Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മന്ത്രിയുമായുള്ള സംഭാഷണം ഒളി ക്യാമറയിൽ പകർത്തിയ ശേഷം വൈദ്യുത ഉപകരണങ്ങൾ വാങ്ങാൻ മന്ത്രി 8 ശതമാനം കമ്മീഷൻ ചോദിച്ചതായി വ്യാജമായി റെക്കോഡ് ചെയ്ത് തിരുകിക്കയറ്റി; പിന്നെ 25 ലക്ഷം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ; തട്ടിപ്പിനെത്തിയത് അമേരിക്കൻ വൈദ്യുതി കമ്പനിയുടെ പ്രതിനിധികളെന്ന് തെറ്റിധരിപ്പിച്ചും; ആര്യാടനെ ബ്ലാക് മെയിൽ ചെയ്ത കേസിൽ കുറ്റപത്രം നൽകി പൊലീസ്

മന്ത്രിയുമായുള്ള സംഭാഷണം ഒളി ക്യാമറയിൽ പകർത്തിയ ശേഷം വൈദ്യുത ഉപകരണങ്ങൾ വാങ്ങാൻ മന്ത്രി 8 ശതമാനം കമ്മീഷൻ ചോദിച്ചതായി വ്യാജമായി റെക്കോഡ് ചെയ്ത് തിരുകിക്കയറ്റി; പിന്നെ 25 ലക്ഷം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ; തട്ടിപ്പിനെത്തിയത് അമേരിക്കൻ വൈദ്യുതി കമ്പനിയുടെ പ്രതിനിധികളെന്ന് തെറ്റിധരിപ്പിച്ചും; ആര്യാടനെ ബ്ലാക് മെയിൽ ചെയ്ത കേസിൽ കുറ്റപത്രം നൽകി പൊലീസ്

പി നാഗരാജ്

തിരുവനന്തപുരം: മുൻ വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിനെ ബ്ലാക്ക് മെയിൽ ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ പ്രതികളെ ഡിസംബർ 29 ന് ഹാജരാക്കാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് എ .എസ് .മല്ലിക ഉത്തരവിട്ടു. കേസിൽ മ്യൂസിയം പൊലീസ് 3 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്നാണ് പ്രതികളെ ഹാജരാക്കാൻ മ്യൂസിയം പൊലീസിന് കോടതി നിർദ്ദേശം നൽകിയത്. ഡാർജിലിങ് സ്വദേശി പാലക്കാട് കുഴൽമന്ദത്ത് താമസം സജീഷ് കൃഷ്ണൻ നായർ, പാലക്കാട് മിഥുനം പള്ളത്ത് താമസം രവീന്ദ്രൻ നായർ, എറണാകുളം കുന്നത്ത് നാട് വേങ്ങൂർ സ്വദേശി എബി പോൾ എന്നിവരാണ് കേസിലെ പ്രതികൾ.

2011 ഓഗസ്റ്റ് 25 നാണ് കേസിനാസ്പമായ സംഭവം നടന്നത്. കെ. എസ് .ഇ.ബിക്ക് ആവശ്യമായ വൈദ്യുതി ഉപകരണങ്ങൾ വാങ്ങിയാൽ വൈദ്യുതി മന്ത്രിക്ക് 8 ശതമാനം കമ്മീഷൻ കൊടുക്കാമെന്ന് വാഗ്ദാനം നൽകി ബ്ലാക്ക് മെയിൽ ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുക്കാൻ തന്ത്രമൊരുക്കിയെന്നാണ് കേസ്. തലസ്ഥാനത്തെ ഒരു പ്രമുഖ ക്ലബ്ബ് കേന്ദ്രീകരിച്ചാണ് ഈ സംഘം ഗൂഢാലോചന നടത്തിയത്. ക്ലബ്ബിലെ ഒരംഗത്തിന്റെ സഹായത്തോടെ ഇവിടെ മുറിയെടുത്ത് താമസിച്ച് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയായിരുന്നു.

വൈദ്യുത ഉപകരണങ്ങൾ നിർമ്മിച്ചു വിൽക്കുന്ന അമേരിക്കൻ കമ്പനിയായ 'അ വാക്കോ' യുടെ പ്രതിനിധികളാണെന്ന് ആൾമാറാട്ടം നടത്തി ഇവർ മന്ത്രിയെ ഫോണിലൂടെ തെറ്റിദ്ധരിപ്പിച്ചു. മന്ത്രിയുമായുള്ള കൂടിക്കാഴ്ചയും തരപ്പെടുത്തി. ഔദ്യോഗിക വസതിയിൽ മന്ത്രിയുമായി നടന്ന സംഭാഷണം മുഴുവൻ രവീന്ദ്രൻ നായർ തന്റെ ഷർട്ടിന്റെ പോക്കറ്റിൽ കുത്തിയിരുന്ന പേനയിലെ ഒളിക്യാമറയിൽ റെക്കോഡ് ചെയ്തു. ഈ സംഭാഷണത്തിനിടയിൽ മന്ത്രി പറയാത്ത ചില കാര്യങ്ങൾ പിന്നീട് വ്യാജമായി റെക്കോഡ് ചെയ്ത് തിരുകിക്കയറ്റി ബ്ലാക്ക് മെയിൽ ചെയ്തുവെന്നാണ് കുറ്റപത്രം. മന്ത്രി 8 ശതമാനം കമ്മീഷൻ ചോദിച്ചതായുള്ളസംഭാഷണം തിരുകി ചേർത്തതായാണ് കേസ്.

ഒരു റിട്ടയേഡ് ചീഫ് എൻജിനീയർ ശർമ്മയുടെ മകൻ എന്ന് പരിചയപ്പെടുത്തിയാണ് മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കുള്ള സമയം തരപ്പെടുത്തിയത്. മന്ത്രിയുമായി നടന്ന സംഭാഷണം ഒരു ചാനലിൽ 2011 ഓഗസ്റ്റ് 26 ന് വാർത്തയാക്കി.വാർത്ത വന്നശേഷം ഇവർ മന്ത്രിയെ ഫോണിൽ വിളിച്ച് 25 ലക്ഷം രൂപ കൊടുക്കാമെങ്കിൽ കമ്മീഷൻ ചോദിച്ച വിവരം മറ്റു ചാനലുകൾ പുറത്തു വിടുന്നത് തടയാമെന്ന് അറിയിക്കുകയായിരുന്നു. മുൻ കന്റോൺമെന്റ് അസി.കമ്മിഷണർ ഹരിദാസ്, ശംഖുമുഖം അസി.കമ്മീഷണർ കെ.എസ്.വിമൽ കുമാർ എന്നിവരാണ് കേസന്വേഷിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120-ബി (ക്രിമിനൽ ഗൂഢാലോചന), 419 (ആൾമാറാട്ടം), 420, 511 ( ചതിക്കാൻ ശ്രമിക്കൽ), 468 ( ചതിക്കാൻ വേണ്ടിയുള്ള വ്യാജ നിർമ്മാണം), 469 ( ഖ്യാതിക്ക് ഹാനി ഉളവാക്കാൻ വേണ്ടിയുള്ള വ്യാജ നിർമ്മാണം), 201( കുറ്റക്കാരെ ശിക്ഷയിൽ നിന്ന് മറയ്ക്കാനായി തെളിവ് അപ്രത്യക്ഷമാക്കലും കളവായ വിവരം നൽകലും), 34 ( കൂട്ടായ്മ) എന്നീ വകുപ്പുകളും 2000 ആണ്ടിൽ നിലവിൽ വന്ന വിവര സാങ്കേതിക വിദ്യാ നിയമത്തിലെ വകുപ്പ് 66 (ഡി )യും പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്.

ആര്യാടൻ മുഹമ്മദിന്റെയും ഉമ്മൻ ചാണ്ടിയുടെയും വാദങ്ങൾ തള്ളി സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ട്

അതേ സമയം സോളാർ ഇടപാടിൽ സരിതാ നായരിൽ നിന്നും ആര്യാടൻ മുഹമ്മദ് 40 ലക്ഷം രൂപയും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 2.42 കോടി രൂപയും കേന്ദ്ര മന്ത്രി പളനിമാണിക്യം 25 ലക്ഷവും മന്ത്രി എ.പി.അനിൽകുമാർ 7 ലക്ഷവും കൈപ്പറ്റിയതായ സരിതയുടെ മൊഴി വിശ്വാസയോഗ്യമാണെന്നും ആയതിന് വായ് മൊഴിതെളിവുകളും പ്രാമാണിക തെളിവുകളും ഉള്ളതായും സോളാർ അന്വേഷണ കമ്മീഷൻ ധ്യക്ഷൻ ജസ്റ്റിസ് . ശിവരാജൻ കണ്ടെത്തിയിരുന്നു. ഇവയെക്കുറിച്ചെല്ലാം അന്വഷിക്കണമെന്നും സോളാർ അന്വേഷണ റിപ്പോർട്ടിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2017 നവംബർ 9 നാണ് സോളാർ കമ്മീഷൻ റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചത്.

സരിതയും ഉമ്മൻ ചാണ്ടിയുമായി നല്ല പരിചയമുണ്ടായിരുന്നു. 2011 മുതലെങ്കിലും ഉമ്മൻ ചാണ്ടിക്ക് ടീം സോളാർ കമ്പനിയെ അറിയാം. ഉമ്മൻ ചാണ്ടിക്ക് നൽകിയ രൂപയിൽ 32 ലക്ഷം രൂപ മല്ലേലിൽ ശ്രീധരൻ നായരിൽ നിന്ന് വാങ്ങി ഉമ്മൻ ചാണ്ടിക്ക് നൽകിയെന്നും സരിതയുടെ മൊഴിയിലുണ്ട്.ഇത് വിശ്വാസയോഗ്യമാണെന്നും റിപ്പോർട്ടിലുണ്ട്. ആര്യാടൻ മുഹമ്മദിന് സരിതയെ പരിചയപ്പെടുത്തിയത് ഉമ്മൻ ചാണ്ടിയാണ്. ഇക്കാര്യം എഞ്ചിനീയേഴ്‌സ് അസോസിയേഷൻ യോഗത്തിൽ ആര്യാടൻ പറയുന്നതിന്റെ സി.ഡി.യും കമ്മീഷൻ റിപ്പോർട്ടിന്റെ ഭാഗമാക്കി. സാളാർ തട്ടിപ്പും അനുബന്ധ സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച് ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ റിപ്പോർട്ടിലെ കണ്ടെത്തലുകളിലും ശുപാർശകളിലും അന്വേഷണ തീരുമാനം കൈക്കൊണ്ട് 2017 നവംബർ 8 ന് സർക്കാർ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.

സരിതയിൽ നിന്നും അവരുടെ ടീം സോളാർ കമ്പനിയിൽ നിന്നും രാഷ്ട്രീയ ഉദ്യാഗസ്ഥ-ഭരണതലപ്പത്തുള്ളവരും മറ്റും വൻ തുക കൈക്കൂലി വാങ്ങിയ തായും സോളാർ കമ്പനിയുടെ ഉപഭോക്താക്കളെ വഞ്ചിക്കുന്നതിനായി സഹായിച്ചിട്ടുണ്ടെന്നും റിപ്പാർട്ടിൽ നിന്നും വെളിവായതിനാൽ അതിനെപ്പറ്റി ക്രിമിനൽ നടപടി സംഹിത,അഴിമതി നിരോധന നിയമം, ഇന്ത്യൻ ശിക്ഷാ നിയമം, മറ്റു ബാധകമായ നിയമങ്ങൾ എന്നിവ പ്രകാരം അന്വേഷണം നടത്താനാണ് സർക്കാർ ഉത്തരവിറക്കിയത്.

അന്വേഷണ സംഘത്തലവനായി നോർത്ത് സോൺ ഡി ജി പി രാജേഷ് ദിവാൻ, അന്വേഷണ സംഘത്തിലെ അംഗങ്ങളായി ഐ. ജി.ദിനേന്ദ്ര കശ്യപ് ,ക്രൈംബ്രാഞ്ച് എസ്‌പി:പി.ബി.രാജീവൻ, വിജിലൻസ് ഡി.വൈ.എസ്‌പി.ബിജു മോൻ, ഡി.വൈ.എസ്‌പി.മാരായ എ.ഷാനവാസ്, ബി.രാധാകൃഷ്ണപിള്ള എന്നിവരെ സർക്കാർ നിയമിച്ചെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP