Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബുർഖ ധരിച്ചതിലൂടെ ഖദീജ അവളുടെ സ്വാതന്ത്ര്യം കണ്ടെത്തുകയാണു ചെയ്തത്; മകളുടെ ലാളിത്യവും സാമൂഹ്യ പ്രതിബദ്ധതയും കണ്ട് പലപ്പോഴും തനിക്ക് അദ്ഭുതം തോന്നിയിട്ടുണ്ട് എന്നും എ ആർ റഹ്മാൻ; എഴുത്തുകാരി തസ്ലീമ നസ്‌റിന്റെ വിവാദ പരാമർശത്തിൽ ഖദീജക്ക് പിന്നാലെ മറുപടിയുമായി പിതാവും

ബുർഖ ധരിച്ചതിലൂടെ ഖദീജ അവളുടെ സ്വാതന്ത്ര്യം കണ്ടെത്തുകയാണു ചെയ്തത്; മകളുടെ ലാളിത്യവും സാമൂഹ്യ പ്രതിബദ്ധതയും കണ്ട് പലപ്പോഴും തനിക്ക് അദ്ഭുതം തോന്നിയിട്ടുണ്ട് എന്നും എ ആർ റഹ്മാൻ; എഴുത്തുകാരി തസ്ലീമ നസ്‌റിന്റെ വിവാദ പരാമർശത്തിൽ ഖദീജക്ക് പിന്നാലെ മറുപടിയുമായി പിതാവും

മറുനാടൻ ഡെസ്‌ക്‌

എ ആർ റഹ്മാന്റെ മകൾ ഖദീജ ബുർഖ ധരിക്കുന്നത് കാണുമ്പോൾ തനിക്ക് വീർപ്പുമുട്ടലുണ്ടാകുന്നു എന്നായിരുന്നു എഴുത്തുകാരി തസ്ലീമ നസ്‌റിൻ പറഞ്ഞത്. ഇതിന് മറുപടിയുമായി ഖദീജ തന്നെ രംഗത്ത് വന്നിരുന്നു. താൻ ജീവിതത്തിൽ തിരഞ്ഞെടുത്ത വഴികളെ കുറിച്ച് യാതൊരു കുറ്റബോധവും തോന്നിയിട്ടില്ലെന്നും തന്റെ രീതികളിൽ ഏറെ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു എന്നുമായിരുന്നു ഖദീജയുടെ പ്രതികരണം. ഇത് സംബന്ധിച്ച് ഖജീജയുടെ സോഷ്യൽ മീഡിയ കുറിപ്പും വൈറലായിരുന്നു. വിമർശനങ്ങളെ കൈകാര്യം ചെയ്ത രീതി മികച്ചതാണെന്ന് അഭിപ്രായപ്പെട്ട് പലരും ഖദീജയെ പ്രശംസിച്ചിരുന്നു. ഇപ്പോഴിതാ എ ആർ റഹ്മാൻ തന്നെ ഈ വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ബുർഖ ധരിക്കുന്നത് മകളുടെ സ്വന്തം ഇഷ്ടപ്രകാരമാണെന്നും മക്കൾക്ക് സ്വതന്ത്രമായി കാര്യങ്ങൾ ചെയ്യാനുള്ള അവകാശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് റഹ്മാൻ ഇക്കാര്യം തുറന്നുപറഞ്ഞത്.

ബുർഖ ധരിക്കുക എന്നത് മകൾ സ്വന്തം ഇഷ്ടപ്രകാരം എടുത്ത തീരുമാനമാണ് എന്ന് റഹ്മാൻ പറയുന്നു. അതിനെ മതപരമായ തീരുമാനത്തേക്കാൾ സൈക്കോളജിക്കൽ തീരുമാനമെന്നു കരുതാനാണ് വ്യക്തിപരമായി ഞാനാഗ്രഹിക്കുന്നത്. നമ്മുടെ ബുദ്ധിമുട്ടുകൾ മക്കളെയും അറിയിച്ചു വളർത്തുന്നതാണ് നല്ല രീതി. അങ്ങനെ അവർക്കു നമ്മുടെ പ്രശ്‌നങ്ങൾ തിരിച്ചറിയാനും സാധിക്കും. മാതാപിതാക്കളിൽ നിന്നു നല്ലതും ചീത്തയും സ്വീകരിക്കേണ്ടി വരുമെന്ന് അവരും മനസ്സിലാകണം. അത്രയേയുള്ളൂ, ബാക്കിയെല്ലാം അവരുടെ ആഗ്രഹപ്രകാരമാണ്, അവരുടെ ഇഷ്ടപ്രകാരമാണു കാര്യങ്ങൾ ചെയ്യുന്നത്. അതാണ് ഖദീജ ചെയ്തതും എന്നും റഹ്മാൻ പറയുന്നു.

വിമർശനങ്ങളോടു പ്രതികരിക്കുന്നതിനു മുൻപ് ഖദീജ വീട്ടിൽ ആരോടും ആലോചിച്ചില്ല. അവളുടെ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഈ അടുത്ത് അവൾ 'അഹിംസ എന്ന ഗാനം പാടിയിരുന്നു. അത് വളരെയേറെ ശ്രദ്ധിക്കപ്പെടുകയും ഒരു കോടിയിലേറെ പേർ ആ പാട്ട് അവരുടെ റിങ്‌ടോണാക്കുകയും ചെയ്തു. പെട്ടെന്നാണ് അവർ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയത്. ഒട്ടേറെ പേർ നല്ലതും മോശവുമെല്ലാം പറഞ്ഞുതുടങ്ങിയപ്പോൾ ഒരുപക്ഷേ അതിൽനിന്നെല്ലാം ഒഴിഞ്ഞു മാറി നിൽക്കുക എന്ന ഉദ്ദേശത്തോടും കൂടി ആയിരിക്കാം അവൾ ബുർഖ ധരിക്കുന്നത്.

അവസരം ലഭിച്ചാൽ താനും ബുർഖ ധരിക്കും എന്ന് റഹ്മാൻ പറയുന്നു. പക്ഷേ, ഒരു പുരുഷൻ അതു ധരിക്കേണ്ട ആവശ്യമില്ല. അല്ലാത്തപക്ഷം ഞാൻ തീർച്ചയായും ധരിക്കും. പുറത്തിറങ്ങാനും ഷോപ്പിങ്ങിനുമെല്ലാം എന്തെളുപ്പമാണ്. ബുർഖ ധരിച്ചതിലൂടെ ഖദീജ അവളുടെ സ്വാതന്ത്ര്യം കണ്ടെത്തുകയാണു ചെയ്തത്. അത്രയേറെ സമൂഹവുമായി ഇടപഴകുന്ന കുട്ടിയാണൾ. വീട്ടു ജോലിക്കാരിയുടെ അമ്മയോ ബന്ധുവോ മരിച്ചാൽ പോലും അവൾ അവരുടെ വീട്ടിൽപോകും. അവളുടെ ലാളിത്യവും സാമൂഹ്യ പ്രതിബദ്ധതയും കണ്ട് പലപ്പോഴും എനിക്ക് അദ്ഭുതം തോന്നിയിട്ടുണ്ട് എന്നും റഹ്മാൻ പറഞ്ഞു.

ബുർഖ ധരിച്ച് മാത്രം പൊതു ഇടങ്ങളിൽ എത്താറുള്ള ഖദീജയുടെ സ്വഭാവത്തെ വിമർശിച്ച് ട്വിറ്ററിലൂടെ ആയിരുന്നു തസ്ലീമയുടെ വിമർശനം. തനിക്ക് എ.ആർ.റഹ്മാന്റെ സംഗീതം വളരെ ഇഷ്ടമാണെന്നും എന്നാൽ അദ്ദേഹത്തിന്റെ മകളെ കാണുമ്പോൾ വീർപ്പുമുട്ടൽ തോന്നുന്നു എന്നുമാണ് തസ്ലീമ ട്വീറ്റ് ചെയ്തത്. ഒരു കലാ കുടുംബത്തിലെ വിദ്യാസമ്പന്നരായ സ്ത്രീകളുടെ ചിന്താഗതികളെ എളുപ്പത്തിൽ മാറ്റിമറിക്കുന്നത് സങ്കടകരമാണെന്നും അവർ കൂട്ടിച്ചേർത്തു. ഖദീജയുടെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു തസ്ലീമയുടെ ട്വീറ്റ്.

ഇതിന് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ഖദീജ തന്നെ മറുപടി നൽകിയിരുന്നു. ' കഴിഞ്ഞ ഒരു വർഷമായിട്ട് ഈ വിഷയവുമായി ബന്ധപ്പെട്ടാണല്ലോ ചർച്ചകൾ. രാജ്യത്ത് മറ്റെന്തെല്ലാം പ്രശ്‌നങ്ങൾ നടക്കുന്നു. എന്നിട്ടും ഒരു സ്ത്രീയുടെ വസ്ത്രത്തെക്കുറിച്ചാണല്ലോ സംസാരം. അതോർക്കുമ്പോൾ എനിക്ക് അദ്ഭുതം തോന്നുന്നു. ഞാൻ ജീവിതത്തിൽ തിരഞ്ഞെടുത്ത വഴികളെക്കുറിച്ച് ഇതുവരെ യാതൊരു കുറ്റബോധവും തോന്നിയിട്ടില്ല. അതുമാത്രമല്ല, എന്റെ രീതികളിൽ ഞാൻ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. എന്നെ ഞാനായി അംഗീകരിച്ച എല്ലാവർക്കും നന്ദി. കൂടുതലൊന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

പ്രിയ തസ്ലീമ നസ്രിൻ, എന്റെ വസ്ത്രധാരണത്തിൽ നിങ്ങൾക്കു വീർപ്പുമുട്ടൽ തോന്നുന്നതിൽ എനിക്കു വിഷമമുണ്ട്. യഥാർഥ ഫെമിനിസം എന്താണെന്ന് അറിയാൻ ശ്രമിക്കൂ. മറ്റു സ്ത്രീകളെ ഭീഷണിപ്പെടുത്തുകയോ അവരുടെ പിതാക്കന്മാരെ അനാവശ്യ പ്രശ്‌നങ്ങളിലേക്കു വലിച്ചിഴയ്ക്കുകയോ ചെയ്യുന്നതല്ല ഫെമിനിസം'. ഖദീജ കുറിച്ചു. ഇതിന് പിന്നാലെയാണ് വിവാദത്തിൽ റഹ്മാൻ തന്നെ പ്രതികരിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP