Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലോക്കപ്പ് മർദ്ദനത്തിൽ കൊല്ലപ്പെട്ട ശ്രീജിത്തിനൊപ്പം പിടികൂടി ചവിട്ടിക്കൂട്ടിയ മറ്റൊരു യുവാവു കൂടി നട്ടെല്ലു തകർന്ന് ആശുപത്രിയിൽ; വരാപ്പുഴയിലെ വീടാക്രമണക്കേസിൽ യുവാക്കളെ കസ്റ്റഡിയിലെടുത്തത് സിപിഎം നൽകിയ ലിസ്റ്റ് പ്രകാരം; കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടത് എസ് ഐ ദീപക്കിന്റെ മർദ്ദനത്തിലെന്ന് വെളിപ്പെടുത്തൽ; യഥാർത്ഥ പ്രതികൾ കോടതിയിൽ കീഴടങ്ങിയതിന് പിന്നാലെ വരാപ്പുഴ സംഭവം ബിജെപിക്ക് എതിരെ നടന്ന ആസൂത്രിത നീക്കമെന്ന വാദം ശക്തമാകുന്നു

ലോക്കപ്പ് മർദ്ദനത്തിൽ കൊല്ലപ്പെട്ട ശ്രീജിത്തിനൊപ്പം പിടികൂടി ചവിട്ടിക്കൂട്ടിയ മറ്റൊരു യുവാവു കൂടി നട്ടെല്ലു തകർന്ന് ആശുപത്രിയിൽ; വരാപ്പുഴയിലെ വീടാക്രമണക്കേസിൽ യുവാക്കളെ കസ്റ്റഡിയിലെടുത്തത് സിപിഎം നൽകിയ ലിസ്റ്റ് പ്രകാരം; കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടത് എസ് ഐ ദീപക്കിന്റെ മർദ്ദനത്തിലെന്ന് വെളിപ്പെടുത്തൽ; യഥാർത്ഥ പ്രതികൾ കോടതിയിൽ കീഴടങ്ങിയതിന് പിന്നാലെ വരാപ്പുഴ സംഭവം ബിജെപിക്ക് എതിരെ നടന്ന ആസൂത്രിത നീക്കമെന്ന വാദം ശക്തമാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വരാപ്പുഴയിൽ കസ്റ്റഡിമർദ്ദനത്തിൽ കൊല്ലപ്പെട്ട ശ്രീജിത്തിനൊപ്പം കസ്റ്റഡിയിലെടുത്ത മറ്റൊരു യുവാവിനെ കൂടി എസ്‌ഐ ദീപക്ക് ക്രൂരമായി ചവിട്ടിക്കൂട്ടിയെന്ന് പരാതി. ശ്രീജിത്തിനെ മർദ്ദിച്ചതിനൊപ്പം മർദ്ദനമേറ്റ ശ്രീക്കുട്ടൻ എന്ന യുവാവ് കാലിന്റെ ചലന ശേഷി നഷ്ടപ്പെട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. എസ്‌ഐ ദീപക്കിന്റെ നേതൃത്വത്തിൽ പൊലീസുകാർ തലയ്ക്കും നട്ടെല്ലിനും ചവിട്ടിയെന്ന് യുവാവ് വ്യക്തമാക്കുന്നു. കാലിന്റെ ചലനശേഷി കുറഞ്ഞതോടെയാണ് എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയിട്ടുള്ളത്. ഇതോടെ ഇപ്പോൾ ശ്രീജിത്തിനെ മർദ്ദിച്ചു കൊന്ന കേസിൽ അറസ്റ്റിലായ എസ് ഐ ദീപക്കിനെതിരെ മറ്റൊരു ഗുരുതര ആരോപണം കൂടി ഉയർന്നിരിക്കുകയാണ്.

എസ്‌ഐ ദീപക്കാണ് തന്നെ മർദ്ദിച്ചതെന്ന് ശ്രീക്കുട്ടനും മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോൾ കാലിന് സ്വാധീനം നഷ്ടപ്പെട്ട് ആശുപത്രിയിൽ കഴിയുകയാണ് ശ്രീക്കുട്ടൻ. പൊലീസ് കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തത് ഒമ്പതുപേരെയാണ്. ഇതിലൊരാളായിരുന്നു ശ്രീക്കുട്ടൻ. നട്ടെല്ലിലും അടിവയറ്റിലും ചവിട്ടിയെന്നും ശ്രീക്കുട്ടൻ പറയുന്നു. ഇപ്പോൾ കാലിന്റെ ചലനശേഷി ഇല്ലാതായതോടെയാണ് പൊലീസ് മർദ്ദന വിവരം ശ്രീക്കുട്ടൻ വെളിപ്പെടുത്തുന്നത്.

വരാപ്പുഴയിൽ വാസുദേവന്റെ വീടാക്രമിച്ച സംഭവത്തിൽ കസ്റ്റഡിമരണത്തിന് കാരണമായത് രാഷ്്ട്രീയ പകപോക്കൽ കൂടിയാണെന്ന ആരോപണം കൂടി ഉയരുന്നതിനിടെയാണ് ഇപ്പോൾ ശ്രീക്കുട്ടനും ക്രൂരമായി മർദ്ദനമേറ്റ വിവരം പുറത്തുവരുന്നത്. ശ്രീജിത്തിനെയും തങ്ങളെയും എസ്ഐ ദീപക്ക് അതിക്രൂരമായി മർദ്ദിച്ചുവെന്ന് കൂടെ കസ്റ്റഡിയിലെടുത്തവർ ഏപ്രിൽ 24ന് തന്നെ വെളിപ്പെടുത്തിയിരുന്നു. വയറുവേദയുണ്ട്... സാർ തല്ലല്ലേ എന്ന് കരഞ്ഞുപറഞ്ഞിട്ടും ശ്രീജിത്തിനെ തല്ലി നിലത്തിട്ടു. നിലത്തുവീണു കരഞ്ഞപ്പോൾ കാലുകൊണ്ട് വയറ്റിൽ തൊഴിച്ചുവെന്നും അലറിക്കരഞ്ഞിട്ടും മർദ്ദനം തുടർന്നുവെന്നും ആയിരുന്നു ഇവർ വെളിപ്പെടുത്തിയത്. ശ്രീജിത്തിന്റെ വീട്ടിൽ വെച്ച് മാധ്യമങ്ങളെ കണ്ടപ്പോഴാണ് ശ്രീജിത്തിനൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട വിനു, സുധി, സജിത്ത്, ശരത് എന്നിവർ ലോക്കപ്പിൽ ഉണ്ടായ സംഭവങ്ങൾ വിവരിച്ചത്.

കൂടെ കസ്റ്റഡിയിലായ ശ്രീക്കുട്ടനാണ് ഇപ്പോൾ ചലനശേഷി നഷ്ടപ്പെട്ട് ആശുപത്രിയിൽ കഴിയുന്നത്. എസ്ഐയിൽ നിന്നും മറ്റു പൊലീസുകാരിൽ നിന്നും ക്രൂരമായ മൂന്നാംമുറയാണ് നേരിടേണ്ടി വന്നതെന്നാണ് അന്ന് ശ്രീജിത്തിനൊപ്പം കസ്റ്റഡിയിലെടുക്കപ്പെട്ടവർ വെളിപ്പെടുത്തിയത്. 12 പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ പലരും ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ്. എല്ലാവർക്കും മർദ്ദനമേറ്റു. ആർടിഎഫുകാരിൽ നിന്നും സ്റ്റേഷനിൽ വച്ചും മർദ്ദനമേറ്റു. ഇവരിൽ പലർക്കും സംഭവവുമായി ബന്ധമില്ലെന്നും വെളിപ്പെട്ടതോടെ പിന്നീട് വെറുതെവിട്ടു. വാസുദേവന്റെ വീടാക്രമിച്ച കേസിൽ പങ്കുള്ള യഥാർത്ഥ ശ്രീജിത്ത് കഴിഞ്ഞദിവസം കോടതിയിൽ കീഴടങ്ങുകയും ചെയ്തിരുന്നു. ഇതോടെ നിരപരാധികളെയാണ് വീടാക്രമണ കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തതും ക്രൂരമായി തല്ലിച്ചതച്ചതും എന്ന് പകൽപോലെ വ്യക്തമായി.

നടന്നത് ബിജെപിയുടെ വളർച്ചയ്‌ക്കെതിരെ നടന്ന പകപോക്കലോ?

അതേസമയം, കേസിൽ സിഐയും എസ്‌ഐയും ഉൾപ്പെടെ പൊലീസുകാർക്ക് നേരെ നടപടിയുണ്ടായെങ്കിലും ബിജെപി പ്രവർത്തകരെ ഈ കേസുമായി ബന്ധപ്പെടുത്തി കസ്റ്റഡിയിലെടുക്കാനും കേസിൽ കുടുക്കാനും തല്ലിച്ചതയ്ക്കാനും സിപിഎമ്മിന്റെ ഭാഗത്തുനിന്ന് നിർദ്ദേശം ഉണ്ടായിരുന്നു എന്നും ഈ ഗൂഢാലോചന കണ്ടെത്താൻ കേസിൽ സിബിഐ അന്വേഷണം വേണമെന്നുമാണ് ബിജെപി ആവശ്യപ്പെടുന്നത്. വരാപ്പുഴയിലെ ശ്രീജിത്തിന്റെ മരണം കസ്റ്റഡി കൊലപാതകം മാത്രമല്ല. അതിന് അപ്പുറത്തേക്ക് ഒരു രാഷ്ട്രീയ പകപോക്കലും അതിലുണ്ടായിരുന്നു.

എന്നാൽ പൊലീസിനെ പഴിചാരി കേസ് അവസാനിപ്പിക്കാണ് ശ്രമം നടക്കുന്നത്. വീടാക്രമണക്കേസിൽ ശ്രീജിത്തിനെ ആളുമാറി പിടികൂടിയതല്ലെന്നും സിപിഎം. പ്രാദേശികനേതൃത്വത്തിന്റെ അറിവോടെയായിരുന്നെന്നും പൊലീസ് തന്നെ സമ്മതിക്കുന്നു. വരാപ്പുഴയിലെ സിപിഎം ആധിപത്യത്തിന് കോട്ടം തട്ടാതിരിക്കാനുള്ള നീക്കമായിരുന്നു ശ്രീജിത്തിന്റെ കൊലയിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇതിന് പിന്നിൽ സിപിഎമ്മിലെ ഉന്നതർ തന്നെ ഇടപെടലുകൾ നടത്തി. ഇതേ തുടർന്നാണ് പാർട്ടി കൊടുത്ത ലിസ്റ്റിൽ അറസ്റ്റ് നടന്നത്. - ഇതാണ് ബിജെപി ഉന്നയിക്കുന്ന ആരോപണം.

വാസുദേവന്റെ വീടാക്രമണവും ആത്മഹത്യയുമാണ് വരാപ്പുഴയിലെ കസ്റ്റഡി മരണത്തിന് പ്രധാന കാരണമായത്. വാസുദേവന്റെ ആത്മഹത്യയെ ചർച്ചയാക്കി പൊലീസിനെ വെട്ടിലാക്കി കേസ് ഒതുക്കുകയായിരുന്നു. വാസുദേവന്റെ വീടാക്രമിച്ചവരിൽ ശ്രീജിത്തുണ്ടെന്ന് സിപിഎം മനസ്സിലാക്കി. പക്ഷേ ചൂണ്ടിക്കാട്ടിയത് മറ്റൊരു ശ്രീജിത്തിനേയും. സിപിഎം പ്രാദേശിക നേതൃത്വം നൽകിയ പട്ടികപ്രകാരമാണു ദേവസ്വംപാടം സ്വദേശി ശ്രീജിത്തിനെയും അനുജൻ സജിത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രദേശത്തു സംഘപരിവാറിന്റെ വളർച്ച തടയാൻ സിപിഎം. നടത്തിയ നീക്കമാണു ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ കലാശിച്ചതെന്ന ആക്ഷേപമാണ് ഉയർന്നത്.

സിപിഎം ശക്തികേന്ദ്രമായ ദേവസ്വംപാടം നിറംമാറിയപ്പോൾ

കഴിഞ്ഞ ഏപ്രിൽ ആറിനാണു പ്രാദേശികതർക്കങ്ങളേത്തുടർന്നു പതിനാറോളം പേർ വരാപ്പുഴ ദേവസ്വംപാടത്ത് വാസുദേവന്റെ വീടാക്രമിച്ചത്. തുടർന്ന്, വാസുദേവൻ ആത്മഹത്യചെയ്തതോടെ വീടാക്രമണക്കേസിൽ ശ്രീജിത്ത് ഉൾപ്പടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. ദവസ്വംപാടം മുമ്പു സിപിഎം. ശക്തികേന്ദ്രമായിരുന്നു. എന്നാൽ, ശ്രീജിത്ത് ഉൾപ്പടെ ഒരുസംഘം ബിജെപിയുടെ പോഷക സംഘടനയായ യുവമോർച്ചയിൽ ചേർന്നു. ഇതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. മുമ്പ് സിപിഎം അനുഭാവിയായിരുന്ന വാസുദേവന്റെ മരണവും വീടാക്രമണവും സംബന്ധിച്ച് അദ്ദേഹത്തിന്റെ മകൻ നൽകിയ മൊഴിയിൽ ശ്രീജിത്ത് എന്ന പേരും ഉൾപ്പെട്ടിരുന്നു.

ഇതു മുതലെടുത്ത്, രാഷ്ട്രീയെവെരാഗ്യത്തിന്റെ പേരിൽ ശ്രീജിത്തിന്റെയും അനുജന്റെയും പേരിൽ കുറ്റമാരോപിച്ചു. ഇതേത്തുടർന്നാണ് എസ്‌പി: എ.വി. ജോർജിന്റെ റൂറൽ ടൈഗർ ഫോഴ്‌സ് രാത്രി വീട്ടിലെത്തി ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. ശ്രീജിത്തിനെ ആളുമാറി പിടികൂടിയതാണെങ്കിൽ അനുജൻ സജിത്തിനെ എന്തിനു കസ്റ്റഡിയിലെടുത്തെന്ന ചോദ്യത്തിനു പൊലീസിന് ഉത്തരമില്ല.

ഇതിൽ നിന്നാണ് രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാകുന്നത്. കസ്റ്റഡിയിൽ ശ്രീജിത്ത് മരിച്ചതോടെ പൊലീസുകാർ മാത്രം പ്രതികളായി. ഭരണ സ്വാധീനം ഉപയോഗിച്ച് രാഷ്ട്രീയക്കാരിലേക്ക് അന്വേഷണം എത്താതെ സിപിഎം നോക്കിയെന്നാണ് ആരോപണം. ഇതോടെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭം നടത്തുകയാണ്. ചലോ വരാപ്പുഴ മാർച്ച് കഴിഞ്ഞദിവസം തുടങ്ങി. പ്രക്ഷോഭം ശക്തിപ്പെടുത്താനാണ് ബിജെപി തീരുമാനം.

വരാപ്പുഴ എസ്ഐ. അവധിയിലായതിനാൽ സിഐക്കാണു സിപിഎം. പ്രാദേശികനേതാവ് പിടികൂടേണ്ടവരുടെ പട്ടിക നൽകിയതെന്നും ഇത് പുറത്തുവരാതിരിക്കാൻ കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തുതന്നെയാണു യഥാർത്ഥ പ്രതിയെന്നു വരുത്തിത്തീർക്കാനും നീക്കം നടന്നു. ശ്രീജിത്ത് വീടാക്രമിക്കുന്നതു കണ്ടെന്നായിരുന്നു സിപിഎം. ബ്രാഞ്ച് സെക്രട്ടറി പരമേശ്വരന്റെ മൊഴി. എന്നാൽ കഴിഞ്ഞദിവസം യഥാർത്ഥ പ്രതികൾ കോടതിയിൽ കീഴടങ്ങിയതോടെ ഇത്തരത്തിൽ നൽകിയ മൊഴികളും വാദങ്ങളും എല്ലാം തെറ്റാണെന്ന് വ്യക്തമായി.

ദേവസ്വംപാടത്ത് വാസുദേവന്റെ വീടാക്രമിക്കുകയും തുടർന്ന് വാസുദേവൻ ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവത്തിൽ യഥാർത്ഥ പ്രതിയായ ശ്രീജിത്ത് എന്ന് വിളിക്കുന്ന തുളസീദാസും വിപിൻ (28), അജിത്.കെ.ബി. (25), എന്നിവരും കീഴടങ്ങിയതോടെയാണ് കൊല്ലപ്പെട്ട ശ്രീജിത്ത് ഉൾപ്പെടെയുള്ളവരെ പ്രത്യേക ഉദ്ദേശ്യത്തോടെ കസ്റ്റഡിയിലെടുത്തതാണെന്ന് ആരോപണം ശക്തമാകുന്നത്.

കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബവും മുൻ റൂറൽ എസ്‌പി എ വി ജോർജിനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തുവന്നു. ജോർജിന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നുവെന്ന ആക്ഷേപമാണ് ഇവർ ഉന്നയിക്കുന്നത്. വീടുകയറി ആക്രമിച്ച സംഭവത്തിൽ കസ്റ്റഡിയിൽ മരിച്ച ശ്രീജിത്ത് നിരപരാധിയാണെന്ന് പ്രതികൾ കോടതിയിൽ പറയുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP