Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ അമ്മയും കാമുകനും പോയത് മക്കളെ വീട്ടിൽ പൂട്ടിയിട്ട്; സോഫയിൽ മൂത്രമൊഴിച്ചതിൽ കലി പൂണ്ട് നിലത്തേക്ക് വലിച്ചെറിഞ്ഞുള്ള ക്രൂര മർദ്ദനത്തിൽ ഏഴ് വയസ്സുകാരന്റെ തലയോട്ടി പിളർന്നു; അയ്യോ...അച്ഛാ കൊല്ലല്ലേ.... എന്ന് നിലവിളിച്ചു മൂന്നര വയസുകാരൻ കാലുപിടിച്ചു കരഞ്ഞിട്ടും ആരേയും വെറുതെ വിട്ടില്ല; കോലഞ്ചേരിയിൽ ചികിൽസയിലുള്ള കൂട്ടിയുടെ നില അതീവ ഗുരുതരം; മരുന്നുകളോട് പ്രതികരണമില്ല; കൈകാലുകൾ അനക്കാനോ സ്വന്തമായി ശ്വസിക്കാനോ കഴിയാത്തതും ആശങ്ക കൂട്ടുന്നു

തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ അമ്മയും കാമുകനും പോയത് മക്കളെ വീട്ടിൽ പൂട്ടിയിട്ട്; സോഫയിൽ മൂത്രമൊഴിച്ചതിൽ കലി പൂണ്ട് നിലത്തേക്ക് വലിച്ചെറിഞ്ഞുള്ള ക്രൂര മർദ്ദനത്തിൽ ഏഴ് വയസ്സുകാരന്റെ തലയോട്ടി പിളർന്നു; അയ്യോ...അച്ഛാ കൊല്ലല്ലേ.... എന്ന് നിലവിളിച്ചു മൂന്നര വയസുകാരൻ കാലുപിടിച്ചു കരഞ്ഞിട്ടും ആരേയും വെറുതെ വിട്ടില്ല; കോലഞ്ചേരിയിൽ ചികിൽസയിലുള്ള കൂട്ടിയുടെ നില അതീവ ഗുരുതരം; മരുന്നുകളോട് പ്രതികരണമില്ല; കൈകാലുകൾ അനക്കാനോ സ്വന്തമായി ശ്വസിക്കാനോ കഴിയാത്തതും ആശങ്ക കൂട്ടുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോലഞ്ചേരി: തൊടുപുഴയിൽ അമ്മയുടെ കാമുകന്റെ ക്രൂരമർദനമേറ്റ് ചികിത്സയിൽ കഴിയുന്ന ഏഴുവയസ്സുകാരന്റെ നില അതിഗുരുതരം. തലച്ചോറിലെ രക്തസ്രാവം തടയാൻ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. കുട്ടി ഇപ്പോൾ വെന്റിലേറ്ററിലാണ്. ഇളയകുട്ടി കിടക്കയിൽ മൂത്രമൊഴിച്ചതിനെത്തുടർന്നുണ്ടായ പ്രശ്‌നങ്ങളാണ് മർദനത്തിന് കാരണമായതെന്നറിയുന്നു.

48 മണിക്കൂറിന് ശേഷമേ ആരോഗ്യ നിലയെ കുറിച്ച് എന്തെങ്കിലും പറയാൻ കഴിയൂവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തലയോട്ടി പൊട്ടിയ നിലയിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. 15 മിനിട്ടിനകം തലയോട്ടി തുറന്ന് ശസ്ത്രക്രിയ നടത്തി. തലച്ചോറിന് ചതവുണ്ട്. രക്തയോട്ടവുമില്ല. ഹൃദയത്തിനും ശരീരത്തിലെ മറ്റ് ഇരുപതിടങ്ങളിലും പരിക്കുണ്ട്. ശ്വാസകോശത്തിലെയും വയറിലെയും പരിക്ക് ഗുരുതരമാണ്. ഇത് വീഴ്ചയിലോ കഠിനമായ മർദ്ദനം മൂലമോ ഉണ്ടായതാണ്. ഇന്നലെ വൈകിട്ടു നടത്തിയ സ്‌കാനിംഗിലും കാര്യമായ പുരോഗതി കാണാൻ കഴിഞ്ഞില്ല. കൈകാലുകൾ അനക്കാനോ സ്വന്തമായി ശ്വസിക്കാനോ കഴിയുന്നില്ല.

തലയോട്ടിക്കകത്ത് രക്തസ്രാവമുണ്ടായതിനെത്തുടർന്ന് തലച്ചോറിനുമുകളിൽ രക്തം കട്ടപിടിച്ചിരുന്നു. ഇത് നീക്കംചെയ്തു. ശ്വാസകോശത്തിലും വയറിലും ആന്തരികമുറിവുണ്ട്. ഇതിനുകാരണം വാരിയെല്ലിനുണ്ടായ പൊട്ടലാകാം. അതിലൂടെ വായു അകത്തുകടന്നിട്ടുണ്ട്. ശരീരമാസകലം ചതവുണ്ട്. ആന്തരികാവയവങ്ങൾക്ക് ചതവും പുറത്ത് മർദനത്തിന്റെ പാടുകളും ഉണ്ടന്ന് അദ്ദേഹം അറിയിച്ചു. കുട്ടിയുടെ നില വ്യാഴാഴ്ചത്തേക്കാൾ ഗുരുതരാവസ്ഥയിലാണ്. തൊടുപുഴ ചാഴിക്കാടൻ ആശുപത്രിയിൽനിന്നെത്തുമ്പോൾ കുട്ടിക്ക് ഒരു പ്രതികരണവും ഇല്ലായിരുന്നു. ശസ്ത്രക്രിയ വിജയകരമാണെങ്കിലും മരുന്നുകളോട് പ്രതികരിച്ചു തുടങ്ങാത്തത് പ്രതിസന്ധിയാണ്.

കുട്ടിയെ ക്രൂരമായി ഉപദ്രവിച്ച തിരുവനന്തപുരം നന്ദൻകോട് സ്വദേശി അരുൺ ആനന്ദിനെ (36) വധശ്രമക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റുചെയ്തു. ഒരു കൊലപാതകമുൾപ്പെടെ ഏഴു കേസുകളിൽ പ്രതിയാണ് ഇയാൾ. 2008-ൽ ജഗതിയിൽവെച്ച് സുഹൃത്തായ വിജയരാഘവനെ കുപ്പികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയായിരുന്നു. കേസിൽ ഇയാളെ കോടതി വെറുതെവിടുകയായിരുന്നു. ഇളയകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നൽകിയ പ്രാഥമിക മൊഴിയാണ് പ്രതിയെ കുടുക്കിയത്. മർദനവിവരം പുറത്തുപറയാതിരിക്കാൻ ഇയാൾ മർദിച്ചെന്ന് കുട്ടികളുടെ അമ്മ പിന്നീട് പൊലീസിന് മൊഴിനൽകി.

കട്ടിലിൽ മൂത്രമൊഴിച്ചതിന്റെ പേരിലാണ് കുട്ടിക്ക് കൊടും പീഡനമേൽക്കേണ്ടിവന്നത്. വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് ക്രൂരത അരങ്ങേറിയത്. പ്രതിയുടെ അമ്മാവന്റെ മകന്റെ മകനാണ് മർദ്ദനത്തിനിരയായ ഏഴു വയസുകാരൻ. കുട്ടിയുടെ അച്ഛൻ 2018 മെയ്‌ 23ന് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. തുടർന്ന് അരുണുമായി യുവതി അടുപ്പത്തിലായി. സംഭവദിവസം രാത്രി ഒന്നരയോടെ അരുൺ കാമുകിയെയും കൂട്ടി താമസസ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള വെങ്ങല്ലൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ പോയി. കാറിലായിരുന്നു യാത്ര. യുവതിയാണ് കാർ ഓടിച്ചത്. ഈ സമയം കുട്ടികൾ രണ്ടു പേരും ഭക്ഷണം കഴിക്കാതെ വാടക വീട്ടിൽ തളർന്നുറങ്ങുകയായിരുന്നു. ഇവരെ മുറിക്കുള്ളിലാക്കി പുറത്തു നിന്ന് പൂട്ടിയിട്ടാണ് ഇരുവരും പോയത്.

മൂന്നുമണിയോടെ ഭക്ഷണപ്പൊതിയുമായി തിരിച്ചെത്തിയ ഇവർ കുട്ടികളെ വിളിച്ചുണർത്തി. ഇളയകുട്ടി ഉണർന്ന് അടുത്തെത്തിയപ്പോൾ കിടക്കയിൽ മൂത്രമൊഴിച്ചതിന്റെ ലക്ഷണം കണ്ടു. കുപിതനായ അരുൺ ഉറങ്ങിക്കിടന്നിരുന്ന ഏഴു വയസുകാരനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തടസം പിടിക്കാൻ ശ്രമിച്ച മാതാവിനും ഇളയ കുട്ടിക്കും മർദ്ദനമേറ്റു. മർദ്ദനം ഏറേ നേരം തുടർന്നു. ഉറക്കത്തിലായിരുന്ന കുട്ടിയെ ഇയാൾ സർവശക്തിയുമെടുത്ത് തൊഴിച്ച് തെറിപ്പിച്ചു. പിടഞ്ഞെണീറ്റ കുട്ടിയെ ഒരു കൈകൊണ്ട് തോണ്ടിയെടുത്ത് വലിച്ചെറിഞ്ഞു. അലമാരയും മറ്റ് ഗൃഹോപകരണങ്ങളും വച്ചിരുന്ന മൂലയിലേക്കാണ് കുട്ടി വീണത്. കോൺക്രീറ്റ് ഷെൽഫിന്റെ വക്കിലിടിച്ച് തലയോട്ടിയുടെ പിൻഭാഗം ചന്ദ്രക്കലയുടെ ആകൃതിയിൽ പൊട്ടിപ്പിളർന്ന് രക്തം വന്നു. മുറിക്കുള്ളിലൂടെ വലിച്ചിഴച്ച് വീണ്ടും മർദ്ദിച്ചു. തടസം പിടിക്കാനെത്തിയ മാതാവിന്റെ കരണത്തും ഇളയകുട്ടിയുടെ മുഖത്തും പ്രഹരിച്ചു. ബോധം നഷ്ടപ്പെട്ട മൂത്തകുട്ടി നിലത്തുകിടന്ന് പിടഞ്ഞപ്പോൾ അയ്യോ...അച്ഛാ കൊല്ലല്ലേ.... എന്ന് നിലവിളിച്ചുകൊണ്ട് മൂന്നര വയസുകാരൻ കാലുപിടിച്ചു കരഞ്ഞിട്ടും അരുൺ കുട്ടിയെ മർദ്ദിച്ചു കൊണ്ടേയിരുന്നു.

തല തകർന്ന് കുട്ടിക്ക് ബോധം നഷ്ടപ്പെട്ടതോടെ അരുണും കാമുകിയും ചേർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴും വീട്ടിൽ രക്തം തളംകെട്ടിക്കിടന്ന മുറിയിൽ ഇളയ കുട്ടി തനിച്ചായിരുന്നു. കുട്ടി കട്ടിലിൽ നിന്ന് വീണതാണെന്ന് മാതാവും മുറ്റത്ത് കളിച്ചുകൊണ്ടിരുന്നപ്പോൾ വീണതാണെന്ന് അരുണും പറഞ്ഞതിലുള്ള വൈരുദ്ധ്യം മനസിലാക്കി ആശുപത്രി അധികൃതർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ നില അതീവ ഗുരുതരമായതിനാൽ കോലഞ്ചേരിയിലേക്ക് അയയ്ക്കുകയും ചെയ്തു. പൊലീസും ശിശുക്ഷേമ സമിതിയും നടത്തിയ അന്വേഷണത്തിലാണ് മർദ്ദനവിവരം പുറത്തു വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP