Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആറന്മുള വിമാനത്താവളം കൊണ്ട് രാഷ്ട്രീയ നേട്ടം കൊയ്ത സിപിഎം കുടിൽ കെട്ടി സമരത്തിന് കൊണ്ടുവന്നവരെ ഉപേക്ഷിച്ചു; കിടക്കാനിടമില്ലാതെ, കുടിക്കാൻ വെള്ളമില്ലാതെ സമരഭൂമിയിൽ പാവങ്ങളുടെ നരകജീവിതം; നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടി രംഗത്തിറക്കിയവർ വൻ ദുരിതത്തിൽ: സർക്കാരിനെതിരേ സമരത്തിനൊരുങ്ങി അന്തേവാസികൾ

ആറന്മുള വിമാനത്താവളം കൊണ്ട് രാഷ്ട്രീയ നേട്ടം കൊയ്ത സിപിഎം കുടിൽ കെട്ടി സമരത്തിന് കൊണ്ടുവന്നവരെ ഉപേക്ഷിച്ചു; കിടക്കാനിടമില്ലാതെ, കുടിക്കാൻ വെള്ളമില്ലാതെ സമരഭൂമിയിൽ പാവങ്ങളുടെ നരകജീവിതം; നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടി രംഗത്തിറക്കിയവർ വൻ ദുരിതത്തിൽ: സർക്കാരിനെതിരേ സമരത്തിനൊരുങ്ങി അന്തേവാസികൾ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ആറന്മുള വിമാനത്താവളം എന്ന ആശയം മുന്നോട്ടു കൊണ്ടുവന്നതും അത് പ്രാവർത്തികമാക്കാൻ മുന്നിട്ടിറങ്ങിയതും സിപിഎമ്മായിരുന്നു. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയും കെസി രാജഗോപാലൻ ആറന്മുള എംഎൽഎയുമായിരുന്നപ്പോഴാണ് വിമാനത്താവവളത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചത്. എന്നാൽ, പിന്നീട് എ പത്മകുമാറിന്റെ നേതൃത്വത്തിലുള്ള പിണറായി വിഭാഗം വിമാനത്താവളത്തിനെതിരേ തിരിഞ്ഞു. വിമാനത്താവളത്തിനെതിരേ ആദ്യം രംഗത്തു വന്ന കോൺഗ്രസ് യുഡിഎഫിന് ഭരണം കിട്ടിയതോടെ നിലപാട് മാറ്റി. ഇതിനെതിരേ ആദ്യം ബിജെപിയും പിന്നാലെ സിപിഎമ്മും സമരവുമായി രംഗത്തു വന്നു. പിന്നീട് രണ്ടു കൂട്ടരും വിമാനത്താവള സമരത്തിൽ ഒന്നിക്കുന്നതാണ് കണ്ടത്.

കഴിഞ്ഞ ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പു കാലത്ത് സിപിഎം വിമാനത്താവള വിരുദ്ധ സമരം പ്രചാരണ വിഷയമാക്കി. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി പദ്ധതി പ്രദേശത്ത് ചെങ്ങറ മോഡലിൽ കുടിൽ കെട്ടി സമരം ആരംഭിച്ചു. ഇതിനായി വിളിച്ചു കൊണ്ടു വന്നത് ഭൂരഹിതരായ പാവങ്ങളെയായിരുന്നു. സിപിഎം നേതാക്കൾ ആളും അർഥവും നൽകി ഇവരെ സഹായിച്ചതോടെ സമരക്കാർക്ക് പ്രതീക്ഷയായി. ഇവിടെ തന്നെ വീടും സ്ഥലവും നൽകാമെന്ന സിപിഎം നേതാക്കളുടെ വാക്ക് വിശ്വസിച്ച സമരക്കാർ പിന്നീട് വഞ്ചിക്കപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം അധികാരത്തിലേറിയതോടെ സമരക്കാരുടെ ദുരിതം ആരംഭിച്ചു.

സർക്കാരും എംഎൽഎയും ഇവിടേക്ക് തിരിഞ്ഞു നോക്കാതായി. മഴയും വെയിലും വെള്ളപ്പൊക്കവുമെല്ലാം ഇവിടെ കുടിൽ കെട്ടിയ മനുഷ്യ ജീവിതങ്ങളെ വല്ലാണ്ട് വലച്ചു. സിപിഎമ്മിന്റെയും കെഎസ്‌കെടിയുവിന്റെയും നേതാക്കൾ അറിയാതെ പോലും അവിടേക്ക് തിരിഞ്ഞു നോക്കാതായി. സാമ്പത്തികമായും ശാരീരികമായും തളർന്ന് പ്രതീക്ഷയറ്റ ഇവിടുത്തെ പച്ചമനുഷ്യർ സമരരംഗത്തേക്ക് നീങ്ങുകയാണ്. തങ്ങളെ പറഞ്ഞു പറ്റിച്ചവരെ തുറന്നു കാട്ടുകയാണ് ലക്ഷ്യം. ഇതിന് മുന്നോടിയായി സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ കൂട്ടായ്മ രൂപീകരിച്ചു. ആറന്മുള വിമാനത്താവള വിരുദ്ധ സമരം കൊടുമ്പിരിക്കൊണ്ടപ്പോൾ ഇതിന് ശക്തി വർധിപ്പിക്കാനായാണ് വിവിധ പ്രദേശങ്ങളിൽ നിന്നായി നൂറ്റി ഇരുപതിലധികം കുടുംബങ്ങളെ ഇവിടേക്ക് കൊണ്ടുവന്നത്.

വീടും സ്ഥലവും ഇല്ലാത്തവർക്കൊപ്പം ഇവയൊക്കെ ഉള്ളവരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. സമരം അവസാനിക്കുകയും രാഷ്ട്രീയക്കാർ പിൻവാങ്ങുകയും ചെയ്തതോടെ കുടിൽ കെട്ടിയവർക്കു തുണയില്ലാതെയായി. ഇതോടെ തിരികെ പോകാൻ ഇടമുള്ളവർ മിക്കവരും മടങ്ങി. ഇതിനിടെ നിരവധി തവണ പദ്ധതി പ്രദേശത്തു വെള്ളം കയറി. പിന്നാലെ മഹാപ്രളയം കൂടി വന്നതോടെ പദ്ധതി പ്രദേശത്തെ കുടിലും കൃഷിയുമെല്ലാം നശിച്ചു. മറ്റൊരു മാർഗവുമില്ലാതെ ഇവർ പട്ടിണിയിലേക്ക് നീങ്ങുകയും ചെയ്തു.ആറന്മുളയുമായി ബന്ധമില്ലാത്ത ഇവർക്ക്
കൂലിപ്പണി പോലും ലഭിക്കാത്ത സ്ഥിതിയിലുമെത്തി. നിരവധി തവണ ജനപ്രതിനിധികളെയും വില്ലേജ് ഓഫീസ് മുതൽ ജില്ലാ ഭരണ കൂടം, മുഖ്യമന്ത്രി വരെയും സമീപിച്ചെങ്കിലും ഫലം കണ്ടില്ല.

ആദ്യകാലത്തു ഒപ്പം നിന്ന രാഷ്ട്രീയക്കാർ ആരും തിരിഞ്ഞു നോക്കാതെയുമായി. എങ്ങനെയും താമസക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലായി അധികാരത്തിൽ എത്തിയ സമര നേതാക്കൾ. പ്രളയത്തിൽ കുടിലുകൾ മുഴുവൻ മുങ്ങി എല്ലാം നഷ്ടപ്പെട്ട ഇവർക്ക് സർക്കാർ സഹായങ്ങളൊന്നും ലഭിച്ചിരുന്നില്ല. വില്ലേജ് ഓഫീസ് മുതൽ കലക്ടറേറ്റ് വരെയുള്ള ഉദ്യോഗസ്ഥർ തങ്ങളെ അവഗണിക്കുകയാണെന്നും തങ്ങളെ ഇവിടെയെത്തിച്ച രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പോലും തങ്ങളോട് മോശമായാണ് പെരുമാറുന്നതെന്നും ഇവർ ആരോപിച്ചിരുന്നു. ഇവർ ആനുകൂല്യങ്ങൾക്ക് അർഹത ഇല്ലാത്തവരെന്ന് വരുത്തി തീർക്കാനാണ് നേതാക്കൾ ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്. വിമാനത്താവള പദ്ധതി പ്രദേശം മിച്ച ഭൂമിയാണെന്ന് സ്ഥിതീകരിക്കാൻ കഴിയുന്നുമില്ല.ഇതുമായി ബന്ധപ്പെട്ട നിരവധി കേസുകൾ ഇപ്പോഴും മുൻസിഫ് കോടതി മുതൽ സുപ്രീം കോടതി വരെയും വിവിധ ട്രിബ്യൂണലുകളിലും തുടരുകയാണ്.

വിമാനത്താവളത്തിനായി ഭൂമി വിട്ടു നൽകിയവരും ബിനാമികളും ഒക്കെ ഇത് തിരികെ വേണമെന്ന ആവശ്യവുമായി സർക്കാരിനെയും കോടതികളെയും സമീപിച്ചിട്ടുണ്ട്. ഇതോടെ ഇവിടെ തന്നെ ഭൂമി നൽകുക എളുപ്പമല്ലത്രെ. താമസക്കാർ ത്രിശങ്കുവിലുമായി. ഇതിന് പരിഹാരം വേണമെന്ന ആവശ്യവുമായി ബന്ധപ്പെട്ടവരെ താമസക്കാർ സമീപിച്ചിരിക്കുന്നത്. പിന്തുണയുമായി ഇടത് അനുകൂല സംഘടനകളും സാമൂഹിക പ്രവർത്തകരും രംഗത്ത് എത്തിയിട്ടുണ്ട്. ഇവർ രൂപീകരിച്ച കൂട്ടായ്മയുടെ നേതൃത്വത്തിൽ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാണ് ഇവരുടെ തീരുമാനം.

ഇതിനിടെ ജില്ലാ ഭരണകൂടം ഇവരെ പറ്റി റിപ്പോർട്ട് ആവശ്യപ്പെട്ടു. അന്വേഷണത്തിനായി ആറന്മുള വില്ലേജ് ഓഫീസർ സമരഭൂമിയിലെത്തി താമസക്കാരുടെ പട്ടിക തയാറാക്കുകയും ചെയ്തു. പൊതു തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ സമരം ശക്തമാക്കാനാണ് താമസക്കാരുടെ ശ്രമം.എന്നാൽ ഇതൊരു വിഷയമല്ലെന്ന് വരുത്തി തീർക്കാൻ മറുഭാഗവും ശ്രമിക്കുമ്പോൾ ജില്ലാ ഭരണ കൂടത്തിന്റെ ഇടപെടൽ നിർണായകമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP