുന്ന പത്താം ശമ്പള കമ്മിഷൻ റിപ്പോർട്ടിലെ 10 ശതമാനം ആനുകൂല്യവർധന ഈ സർക്കാർ വെട്ടിയതും സേനാംഗങ്ങൾക്കിടയിൽ ചർച്ചയായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP