Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ചെന്നൈ പ്രളയബാധിതർക്കു സേവനമൊരുക്കിയ കെഎസ്ആർടിസിയെ കണ്ട് അത്ഭുതംകൂറി തമിഴ് മക്കൾ; 'മുതൽവർ പടം' ഇല്ലാത്ത ബസുകളും സൗജന്യ സേവനവും വാർത്തയാക്കി മാദ്ധ്യമങ്ങൾ: കേരളത്തിന്റെ സ്വന്തം ആനവണ്ടിക്ക് അയൽ സംസ്ഥാനത്തിന്റെയും കൈയടി

ചെന്നൈ പ്രളയബാധിതർക്കു സേവനമൊരുക്കിയ കെഎസ്ആർടിസിയെ കണ്ട് അത്ഭുതംകൂറി തമിഴ് മക്കൾ; 'മുതൽവർ പടം' ഇല്ലാത്ത ബസുകളും സൗജന്യ സേവനവും വാർത്തയാക്കി മാദ്ധ്യമങ്ങൾ: കേരളത്തിന്റെ സ്വന്തം ആനവണ്ടിക്ക് അയൽ സംസ്ഥാനത്തിന്റെയും കൈയടി

തിരുവനന്തപുരം: മലയാളികൾക്കു പലപ്പോഴും ആനവണ്ടി എന്നത് ഒരു ബാധ്യതയാണ്. കെടുകാര്യസ്ഥതയാൽ നാശത്തിന്റെ പടുകുഴിയിലേക്കു വീഴുന്നു എന്ന പരാതിയാണ് വിവിധ കോണുകളിൽ നിന്നു കെഎസ്ആർടിസിക്കെതിരെ ഉയരുന്നത്.

എന്നാൽ, ആനവണ്ടിയുടെ മഹത്വം മലയാളികൾ മാത്രമല്ല തമിഴ്‌നാട്ടുകാരും തിരിച്ചറിഞ്ഞിരിക്കുകയാണ് ഇപ്പോൾ. ചെന്നൈയിലെ പ്രളയദുരന്തത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ സൗജന്യ സേവനം നടത്തിയ കെഎസ്ആർടിസിയുടെ പ്രയത്‌നത്തിനു കൈയടി നൽകുകയാണ് ദുരിതത്തിന് ഇരയായവരും ബന്ധുക്കളുമെല്ലാം.

കെഎസ്ആർടിസി ചെന്നൈ പ്രളയബാധിത പ്രദേശത്ത് നിന്ന് ജനങ്ങളെ രക്ഷിക്കാൻ കൈ -മെയ് മറന്നാണ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. നഷ്ടത്തിലേക്കു കൂപ്പുകുത്തുന്നതിന്റെ ചരിത്രം പറയാനുണ്ടെങ്കിലും സേവനം എന്താണ് എന്നു കാണിച്ചു തരികയായിരുന്നു കേരളത്തിന്റെ സ്വന്തം ആനവണ്ടി.

പ്രളയബാധിതരെ രക്ഷിക്കാൻ സൗജന്യമായാണ് ചെന്നൈയിൽ നിന്നു കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു കെഎസ്ആർടിസി സർവീസ് നടത്തിയത്. മുഖ്യധാരാ മാദ്ധ്യമങ്ങൾ എന്തുകൊണ്ടോ ഇതിനോടു പുറംതിരിഞ്ഞു നിന്നപ്പോൾ സോഷ്യൽ മീഡിയയാണ് ഇക്കാര്യം ജനങ്ങളെ അറിയിച്ചത്.

നാട്ടിലെ ബഹുഭൂരിപക്ഷം പത്രങ്ങളും ഈ വാർത്ത മുക്കുകയോ/തീരെ പ്രാധാന്യം നൽകാതെ പ്രസിദ്ധീകരിക്കുകയോ ആണ് ചെയ്തത്. മറ്റു സംസ്ഥാന കോർപ്പറേഷനുകളും സ്വകാര്യ ദീർഘദൂര ബസുകളും സാധാരണയിലും കവിഞ്ഞ നിരക്കോടെയാണ് ദുരിതബാധിതരെ 'രക്ഷിക്കാൻ' ഇറങ്ങിത്തിരിച്ചത്. ഈ അവസരത്തിലാണ് അഞ്ചു പൈസയുടെ വരുമാനം പ്രതീക്ഷിക്കാതെ കെഎസ്ആർടിസിയുടെ സേവനം.

തുടക്കത്തിൽ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ഡിപ്പോകളിൽ നിന്നാണ് വണ്ടി അയച്ചത്. ഇതിനെ തുടർന്ന് മറ്റു പല ഡിപ്പോകളിൽ നിന്നും സ്വയം സന്നദ്ധരായി, വരുമാനം പ്രതീക്ഷിക്കാതെ ചെന്നൈ ദുരിതാശ്വാസ മേഖലയിലേക്ക് സൗജന്യ സർവ്വീസ് നടത്താൻ ജീവനക്കാർ മുന്നിട്ടിറങ്ങി. ആലപ്പുഴ, കോട്ടയം, കണ്ണൂർ തുടങ്ങിയ ഡിപ്പോകളിൽ നിന്നും ചെന്നൈ സർവ്വീസ് നടത്തി.

മാത്രമല്ല, ഈ ബസുകളിൽ ഭക്ഷണം, വെള്ളം, വസ്ത്രങ്ങൾ തുടങ്ങിയവയും ഡിപ്പോ ജീവനക്കാരും, സന്നദ്ധപ്രവർത്തകരും ചേർന്ന് കൊടുത്തുവിട്ടു. എന്നാൽ, ഇക്കാര്യങ്ങളൊന്നും മാദ്ധ്യമങ്ങൾ വാർത്തയാക്കിയില്ല. പക്ഷേ സോഷ്യൽ മീഡിയ ഈ നല്ല കാര്യത്തിനോട് കണ്ണടക്കാത്തതുകൊണ്ട് നാലു പേരറിയുകയായിരുന്നു.

അതിനിടെ, തമിഴ്‌നാട്ടിലെ പ്രമുഖ മാദ്ധ്യമങ്ങളിൽ നിന്നും കെഎസ്ആർടിസിക്കു കൈയടി ലഭിച്ചു. ദിനമലർ എന്ന പത്രത്തിന്റെ ഫേസ്‌ബുക്ക് പേജിൽ കെഎസ്ആർടിസിയെ പ്രശംസിച്ചും ഒപ്പം തമിഴ്‌നാട് മുഖ്യമന്ത്രിയെ പരിഹസിച്ചുമാണ് വാർത്ത പ്രത്യക്ഷപ്പെട്ടത്. 'കൊയംമ്പേടിൽ നിന്നും സൗജന്യമായി പുറം ലോകത്തേക്കു യാത്രചെയ്യാൻ കേരള സർക്കാർ 60 ബസുകൾ ലഭ്യമാക്കിയിരിക്കുന്നു. അവയുടെ മുമ്പിൽ അവരുടെ മുഖ്യമന്ത്രിയുടെ ചിത്രം ഒട്ടിച്ചില്ല എന്നത് പ്രത്യേകം പരാമർശിക്കേണ്ടിയിരിക്കുന്നു' എന്നാണു ദിനമലർ കെഎസ്ആർടിസിയുടെ ചിത്രത്തിനൊപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ്.

നന്മ നിറഞ്ഞ ആനവണ്ടികളെ ഒരിക്കലും മറക്കാനാകില്ലെന്നു ദുരിതമേഖലയിൽ നിന്നു രക്ഷപ്പെട്ടവരും പറയുന്നു. കോയമ്പേട് മൊഫ്യൂസൽ ബസ് ടെർമിനലിൽ നിന്ന് ഇതുവരെ ഒരു സർവീസ് പോലും നടത്താത്ത കേരള ആർടിസി ചെന്നൈയിൽ നിന്ന് ഒറ്റ ദിവസം 12 സർവീസ് നടത്തി ചരിത്രം കുറിക്കുകയായിരുന്നു. തമിഴ്‌നാടിന്റെ എസ്ടിസിയും കർണാടകയും പ്രൈവറ്റ് ബസുകാരും തലയെണ്ണി കാശു വാങ്ങി ലാഭം നേടിയപ്പോൾ ചില്ലിക്കാശ് പോലും വാങ്ങാതെയാണ് ആളുകളെ തുമ്പിക്കയ്യിലേന്തി ആനവണ്ടി കൊണ്ടുപോയതെന്ന് സോഷ്യൽ മീഡിയ പറയുന്നു. അക്ഷരാർഥത്തിൽ ചെന്നൈ മൊഫ്യൂസൽ ബസ് ടെർമിനൽ ആനവണ്ടി ഇളക്കി മറിച്ചു. നിറത്തിലുള്ള ഭംഗിയും ബസിന്റെ ആകാരവും പിന്നെ കണ്ടുപരിചയമില്ലാത്ത കാഴ്ചയെന്ന നിലയിലും എല്ലാവരും വായും പൊളിച്ചാണ് ആനവണ്ടിയെ നോക്കി നിന്നത്. എന്തായാലും ചെന്നൈ നഗരം ഒരിക്കലും മറക്കില്ല ഈ നന്മനിറഞ്ഞ ആനവണ്ടികളെയെന്നും ദൃക്‌സാക്ഷികൾ ഫേസ്‌ബുക്കിൽ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP