Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൺവെൻഷൻ സെന്ററിന് അനുമതി തരില്ലെന്ന് പി.കെ.ശ്യാമളയും നഗരസഭാ സെക്രട്ടറിയും കട്ടായം പറഞ്ഞു; പകപോക്കാൻ മുടന്തൻ ന്യായങ്ങൾ നിരത്തി പീഡിപ്പിച്ചു; മുകളിൽ പിടിപാട് വച്ച് കെട്ടിട നമ്പറും അനുമതിയും അവിടുന്നു തന്നെ വാങ്ങിക്കോ എന്ന് വെല്ലുവിളിച്ചു; പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യക്ക് ഉത്തരവാദികളായവർക്ക് എതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ബന്ധുക്കളുടെ പരാതി മുഖ്യമന്ത്രിക്ക്

കൺവെൻഷൻ സെന്ററിന് അനുമതി തരില്ലെന്ന് പി.കെ.ശ്യാമളയും നഗരസഭാ സെക്രട്ടറിയും കട്ടായം പറഞ്ഞു; പകപോക്കാൻ മുടന്തൻ ന്യായങ്ങൾ നിരത്തി പീഡിപ്പിച്ചു; മുകളിൽ പിടിപാട് വച്ച് കെട്ടിട നമ്പറും അനുമതിയും അവിടുന്നു തന്നെ വാങ്ങിക്കോ എന്ന് വെല്ലുവിളിച്ചു; പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യക്ക് ഉത്തരവാദികളായവർക്ക് എതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ബന്ധുക്കളുടെ പരാതി മുഖ്യമന്ത്രിക്ക്

രഞ്ജിത്ത് ബാബു

കണ്ണൂർ: കൺവെൻഷൻ സെന്ററിന് നിരന്തരമായി അനുമതി നിഷേധിച്ച ആന്തൂർ നഗരസഭയുടെ നടപടിയിൽ മനം നൊന്ത് ജീവനൊടുക്കിയ പ്രവാസി വ്യവസായി പാറയിൽ സാജന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ ജില്ലാ കലക്ടർക്ക് പരാതി നൽകി. ഇന്ന് വൈകീട്ടാണ് സാജന്റെ സഹോദരൻ ശ്രീജൻ കല്രേക്ടറ്റിലെത്തി പരാതി നൽകിയത്. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പരാതി അയച്ചു കൊടുത്തിട്ടുണ്ടെന്ന് ശ്രീജൻ പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി വളപട്ടണം പൊലീസ് സാജന്റെ ഭാര്യയുടേയും ബന്ധുക്കളുടേയും മൊഴിയെടുത്തു.

നഗരസഭാ ചെയർപേഴ്‌സൺ പി കെ ശ്യാമളയ്ക്കും ഉദ്യോഗസ്ഥർക്കുമെതിരെ സാജന്റെ ഭാര്യ ബീന മുഖ്യമന്ത്രിക്ക് പരാതി നൽകി. ശ്യമാളയുടെയും ഉദ്യോഗസ്ഥരുടെയും പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് പരാതിയിൽ പറയുന്നു. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. അനുമതി തരില്ലെന്ന് പി കെ ശ്യാമളയും സെക്രട്ടറിയും പറഞ്ഞു എന്നും പരാതിയിൽ വ്യക്തമാക്കുന്നു. ചെയർപേഴ്‌സണും ഉദ്യോഗസ്ഥരും പദവിയും അധികാരവും ദുർവിനിയോഗം ചെയ്തുവെന്നും ബീന പരാതിയിൽ ആരോപിക്കുന്നുണ്ട്.

ഇതിനിടെ ആന്തൂർ നഗരസഭാ ഓഫീസിൽ ഉത്തര മേഖലാ മുനിസിപ്പൽ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. കൺവെൻഷൻ സെന്ററുമായി ബന്ധപ്പെട്ട ഫയലുകളാണ് പരിശോധിച്ചത്. മന്ത്രി എ.സി. മൊയ്തീന്റെ നിർദ്ദേശപ്രകാരമാണ് പരിശോധന നടന്നത്. പ്രവാസി വ്യവസായിയായ സാജനെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങൾ പരിശോധിക്കണമെന്നും ഇതിനു കാരണക്കാരായ നഗരസഭ അദ്ധ്യക്ഷക്കും ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് സാജന്റെ സഹോദരൻ ശ്രീജൻ പരാതി നൽകിയത്. അന്യായമായി പകപോക്കുന്ന രീതിയിൽ ആന്തൂർ നഗരസഭാ ചെയർപേഴ്സൻ പി.കെ. ശ്യാമള, സെക്രട്ടറി ഗിരീഷ്, എഞ്ചിനീയർ കലേഷ് എന്നിവർ ഓരോ മുടന്തൻ ന്യായങ്ങൾ ഉന്നയിച്ച് കംപ്ലീഷൻ സർട്ടിഫിക്കറ്റ് തടഞ്ഞ് വെച്ചതായി പറയുന്നു.

സാജന്റെ ആത്മഹത്യക്ക് കാരണം ചെയർപേഴ്സൻ പി.കെ. ശ്യാമളയുടേയും ഉദ്യോഗസ്ഥരുടേയും പീഡനമാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. കേസന്വേഷണത്തിന്റെ ഭാഗമായി വളപട്ടണം പൊലീസ് മരണമടഞ്ഞ സാജന്റെ വീട്ടിലെത്തി മൊഴിയെടുത്തിട്ടുണ്ട്. സാജന്റെ ഭാര്യ ബീന, ഭാര്യാ പിതാവും കമ്പനിയുടെ പാർട്നറുമായ പുരുഷോത്തമൻ, മറ്റ് അടുത്ത ബന്ധുക്കൾ, കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. മണിക്കൂറുകളോളം മൊഴിയെടുക്കൽ നീണ്ടു നിന്നു. സിപിഎം. അനുഭാവി കൂടിയായ പാറയിൽ സാജൻ ജീവനൊടുക്കിയതിന് പിന്നിൽ ആന്തൂർ നഗരസഭാ അദ്ധ്യക്ഷൻ പി.കെ. ശ്യാമളയുടെ ഭീഷണിയും പകപോക്കലുമാണെന്ന് അദ്ദേഹത്തിന്റെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു.

'' ഞാൻ ഈ കസേരയിൽ ഉള്ളിടത്തോളം കാലം കൺവെൻഷൻ സെന്ററിന് അനുമതി നൽകില്ല ' എന്ന് ഏതാനും ദിവസം മുമ്പ് ചെയർപേഴ്സൻ ഭീഷണി മുഴക്കിയിരുന്നു. ഈ പ്രശ്നത്തിൽ മുൻ സിപിഎം. ജില്ലാ സെക്രട്ടറി പി.ജയരാജനെ കണ്ട് കൺവെൻഷൻ സെന്ററിന് അനുമതി സംബന്ധിച്ച് ഇടപെടാൻ സാജൻ അപേക്ഷിച്ചിരുന്നു. എന്നാൽ ഇത് ചെയർപേഴ്സന് ഇഷ്ടപ്പെട്ടില്ല. നിങ്ങൾക്ക് മുകളിൽ പിടിപാടുള്ളതിനാൽ കെട്ടിട നമ്പറും അനുമതിയും അവിടുന്നു തന്നെ വാങ്ങിക്കോ എന്ന് വെല്ലു വിളിക്കുകയും ചെയ്തിരുന്നു. ആന്തൂർ നഗരസഭയിലെ ഭരണ സമിതിയിലും വിഭാഗീയത തലപൊക്കിയിരുന്നു. ഇതും അനുമതി നിഷേധിക്കുന്നതിന് കാരണമായി. ഇനി ഒരിക്കലും ഈ കൺവെൻഷൻ സെന്റർ തുറക്കാൻ കഴിയില്ലെന്ന മനോവിഷമത്തിലാണ് സാജൻ ആത്മഹത്യ ചെയ്തതെന്ന് ഭാര്യ ബീനയും കുടുംബാംഗങ്ങളും പറയുന്നു.

അതേസമയം, നഗരസഭയിലെ മുഴുവൻ രേഖകളും ഹാജരാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. സാജന്റെ മരണം ആശങ്കയുണ്ടാക്കുന്നതാണ്. ഒരപേക്ഷ കിട്ടിയാൽ അതിന്മേൽ അടയിരിക്കുകയല്ല വേഗത്തിൽ തീരുമാനമെടുക്കുകയാണ് വേണ്ടതെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. അനാവശ്യ രാഷ്ട്രീയ ഇടപെടലുകൾ വികസന പ്രവർത്തനങ്ങൾക്ക് ഭീഷണിയാണെന്നും കോടതി നിരീക്ഷിച്ചു. ആന്തൂരിലെ സാജന്റെ ആത്മഹത്യയിൽ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസുൾപ്പെട്ട ബെഞ്ച് നഗരസഭയുടെ പ്രവൃത്തിയിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP