Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആറന്മുളയിൽ വിത്തെറിയാൻ പിണറായി എത്തുന്നത് പ്രവാസിയായ ബാലന്റെ കണ്ടത്തിൽ; കെജിഎസിന്റെ ഭൂമിയിൽ കൃഷിയെന്ന സുനിൽ കുമാറിന്റെ സ്വപ്‌നം നടക്കില്ല; വിമാനത്താവള ഭൂമിയിലെ നെൽകൃഷിയിൽ സർവ്വത്ര കള്ളക്കളി

ആറന്മുളയിൽ വിത്തെറിയാൻ പിണറായി എത്തുന്നത് പ്രവാസിയായ ബാലന്റെ കണ്ടത്തിൽ; കെജിഎസിന്റെ ഭൂമിയിൽ കൃഷിയെന്ന സുനിൽ കുമാറിന്റെ സ്വപ്‌നം നടക്കില്ല; വിമാനത്താവള ഭൂമിയിലെ നെൽകൃഷിയിൽ സർവ്വത്ര കള്ളക്കളി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: വീണ്ടെടുത്ത ആറന്മുള വിമാനത്താവള ഭൂമിയിൽ വിത്തെറിയാൻ പോകുന്ന സിപിഐ-എമ്മും എൽഡിഎഫും ചെന്നു ചാടിയത് ഊരാക്കുടുക്കിൽ. വിത്തെറിയാൻ കണ്ടെത്തിയ പാടം വിമാനത്താവളത്തിന്റെ ഏഴയലത്തു പോലുമല്ലെന്നതാണ് വസ്തുത. ഇതോടെ കെജിഎസിന് വീണ്ടും പ്രതീക്ഷയുടെ ചിറക് മുളച്ചു.

കെജിഎസിന് ഒത്താശ ചെയ്യുന്നത് ഇടതുപക്ഷമാണെന്ന രോപണത്തെ സാധൂകരിക്കുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ നടപടി. നിയമപരമായി വിമാനത്താവള ഭൂമിയിൽ ഒന്നും ചെയ്യാൻ സർക്കാരിന് കഴിയില്ല. ഇതു സംബന്ധിച്ച കേസുകൾ ഹൈക്കോടതിയിൽ നടക്കുകയാണ്. അനധികൃതമായി നികത്തിയ കരിമാരംതോട് പുനഃസ്ഥാപിക്കാൻ മാത്രമാണ് കോടതി അവകാശം നൽകിയിട്ടുള്ളത്. ആ സ്ഥിതിക്ക് വിമാനത്താവള ഭൂമിയിൽ കയറി കൃഷിയിറക്കിയാൽ അത് അതിക്രമിച്ചു കടക്കലും നിയമലംഘനവുമാകും. ഇക്കാര്യം പുറത്തു പറയാൻ കഴിയാത്തതാണ് ഇടതിനെ വെട്ടിലാക്കിയിരിക്കുന്നത്.

കൃഷിമന്ത്രി വി എസ് സുനിൽകുമാർ നേരിട്ട് എത്തിയാണ് കൃഷിക്കായി നിലമൊരുക്കിയത്. അതാകട്ടെ ആറന്മുള സഹകരണ എൻജിനീയറിങ് കോളജ് ഗ്രൗണ്ട് നിർമ്മിക്കാൻ വാങ്ങിയിട്ട സ്ഥലത്തും. ഇക്കാര്യം മാദ്ധ്യമങ്ങൾ വാർത്തയാക്കിയതോടെ നേതാക്കൾ ചമ്മി. അതിനു ശേഷമാണ് ഒരു കിലോമീറ്റർ മാറി മുഖ്യമന്ത്രിക്ക് വിത്തെറിയാൻ പാകത്തിൽ വ്യക്തിയുടെ നിലം കണ്ടെത്തിയത്. 29 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിത്തെറിയുന്നത്.

ആറന്മുള സ്വദേശിയും പ്രവാസിയുമായ ബാലന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാകും സർക്കാർ കൃഷി നടത്തുക. നേരത്തെ ഇവിടെ തന്നെ കൃഷിയിറക്കാനായിരുന്നു നിശ്ചയിച്ചിരുന്നതെന്നും നിലം ഒരുക്കാൻ എത്തിയ കൃഷി വകുപ്പ് അധികൃതർ സ്ഥലം മാറി സഹകരണ എൻജിനീയറിങ് കോളജിന്റെ ഗ്രൗണ്ടിനായി കണ്ടെത്തിയ ഭൂമിയിൽ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നുവെന്നും എൽഡിഎഫ് ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

ആറന്മുള വിമാനത്താവള ഭൂമിയെപ്പറ്റി വ്യക്തമായി അറിയാവുന്ന എൽഡിഎഫ് ജില്ലാ കമ്മിറ്റി അംഗങ്ങൾ തെറ്റുപറ്റിയ വിവരം ഒന്നര മാസം മുമ്പേ അറിഞ്ഞിട്ടും എന്തുകൊണ്ട് തിരുത്താൻ തയാറായില്ലെന്ന ചോദ്യം മാത്രം ബാക്കി. കഴിഞ്ഞ മാസം കൃഷിമന്ത്രി വി. എസ്. സുനിൽകുമാർ ആറന്മുളയിലെത്തി നിലമൊരുക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തത് എൻജിനിയറിങ് കോളജിന്റെ സ്ഥലത്തായിരുന്നു. സ്ഥലം മാറിയാണ് ഉദ്ഘാടനം നടത്തിയതെന്ന കാര്യം എൽഡിഎഫ് ജില്ലാ കമ്മിറ്റി ഓർത്തില്ല. തുടർന്ന് വിത്തുവിതയ്ക്കുന്നതിന് മുന്നോടിയായി എൻജിനിയറിങ് കോളജ് വക സ്ഥലം ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിച്ച് പൂട്ടിയടിക്കുകയും ചെയ്തു. സർക്കാർ ഭൂമി കിളച്ചു മറിച്ചത് എന്തിനാണെന്ന ചോദ്യത്തിനും എൽഡിഎഫ് നേതാക്കൾക്ക് ഉത്തരമില്ല.

വിമാനത്താവള മേഖലയെന്ന് തെറ്റിധരിപ്പിച്ച് മുഖ്യമന്ത്രിയെ കൊണ്ട് സർക്കാർ ഭൂമിയിൽ വിത്തുവിതയ്ക്കാൻ അധികൃതർ ശ്രമിക്കുന്നു എന്ന വാർത്ത പുറത്തു വന്നതോടെയാണ് എൻജിനിയറിങ് കോളജിന് സമീപം കാടു പിടിച്ചു കിടന്ന സ്ഥലത്ത് വിത്തിറക്കാൻ ഇന്നലെ തിരക്കു പിടിച്ച് നീക്കം ആരംഭിച്ചത്. ഇതും വിമാനത്താവള മേഖലയല്ലെന്ന കാര്യം ശ്രദ്ധേയമാണ്. വിമാനത്താവളത്തിനായി കെ.ജി.എസ് സ്ഥലം വാങ്ങിയിട്ടിരിക്കുന്ന മേഖലയിലേക്ക് ഇവിടെ നിന്നും ഒരു കി.മീറ്റർ ദൂരമുണ്ട്. ആറന്മുള പുഞ്ചപ്പാടം പൂർണമായി കൃഷിയോഗ്യമാക്കുന്നതിന് തുടക്കം കുറിച്ചാണ് ഉത്സവാന്തരീക്ഷത്തിൽ 29 ന് മുഖ്യമന്ത്രി എൻജിനിയറിങ് കോളജിന് സമീപം വിത്തുവിതയ്ക്കുന്നതെന്ന് സിപിഐ ജില്ലാ സെക്രട്ടറി എപി ജയനും സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റംഗവും സംസ്ഥാന സഹകരണനിക്ഷേപ ഗാരന്റി ബോർഡ് വൈസ് ചെയർമാനുമായ എ പത്മകുമാറും പറയുന്നു.

ഭൂ പരിധി നിയമം മറികടന്ന് വിമാനത്താവള പദ്ധതിക്കായി കെ.ജി.എസ് കമ്പനി വാങ്ങികൂട്ടിയ 313.48 ഏക്കർ സ്ഥലത്ത് നിലവിലുള്ള സാഹചര്യത്തിൽ കൃഷിയിറക്കാൻ കഴിയില്ലെന്നാണ് സൂചന. മിച്ചഭൂമിയായി ഈ പ്രദേശം ഏറ്റെടുക്കാനുള്ള നടപടി എങ്ങും എത്തിയിട്ടില്ല. ഇതിനു മുന്നോടിയായി താലൂക്ക് ലാൻഡ് ബോർഡ് രൂപീകരിക്കാനുള്ള നീക്കം മാത്രമാണ് നടക്കുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് രൂപീകരിച്ച ലാൻഡ് ബോർഡ് പിരിച്ചു വിട്ടിട്ട് മാസങ്ങൾ കഴിഞ്ഞു. എൽഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം നടന്ന ലാൻഡ് ബോർഡിന്റെ അവസാന യോഗത്തിൽ ആറന്മുളയിൽ കെ.ജി.എസ് ആദ്യം വാങ്ങിയ 232 ഏക്കർ സ്ഥലം മിച്ചഭൂമിയായി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചർച്ച നടന്നുവെങ്കിലും വ്യവസായ മേഖലയിൽ ഉൾപ്പെട്ട പ്രദേശമായതിനാൽ അതിന് കഴിയില്ലെന്നായിരുന്നു അന്നത്തെ ആർ ആർ ഡെപ്യൂട്ടി കലക്ടർ സ്വർണമ്മയുടെ വാദം. ഭൂപരിഷ്‌കരണ നിയമത്തിൽ പറഞ്ഞിട്ടില്ലാത്ത ഈ കാര്യം എങ്ങനെ ആർ ആർ കലക്ടർ സ്വയം നിശ്ചയിച്ചു എന്നതാണ് ദുരൂഹത ഉണർത്തുന്ന വസ്തുത. വിവരം റവന്യൂ മന്ത്രി അറിഞ്ഞതോടെ സ്വർണമ്മയെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചെങ്കിലും തന്റെ പരാമർശം ഒഴിവാക്കിയാണ് അവർ മിനിറ്റ്‌സ് ബുക്ക് സമർപ്പിച്ചത്. ലാൻഡ് ബോർഡ് രൂപീകരണം നീളുന്നതിനാൽ മിച്ചഭൂമി പ്രഖ്യാപനവും നീളുമെന്ന കാര്യം ഉറപ്പാണ്.

യഥാർഥത്തിൽ ആറന്മുളയിൽ പുഞ്ചക്കണ്ടം നികത്താൻ തുടക്കമിട്ടതും അതിന് ഒത്താശ ചെയ്തതും സിപിഐ-എമ്മുകാരാണ്. പിന്നീട് ഏബ്രഹാം കലമണ്ണിൽ മൗണ്ട് സിയോൺ ട്രസ്റ്റിന്റെ പേരിൽ എയർ സ്ട്രിപ്പ് കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ സ്തുതി പാടിയതും ഇവർ തന്നെ. കഴിഞ്ഞ അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് ആറന്മുളയിൽ വിമാനത്താവളത്തിന് അനുമതി നൽകിയത്. ഇതിനായി ശ്രമിച്ചത് കെസി രാജഗോപാൽ എംഎൽഎയായിരുന്നു. തൊട്ടുപിന്നാലെ വന്ന തെരഞ്ഞെടുപ്പിൽ സിപിഐ(എം) വോട്ട് തേടിയതും വിമാനത്താവളം പറഞ്ഞായിരുന്നു. പിന്നീട് വി എസ് ഗ്രൂപ്പുകാരനായ കെസി രാജഗോപാലനെ അടിക്കാനുള്ള വടിയാക്കി ഈ വിഷയം പിണറായി പക്ഷക്കാരനായ പത്മകുമാറും കൂട്ടരും ഉപയോഗിക്കുകയായിരുന്നു. അന്നു മുതലാണ് സിപിഐ-എം വിമാനത്താവളത്തിന് എതിരായതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP