Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രായം കുറച്ച് രേഖപ്പെടുത്തിയത് ഇന്റർനെറ്റ് കഫേയിലെ ജീവനക്കാരൻ; തിരുത്തണ്ടേ എന്ന് ചോദിച്ചപ്പോൾ പൊലീസിനെ തിരിച്ചറിയൽ കാർഡ് കാട്ടിയാൽ മതിയെന്ന് പയ്യൻസ്; ശരംകുത്തിയിൽ പ്രായപ്രശ്‌നം പറഞ്ഞപ്പോൾ അതൊന്നും അറിയേണ്ടെന്ന് പൊലീസിന്റെ മറുപടി; ചെന്നൈ സ്വദേശി ഷീലയും ഭർത്താവ് വെങ്കിടേഷും തുറന്നടിക്കുമ്പോൾ പൊളിയുന്നത് സർക്കാരിന്റെ 51 അംഗ പട്ടിക; പുറത്തുകൊണ്ടുവന്നത് മാതൃഭൂമി ന്യൂസ്

പ്രായം കുറച്ച് രേഖപ്പെടുത്തിയത് ഇന്റർനെറ്റ് കഫേയിലെ ജീവനക്കാരൻ; തിരുത്തണ്ടേ എന്ന് ചോദിച്ചപ്പോൾ പൊലീസിനെ തിരിച്ചറിയൽ കാർഡ് കാട്ടിയാൽ മതിയെന്ന് പയ്യൻസ്; ശരംകുത്തിയിൽ പ്രായപ്രശ്‌നം പറഞ്ഞപ്പോൾ അതൊന്നും അറിയേണ്ടെന്ന് പൊലീസിന്റെ മറുപടി; ചെന്നൈ സ്വദേശി ഷീലയും ഭർത്താവ് വെങ്കിടേഷും തുറന്നടിക്കുമ്പോൾ പൊളിയുന്നത് സർക്കാരിന്റെ 51 അംഗ പട്ടിക; പുറത്തുകൊണ്ടുവന്നത് മാതൃഭൂമി ന്യൂസ്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ശബരിമലയിൽ ദർശനം നടത്തിയത് 51 യുവതികളാണെന്ന് അവകാശപ്പെട്ട് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച പട്ടികയിലെ കൂടുതൽ പൊരുത്തക്കേടുകൾ പുറത്തുവന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി സ്ത്രീകളാണ് തങ്ങൾ 50 കടന്നവരാണെന്ന് വെളിപ്പെടുത്തിയത്. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയതിലെ അപാകതയ്ക്ക് പുറമേ പൊലീസ് പ്രായം ശരിയായി രേഖപ്പെടുത്തിയില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

തന്റെ പ്രായം കുറച്ചെഴുതിയത് ഇന്റർനെറ്റ് കഫേയിലിരുന്ന ജീവനക്കാരനാണെന്നും തന്റെ യഥാർഥ പ്രായം 52 വയസാണെന്നും സർക്കാർ പട്ടികയിൽ ഉൾപ്പെട്ട ചെന്നൈ സ്വദേശി ഷീല തുറന്നു പറഞ്ഞു. മാതൃഭൂമി ന്യൂസാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. ഓൺലൈനായി ബുക്ക് ചെയ്ത സമയത്താണ് തന്റെ പ്രായം കുറച്ചെഴുതിയതെന്നും അവർ പറയുന്നു.

എല്ലാ രേഖകളുമായാണ് ഇവർ സ്വകാര്യ ഇന്റർനെറ്റ് കഫേയിൽ ശബരിമല ദർശനത്തിനായി രജിസ്റ്റർ ചെയ്യാൻ എത്തിയത്. പ്രായം കുറച്ച് രേഖപ്പെടുത്തിയത് ഇവിടെ വച്ചാണന്ന് ഇരുവരും പറഞ്ഞു. പ്രായം ശരിയാക്കേണ്ടെ എന്ന് ചോദിച്ച സമയത്ത് അത് കുഴപ്പമില്ലെന്നും ദർശനത്തിന് പോകുന്ന സമയത്ത് ശബരിമലയിൽ പൊലീസിനെ തിരിച്ചറിയൽ കാർഡ് കാട്ടിയാൽ മതിയെന്നാണ് കഫേയിൽ നിന്ന് അറിയിച്ചത്.
ഇതേതുടർന്ന് ശരംകുത്തിയിൽ എത്തിയ സമയത്ത് പൊലീസിനെ ഇവർ തിരിച്ചറിയൽ രേഖകൾ കാട്ടി വിവരങ്ങൾ അറിയിച്ചു. തുടർന്ന് ഇവർക്ക് മലകയറാൻ അനുവാദം നൽകി. എന്നാൽ അവിടെ പൊലീസ് പ്രായം ശരിയായി രേഖപ്പെടുത്തിയില്ലെന്നും അവർ പറഞ്ഞു. പൊലീസ് അനുമതി ലഭിച്ചതോടെ ദർശനം നടത്തി നെയ്യഭിഷേകവും കഴിഞ്ഞാണ് ഇരുവരും തിരിച്ചിറങ്ങിയത്.

ഷീലയുൾപ്പെടെ എട്ട് പേരാണ് ശബരിമല ദർശനത്തിന് എത്തിയത്. അങ്ങനെ പോയപ്പോൾ ഇവരുടെ ഭർത്താവിന്റെ പ്രായവും ഇന്റർനെറ്റ് കഫേയിൽ നിന്ന് കുറച്ചാണ് രേഖപ്പെടുത്തിയത്. ഇവരുടെ കൂടെയുള്ള മറ്റൊരു സ്ത്രീയുടെ പ്രായവും തെറ്റായാണ് രേഖപ്പെടുത്തിയതെന്നും ഇവർ വ്യക്തമാക്കി. ശബരിമല ദർശനവുമായി ബന്ധപ്പെട്ട് പ്രായവിവാദങ്ങളിൽ വലിയ കാര്യമാക്കാതെ കഫേയിലുണ്ടായിരുന്ന യുവാവ് ലാഘവത്തോടെ പേര് രജിസ്റ്റർ ചെയ്തതാണ് ഇവരുടെ കാര്യത്തിൽ വിവാദത്തിന് കാരണമായത്. 50 വയസിൽ താഴെയുള്ളവർ ശബരിമലയ്ക്ക് പോകുന്നത് തെറ്റാണെന്ന് തനിക്കറിയാമെന്നും ഷീല പറയുന്നു.

അതേസമയം ശരംകുത്തിയിൽ വെച്ച് തിരിച്ചറിയൽ രേഖകൾ കാട്ടി കാര്യങ്ങൾ വിശദീകരിച്ചെങ്കിലും പൊലീസ് യഥാർഥ പ്രായം രേഖപ്പെടുത്താൻ തയ്യാറാകാതിരുന്നതാണ് ഇവരുടെ പേര് പട്ടികയിൽ വരാൻ കാരണം. യഥാർഥ പ്രായം പറഞ്ഞിട്ടും തിരുത്തിയില്ലെന്നും ചോദിച്ചപ്പോൾ അതൊന്നും അറിയേണ്ടെന്ന് മറുപടി നൽകിയെന്നും ഷീല പറയുന്നു. ഷീലയുടെ ഭർത്താവ് വെങ്കിടേഷ് 33 വർഷം തുടർച്ചയായി ശബരിമലയിൽ പോയിട്ടുണ്ട്. ഷീല രണ്ടാം തവണയാണ് ശബരിമലയിലെത്തിയത്.

ഏതായാലും സർക്കാർ സുപ്രീം കോടതിയിൽ നൽകിയ പട്ടികയിൽ അപാകതയുണ്ടെന്ന് വ്യക്തമാണ്. കൂടുതൽ സ്ത്രീകൾ ഇക്കാര്യത്തിൽ മുന്നോട്ടുവന്നാൽ സർക്കാരിന് പട്ടിക തിരുത്തി സമർപ്പിക്കേണ്ടി വരും. കോടതിയിൽ നിന്ന് വിമർശനവും നേരിടേണ്ടി വന്നേക്കാം. എന്തടിസ്ഥാനത്തിലാണ് വെർച്വൽ ക്യൂ സംവിധാനത്തെ മാത്രം ആശ്രയിച്ച് പട്ടിക തയ്യാറാക്കിയതെന്ന ചോദ്യം ഉയരാം. എന്നാൽ, ഓൺലൈനിൽ അപേക്ഷകർ നൽകിയ പ്രായപ്രകാരമാണ് പട്ടിക തയ്യാറാക്കിയതെന്ന വാദം സർക്കാരിന് ഉന്നയിക്കാവുന്നതാണ്. എന്നിരുന്നാലും കൃത്യമായ പരിശോധനയില്ലാതെ തിരക്കിട്ട് ഇത്തരമൊരു പട്ടിക എന്തിന് നൽകിയെന്ന ചോദ്യം ബാക്കിയാവുന്നു.

ദർശനം നടത്തിയ യുവതികളുടെ പൂർണവിലാസമടങ്ങിയ പട്ടിക ഉണ്ടെന്നാണ് സർക്കാർ അറിയിച്ചത്. ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പട്ടികയിലുള്ളവരിൽ ഏറെയും. ശബരിമല ദർശനം നടത്തിയ കനകദുർഗ, ബിന്ദു എന്നിവർക്ക് സുരക്ഷ ഉറപ്പാക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. സുരക്ഷ ആവശ്യപ്പെട്ട് ഇരുവരും നൽകിയ ഹർജി പരിഗണിക്കവേയാണ് സർക്കാർ ദർശനം നടത്തിയവരുടെ പട്ടിക കൈമാറിയത്. യുവതികൾക്ക് യാതൊരുവിധത്തിലുള്ള സുരക്ഷാ പ്രശ്‌നങ്ങളും നേരിടേണ്ടി വന്നില്ലന്നാണ് സർക്കാർ പറയുന്നത. ,51 യുവതികൾ മലകയറിയെന്ന വിവരം ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും സ്ഥിരീകരിച്ചു. ശബരിമലയിലെത്തിയ യുവതികളുടെ പട്ടിക തങ്ങളുടെ കയ്യിലുണ്ടായിരുന്നു. ഇത് കോടതിയിൽ സമർപ്പിക്കു മാത്രമാണ് ചെയ്തത്. ഓൺലൈൻ ബുക്കിങ് വഴിയാണ് ഇവരെത്തിയത്. ഏതാണ്ട് 7564 പേർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ 51 പേർ മാത്രമാണ് വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബർ 28ന് ശേഷം പ്രായം പരിശോധിക്കുന്ന സംവിധാനം ശബരിമലയിൽ ഇല്ലാത്തതിനാൽ ആരൊക്കെ പ്രവേശിച്ചുവെന്ന് വ്യക്തമല്ലെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

സർക്കാർ കോടതിയിൽ സമർപ്പിച്ച പട്ടികയിൽ പൊരുത്തക്കേടുകൾ വന്നതോടെ ഇത് ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഒരുകൂട്ടം അഭിഭാഷകർ. എത്ര പേർ കയറി എന്നത് തങ്ങളുടെ വിഷയം അല്ലെന്ന് കോടതി ഇന്ന് വാക്കാൽ പരാമർശിച്ചെങ്കിലും കേസ് വന്നാൽ സർക്കാരിന് കോടതിയിൽ മറുപടി പറയേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP