Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂത്രപ്പുരയും കക്കൂസും കഴുകുന്ന പ്രധാന ചുമതല; ഇഡലിയും സാമ്പാറും പലഹാരവും ഉണ്ടാക്കുന്നതിന്റെ മേൽനോട്ടം; ചമ്മന്തിപ്പൊടിയാണ് സ്പെഷ്യൽ ഐറ്റം; മകളേയും അമ്മായി അമ്മയേയും കൊല്ലാൻ കൂട്ടുനിന്ന ടെക്കിയെ വീട്ടുകാർ ആരും തിരിഞ്ഞു നോക്കുന്നില്ല; കാമുകനൊപ്പം ആർഭാട ജീവിതം സ്വപ്നം കണ്ട് അഴിക്കുള്ളിലായ അനുശാന്തിക്ക് ദിവസം ശമ്പളമായി കിട്ടുന്നത് 138 രൂപ; പൂജപ്പുര ജയിലിലെ അച്ചടക്കമുള്ള തടവുകാരിയുടെ കഥ ഇങ്ങനെ

മൂത്രപ്പുരയും കക്കൂസും കഴുകുന്ന പ്രധാന ചുമതല; ഇഡലിയും സാമ്പാറും പലഹാരവും ഉണ്ടാക്കുന്നതിന്റെ മേൽനോട്ടം; ചമ്മന്തിപ്പൊടിയാണ് സ്പെഷ്യൽ ഐറ്റം; മകളേയും അമ്മായി അമ്മയേയും കൊല്ലാൻ കൂട്ടുനിന്ന ടെക്കിയെ വീട്ടുകാർ ആരും തിരിഞ്ഞു നോക്കുന്നില്ല; കാമുകനൊപ്പം ആർഭാട ജീവിതം സ്വപ്നം കണ്ട് അഴിക്കുള്ളിലായ അനുശാന്തിക്ക് ദിവസം ശമ്പളമായി കിട്ടുന്നത് 138 രൂപ; പൂജപ്പുര ജയിലിലെ അച്ചടക്കമുള്ള തടവുകാരിയുടെ കഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആറ്റിങ്ങലിൽ ഭർത്തൃമാതാവിനെയും സ്വന്തം മകളെ മൃഗീയമായി കൊല്ലാൻ കാമുകന് കൂട്ടുനിന്ന അനുശാന്തി ഇപ്പോൾ മൂത്രപ്പുരയും കക്കൂസും കഴുകുന്നതിന്റെ ചുമതലക്കാരിയാണ്. ഇതിനൊപ്പം പാചകവും ചെയ്യുന്നു. തിരുവനന്തപുരം സെൻട്രൽ ജയിലിൽ അച്ചടക്കമുള്ള തടവുകാരിയാണ് ഇവർ. ചെയത കുറ്റത്തിൽ അനുശാന്തി പശ്ചാത്തപിക്കുന്നുണ്ടെന്ന് ജയിൽ അധികൃതർ പറയുന്നു. രണ്ടാം ബ്ലോക്കിൽ മറ്റൊരു ജീവപര്യന്തം തടവുകാരിക്കൊപ്പമാണ് അനുശാന്തി കഴിയുന്നത്. അതേസമയം വീട്ടുകാർ ആരും അനുശാന്തിയെ തിരിഞ്ഞു നോക്കുന്നില്ല. ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ തൂക്കുകയർ കാത്ത് കഴിയുന്ന നിനോ മാത്യുവിന് പൂജപ്പുര സെൻട്രൽ ജയിലിൽ ഇപ്പോൾ മേസ്തിരിപ്പണിയാണ്.

ജയിലിൽ നിർമ്മിക്കുന്ന പുറത്തു വില്ക്കുന്ന ഇഡലി, സാമ്പാർ, വിവിധ പലഹാരങ്ങൾ തുടങ്ങി എല്ലാ ഉത്പന്നങ്ങളുടേയും മേൽനോട്ടം അനുശാന്തിക്കുണ്ട്. പാചകം ചെയ്യാൻ പറഞ്ഞാലും യാതൊരു മടിയുമില്ലാതെ കർത്തവ്യം രണ്ടു കൈയും നീട്ടി സ്വീകരിക്കും. ചമ്മന്തിപ്പൊടിയാണ് സ്പെഷ്യൽ ഐറ്റം. പുറത്തുവിൽക്കാനുള്ള ചമ്മന്തിപ്പൊടി ഉണ്ടാക്കുന്നതിൽ വിദഗ്ധയാണത്രേ. ജയിലിലെ ജോലികൾക്ക് അനുശാന്തിക്ക് ദിവസം 138 രൂപ ശമ്പളമായി കിട്ടുന്നുണ്ട്. കാമുകനായ നിനോ മാത്യുവിനൊപ്പം ആർഭാട ജീവിതം സ്വപ്നം കണ്ടാണ് സ്വന്തം മകളെ കൊല്ലാൻ അനുശാന്തി കാമുകനൊപ്പം കൂടിയത്. ജയിൽ ജീവിതം ഇവരെ മാറ്റി മറിച്ചു.

എല്ലാകാര്യത്തിലും ഇവർ സജീവമാണ്. ജയിലിൽ വിശേഷാവസരങ്ങളിൽ കളികളിലും ഇവർ മറ്റു തടവുകാർക്കൊപ്പം കൂടുന്നു. എപ്പോഴും എന്തെങ്കിലും ജോലികളിൽ ഏർപ്പെടാനാണ് ഇഷ്ടം. കഴിഞ്ഞവർഷം ജയിലിലെ വെൽഫെയർ ബോർഡിന്റെ കമ്പ്യൂട്ടർ സാക്ഷരത ക്ലാസുകളിൽ അനുശാന്തി അന്തേവാസികളെ കമ്പ്യൂട്ടർ പഠിപ്പിക്കുന്നതിന് സഹായിയായിട്ടുണ്ട്. അഴിക്കുള്ളിലായ അനുശാന്തി ഇപ്പോൾ ജീവിതത്തിലെ കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് ഓർക്കാൻ പോലും ആഗ്രഹിക്കുന്നില്ല. ജോലികളിൽ സജീവമായി എല്ലാം മറക്കുകയാണ് അവർ.

വധശിക്ഷ വിധിച്ചവരെ സുരക്ഷാ കാരണങ്ങളാൽ അവർ പാർക്കുന്ന കണ്ടം സെല്ലിന് പുറത്തിറക്കാൻ പാടില്ലെന്നും ഒരു തരത്തിലുള്ള സ്വാതന്ത്ര്യവും അനുവദിച്ചുകൂടായെന്നുമാണ് ചട്ടമെങ്കിലും മാസങ്ങളായി സെൻട്രൽ ജയിലിലെ റൗണ്ട് ബ്ളോക്കിൽ സജീവമാണ് നിനോ മാത്യു. സെല്ലിലെ മറ്റ് തടവുകാരുടെ മേൽനോട്ടവും ദൈനംദിന കാര്യങ്ങളുടെ ചുമതലയും നിനോ മാത്യുവിന് തന്നെയാണ്. നിനോ മാത്യുവിന്റെ വിദ്യാഭ്യാസവും കാര്യപ്രാപ്തിയും കണ്ടറിഞ്ഞാണ് തുടക്കത്തിൽ ജയിലിൽ ജോലികൾ നൽകിയിരുന്നത്. വധിശിക്ഷ കാത്ത് കിടക്കുമ്പോഴും ഏൽപ്പിച്ച ജോലികളിൽ മിടുക്കനാണ് നിനോ മാത്യുവെന്നാണ് സെല്ലിലെ പൊലീസുകാരുടെയും അഭിപ്രായം. മറ്റ് തടവ് പുള്ളികൾക്ക് നൽകുന്ന സാധനങ്ങളുടെ കണക്ക് എടുക്കുന്നതും അത് ഭംഗിയായി കൈകാര്യം ചെയ്യുന്നതിലും നിനോ പൊലീസുകാർക്കും വലിയ സഹായമാണ്.

ശിക്ഷിക്കപ്പെടുംമുമ്പ് ടെക്നോപാർക്കിലെ സോഫ്ട് വെയർ കമ്പനിയിലെ ഗ്രൂപ്പ് ലീഡറായിരുന്നു നിനോ മാത്യു. തടവുപുള്ളികൾക്കുള്ള സാധനങ്ങൾ സൂക്ഷിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്റ്റോറാണ് നിനോയുടെ താവളം. ഇവിടെ തടവുകാർക്ക് ആവശ്യമായ എല്ലാ സാധനങ്ങളും നിനോ വഴിയാണ് വിതരണം. ഇവയുടെ കണക്കുകൾ സൂക്ഷിക്കുന്നതും ആവശ്യാനുസരണം സാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്നതുമെല്ലാം നിനോ തന്നെ. ഇതിനെല്ലാം ജയിലുദ്യോഗസ്ഥരുടെ മേൽനോട്ടമുണ്ടാകും. നാടിനെ ഞെട്ടിച്ച അരുംകൊലകളിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിനോയെ റൗണ്ട് ബ്ളോക്കിലാണ് പാർപ്പിച്ചിരിക്കുന്നത്. ആലുവാ കൂട്ടക്കൊലക്കേസിലെ ആന്റണി, ഇരട്ടക്കൊലക്കേസിൽ ജയിലിലായ റിപ്പർ ജയാനന്ദൻ തുടങ്ങിയവരാണ് നിനോ മാത്യുവിന്റെ കൂട്ടാളികളായി റൗണ്ട് ബ്ളോക്കിൽ കഴിയുന്നവർ.

സഹപ്രവർത്തകർ തമ്മിലുള്ള പ്രണയം അതിരുവിടുകയും വേർപിരിയാനാകാത്ത വിധം വളരുകയും ചെയ്തതിന്റെ ദുരന്തഫലമായിരുന്നു മൂന്നുവർഷം മുമ്പ് ആറ്റിങ്ങലിനെ നടുക്കിയ അരുംകൊല. ആറ്റിപ്ര സ്വദേശി നിനോമാത്യു, അനുശാന്തി എന്നിവരാണ് പ്രതികൾ. ടെക്നോപാർക്ക് ജീവനക്കാരനായ നിനോമാത്യുവിന്റെ സഹപ്രവർത്തകയായിരുന്നു അനുശാന്തി. 2014 ഏപ്രിൽ 16നായിരുന്നു കേസിനാസ്പദമായ സംഭവം. അനുശാന്തിയുടെ മകൾ സ്വാസ്തിക (4) ഭർത്താവിന്റെ അമ്മ ഓമന (67) എന്നിവരെയാണ് നിനോ മാത്യു പട്ടാപ്പകൽ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. അനുശാന്തിയുമായി ഇയാൾക്കുണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്.

അനുശാന്തിയുടെ ഭർത്താവ് ലിജീഷിനെയും മാരകമായി വെട്ടിപരിക്കേൽപ്പിച്ചെങ്കിലും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കേസിൽ നിനോയ്ക്ക് വധശിക്ഷയും അനുശാന്തിക്ക് ഇരട്ട ജീവപര്യന്തവുമാണ് ശിക്ഷ വിധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP