Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വെള്ളി വിളക്ക് സാക്ഷിയാക്കി അംശവടിയും വാളും ഏറ്റുവാങ്ങി 38ാമത് അറയ്ക്കൽ സുൽത്താനയായി ആദിരാജാ ഫാത്തിമാ മുത്തുബീവി അധികാരമേറ്റു; സ്ഥാനാരോഹണത്തിന് സാക്ഷിയാകാൻ ചിറക്കൽ, പഴശ്ശി കുറുമ്പ്രനാട് ഹൈന്ദവ രാജവംശ പിന്മുറക്കാരുമെത്തി; സർക്കാറിനെ പ്രതിനിധീകരിച്ചെത്തിയത് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ: സ്ഥാനമേറ്റ ശേഷം രാജകീയ സന്ദേശം വിളംബരം ചെയ്തു ഫാത്തിമാ മുത്തുബീവി

വെള്ളി വിളക്ക് സാക്ഷിയാക്കി അംശവടിയും വാളും ഏറ്റുവാങ്ങി 38ാമത് അറയ്ക്കൽ സുൽത്താനയായി ആദിരാജാ ഫാത്തിമാ മുത്തുബീവി അധികാരമേറ്റു; സ്ഥാനാരോഹണത്തിന് സാക്ഷിയാകാൻ ചിറക്കൽ, പഴശ്ശി കുറുമ്പ്രനാട് ഹൈന്ദവ രാജവംശ പിന്മുറക്കാരുമെത്തി; സർക്കാറിനെ പ്രതിനിധീകരിച്ചെത്തിയത് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ: സ്ഥാനമേറ്റ ശേഷം രാജകീയ സന്ദേശം വിളംബരം ചെയ്തു ഫാത്തിമാ മുത്തുബീവി

രഞ്ജിത്ത് ബാബു

കണ്ണൂർ: വെള്ളി വിളക്ക് സാക്ഷിയാക്കി അംശവടിയും വാളും ഏറ്റുവാങ്ങി അറയ്ക്കൽ രാജവംശത്തിന്റെ 38 ാമത് സുൽത്താനായി ആദിരാജാ ഫാത്തിമാ മുത്തുബീവി അധികാരമേറ്റു. രാജഭരണത്തിന്റെ അധികാര രേഖകൾ ഭരണാവകാശിയായി ആദിരാജാ മുഹമ്മദ് റാഫി ഫാത്തിമാ മുത്തുബീവിക്ക് കൈമാറി. ചിറക്കൽ കോവിലകത്തെ രാജവംശ പ്രതിനിധി സി.കെ. കേരള വർമ്മരാജാ, പഴശ്ശി കുറുമ്പ്രനാട് രാജ വംശത്തിലെ രവീന്ദ്ര വർമ്മ എന്നീ ഹൈന്ദവ രാജവംശ പ്രതിനിധികളും സ്ഥാനാരോഹണ ചടങ്ങിനെത്തിയത് ക്ഷണിക്കപ്പെട്ട സദസ്സിന് കൗതുകമായി. ചടങ്ങിൽ സംസ്ഥാന സർക്കാറിനെ പ്രതിനിധീകരിച്ച് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സന്നിഹിതനായിരുന്നു.

വൈകീട്ട് 3.30 ഓടെ നിയുക്ത ബീവി അറയ്ക്കൽ പാലസിന് മുന്നിലെത്തിയപ്പോൾ പട്ടക്കാരും അംഗരക്ഷകരും ബീവിയെ അറയ്ക്കൽ കെട്ടിലേക്ക് ആനയിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും കണ്ണൂർ കോർപ്പറേഷൻ മേയർ ഇ.പി. ലതയും സുൽത്താനയെ വരവേറ്റു. അറയ്ക്കൽ പാലസിൽ പ്രത്യേകം ഒരുക്കിയ ഇരിപ്പിടത്തിൽ ഫാത്തിമാ മുത്തുബീവി ആസനസ്ഥയായപ്പോൾ ഇരുവശത്തും രാജ്യാവകാശികളായ സഹോദരീ പുത്രിമാരും സന്നിഹിതരായി. രാജകീയ വേഷത്തിൽ മുത്തുബീവി എത്തിയതോടെ പ്രാർത്ഥനാ ചടങ്ങ് നടന്നു.

തുടർന്നായിരുന്നു സ്ഥാനാരോഹണ കർമ്മങ്ങൾ. സ്ഥാനമേറ്റ ശേഷം ഫാത്തിമാ മുത്തുബീവിയുടെ രാജകീയ സന്ദേശം വിളംബരം ചെയ്തു. പേരമകൾ നികിത മുംതാസാണ് സന്ദേശം വായിച്ചത്. പരമ്പരാഗതമായി അറയ്ക്കൽ രാജവംശം കാത്തു സൂക്ഷിച്ചു പോന്ന മതസൗഹാർദ്ദവും ശാന്തിയും സമാധാനവും പുലർത്താനുള്ള ശ്രമം തുടർന്നുമുണ്ടാകുമെന്നായിരുന്നു സന്ദേശം. പഴയ കാല പ്രൗഢിയില്ലെങ്കിലും മത നിരപേക്ഷതക്ക് പ്രാധാന്യം നൽകണമെന്നും സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.

രാജഭരണ കാലത്തെ വർണ്ണാഭമായ ചടങ്ങുകൾ ഇപ്പോഴില്ലെങ്കിലും അറയ്ക്കൽ കുടുംബങ്ങളിലും അവരുമായി ബന്ധപ്പെട്ട് വരുന്നവർക്കും ഈ ചടങ്ങ് ഏറ്റവും സവിശേഷതയ്യാർന്നതാണ്. അറയ്ക്കൽ ഭരണാവകാശിയായ ആദിജാ മുഹമ്മദ് റാഫിയും കുടുംബങ്ങളുമാണ് രാജഭരണത്തിന്റെ ശേഷിപ്പുകൾ കൈമാറുക. അറയ്ക്കൽ രാജവംശത്തിന്റെ ഉത്ഭവം മുതൽ സ്ത്രീകൾ ഭരണമേൽക്കുന്നത് ഇത് 12 ാം തവണയാണ്. കേരളത്തിലെ ഏക മുസ്ലിം രാജവംശമെന്ന ബഹുമതി കൂടി അലങ്കരിക്കുന്ന അറയ്ക്കലിൽ മരുമക്കത്തായ സംമ്പ്രദായമായിരുന്നു പിൻതുടർന്ന് പോന്നിരുന്നത്. ഈ രാജവംശത്തിലെ പ്രായമുള്ളവർ ആരാണോ അവരാണ് സ്ത്രീ പുരുഷ ഭേദമില്ലാതെ രാജസ്ഥാനം അലങ്കരിക്കുന്നത്.

14 ാം നൂറ്റാണ്ടിന്റെ ആദ്യ ദശയിലാണ് കണ്ണൂരിലെ അറക്കൽ രാജവംശം സ്ഥാപിതമായത്. കോലത്തിരിയുടെ കപ്പൽ പടയുടെ അധിപതി രാമൻന്തളി അരയൻ കുളങ്ങര നായർ തറവാട്ടിലെ ഒരു വ്യക്തി ഇസ്ലാം മതത്തിൽ ചേർന്ന് മുഹമ്മദാലി ആയിത്തീരുകയും ഒരിക്കൽ അദ്ദേഹം ഏഴിമല പുഴയിൽ കുളിച്ചു കൊണ്ടിരിക്കേ നടുപ്പുഴയിലെത്തിയ ഒരു കോലത്തിരി തമ്പുരാട്ടി മുങ്ങി താഴുന്നത് കണ്ടെന്നും പുഴയിൽ ചാടി തമ്പ്രാട്ടിയെ രക്ഷിക്കുകയും ചെയ്തു. പുഴയിൽ മുങ്ങി കൊണ്ടിരിക്കുന്ന തന്നെ രക്ഷിച്ച യുവാവിന് തമ്പ്രാട്ടി വിവാഹം കഴിക്കാൻ നിർബന്ധം പിടിക്കുകയും കോലത്തിരി രാജാവ് തന്നെ മമ്മാലിക്ക് തമ്പ്രാട്ടിയെ വിവാഹം കഴിക്കാൻ അനുമതി നൽകുകയും ചെയ്തു. അങ്ങിനെ ഉത്ഭവിച്ചതാണ് അറക്കൽ രാജവംശം എന്നാണ് ഐതീഹ്യം.

അറക്കൽ രാജകുടുംബത്തിന്റെ സ്ഥാപകൻ മുഹമ്മദലി എന്നു പേരുള്ള ഒരു രാജാവായിരുന്നുവെന്ന് മലബാർ മാന്യുവലിൽ വില്യും ലോഗൻ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ ആദ്യത്തെ രാജാവ് മുഹമ്മദലിയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അറക്കൽ സ്വരൂപത്തിലെ ഭരണാധിപന്മാരെല്ലാം അലിരാജാ എന്ന് പേര് ചേർത്തിരുന്നു. കേരളത്തിലെ ആദ്യ മുസ്ലിം ഭരണാധികാരി എന്ന നിലയിൽ ആധിരാജാ എന്നും കടലുകളുടെ അധിപതി എന്ന നിലിയിൽ ആഴി രാജാ എന്നും പേര് വന്നതായും അറിയുന്നു. ഇന്നത്തെ ധർമ്മടം അക്കാലത്തെ ധർമ്മ പട്ടണമായിരുന്നു. അവിടെ നിന്നും മതപരിവർത്തനത്തിന് ശേഷം അറക്കൽ കുടുംബം കണ്ണൂരിൽ സ്ഥിര താമസമാക്കി. കോട്ട കൊത്തളങ്ങളും പ്രാർത്ഥനാലയങ്ങളും അവർ നിർമ്മിച്ചു. കണ്ണൂരിനെ ഒരു പ്രധാന തുറമുഖ പട്ടണമാക്കിയത് അറക്കൽ രാജവംശമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP