Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൂരജ് സിപിഎം കാരയ്ക്കൽ ബ്രാഞ്ച് കമ്മറ്റി അംഗവും ഡിവൈഎഫ്ഐ ചിരണിക്കൽ യൂണിറ്റ് സെക്രട്ടറിയും എന്ന് ആരോപിച്ച് കോൺഗ്രസ്; മകൻ ധ്രുവിനെ ഉത്രയുടെ മാതാപിതാക്കളിൽ നിന്നും ആദ്യം പിടിച്ചെടുക്കാൻ സഹായിച്ചതും സിപിഎം നേതാവാണെന്ന് ആക്ഷേപം; കുട്ടിയുടെ അവകാശ തർക്ക ചർച്ചയ്ക്ക് ഇടത് നേതാക്കളും പോയിരുന്നുവെന്ന് പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റുമായ അനിൽ തോമസ്; അഞ്ചലിലെ പാമ്പുകടി കൊലയിൽ രാഷ്ട്രീയ വിവാദവും

സൂരജ് സിപിഎം കാരയ്ക്കൽ ബ്രാഞ്ച് കമ്മറ്റി അംഗവും ഡിവൈഎഫ്ഐ ചിരണിക്കൽ യൂണിറ്റ് സെക്രട്ടറിയും എന്ന് ആരോപിച്ച് കോൺഗ്രസ്; മകൻ ധ്രുവിനെ ഉത്രയുടെ മാതാപിതാക്കളിൽ നിന്നും ആദ്യം പിടിച്ചെടുക്കാൻ സഹായിച്ചതും സിപിഎം നേതാവാണെന്ന് ആക്ഷേപം; കുട്ടിയുടെ അവകാശ തർക്ക ചർച്ചയ്ക്ക് ഇടത് നേതാക്കളും പോയിരുന്നുവെന്ന് പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റുമായ അനിൽ തോമസ്; അഞ്ചലിലെ പാമ്പുകടി കൊലയിൽ രാഷ്ട്രീയ വിവാദവും

ആർ പീയൂഷ്

കൊല്ലം: കേരളത്തെ ഞെട്ടിച്ച ഉത്ര കൊലപാതക കേസിൽ രാഷ്ട്രീയ വിവാദവും. കേസ് അട്ടിമറിക്കാൻ സിപിഎം നേതാക്കൾ ശ്രമിക്കുന്നുവെന്ന പുതിയ ആരോപണമാണ് ഇപ്പോൾ പുറത്ത് വരുന്നത്. മുൻ യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യാ സെക്രട്ടറിയും പത്തനംതിട്ട ഡി.സി.സി വൈസ് പ്രസിഡന്റുമായ അനിൽ തോമസാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

പൊലീസിൽ സമ്മർദ്ദം ചെലുത്തി സൂരജിനെ കേസിൽ നിന്നും രക്ഷപെടുത്താനുള്ള പഴുതുണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇതിനായി എല്ലാ ഒത്താശയും ചെയ്തു കൊടുക്കാനായി പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഒരു സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സജീവമായി രംഗത്തുണ്ട്. ഉത്ര മരിച്ചതിന് ശേഷം ഒന്നര വയസുള്ള മകൻ ധ്രുവിനെ ഉത്രയുടെ മാതാപിതാക്കളിൽ നിന്നും പിടിച്ചെടുക്കാൻ സഹായിച്ചതും സിപിഎം നേതാവാണെന്നും അനിൽ തോമസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

പ്രതി സൂരജ് സിപിഎം കാരയ്ക്കൽ ബ്രാഞ്ച് കമ്മറ്റി അംഗവും ഡിവൈഎഫ്ഐ ചിരണിക്കൽ യൂണിറ്റ് സെക്രട്ടറിയുമാണ്. കേസിൽ സഹായം അഭ്യർത്ഥിച്ച് നേതാവിനെ സമീപിക്കുകയായിരുന്നു. കുട്ടിയെ വിട്ടുകിട്ടാൻ ചൈൽഡ് വെൽഫയർ കമ്മറ്റിയെ സൂരജ് സമീപിച്ചിരുന്നു. അവകാശത്തർക്കം പൊലീസ് സ്റ്റേഷനിലേക്ക് വിടുകയാണ് കമ്മറ്റി ചെയ്തത്. അഞ്ചൽ സ്റ്റേഷനിൽ നടന്ന ചർച്ചയിൽ പൊലീസ് ഇടപെട്ട് ബലമായി കുഞ്ഞിനെ സൂരജിന് വാങ്ങി നൽകുകയായിരുന്നു. ഇതിന് സൂരജിനൊപ്പം സിപിഎമ്മിന്റെ പ്രമുഖ നേതാക്കളും പോയിരുന്നു. ഈ വിവരം ശരി വയ്ക്കുന്ന തരത്തിലാണ് ഡിസിസി വൈസ് പ്രസിഡന്റിന്റെ വെളിപ്പെടുത്തൽ.

ഉത്രയുടെ മരണത്തിന് ശേഷം സൂരജ് അടൂർ പൊലീസ് സ്റ്റേഷനിൽ സിപിഎം പറക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി. വേണുവിനൊപ്പം എത്തിയിരുന്നതായി അനിൽ തോമസ് പറഞ്ഞു. വായ്പ തിരിച്ചടയ്ക്കാത്തവരുടെ വാഹനം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് വേണ്ടി പിടിച്ചെടുക്കുന്ന സൂരജ് അടൂരിലെയും ജില്ലയിലെയും പല സിപിഎം നേതാക്കളുടെയും പ്രിയങ്കരനാണ്. സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി ചെയർമാൻ സക്കീർ ഹുസൈൻ കുട്ടിയെ പിടിച്ചെടുക്കാനുള്ള നടപടിക്രമം പത്തനംതിട്ടയിൽ തുടങ്ങി വച്ചെങ്കിലും അധികാര പരിധി സംബന്ധിച്ച തർക്കത്തെ തുടർന്ന് തിരുവനന്തപുരത്തുനിന്ന് ഉന്നതർ ഇടപെട്ട് ആണ് സിപിഎം കൊല്ലം കോർപ്പറേഷൻ കൗൺസിലറും കൊല്ലം ജില്ലാ ശിശുക്ഷേമ സമിതി ചെയർമാനുമായ കെ.പി സജിനാഥിനെ കേസ് ഏൽപ്പിച്ചത്.

മെയ് 20 ന് കൊടുത്ത പരാതിയുടെ പേര് പറഞ്ഞ് മെയ് 22 ലെ കൊല്ലം ശിശുക്ഷേമ സമിതിയുടെ വാക്കാൽ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയെ ഉത്രയുടെ മാതാപിതാക്കളിൽ നിന്നും പിടിച്ചെടുക്കുന്ന ദൗത്യം പൊലീസ് സഹായത്താൽ പ്രതി സൂരജ് പൂർത്തിയാക്കിയത് എന്നും അനിൽ തോമസ് പറയുന്നു. കൊവിഡ് കാലത്ത് ഒന്നര വയസ്സുള്ള കുഞ്ഞിനെ പലതവണ സ്റ്റേഷനിൽ കൊണ്ടു വന്നതിന് പൊലീസിനെതിരെയും കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാടിനെ നടുക്കിയ ഒരു കൊലപാതകത്തിൽ പ്രതിയായ സൂരജിനെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ സിപിഎം ഇതുവരെ തയ്യാറാകാത്തതും പാർട്ടീ സഹായം ലഭിക്കുന്നതു കൊണ്ടാണെന്നും അനിൽ തോമസ് പറയുന്നു.

അതേ സമയം സിപിഎമ്മിനെ മുഖമടച്ച് ആക്ഷേപിക്കണ്ട എന്ന് ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ഒരു പ്രാദേശിക നേതാവ് ഏതെങ്കിലും തരത്തിൽ ഇടപെട്ടാൽ കേസ് അട്ടിമറിക്കാനാവില്ലെന്നും സിപിഎം സംസ്ഥാന നേതൃത്വം ഇത്തരത്തിൽ കൂട്ടു നിൽക്കില്ലെന്നുമാണ് വിശ്വാസം. മുഖ്യമന്ത്രിയിൽ വിശ്വാസമുണ്ടെന്നും കേസ് ശരിയായ രീതിയിൽ മുൻപോട്ട് പോകുമെന്നുമാണ് ഇതുവരെയുള്ള അനുഭനത്തിൽ നിന്നും മനസ്സിലാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP