Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അപ്പോളോ ആശുപത്രി ചെയർമാൻ കേന്ദ്ര ആഭ്യന്തര മന്ത്രിയെ വിളിച്ചത് ആരാധകർ ആശുപത്രി കത്തിക്കുന്ന സാഹചര്യം ഒഴിവാക്കാൻ; സത്യം പുറംലോകത്തെ അറിയിക്കാത്തത് സുരക്ഷ ഒരുക്കാൻ വേണ്ടിയെന്ന് റിപ്പോർട്ട്; ഏത് നിമിഷവും കേൾക്കാനാഗ്രഹിക്കാത്ത വാർത്ത കേൾക്കാൻ തയ്യാറായി തമിഴകം

അപ്പോളോ ആശുപത്രി ചെയർമാൻ കേന്ദ്ര ആഭ്യന്തര മന്ത്രിയെ വിളിച്ചത് ആരാധകർ ആശുപത്രി കത്തിക്കുന്ന സാഹചര്യം ഒഴിവാക്കാൻ; സത്യം പുറംലോകത്തെ അറിയിക്കാത്തത് സുരക്ഷ ഒരുക്കാൻ വേണ്ടിയെന്ന് റിപ്പോർട്ട്; ഏത് നിമിഷവും കേൾക്കാനാഗ്രഹിക്കാത്ത വാർത്ത കേൾക്കാൻ തയ്യാറായി തമിഴകം

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: സെപ്റ്റംബർ 22ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ കടുത്ത പ്രതിസന്ധിയിലാണ് ആശുപത്രി മാനേജ്‌മെന്റ്. എ ഐ എ ഡി എം കെ അണികളുടെ വികാരം ആശുപത്രിക്ക് മുമ്പിൽ അണപൊട്ടുന്നത് അവർ കണ്ടിരുന്നു. പനിയും നിർജലീകരണവും മൂലം ആശുപത്രിയിലെത്തിയ ജയലളിത ആഴ്ചകളോളം ബോധരഹിതയായി. എങ്ങനേയും അമ്മയുടെ അസുഖം മാറ്റി വീട്ടിലേക്ക് അയയ്ക്കാനുള്ള പരിശ്രമത്തിലായിരുന്നു ആശുപത്രി. അതിനായി ഇംഗ്ലണ്ടിൽ നിന്ന് വിദഗ്ധരെത്തി. എല്ലാം ഫലം കാണുന്ന സ്ഥിതിയും വന്നു. ജയലളിത തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മുറിയിലേക്ക് എത്തി. വീട്ടിലേക്ക് മടങ്ങാൻ ഇനി ദിവസങ്ങൾ മതിയെന്നും ആശുപത്രി വിശദീകരിച്ചു. അതിനിടെ ഹൃദയാഘാതം. പ്രതിസന്ധിയിലായത് അപ്പോളോ ആശുപത്രിയാണ്.

എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അപ്പോളോ ആശുപത്രിക്ക് നന്നായി അറിയാം. തെന്നിന്ത്യയിലെ പേരും പെരുമയുമുള്ള ചികിൽസാലയമാണ് അപ്പോളോ. ഒരു കാലത്ത് ചികിൽസയുടെ അവസാന വാക്കും. ജയലളിതയെ ചികിൽസിച്ചത് വഴി ഈ ആശുപത്രി ഇന്ന് പ്രതിസന്ധിയിലാണ്. ജയലളിതയ്ക്ക് എന്തെങ്കിലും സംഭവിച്ചോയെന്ന വാർത്തയെത്തുന്നത് ആശുപത്രിക്കെതിരായ വികാരമായി ഉയരുമെന്ന വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തിലാണ് അപ്പോളോ ആശുപത്രി ചെയർമാൻ ഡോ. പ്രതാപ് സി റെഡ്ഡിയുടെ ആശങ്ക കൂടുന്നത്. ആശുപത്രിക്ക് മതിയായ സുരക്ഷ വേണമെന്ന് റെഡ്ഡി ആവശ്യപ്പെടുന്നു. എന്നാൽ സംസ്ഥാന പൊലീസിനെ കൊണ്ട് ഇതിന് കഴിയില്ല. അതുകൊണ്ട് സുരക്ഷയൊരുക്കാൻ കേന്ദ്ര സേനയെ വിന്യസിപ്പിക്കാനുള്ള സാധ്യതയാണ് ആശുപത്രി തേടുന്നത്.

ജയലളിതയുടെ ഹൃദയാഘാത വാർത്ത ആദ്യമായി ആശുപത്രി പങ്കുവച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായാണ്. ജയലളിതയുടെ ജീവൻ രക്ഷിക്കാൻ അവസാനം വരെ ശ്രമിക്കും. എന്നാൽ അതിന് കഴിഞ്ഞില്ലെങ്കിലുണ്ടാകുന്ന ജനരോഷം തടഞ്ഞു നിർത്താൻ സഹായിക്കണമെന്നാണ് ആവശ്യം. ജയലളിതയെ വീണ്ടും വെന്റിലേറ്ററിലാക്കി അവസാന ശ്രമങ്ങൾ അപ്പോളോ നടത്തുകയാണ്. ലോകത്തെ അതിവിദഗ്ധരായ ഡോക്ടർമാരുമായെല്ലാം ആശയ വിനിമയം നടത്തുന്നു. ചികിൽസാ സാധ്യതകൾ തേടുന്നു. അങ്ങനെ എല്ലാം. ഇതിന് കാരണം ജയലളിതയുടെ രോഗം ഭേദമായില്ലെങ്കിൽ ആശുപത്രിക്കുണ്ടാകാനിടയുള്ള കഷ്ടനഷ്ടങ്ങൾ കൂടി ഇതിനെല്ലാം കാരണമാകുന്നുവെന്നതാണ് യാഥാർത്ഥ്യം. അങ്ങനെ ജയലളിതയെ ചികിൽസിച്ച് ആശുപത്രി പുലിവാലിലായി.

ആയിരക്കണക്കിന് അണ്ണാ ഡിഎംകെ പ്രവർത്തകരാണ് ആശുപത്രിക്ക് പുറത്തുള്ളത്. ഇവരുടെ രോഷം മുഴുവൻ ആശുപത്രിക്ക് എതിരെയാണ്. ഇന്നലെ രാത്രി പലവട്ടം ആശുപത്രിയിലേക്ക് ഇരച്ചു കയറാൻ ജനക്കൂട്ടം ശ്രമിച്ചു. പൊലീസ് ഒരുവിധം കഷ്ടപ്പെട്ടാണ് സ്ഥിതി ഗതികൾ നിയന്ത്രിച്ചത്. ജയലളിതയുടെ നില അതീവ ഗുരുതരമെന്ന് ഏവർക്കുമറിയാം. ഏത് നിമിഷവും ദുരന്ത വാർത്തയെത്തുമെന്നും കരുതുന്നു. നേരത്തെ അതീവ ഗുരുതരാവസ്ഥയിലായിരുന്നപ്പോൾ ആത്മവിശ്വാസമാണ് സർക്കാരും നേതാക്കളും പുലർത്തിയത്. ഇപ്പോൾ അവരും നിരാശരാണ്. ഇതും ജയലളിതയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വ്യക്തമായ സൂചനകൾ നൽകുന്നു. ഈ സാഹചര്യത്തിൽ ജയലളിതയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ ആശുപത്രിക്ക് പുറത്തുള്ള ജനം ആക്രമാസക്തമാകുമെന്നാണ് വിലയിരുത്തൽ.

തമിഴ്‌നാട് പൊലീസിന് നിസ്സഹായരായി നോക്കി നിൽക്കാനേ കഴിയൂ. അതുകൊണ്ട് തന്നെ ആശുപത്രിയുടെ സുരക്ഷയിൽ അതീവ ആശങ്കയാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിനുമുള്ളത്. ആശുപത്രി കത്തിക്കാൻ പോലുമുള്ള സാഹചര്യമുണ്ട്. ഇതിനൊപ്പം ചെന്നൈയിൽ കലാപമുണ്ടാകുമെന്ന ആശങ്കയും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിനുണ്ട്. അതുകൊണ്ട് കൂടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് തമിഴ്‌നാട്ടിലെ സ്ഥിതി ഗതികൾ നേരിട്ട് വിലയിരുത്തുന്നത്. അപ്പോളോ ആശുപത്രി ചെയർമാൻ ഡോ. പ്രതാപ് സി റെഡ്ഡിയുടെ ആശങ്ക പങ്കുവയ്ക്കലും അംഗീകരിക്കുന്നു. മതിയായ സുരക്ഷ ഉറപ്പാക്കാമെന്ന് ആശുപത്രിക്ക് മന്ത്രി നൽകിയിട്ടുണ്ട്. എന്നാൽ ഇതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ കേന്ദ്രം മനസ്സിലാക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര സേനയുടെ ഡിജിപിമാരോട് ചെന്നൈയിലെത്താൻ നിർദ്ദേശം നൽകിയത്.

സെപ്റ്റംബർ 22നാണ് ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഏറെ ദിവസങ്ങൾക്ക് ശേഷവും ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ അപ്പോളോ ആശുപത്രിയും പാർട്ടിയും പുറത്തുവിടാത്തതോടെ ജയലളിതയുടെ രോഗാവസ്ഥയെക്കുറിച്ച് സോഷ്യൽ മീഡിയ വഴി ഒട്ടേറെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിൽ ജയലളിതയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ പൊതു താൽപ്പര്യ ഹർജി സമർപ്പിക്കുന്ന സാഹചര്യം വരെയുണ്ടായിരുന്നു.

ജയലളിതയുടേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച അത്യാഹിത വിഭാഗത്തിനുള്ളിൽ ചികിത്സയിലിരിക്കുന്ന ചിത്രവും തമിഴ്‌നാട്ടിലെ ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. ഈ ചിത്രം വ്യാജമാണെന്ന് പിന്നീട് തെളിയുകയും ചെയ്തു. ജയലളിതയുടെ രോഗ വിവരങ്ങൾ അതുകൊണ്ട് തന്നെ സസൂക്ഷ്മാണ് അപ്പോളോ ആശുപത്രി കൈകാര്യം ചെയ്തത്. എന്നാലിപ്പോൾ ഹൃദയാഘാതം പുറത്തു പറയേണ്ടി വന്നു. മുഖ്യമന്ത്രിയുടെ ജീവന് എന്തെങ്കിലും സംഭവിക്കുകയും അത് പെട്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്താലുണ്ടാകുന്ന ജനരോഷം മനസ്സിലാക്കിയായിരുന്നു ഈ നീക്കം.

സെപ്റ്റംബർ 22ന് ആണ് കടുത്ത പനിയും നിർജലീകരണവും മൂലം ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജയയുടെ ആരോഗ്യം മെച്ചപ്പെട്ടുവെന്നും ഉടൻ തന്നെ വീട്ടിലേക്ക് മടങ്ങുമെന്നുമായിരുന്നു ഞായറാഴ്ച വൈകിട്ട് അണ്ണാ ഡിഎംകെ അറിയിച്ചത്. എയിംസിലെ വിദഗ്ധ ഡോക്ടർമാർ ജയലളിതയെ പരിശോധിച്ചുവെന്നും പൂർണമായും ജയലളിത അസുഖത്തിൽ നിന്നും മോചിതയായെന്നുമായിരുന്നു പാർട്ടി അറിയിച്ചത്. ജയലളിതയുടെ ചില പത്രക്കുറിപ്പുകളും പുറത്തിറങ്ങി. ഉടൻ ആശുപത്രി വിടുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിനിടെയാണ് ഏവരേയും ആശങ്കപ്പെടുത്തുന്ന വിവരങ്ങൾ അപ്പോളോ ആശുപത്രയിൽ നിന്ന് പുറത്തുവരുന്നത്. ആശുപത്രി ചെയർമാൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങുമായി സംസാരിച്ചു. എല്ലാ കാര്യങ്ങളും വിശദീകരിക്കുകയും ചെയ്തു.

ഇക്കഴിഞ്ഞ നവംബർ 19ന് ജയലളിതയെ തീവ്രപരിചരണ വിഭാഗത്തിൽനിന്ന് പ്രത്യേക മുറിയിലേക്ക് മാറ്റിയിരുന്നു. ഇതോടെ ജയലളിതയുടെ ആരോഗ്യ നില സാധാരണ നിലയിലായെന്നായിരുന്നു വിലയിരുത്തൽ. ഇതിനിടെയാണ് ഹൃദയാഘാതമെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP