Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്‌പ്പിൽ അറസ്റ്റിലായ രണ്ടുപേരും പെരുമ്പാവൂർ സംഘത്തിന്റെ ആളുകൾ; രവി പൂജാരി ആക്രമണം ഉറപ്പിച്ചത് കാസർകോട്ടെ ഏജന്റുവഴി; നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാർലറിൽ ഉണ്ടായ വെടിവയ്‌പ്പിന് പിന്നിലെ അധോലോക ബന്ധം തെളിയുമ്പോൾ പേടിയോടെ നമ്മുടെ കൊച്ചി

കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്‌പ്പിൽ അറസ്റ്റിലായ രണ്ടുപേരും പെരുമ്പാവൂർ സംഘത്തിന്റെ ആളുകൾ; രവി പൂജാരി ആക്രമണം ഉറപ്പിച്ചത് കാസർകോട്ടെ ഏജന്റുവഴി; നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാർലറിൽ ഉണ്ടായ വെടിവയ്‌പ്പിന് പിന്നിലെ അധോലോക ബന്ധം തെളിയുമ്പോൾ പേടിയോടെ നമ്മുടെ കൊച്ചി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടിപാർലർ വെടിവയ്‌പ്പ് കേസിൽ അറസ്റ്റിലായ രണ്ടു പേരും പെരുമ്പാവൂരിലെ കുപ്രസിദ്ധ ഗൂണ്ടാസംഘവുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. . എറണാകുളം സ്വദേശികളായ ബിലാൽ, വിപിൻ എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവർ രണ്ടു പേരുമാണ് ബ്യൂട്ടിപാർലറിനു നേരേ വെടിയുതിർത്തതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കാസർകോടുള്ള ഗൂണ്ടാസംഘം വഴിയാണ് രവി പൂജാരിയുടെ ആളുകൾ ഇവരെ ബന്ധപ്പെട്ടത്. ഇതു സംബന്ധിച്ച് നിർണായക വിവരങ്ങൾ ലഭിച്ചെന്നും കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു.

കടവന്ത്രയിലെ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിനു നേരെ 2018 ഡിസംബർ 15നാണു ബൈക്കിലെത്തിയ 2 പേർ എയർ പിസ്റ്റൾ ഉപയോഗിച്ചു വെടിയുതിർത്തത്. വെടിവയ്പിന് ഒരുമാസം മുൻപു നടി ലീനയെ ഫോണിൽ വിളിച്ചു രവി പൂജാരി 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. പണം നൽകാതായപ്പോൾ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള പാർലറിനു നേരെ നിറയൊഴിച്ച അക്രമികൾ ബൈക്കിൽ കടന്നു. വെടിവയ്പു നടത്തി 4 ദിവസം കഴിഞ്ഞപ്പോൾ രവി പൂജാരി വിദേശത്തുനിന്നു പ്രാദേശിക വാർത്താ ചാനലിന്റെ ഓഫിസിലേക്കു വിളിച്ചു വെടിവയ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. രവി പൂജാരിയുടെ ശബ്ദം ശാസ്ത്രീയമായി പരിശോധിച്ചു ബോധ്യപ്പെട്ടതോടെ പ്രതിക്കെതിരായ ആദ്യ തെളിവായി.

കേസിൽ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയെ പ്രതിയാക്കി ക്രൈംബ്രാഞ്ച് പ്രാഥമിക കുറ്റപത്രം സമർപ്പിച്ചിരുന്നു. ഗൂഢാലോചന, ആയുധം കാണിച്ചു ഭീഷണിപ്പെടുത്തൽ, വധഭീഷണി, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ, ആയുധ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവയാണു കുറ്റപത്രത്തിൽ ചേർത്തിട്ടുള്ളത്. കാസർകോട് ബേവിഞ്ചയിൽ സമാനമായ രീതിയിൽ കരാറുകാരന്റെ വീടിനു നേരെ വെടിയുതിർത്തു പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസുമായി ബ്യൂട്ടി പാർലർ വെടിവയ്പിനു സമാനതകളുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി.

കൊച്ചിയിലെ പൊലീസ് ഉദ്യോഗസ്ഥർക്കും കേസിൽ പങ്കുണ്ടെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. വെടിവയ്‌പ്പുണ്ടാകുമെന്ന് ഒരു എസ്‌ഐ മുൻകൂട്ടി അറിയിച്ചെന്ന് ലീന നേരത്തെ മൊഴി നൽകയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ എസ്‌ഐയെ ചോദ്യം ചെയ്‌തെങ്കിലും കൂടുൽ തെളിവുകൾ ലഭിച്ചിരുന്നില്ല ഇതിന് ശേഷമാണ് രവി പൂജാരിയെ പ്രതിയാക്കിയുള്ള ആദ്യ കുറ്റപത്രം സമർപ്പിച്ചത്.ക്രൈംബ്രാഞ്ച് ഡിവൈ എസ് പി ജോസി ചെറിയാൻ തയാറാക്കിയ അന്തിമ റിപ്പോർട്ടാണ് ് കോടതിയിൽ സമർപ്പിച്ചത്. 

കർണാടകയിൽ ജനിച്ച രവി മുംബൈയിലെ അധോലോക നേതാവ് ഛോട്ടാ രാജന്റ സന്തതസഹചാരിയായിരുന്നു. സിനിമാ താരം ലീന മരിയയുെട കൊച്ചിയിലെ ബ്യൂട്ടി പാർലറിലുണ്ടായ വെടിവയ്‌പ്പിലൂടെയാണ് കുപ്രസിദ്ധ അധോലോക നായകൻ രവി പൂജാരി വീണ്ടും വാർത്തകളിൽ നിറയുന്നത്. കർണാടകയിലെ ഉടുപ്പിയാണ് രവി പൂജാരിയുെട ജനനസ്ഥലം. ചെറുപ്പത്തിൽ തന്നെ പഠനം ഉപേക്ഷിച്ച രവി ജോലി തേടി മുംബൈയിലെത്തി.

അധോലോക രാജാക്കന്മാരുടെ വിളനിലമായിരുന്ന മുംബൈയിലെ അന്ധേരിയാണ് രവി പൂജാരിയിലെ കൊടും കുറ്റവാളിക്ക് ജന്മം നൽകിയത്. തൊണ്ണൂറുകളുടെ തുടക്കത്തിലെ ഏഴ് വർഷക്കാലം രവി പൂജാരിയെ ലോകം അറിഞ്ഞില്ല. അന്ധേരി തെരുവിലെ നൂറുകണക്കിന് കുറ്റവാളികളിൽ ഒരാൾ മാത്രമായിരുന്നു അയാൾ. തുടർന്ന് തന്റെ ശത്രുവായിരുന്ന ബാല സാൾത്തേയെന്ന ക്രിമിനലിനെ കൊലപ്പെടുത്തിയതോടെയാണ് രവി കുപ്രസിദ്ധനായത്.

ആ കൊലപാതകം മുംബൈയിലെ ക്രിമിനലുകളുടെ കൂട്ടത്തിൽ രവിക്ക് ഒരു നേതാവിന്റെ പരിവേഷം നൽകി. അതൊരു തുടക്കമായിരുന്നു. മുംബൈ അധോലാക തലവൻ ഛോട്ടാ രാജന്റെ സംഘത്തിലേക്കുള്ള ക്ഷണം, രാജന് സമാനമായ കുറ്റവാളി എന്ന നിലയിലേക്കുള്ള രവിയുെട പരിണാമത്തിന് വേഗത കൂട്ടി. അധികം താമസിയാതെ ഛോട്ടാ രാജന്റെ വലംകൈയായി രവി. തൊണ്ണൂറുകളുടെ മധ്യത്തിൽ ദുബായിലേക്ക് കടന്ന രവി പൂജാരി അവിടെ ആദ്യം കൈവച്ചത് റിയൽ എസ്റ്റേറ്റ് മേഖലയിലായിരുന്നു. ഭീഷണിയും, ഗുണ്ടാപിരിവുമായി രവി കളം പിടിച്ചു. രാഷ്ട്രീയത്തിലും, സിനിമാ മേഖലയിലും ഇയാൾക്ക് വേരോട്ടം ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP