Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിഴിഞ്ഞവും ആറന്മുളയും കൂട്ടുകച്ചവടമോ? വിമാനത്താവളത്തിന് തത്വത്തിൽ അനുമതിയുണ്ടെന്ന് ലോക്‌സഭയിൽ കേന്ദ്ര മന്ത്രി; പ്രധാനമന്ത്രിയുടെ പ്രോജക്ട് മോണിറ്ററിങ് കമ്മറ്റിയുടെ പരിഗണനയിൽ പദ്ധതിയുണ്ടെന്ന് സൂചന; വിമാനം പറപ്പിക്കാൻ മോദിയെത്തുമെന്ന കെജിഎസിന്റെ വാദം സത്യമാകുമോ?

വിഴിഞ്ഞവും ആറന്മുളയും കൂട്ടുകച്ചവടമോ? വിമാനത്താവളത്തിന് തത്വത്തിൽ അനുമതിയുണ്ടെന്ന് ലോക്‌സഭയിൽ കേന്ദ്ര മന്ത്രി; പ്രധാനമന്ത്രിയുടെ പ്രോജക്ട് മോണിറ്ററിങ് കമ്മറ്റിയുടെ പരിഗണനയിൽ പദ്ധതിയുണ്ടെന്ന് സൂചന; വിമാനം പറപ്പിക്കാൻ മോദിയെത്തുമെന്ന കെജിഎസിന്റെ വാദം സത്യമാകുമോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ആരു പറയുന്നത് വിശ്വസിക്കണം. ആറന്മുളയിൽ വിമാനം ഉയരില്ലെന്ന് പറയുന്ന കേന്ദ്ര മന്ത്രി പ്രകാശ് ജാവദേകർ. ഒരു അനുമതിയും വിമാനത്താവളത്തിന് കിട്ടില്ലെന്ന് വിശദീകരിക്കുന്ന ബിജെപി സംസ്ഥാന നേതൃത്വവും സംഘപരിവാറും. വിമാനത്താവളം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുമെന്ന് വ്യക്തമാക്കിയ കെജിഎസ്. പിന്നെ ഇപ്പോൾ ആറന്മുള വിമാനത്താവളത്തിന് തത്വത്തിൽ അനുമതിയുണ്ടെന്ന് രേഖാ മൂലം വിശദീകരിക്കുന്ന കേന്ദ്രവ്യോമയാന സഹമന്ത്രി മഹേഷ് ശർമ. ഇതോടെ ആറന്മുളയിൽ കള്ളക്കളികൾ സജീവമാണെന്ന് വ്യക്തമാകുന്നു. 

ബിജെപിയിലെ ഒരു വിഭാഗം വിമാനത്താവളത്തിന് പ്രത്യക്ഷത്തിൽ എതിരാണ്. എന്നാൽ കെജിഎസ് പറയുന്നതു പോലെ കേന്ദ്ര സർക്കാരിന് വിമാനത്താവള പദ്ധതിയിൽ കണ്ണൂണ്ടെന്നാണ് സൂചന. വിഴിഞ്ഞം തുറമുഖം അദാനി പോർട്ടിന് നൽകിയത് പ്രധാനമന്ത്രി മോദിയുടെ മനസ്സുകൂടി കണക്കിലെടുത്താണ്. ഈ പങ്കുകച്ചവടത്തിൽ ആറന്മുളയുമുണ്ടെന്നാണ് വിവരം. സംസ്ഥാന സർക്കാരിന്റെ എല്ലാ പിന്തുണയുമുള്ള ആറന്മുള വിമാനത്താവളത്തെ അനുകൂലിക്കുമെന്ന ചില ഉറപ്പ് ഈ ഘട്ടത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ലഭിച്ചിരുന്നു. പാരിസ്ഥിതി പഠനം അനുകൂലമായാൽ ആരെതിർത്താലും വിമാനത്താവളം വരും. അതു വരെ കേന്ദ്ര സർക്കാർ ഒളിച്ചു കളി തുടരും. ആറന്മുളയിൽ പാരിസ്ഥിതി പ്രശ്‌നമില്ലെന്ന് തെളിയിക്കേണ്ടത് കെജിഎസിന്റേയും സംസ്ഥാന സർക്കാരിന്റേയും ചുമതലയാണ്. അതുവരെ മാത്രമേ കേന്ദ്ര സർക്കാർ മൗനം പാലിക്കൂവെന്നാണ് സൂചന.

പാരിസ്ഥിതിക പഠനത്തിൽ ആറന്മുളക്കാരുടെ വാദവും കേൾക്കും. കെജിഎസിന്റെ വാദങ്ങളെ തള്ളിക്കളയാൻ അവിടെ അവസരമുണ്ട്. അതു കഴിഞ്ഞ് കാര്യങ്ങൾ കൃത്യമായി വിശദീകരിക്കാൻ കെജിഎസിനായാൽ ആറന്മുളയിലെ പരിസ്ഥിതി റിപ്പോർട്ട് അനുകൂലമാകും. കഴിഞ്ഞ തവണ പഠനം നടത്തിയ സംഘടനയുടെ ആധികാരികത മാത്രം ചോദ്യം ചെയ്താണ് ഹരിത ട്രിബ്യൂണൽ പദ്ധതിയെ എതിർത്തത്. പാരിസ്ഥിതിക പഠനത്തിന്റെ മെരിറ്റിലേക്ക് പോയിരുന്നില്ല. അതുകൊണ്ട് തന്നെ അടുത്ത പാരിസ്ഥിതി പഠനം വിമാനത്താവളത്തിന് അനുകൂലമായാൽ ഹരിത ട്രിബ്യൂണലും സുപ്രീംകോടതിയുമെല്ലാം മെരിറ്റിലേക്ക് കടക്കും. ആ സാഹചര്യത്തിൽ കോടതി വിധികളെ അനുകൂലമാക്കാൻ പഴുതുകൾ അടച്ചാകും പാരിസ്ഥിതിക പഠനം പൂർത്തിയാക്കുക. ഇവയെല്ലാം അനുകൂലമാകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് കേന്ദ്ര വ്യോമയാന വകുപ്പും.

ആറന്മുള വിമാനത്താവളമുൾപ്പെടെ 15 വിമാനത്താവളങ്ങൾക്ക് തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ടെന്നും കേന്ദ്രവ്യോമയാന സഹമന്ത്രി മഹേഷ് ശർമ പറഞ്ഞത്. ആറന്മുള വിമാനത്താവളത്തിന് അനുമതി നൽകില്ലെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്ക്കർ നേരത്തെ അറിയിച്ചത്. പ്രതിരോധ മന്ത്രാലയവും വിമാനത്താവളത്തിന് നൽകിയ അനുമതി റദ്ദാക്കിയിരുന്നു. എന്നാൽ ഇതിനൊക്കെ വിരുദ്ധമായാണ് മഹേഷ് ശർമ ഇന്നു ലോക്‌സഭയിൽ പറഞ്ഞത്. ആറന്മുള വിമാനത്താവളം കേന്ദ്രസർക്കാരിന്റെ പരിഗണനയിലുണ്ടെന്നു വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകൾ. മൂന്നു മന്ത്രാലയങ്ങളാണ് ആറന്മുള വിമാനത്താവളത്തിന് അനുമതി നൽകിയത്. ഇതിൽ പരിസ്ഥി മന്ത്രാലയത്തിന്റെ അനുമതി ദേശീയ ഹരിത ട്രിബ്യൂണൽ റദ്ദാക്കുകയും അതു സുപ്രീംകോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു.

2011 ൽ യുപിഎ സർക്കാരിന്റെ കാലത്താണ് പ്രതിരോധ മന്ത്രാലയം അനുമതി നൽകിയത്. ഏതാനും ദിവസം മുൻപ് അനുമതി റദ്ദാക്കിക്കൊണ്ട് പ്രതിരോധമന്ത്രാലയവും ഉത്തരവിറക്കി. ഇതിന്റെ പകർക്ക് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന് അയച്ചും കൊടുത്തിരുന്നു. എന്നിട്ടും ലോക്‌സഭയിൽ മന്ത്രിയുടെ നിലപാട് വിമാനത്താളവത്തിന് അനുകൂലമായി. രാജ്യത്ത് ഈ വർഷം നിർമ്മിക്കാനുദ്ദേശിക്കുന്ന 15 വിമാനത്താവളങ്ങളുടെ പട്ടികയിൽ കേന്ദ്രം ഉൾപ്പെടുത്തിയ പദ്ധതിയാണിത്. രണ്ടു ഘട്ടങ്ങളിലായി 2000 കോടി രൂപ മുതൽ മുടക്കി നിർമ്മിക്കുന്ന പദ്ധതിയാണ് ആറന്മുള വിമാനത്താവളം. പ്രധാനമന്ത്രിയുടെ പ്രോജക്ട് മോണിറ്ററിങ് ഗ്രൂപ്പിന്റെ പരിഗണനയിലും വിമാനത്താവളമുണ്ട്. സാമ്പത്തിക സർവ്വേയിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലും വിമാനത്താവളം പ്രാധാന്യത്തോടെ ഇടം നേടി. ഈ സാഹചര്യത്തിൽ വികസന പദ്ധതിയെന്ന നിലയിൽ ആറന്മുളയും കേന്ദ്ര സർക്കാർ പരിഗണിക്കുമെന്നാണ് കെജിഎസിന്റെ വാദം.

നിയമപരമായ എല്ലാം അനുകൂലമായാൽ ആർക്കും പദ്ധതിയെ എതിർക്കാൻ കഴിയില്ല. പരിസ്ഥിതിയെ ഉയർത്തിയാണ് സമരങ്ങൾ. പഠനത്തിലൂടെ അത് മറികടക്കാനായാൽ പിന്നെ എല്ലാം നിമിഷനേരം കൊണ്ട് കിട്ടുമെന്നാണ് കെജിഎസിലെ പ്രമുഖൻ മറുനാടനോട് പ്രതികരിച്ചത്. വികസന പ്രതിബന്ധതയാണ് കേന്ദ്ര സർക്കാരിന്റെ മുഖമുദ്ര. വ്യാജ ആരോപണങ്ങളുയർത്തിയുള്ള സമരങ്ങളെ അനുകൂലിക്കുന്നതല്ല വികസനത്തിന് വേണ്ടത്. അത് പ്രധാനമന്ത്രി മോദിക്കുമറിയാം. കൃത്യമായി പരിസ്ഥിതി പഠനം നടത്തി കാര്യങ്ങൾ അനുകൂലമാക്കിയാൽ വിമാനത്താവളത്തെ എതിർക്കാർ ആർക്കും കഴിയില്ല. സംസ്ഥാന സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ടെന്നും കെജിഎസ് വിശദീകരിക്കുന്നു. എന്നാൽ ഒരു കാരണവശാലും പരിസ്ഥിതി പഠനം വിമാനത്താവളത്തിന് അനുകൂലമാകില്ലെന്ന വിശ്വാസത്തിലാണ് ബിജെപിയും സംഘപരിവാറും.

കെജിഎസ് കാശിന്റെ ഹുങ്കാണ് എല്ലാ വാർത്തകൾക്കും കാരണം. ചില ഉദ്യോഗസ്ഥരെ സ്വാധീനിച്ചിട്ടുണ്ട്. അവരാണ് എല്ലാവരേയും തെറ്റിധരിപ്പിക്കുന്നത്. പരിസ്ഥിതി മന്ത്രി ജവദേകറിന് എല്ലാ കാര്യങ്ങളുമറിയാം. അതുകൊണ്ട് തന്നെ ആറന്മുളയിൽ ഒന്നും നടക്കില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം ഇപ്പോഴും പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP