Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വിവാദമായിരിക്കുന്നത് ജമ്മു കശ്മീരിന് പുറത്തുള്ളവർക്ക് സ്വത്ത് വാങ്ങുന്നതിനോ സ്ഥിരതാമസത്തിനോ സംസ്ഥാന ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനോ വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള ഭരണഘടനയുടെ അനുഛേദം; കശ്മീരി നേതാക്കളെ കസ്റ്റഡിയിലെടുത്തും വൻതോതിൽ സേനയെ വിന്യസിച്ചും കരുതലെടുക്കുന്നത് സുപ്രീം കോടതി പരിഗണിക്കുംമുമ്പ് ആർട്ടിക്കിൾ 35എ റദ്ദുചെയ്യാനുള്ള ഓർഡിനൻസ് പുറപ്പെടുവിക്കാൻ; കേന്ദ്രം പിടിമുറുക്കിയതോടെ കശ്മീരിലാകെ ആശയക്കുഴപ്പം

വിവാദമായിരിക്കുന്നത് ജമ്മു കശ്മീരിന് പുറത്തുള്ളവർക്ക് സ്വത്ത് വാങ്ങുന്നതിനോ സ്ഥിരതാമസത്തിനോ സംസ്ഥാന ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനോ വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള ഭരണഘടനയുടെ അനുഛേദം; കശ്മീരി നേതാക്കളെ കസ്റ്റഡിയിലെടുത്തും വൻതോതിൽ സേനയെ വിന്യസിച്ചും കരുതലെടുക്കുന്നത് സുപ്രീം കോടതി പരിഗണിക്കുംമുമ്പ് ആർട്ടിക്കിൾ 35എ റദ്ദുചെയ്യാനുള്ള ഓർഡിനൻസ് പുറപ്പെടുവിക്കാൻ; കേന്ദ്രം പിടിമുറുക്കിയതോടെ കശ്മീരിലാകെ ആശയക്കുഴപ്പം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പുൽവാമയിൽ സിആർപിഎഫ് ജവാന്മാർക്കുനേരെയുണ്ടായ ചാവേറാക്രമണത്തോടെ ജമ്മു കശ്മീർ വീണ്ടും ആഗോളതലത്തിൽ ശ്രദ്ധാ കേന്ദ്രമായിരിക്കുകയാണ്. ഇന്ത്യയും പാക്കിസ്ഥാനുമായി നിലനിൽക്കുന്നത് യുദ്ധസമാനമായ സാഹചര്യമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിപ്രായപ്പെട്ടതും ചൈനയുടെയും പാക്കിസ്ഥാന്റെയും സമ്മർദങ്ങളെ മറികടന്ന് യു.എൻ. രക്ഷാസമിതി ഇന്ത്യക്കൊപ്പം നിലയുറപ്പിച്ചതും കഴിഞ്ഞദിവസമാണ്. ആഗോളതലത്തിൽ അതിർത്തിപ്രശ്നമാണ് ചർച്ചയെങ്കിൽ, കശ്മീരിലിപ്പോൾ ചൂടുപിടിക്കുന്നത് ആഭ്യന്തരമായ അവകാശങ്ങളെച്ചൊല്ലിയുള്ള തർക്കങ്ങളാണ്

ജമ്മുകശ്മീരിന് പ്രത്യേക പദവിയും ആനുകൂല്യങ്ങളും നൽകുന്ന ഭരണഘടനയുടെ അനുഛേദം 35 എ നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെ, കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും വലിയതോതിലുള്ള സുരക്ഷാസന്നാഹമാണ് കശ്മീരിൽ ഒരുക്കിയിരിക്കുന്നത്. കശ്മീരി വിഘടനവാദി നേതാക്കളെ കരുതൽ തടങ്കിലിലാക്കിയതും ഇതിന്റെ ഭാഗമായാണ്. ജമ്മുകശ്മീർ വിമോചന മുന്നണി തലവൻ യാസിൻ മാലിക്, ജമായത്തെ ഇസ്ലാമിയുടെ കശ്മീർ തലവൻ അബ്ദുൽ ഹമീദ് ഫയസ് എന്നിവരുൾപ്പെടെ 150-ഓളം നേതാക്കളാണ് കരുതൽ തടങ്ങലിലുള്ളത്.

എന്താണ് 35 എ അനുഛേദം?

ജമ്മുകശ്മീരിൽ ജീവിക്കുന്നവരെ സംബന്ധിച്ച് നിർണായകമാണ് 1954-ൽ ഭരണഘടനയിൽ കൂട്ടിച്ചേർത്ത 35 എ അനുഛേദം. ഇതനുസരിച്ച് മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവർക്ക് ജമ്മു കശ്മീരിൽ വസ്തുവാങ്ങുന്നതിന് അധികാരമില്ല. മാത്രമല്ല, തദ്ദേശവാസികൾ ആരെന്ന് തീരുമാനിക്കാനുള്ള അവകാശം സംസ്ഥാനസർക്കാരിൻ നിക്ഷിപ്തവുമാണ്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ആളെ വിവാഹം ചെയ്യുന്നതോടെ കശ്മീരി സ്ത്രീക്ക് സംസ്ഥാനത്തെ ഭൂമിയുടെ മേലുള്ള അവകാശം നഷ്ടമാകുമെന്നും 35 എ നിർദ്ദേശിക്കുന്നു.

കശ്മീരികൾ വളരെയേറെ പ്രധാന്യത്തോടെ കാണുന്ന ഈ ഭരണഘടനാ അവകാശത്തെ ചോദ്യം ചെയ്തുകൊണ്ടാണ് സുപ്രീം കോടതിയിൽ ഹർജിയെത്തിയത്. ഇന്ത്യൻ ഭരണഘടന രാജ്യത്തെവിടെയും താമസിക്കാനും വസ്തുവാങ്ങിക്കുന്നതിനും ഏതൊരു പൗരനും സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ടെന്നും അതിനാൽ, കശ്മീരിന് പ്രത്യേക പദവി നൽകുന്ന 35 എ ഭരണഘടനാ വിരുദ്ധമാണെന്നുമാണ് ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. വിവിധ ഏജൻസികളാണ് ഹർജിയുമായി സുപ്രീം കോടതിയിലെത്തിയിട്ടുള്ളത്.

ഓർഡിനൻസിന് കേന്ദ്ര ശ്രമം

ആർട്ടിക്കിൾ 35 എ ഓർഡിനൻസിലൂടെ പിൻവലിക്കാൻ കേന്ദ്രവും ശ്രമം നടത്തുന്നുണ്ട്. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ നിലവിൽ അതിനുള്ള സാധ്യത കുറവാണ്. എന്നാൽ, കടുത്ത മുൻകരുതലുകൾ സ്വീകരിച്ച് ഏതുസാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രം. ആർട്ടിക്കിൾ 35 എ കശ്മീരികൾക്ക് നിർണായകമായതിനാൽ, സുരക്ഷാച്ചുമതല കശ്മീർ പൊലീസിനെ ഏൽപ്പിക്കുന്നത് അപകടകരമാണെന്ന് കേന്ദ്ര സർക്കാരിനറിയാം. അതുകൊണ്ടുതന്നെ, 14 വർഷത്തെ ഇടവേളയ്ക്കുശേഷം ബി.എസ്.എഫിനെ കശ്മീരിൽ നിയോഗിക്കാനും കേന്ദ്രം തയ്യാറായി.

പുൽവാമ ഭീകരാക്രമണത്തിനുശേഷം നിലനിൽക്കുന്ന സംഘർഷാവസ്ഥ കൂടി കണക്കിലെടുത്താണ് കൂടുതൽ അർധസൈനിക വിഭാഗങ്ങളെ കശ്മീരിലേക്ക് നിയോഗിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി 45 കമ്പനി സിആർപിഎഫ്, 35 കമ്പനി ബി.എസ്.എഫ്, 10 കമ്പനി സശസ്ത്ര സീമാബൽ, 10 കമ്പനി ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് എന്നിവരെയാണ് പുതിയതായി നിയോഗിച്ചിട്ടുള്ളത്. ഒരു കമ്പനിയിൽ 100 പേർ വീതം പതിനായിരം സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇതോടെ കശ്മീരിലേക്ക് പുതിയതായി എത്തിയിട്ടുള്ളത്.

ഭരണഘടനയുടെ 370-ാം വകുപ്പനുസരിച്ചാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിട്ടുള്ളത്. ഈ വകുപ്പുൾപ്പെടെ ഓർഡിനൻസിലൂടെ മറികടക്കാനാണ് കേന്ദ്രസർക്കാർ ആലോചിച്ചിരുന്നത്. കശ്മീരിനെ ഇന്ത്യയുടെ മറ്റേതൊരു പ്രദേശത്തെയും പോലെ സാധാരണ മട്ടിലേക്ക് കൊണ്ടുവരികയെന്നതായിരുന്നു കേന്ദ്രത്തിന്റെ ലക്ഷ്യം. എന്നാൽ, പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രം മാറിച്ചിന്തിക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് ആസന്നമായതിനാലും കശ്മീരിനെ ആഭ്യന്തര കലാപത്തിലേക്ക് തള്ളിവിട്ടേക്കാവുന്ന തീരുമാനത്തിലേക്ക് കേന്ദ്രം പോകില്ലെന്നാണ് സൂചന.

കൂടുതൽ അർധസൈനിക വിഭാഗമെത്തിയതും രജൗറി ജില്ലയിലെ നഷേരിയിള്ള 37 ഗ്രാമങ്ങളിലുള്ളവരോട് ഏതുനിമിഷവും ഒഴിഞ്ഞുപോകാൻ തയ്യാറായി ഇരിക്കണമെന്ന് ആവശ്യപ്പെട്ടതും ആശുപത്രികളിൽ കൂടുതൽ മരുന്നുകളും സജ്ജീകരണങ്ങളുമൊക്കെ തയ്യാറാക്കുന്നതും വലിയതോതിലുള്ള ആശയക്കുഴപ്പമാണ് കശ്മീരിലുണ്ടാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുമുമ്പ് ചാവേറാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകുമെന്ന സൂചന ശക്തമാണ്. അതിന്റെ ആശങ്ക ശ്രീനഗറിൽ പ്രകടവുമാണ്.

എതിർപ്പുമായി രാഷ്ട്രീയക്കാരും

ആർട്ടിക്കിൾ 35 എ ഓർഡിനൻസിലൂടെ കേന്ദ്രം പിൻവലിച്ചാലും സുപ്രീം കോടതിയിൽ അതിനെതിരേ പരാമർശമുണ്ടായാലും കശ്മീരിൽ അതിന്റെ പ്രത്യാഘാതം ഏറെ വലുതായിരിക്കുമെന്നുറപ്പാണ്. അത്തരമൊരു സാഹചര്യം ഭീകരരും വിഘടന വാദികളും മുതലെടുക്കാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ടാണ് കൂടുതൽ കരുതലെടുക്കാൻ കേന്ദ്രസർക്കാർ തയ്യാറായിരിക്കുന്നത്. ആഗോളതലത്തിൽ പാക്കിസ്ഥാനുമേൽ സമ്മർദം ചെലുത്തുന്നതിൽ വിജയം കണ്ട ഈ സാഹചര്യത്തിൽ കശ്മീരിൽ കൂടുതൽ രക്തം ചീന്തുന്നിനോട് കേന്ദ്രസർക്കാരിനും താത്പര്യമുണ്ടാവില്ല.

ഭരണഘടന പ്രകാരം രാജ്യത്തെവിടെയും താമസിക്കുന്നതിനും വസ്തു വാങ്ങിക്കുന്നതിനും ഇന്ത്യൻ പൗരന് അവകാശമുണ്ടെന്നും അതിനാൽ ആർട്ടിക്കിൾ 35എ ഭരണഘടനാ വിരുദ്ധമാണെന്നുമാണ് ഇതിനെ എതിർക്കുന്നവരുടെ വാദം. വിവിധ എൻജിഒകളാണ് ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. 1954 ൽ അന്നത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദിന്റെ കാലത്താണ് പ്രത്യേക ഉത്തരവിലൂടെ ആർട്ടിക്കിൾ 35എ നിലവിൽ വന്നത്. ഭരണഘടനയുടെ ആർട്ടിക്കിൾ 35 എ സംബന്ധിച്ച് സർക്കാരുകൾ നിലപാട് വ്യക്തമാക്കണമെന്നു ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുല്ല നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതു സംരക്ഷിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ജമ്മു കശ്മീരിലെ സർക്കാർ ജോലികൾ, ഭൂമിയുടെ ഉടമസ്ഥത എന്നിവ തദ്ദേശീയർക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 35 എയ്‌ക്കെതിരേയുള്ള നീക്കത്തെ എതിർത്ത് തോൽപ്പിക്കുമെന്ന് പിഡിപിയും പറയുന്നു.

ഹർജി സമർപ്പിച്ചതിനെ തുടർന്ന് കശ്മീരിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. 35 എ വകുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചാൽ വൻ പ്രതിഷേധമുണ്ടാകുമെന്ന് വിഘടനവാദികൾ മുന്നറിയിപ്പ് നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP