Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പിജെ പറഞ്ഞത് വെറുതെയാകുന്നില്ല; സാജൻ പാറയലിന്റെ ആത്മഹത്യയിൽ വിവാദത്തിലായ പികെ ശ്യാമളയ്ക്ക് അന്തൂർ നഗരസഭാ ചെയർപേഴ്‌സൺ സ്ഥാനം നഷ്ടമാകും; എംവി ഗോവിന്ദന്റെ ഭാര്യയെ നഗരസഭാ ചുമതലയിൽ നിന്ന് മാറ്റുന്നത് ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജില്ലാ സെക്രട്ടറിയായി പാർട്ടിയിൽ സ്ഥാനക്കയറ്റം നൽകി; ഒരാൾക്ക് ഒരു പദവി വാദവുമായി ശ്യാമള സ്ഥാനമൊഴിയും; ആന്തൂരിൽ ഭരണമാറ്റത്തിന് സിപിഎം ഒരുങ്ങുന്നത് തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഒഴിവാക്കാൻ

പിജെ പറഞ്ഞത് വെറുതെയാകുന്നില്ല; സാജൻ പാറയലിന്റെ ആത്മഹത്യയിൽ വിവാദത്തിലായ പികെ ശ്യാമളയ്ക്ക് അന്തൂർ നഗരസഭാ ചെയർപേഴ്‌സൺ സ്ഥാനം നഷ്ടമാകും; എംവി ഗോവിന്ദന്റെ ഭാര്യയെ നഗരസഭാ ചുമതലയിൽ നിന്ന് മാറ്റുന്നത് ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജില്ലാ സെക്രട്ടറിയായി പാർട്ടിയിൽ സ്ഥാനക്കയറ്റം നൽകി; ഒരാൾക്ക് ഒരു പദവി വാദവുമായി ശ്യാമള സ്ഥാനമൊഴിയും; ആന്തൂരിൽ ഭരണമാറ്റത്തിന് സിപിഎം ഒരുങ്ങുന്നത് തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഒഴിവാക്കാൻ

രഞ്ജിത്ത് ബാബു

കണ്ണൂർ: ആന്തൂർ നഗരസഭ ചെയർപേഴ്സൻ പി.കെ. ശ്യാമളക്ക് തൽ സ്ഥാനത്തു നിന്ന് പുറത്തേക്കുള്ള വഴി ഒരുങ്ങി. ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജില്ലാ സെക്രട്ടറിയായി പി.കെ. ശ്യാമളയെ തെരഞ്ഞെടുത്തതോടെ അവർക്ക് ഇനി ആന്തൂർ നഗരസഭാ ചെയർപേഴ്സനായി തുടരാനാകില്ല. സിപിഎമ്മിന്റെ പാർട്ടി പ്ലീനത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടി പദവിയുള്ളവർ മറ്റ് സ്ഥാനങ്ങൾ വഹിക്കുന്നതിന് വിലക്കുണ്ട്. അതിനാൽ പി.കെ. ശ്യാമളക്ക് മഹിളാ അസോസിയേഷന്റെ ജില്ലാ സെക്രട്ടറി സ്ഥാനത്തോടൊപ്പം ആന്തൂർ നഗരസഭാ അദ്ധ്യക്ഷപദവിയിൽ കൂടി ഇനി തുടരാനാകില്ല. പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യയോടെ വിവാദങ്ങളുടെ മുൾമുനയിലാണ് നഗരസഭാദ്ധ്യക്ഷ പി.കെ. ശ്യാമളയും സിപിഎമ്മും.

അതിനാൽ ആന്തൂർ നഗരസഭാ അദ്ധ്യക്ഷ പദവിയിൽ നിന്നും ശ്യാമളയെ മാററാനുള്ള തന്ത്രപരമായ നീക്കമാണ് മഹിളാ അസോസിയേഷൻ പദവി നൽകുന്നതിലൂടെയെന്ന് വ്യക്തമാണ്. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി സ്ഥാനം മുഴുസമയം പ്രവർത്തിക്കേണ്ടതുണ്ട്. കഴിഞ്ഞ മാസം നടത്തേണ്ടിയിരുന്ന സമ്മേളനം പ്രളയത്തിന്റെ സാഹചര്യത്തിലാണ് ഇന്നലെ മാവിലായിലിൽ നടത്തിയത്. ഈ സമ്മേളനത്തിലാണ് പി.കെ. ശ്യാമളയെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. കഴിഞ്ഞ മാസം ഷെഡ്യൂൾ അനുസരിച്ച് അസോസിയേഷൻ സമ്മേളനം നടന്നിരുന്നുവെങ്കിൽ ശ്യാമളയിപ്പോൾ നഗരസഭാദ്ധ്യക്ഷ പദവിയിലുണ്ടാകുമായിരുന്നില്ല. നഗര ഭരണത്തിന് ഇനി ഒരു വർഷം മാത്രമാണ് കാലാവധി. എന്നിരുന്നാലും പുതിയ അദ്ധ്യക്ഷയെ കണ്ടെത്തേണ്ടതുണ്ട്. നഗരസഭാ ചെയർപേഴ്‌സണൻ സ്ഥാൻ ശ്യാമളയ്ക്ക് നഷ്ടമാകുമെന്ന സൂചന പി ജയരാജൻ നൽകിയിരുന്നു. ഇതാണ് നടപ്പിലാകുന്നത്.

പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പാർട്ടിക്കകത്തു നിന്നും രൂക്ഷമായ വിമർശനമാണ് ശ്യാമളക്ക് നേരിടേണ്ടി വന്നത്. തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയിലും ശ്യാമള ഉൾപ്പെടുന്ന മോറാഴയിലും ബക്കളം, കോടല്ലൂർ എന്നീ ലോക്കൽ കമ്മിറ്റികളിലും സാജൻ വിഷയത്തിൽ കടുത്ത പ്രതിഷേധമുയർന്നിരുന്നു. മാത്രമല്ല ഈ പ്രാദേശിക ഘടകങ്ങൾക്കൊപ്പം സിപിഎം. ജില്ലാ സെക്രട്ടറി എം. വി.ജയരാജനും മുൻ ജില്ലാ സെക്രട്ടറി പി.ജയരാജനും പി.കെ. ശ്യാമളക്ക് തെറ്റുപറ്റിയെന്ന് ധർമ്മശാലയിൽ ചേർന്ന പാർട്ടി പൊതുയോഗത്തിൽ പരസ്യമായി കുറ്റ സമ്മതം നടത്തുകയും ചെയ്തു. അപ്പോഴും പി.കെ. ശ്യാമളയെ നഗരസഭാദ്ധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റിനിർത്താൻ പാർട്ടി തയ്യാറായിരുന്നില്ല. സാജന്റെ ആത്മഹത്യയെ തുടർന്ന് ആന്തൂർ നഗരസഭാ സെക്രട്ടറി ഉൾപ്പെടെയുള്ള ജീവനക്കാരെ ആദ്യം സസ്പെന്റ് ചെയ്തിരുന്നു. തുടർന്ന് വിദഗ്ദ സമിതി നടത്തിയ അന്വേഷണത്തിൽ ജീവനക്കാരുടെ ഭാഗത്തു നിന്ന് കുറ്റകരമായ വീഴ്ചയൊന്നും ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു.

സാജന്റെ കൺവെൻഷൻ സെന്ററിന് ചെറിയ തകരാറ് മാത്രമേ കണ്ടെത്താനും കഴിഞ്ഞിരുന്നുള്ളൂ. നിർമ്മാണത്തിൽ ഒരു മില്ലീ മീറ്റർ വ്യത്യാസമുണ്ടെങ്കിലും അത് തിരുത്താതെ കെട്ടിടത്തിനുള്ള അനുമതി നിഷേധിക്കാൻ ചട്ടപ്രകാരം അധികാരമുണ്ടെന്നായിരുന്നു വിദഗ്ദ സമിതിയുടെ കണ്ടെത്തൽ. എന്നാൽ ആന്തൂർ നഗരസഭാ കെട്ടിടത്തിന് പോലും അപാകതയുണ്ടെന്ന് നാട്ടുകാർ പരസ്യമായി പറയുകയുണ്ടായി. പാർത്ഥാ കൺവെൻഷൻ സെന്ററിന് ചെറിയ അറ്റകുറ്റ പണി നടത്തിയപ്പോൾ അനുമതി നൽകി പ്രശ്നം അവസാനിപ്പിച്ച് പി.കെ. ശ്യാമളയെ തൽസ്ഥാനത്തു തന്നെ നിർത്തിയതിൽ അണികളിലും അനുഭാവികളിലും ഉണ്ടായ പ്രതിഷേധം കെട്ടടങ്ങിയിട്ടില്ല. കോൺഗ്രസ്സ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ സിപിഎം. നെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർത്തുകയും ചെയ്തു.

അതിനിടയിൽ പി.കെ. ശ്യാമളയെ സിപിഎം. നേതൃത്വം കുറ്റ വിമുക്തയാക്കുകയായിരുന്നു. ഇതിലും പ്രതിഷേധം ഉയർന്നു. ലോക്കൽ കമ്മിറ്റികളും ബ്രാഞ്ച് കമ്മിറ്റികളും പൂർണ്ണമായും ശ്യാമളയെ കുറ്റ വിമുക്തയാക്കിയതിൽ തൃപ്തരുമല്ല. ഈ പശ്ചാത്തലത്തിലാണ് ശ്യാമളയെ മഹിളാ അസോസിയേഷന്റെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. പി ജയരാജന്റെ അടുത്ത സുഹൃത്തായിരുന്നു സാജൻ പാറയിൽ. അതുകൊണ്ടാണ് സാജന്റെ കെട്ടിടത്തിന് നഗരസഭ അനുമതി നൽകാത്തതെന്ന വാദം സജീവമായിരുന്നു. അതുകൊണ്ട് തന്നെ സാജനെ മാറ്റിയേ മതിയാകൂവെന്ന് ജയരാജൻ നിലപാട് എടുത്തിരുന്നു. ഇതാണ് ഇപ്പോൾ നടപ്പിൽ വരുന്നതും.

സിപിഎം ഭരിക്കുന്ന ആന്തൂർ നഗരസഭ വേട്ടയാടിയതാണ് പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്യാൻ കാരണമെന്ന് കുടുംബാംഗങ്ങൾ പറയുന്നു. അതിന് അപ്പുറത്തേക്ക് സിപിഎമ്മിന് ഉള്ളിലെ വിഭാഗീയ പ്രവർത്തനങ്ങളും ഈ വ്യവസായിയുടെ ജീവനെടുക്കാൻ ഇടയാക്കി. ഓഡിറ്റോറിയത്തിന് അനുമതി നൽകില്ലെന്ന വാശിയിലായിരുന്നു നഗരസഭ. ഓരോ തവണയും നിസ്സാര കാരണങ്ങൾ പറഞ്ഞ് നഗരസഭ അനുമതി നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ കുറെ ദിവസമായി ഭർത്താവ് മാനസിക വിഷമത്തിലായിരുന്നുവെന്ന് മരിച്ച സാജന്റെ ഭാര്യ ബീന ആരോപിച്ചിരുന്നു. നിരവധി തവണ ഓഡിറ്റോറിയത്തിന് അനുമതി നിഷേധിക്കപ്പെട്ടതോടെ കടുത്ത മാനസിക വിഷമത്തിലായി സാജൻ. എന്തെങ്കിലും ഒരു പരിഹാരം എന്ന നിലയിൽ കണ്ണൂരിലെ പ്രമുഖനായ നേതാവ് പി ജയരാജനെ സാജൻ സമീപിക്കുകയും ചെയ്തു. എന്നാൽ, സാജന്റെ ഈ നീക്കം ഇഷ്ടപ്പെടാത്തവരും സിപിഎമ്മിനുള്ളിൽ ഉണ്ടായിരുന്നു. അവരുടെ തുടർന്നുള്ള നീക്കങ്ങളാണ് ഈ വ്യവസായിയുടെ ജീവനെടുക്കാൻ ഇടയാക്കിയത്.

സിപിഎം ഒഴികെയുള്ള മറ്റൊരു പാർട്ടിക്കും പ്രവർത്തന സ്വാതന്ത്ര്യം പോലും ഇല്ലാത്ത പാർട്ടി ഗ്രാമമാണ് ആന്തൂർ. ഇവിടെ നഗരസഭയുടെ അധ്യക്ഷയായ പി കെ ശ്യാമള ആകട്ടെ സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്റെ ഭാര്യയും. ഭാര്യയെ ചെയർപേഴ്സൺ സ്ഥാനത്തിരുത്തി എം വി ഗോവിന്ദൻ ഭരണത്തിൽ പിൻസീറ്റ് ഡ്രൈവിങ് നടത്തുകയാണ് എന്ന ആക്ഷേപം അടുത്തകാലത്തായി പാർട്ടിക്കാർക്കിടയിലും ശക്തമായിരുന്നു. അതുകൊണ്ട് തന്നെ 15 കോടി രൂപ ചെലവിട്ട് നിർമ്മിച്ച കൺവെൻഷൻ സെന്ററിന്റെ അനുമതി വിഷയത്തിൽ എം വി ഗോവിന്ദന്റെ ഇടപെടൽ ഉണ്ടെന്നും ആക്ഷേപമുണ്ടായിരുന്നു. കണ്ണൂർ രാഷ്ട്രീയത്തിൽ ഗോവിന്ദന്റെ ശക്തികേന്ദ്രമായ ഏക പ്രദേശമാണ് ആന്തൂർ. ജില്ലയിൽ അത്രയ്ക്ക് ജനകീയൻ അല്ലാത്ത ഗോവിന്ദൻ അടക്കമുള്ള ചേരിയാണ്. ജില്ലാ സെക്രട്ടറി ആയിരുന്ന പി ജയരാജനെ സംഘടനാ ചട്ടങ്ങളിൽ വ്യതിയാനം ആരോപിച്ച് പരസ്യമായി ശാസിക്കുന്നത് അടക്കമുള്ള കാര്യത്തിൽ മുൻകൈ എടുത്തതിന് പിന്നിൽ. എം ഗോവിന്ദൻ നിയന്ത്രിക്കുന്ന ആന്തൂർ നഗരസഭയിൽ നിന്നും കൺവെൻഷൻ സെന്ററിന് അനുമതി ലഭിക്കില്ലെന്ന ഘട്ടത്തിലായിരുന്നു സാജൻ പ്രശ്നം ജയരാജന്റെ മുന്നിൽ എത്തിച്ചത്. അദ്ദേഹം വിഷയത്തിൽ ഇടപെടാം എന്നും വാക്കു നൽകിയതായും സഹായിക്കുകയും ചെയ്തതായി വ്യവസായിയുടെ ഭാര്യ ബീനയും പറയുന്നുണ്ട്.

എന്നാൽ, പി ജയരാജനെ കണ്ട് അനുമതി തേടാനുള്ള ശ്രമം ഗോവിന്ദന് അനിഷ്ടമുണ്ടാക്കി എന്നാണ് സാജന്റെ ബന്ധുക്കൾ തന്നെ സൂചിപ്പിക്കുന്നത്. ഇതോടെ ജയരാജനോടുള്ള അനിഷ്ടം മൂലം കൺവെൻഷൻ സെന്ററിന് അനുമതി നീട്ടിക്കൊണ്ടു പോകുകയായിരുന്നു എന്നാണ് ആക്ഷേപം. ഇതെല്ലാം വലിയ വിവാദമായി മാറിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP