Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പദ്ധതിക്കനുകൂല പ്രചരണവുമായി സിപിഎമ്മും ബിജെപിയും ഏകമനസ്സോടെ രംഗത്ത്; കോൺഗ്രസ് അർത്ഥ ഗർഭമായ മൗനം പാലിക്കുന്നു; ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതിക്കെതിരെ മലബാറിൽ സമരം ശക്തിയാർജ്ജിക്കുമ്പോൾ രൂപപ്പെടുന്നത് ശക്തമായ മത ധ്രുവീകരണം; കൊച്ചിയിൽ നിന്നും മംഗലാപുരത്തേക്കുള്ള പൈപ്പ് ലൈനിനെതിരെ മലപ്പുറത്ത് മാത്രം സമരം എന്തെന്ന ചോദ്യം ബോധപൂർവ്വമോ?

പദ്ധതിക്കനുകൂല പ്രചരണവുമായി സിപിഎമ്മും ബിജെപിയും ഏകമനസ്സോടെ രംഗത്ത്; കോൺഗ്രസ് അർത്ഥ ഗർഭമായ മൗനം പാലിക്കുന്നു; ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതിക്കെതിരെ മലബാറിൽ സമരം ശക്തിയാർജ്ജിക്കുമ്പോൾ രൂപപ്പെടുന്നത് ശക്തമായ മത ധ്രുവീകരണം; കൊച്ചിയിൽ നിന്നും മംഗലാപുരത്തേക്കുള്ള പൈപ്പ് ലൈനിനെതിരെ മലപ്പുറത്ത് മാത്രം സമരം എന്തെന്ന ചോദ്യം ബോധപൂർവ്വമോ?

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മുക്കത്ത് കലാപ അന്തരീക്ഷമാണ്. ഗെയിൽ വാതക പൈപ്പ് ലൈനിനെതിരായ ജനകീയസമരത്തിനുനേരെയുണ്ടായ പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് നടന്ന ഹർത്താലിലും പലയിടങ്ങളിലും സംഘർഷം. പൊലീസുകാർ വീടുകളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും സമരക്കാർ റോഡിൽ തടസമുണ്ടാക്കിയെന്നുമൊക്കെ നാട്ടുകാർ പറയുന്നു. നെല്ലിക്കാപറമ്പിലും, വലിയപറമ്പിലും എരിഞ്ഞിമാവിലും പ്രതിഷേധം ശക്തമാണ്. സമരക്കാർ നെല്ലിക്കാപറമ്പിൽ റോഡിൽ ടയറുകളും മരത്തടികളും കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തി. തിരുവമ്പാടി നിയോജക മണ്ഡലത്തിലും മലപ്പുറം ജില്ലയിലെ കീഴുപറമ്പ്, അരീക്കോട്, കാവന്നൂർ പഞ്ചായത്തുകളും വിഷയത്തിൽ പുകയുകയാണ്. ഇതോടെ ഗെയിൽ വിരുദ്ധ സമരത്തിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും നിലപാട് വ്യക്തമാക്കേണ്ടി വരുന്നു.

പദ്ധതിക്ക് അനുകൂലമാണ് സി.പി.എം. എന്ത് വിലകൊടുത്തും വികസന പ്രക്രിയയുമായി മുന്നോട്ട് പോകുമെന്ന് പിണറായി സർക്കാരും വിശദീകരിക്കുന്നു. ഇത് തന്നെയാണ് ബിജെപിക്കാരും പറയുന്നത്. വികസന വിരുദ്ധ സമരത്തിനെ അവരും വിമർശിക്കുന്നത്. സംഭവത്തിൽ നാട്ടുകാർ പ്രതിക്കൂട്ടിൽ നിർത്തുന്നത് ഇടത് സർക്കാരിനെയാണ്. മോദി സർക്കാരിന്റെ പദ്ധതിയെയാണ് എതിർക്കുന്നത്. അതുകൊണ്ട് തന്നെ വ്യക്തമായ തീരുമാനം എടുക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. സർക്കാരിനെതിരായ സമരമായതിനാൽ അതിന് പിന്തുണയ്ക്കാൻ തന്നെയാണ് തീരുമാനം. അത് പൊലീസിന്റെ നരനായാട്ടിനെതിരെയാണെന്ന് മാത്രം. ഗെയിൽ പദ്ധതിയിൽ കോൺഗ്രസ് പ്രത്യക്ഷ പ്രതികരണത്തിന് ഇല്ല. തൽകാലം ഇക്കാര്യത്തിൽ മൗനം തുടരും. വികസന വിരോധികളായി ചിത്രീകരിക്കപ്പെടാതിരിക്കാനാണ് തന്ത്രപരമായ ഈ നീക്കം.

അതിനിടെ സമരത്തിനെതിരേയും പ്രചരണം ശക്തമാണ്. കൊച്ചിയിൽ നിന്ന് മംഗലാപുരത്തേക്കാണ് പൈപ്പ് ലൈൻ വലിക്കുന്നത്. ഇതിൽ മലപ്പുറത്ത് മാത്രമേ പ്രശ്‌നമുള്ളൂ. ഇതിന്റെ കാരണമാണ് പലരും ചർച്ചയാക്കുന്നത്. മത ധ്രുവീകരണത്തിന് സാധ്യതയൊരുക്കാനുള്ള നീക്കമായി ഇതിനെ വിലയിരുത്തപ്പെടുന്നുണ്ട്. ഇത് സമരത്തെ പുതിയ തലത്തിലേക്കും എത്തിക്കുന്നു. വികസനത്തിന് പ്രത്യേക മതവിഭാഗം എതിരാണെന്ന് വരുത്താനുള്ള ബോധപൂർവ്വമായ നീക്കമാണ് നടക്കുന്നതെന്നാണ് ആക്ഷേപം. ഏതായാലും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് തന്നെയാണ് സമരക്കാരുടെ നിലപാട്. പൊലീസിനെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസ് നേതാക്കളും സമരക്കാർക്കൊപ്പം ചേരുന്നുണ്ട്. ഇതിൽ പ്രതീക്ഷ കാണുകയാണ് സമര സമിതി.

അതിനിടെ ഉത്തര കേരള എ.ഡി.ജി.പി രാജേഷ് ദിവാൻ ഗെയിൽ വാതക പൈപ്പ് ലൈൻ കടന്നുപോകുന്ന കുളങ്ങര പന്നിക്കോട്ട് പ്രദേശങ്ങൾ സന്ദർശിച്ചു. തിരിച്ചറിയൽ കാർഡ്, നികുതി രസീത്, ആധാരത്തിന്റെ കോപ്പികൾ, കൈവശാവകാശ സർട്ടിഫിക്കറ്റുകൾ എന്നീ രേഖകൾ ഹാജരാക്കിയവർക്ക് നഷ്ടപരിഹാര തുകക്കുള്ള ചെക്കുകൾ നൽകിത്തുടങ്ങിയതായി അദ്ദേഹം പറഞ്ഞു. എന്നാൽ, മാധ്യമപ്രവർത്തകരുടെ കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി പറയാതെ എ.ഡി.ജി.പി ഒഴിഞ്ഞുമാറി.ഡിവൈ.എസ്‌പി പുഷ്‌കരൻ, വിവിധ സ്‌റ്റേഷനുകളിലെ പൊലീസ് ഓഫിസർമാർ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.അതിനിടെ പൊലീസ് സംരക്ഷണത്തോടെ വ്യാഴാഴ്‌ച്ച ഉച്ച ഒരു മണിയോടെ വാതക പൈപ്പിൽ പണികൾ ആരംഭിച്ചിട്ടുണ്ട്.

ജനവാസ കേന്ദ്രങ്ങളിലൂടെ ഗെയിൽ വാതക പൈപ് ലൈൻ നടപ്പാക്കുന്നതിനെതിരെ സമരരംഗത്തുള്ളവരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നതിൽ പ്രതിഷേധിച്ച് ജനകീയ സമര സമിതി നടത്തിയ കലക്ടറേറ്റ് മാർച്ചിൽ മലപ്പുറം നഗരം സ്തംഭിച്ചിരുന്നു.

പ്രതിഷേധത്തിനിടയിലും പണി ഉഷാർ

ഗെയിൽ പൈപ്പ് ലൈൻ ഇടുന്നതു തടയാൻ മുക്കത്ത് സർവശക്തിയുമെടുത്ത് ഒരു സംഘം ആളുകൾ ശ്രമിച്ചെങ്കിലും ഹർത്താൽ ദിനത്തിലും വൻ പൊലീസ് സുരക്ഷയിൽ പൈപ്പ് ലൈൻ പണി നടത്തി. സമരവും സംഘർഷവും കല്ലേറും ഒരു വശത്ത് നടന്നെങ്കിലും മറുവശത്ത് തടസമില്ലാതെ പണി നടന്നു. ഹർത്താൽ ദിവസം മുണ്ടോട്ട് കുളങ്ങരയിൽ വൻ പൊലീസ് സുരക്ഷയിൽ ഗെയിൽ പൈപ്പ് ലൈൻ പണിനടന്നു. സമരക്കാരുടെ ഭാഗത്തു നിന്നു പ്രകോപനമുണ്ടായാൽ കർശനമായി നേരിടാനായിരുന്നു പൊലീസിന് കിട്ടിയ നിർദ്ദേശം. വനിതാ പൊലീസുകാർ ഉൾപ്പെടെ 100 ഓളം പൊലീസുകാർ പണി സൈറ്റിൽ മാത്രം നിലയുറപ്പിച്ചു. മുക്കം ടൗണിലും കൊടിയത്തൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലും വലിയതോതിൽ പൊലീസ് സന്നാഹം നിലയുറപ്പിച്ചു.

ഗെയിൽ പൈപ്പ് ലൈൻ സമരക്കാരനാണെന്ന് തെറ്റിദ്ധരിച്ച് മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ.കെ. ഇസ്മയിലിനെ പൊലീസ് വീട്ടിൽ കയറി മർദ്ദിച്ചു. ഇസ്മയിലിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് പ്രവർത്തകർ നടത്തിയ പൊലീസ് സ്റ്റേഷൻ ഉപരോധത്തിനിടെ ലാത്തിച്ചാർജും നടന്നിരുന്നു. ന്യായമായ സമരത്തെയാണ് തങ്ങൾ പിന്തുണയ്ക്കുന്നതെന്നും അക്രമത്തെ ഒരിക്കലും ന്യായീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ഗെയിൽ വാതക പൈപ്പ് ലൈനിനെതിരെ രണ്ട് ദിവസമായി മുക്കത്ത് നടക്കുന്ന സമരത്തിനു പിന്നിൽ തീവ്ര സ്വഭാവമുള്ള മുസ്ലിം സംഘടനകളാണെന്നാണ് പൊലീസ് വിശദീകരിക്കുന്നു.

സമരക്കാരിൽ ഏറെയും കാവന്തൂർ, അരീക്കോട്, കീഴുപറമ്പ്, പുൽപ്പറ്റ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് എത്തിയ പോപ്പുലർഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി, പി.ഡി.പി എന്നീ സംഘടനകളിലെ പ്രവർത്തകരാണ്. സമരക്കാരിൽ ചിലർ എത്തിയത് കല്ലുകളും വടികളും കൈയിൽ കരുതിയാണ്. അറസ്റ്റിലായവരിൽ ഭൂരിഭാഗവും ഇത്തരം സംഘടനകളിൽ പ്രവർത്തിക്കുന്നവരാണ്.

കുപ്രചരണങ്ങളിൽ വീഴരുതെന്ന് സർക്കാർ

പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യവസായ വകുപ്പ് വ്യക്തമാക്കി. ചിലർ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. അവരുടെ കുപ്രചാരണങ്ങളിൽ വീഴരുതെന്നും മന്ത്രി പറഞ്ഞു.

എൽ.എൻ.ജി ഒട്ടും അപകടസാധ്യതയില്ലാത്തതാണ്. മലിനീകരണം കുറയ്ക്കാൻ സഹായകരമാണ്. ഗെയ്ൽ പദ്ധതിയിലൂടെ സംസ്ഥാനത്തിന് വൻ നികുതി ലഭിക്കും അർഹമായ നഷ്ടപരിഹാരം സർക്കാർ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

സർക്കാരുകളുടെ പിടിപ്പുകേട് മതമൗലികവാദികൾ മുതലെടുക്കുന്നുവെന്ന് കുമ്മനം

അക്രമാസക്തമായ സമരം നടത്തി ഗെയിൽ പദ്ധതി മുടക്കാൻ ശ്രമം നടത്തുന്നത് അപലപനീയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്‌നം സമാധാനപരമായി ഒത്തുതീർക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണം. 2007 ൽ അനുവദിച്ച പദ്ധതി ഇപ്പോഴും തുടങ്ങാൻ ആകാത്തത് സർക്കാരുകളുടെ പിടിപ്പു കേട് കൊണ്ട് മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.

ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വ്യക്തതവരുത്താനോ കർഷകരുടെ ആശങ്ക അകറ്റാനോ നാളിതു വരെ സർക്കാരിനായിട്ടില്ല. ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ സാധിക്കാത്ത സർക്കാരുകളുടെ പിടിപ്പുകേട് മതമൗലികവാദികൾ മുതലെടുക്കുകയാണ്. ഇപ്പോഴത്തെ ക്രമസമാധാന പ്രശ്‌നങ്ങൾ സർക്കാരിന്റെ കഴിവുകേട് മൂലം ഉണ്ടാകുന്നതാണ്. പദ്ധതിയുടെ എല്ലാ വശങ്ങളും ജനങ്ങളുമായി പങ്ക് വെച്ച് അവരേക്കൂടി വിശ്വാസത്തിലെടുക്കാൻ സർക്കാർ തയ്യാറാകണം. പ്രതിപക്ഷത്തിരിക്കുമ്പോൾ വിലകുറഞ്ഞ രാഷ്ട്രീയം കളിച്ച് കയ്യടി നേടാനാണ് ഇരു മുന്നണികളും ശ്രമിച്ചിട്ടുള്ളത്. ഇത് ജനങ്ങളോടുള്ള വഞ്ചനയാണ്. ഈ സാഹചര്യം മുതലെടുത്ത് സാമൂഹ്യ വിരുദ്ധരും മത മൗലികവാദികളുമൊക്കെ പ്രശ്‌നം രൂക്ഷമാക്കാനാണ് ശ്രമിക്കുന്നത്.

ഇത് മനസ്സിലാക്കി സർക്കാർ ജാഗ്രതയോടെ പ്രവർത്തിക്കണം. കേരളത്തോടൊപ്പം ഇതേ പദ്ധതി അനുവദിച്ചു കിട്ടിയ ഗുജറാത്തിൽ ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം കിട്ടിതുടങ്ങിയിട്ട് നാളുകളായി. എന്നാൽ പദ്ധതിയുടെ പ്രാഥമിക കടമ്പ പോലും കടക്കാൻ ഇവിടുത്തെ സർക്കാരുകൾക്ക് കഴിയാത്തത് ഗതികേടാണെന്നും അദ്ദേഹം ആരോപിച്ചു.

സമരത്തെ അടിച്ചമർത്തരുതെന്ന് വി എസ്

ജനകീയ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നത് ഇടതുപക്ഷ സർക്കാരിന് ചേർന്ന നയമല്ലെന്ന് ഭരണപരിഷ്‌കാര കമ്മിഷൻ അദ്ധ്യക്ഷൻ വി എസ്. അച്യുതാനന്ദൻ പ്രസ്താവനയിൽ പറഞ്ഞു. വിഴിഞ്ഞത്തെ തുറമുഖപദ്ധതി പ്രദേശത്തെ ജനങ്ങളും മലപ്പുറത്തെ ഗെയ്ൽ വാതക പൈപ്പ്‌ലൈൻ മേഖലയിലെ ജനങ്ങളും നടത്തുന്ന സമരങ്ങളുടെ പശ്ചാത്തലത്തിലാണ് വി.എസിന്റെ പ്രതികരണം. മലപ്പുറത്തെ സമരം സംഘർഷത്തിലേക്ക് വഴിമാറിയിരുന്നു.

കിടപ്പാടം നഷ്ടപ്പെടുന്ന ജനങ്ങൾ വിഴിഞ്ഞത്തും മറ്റിടങ്ങളിലും നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് വി എസ് ആവശ്യപ്പെട്ടു. വിഴിഞ്ഞത്ത് സമരം അവസാനിപ്പിച്ചാൽ മാത്രമേ ചർച്ചയുള്ളു എന്ന നിലപാട് പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP