Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിണറായിയുടെ മൗനവും കോടിയേരിയുടെ ന്യായീകരണവും പാര്‍ട്ടിക്കും സര്‍ക്കാരിനും ക്ഷീണം ചെയ്തു; നിരാഹാരവും താരസാന്നിധ്യവുമായി ബിജെപി കടന്നു കയറുന്നു; കൈരളിക്കും മൂര്‍ച്ചകൂട്ടേണ്ടി വരും: ലക്ഷ്മി നായരെ രക്ഷിക്കാന്‍ അത്ര എളുപ്പമല്ലെന്നു തിരിച്ചറിഞ്ഞ സിപിഎം കര്‍ശന നിലപാടിലേക്ക്: രാജിയല്ലാതെ മറ്റു വഴികള്‍ ഇല്ലാതെ ലോ അക്കാഡമി പ്രിന്‍സിപ്പല്‍

പിണറായിയുടെ മൗനവും കോടിയേരിയുടെ ന്യായീകരണവും പാര്‍ട്ടിക്കും സര്‍ക്കാരിനും ക്ഷീണം ചെയ്തു; നിരാഹാരവും താരസാന്നിധ്യവുമായി ബിജെപി കടന്നു കയറുന്നു; കൈരളിക്കും മൂര്‍ച്ചകൂട്ടേണ്ടി വരും: ലക്ഷ്മി നായരെ രക്ഷിക്കാന്‍ അത്ര എളുപ്പമല്ലെന്നു തിരിച്ചറിഞ്ഞ സിപിഎം കര്‍ശന നിലപാടിലേക്ക്: രാജിയല്ലാതെ മറ്റു വഴികള്‍ ഇല്ലാതെ ലോ അക്കാഡമി പ്രിന്‍സിപ്പല്‍

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഏതാണ്ട് ഒരു മാസം മുമ്പ് നെഹ്രു കോളജിലെ പ്രശ്‌നങ്ങളുടെ പേരില്‍ ലോ അക്കാദമി വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയപ്പോള്‍ കുട്ടികളെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് കോളജ് അടച്ചിടാന്‍ തിരുവനന്തപുരത്തെ ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ തീരുമാനിച്ചതു അന്‍പത് കൊല്ലമായി കോളജ് അനുവര്‍ത്തിച്ചു കൊണ്ടിരുന്ന ഒന്നിലും കുലുങ്ങാത്ത രീതികൊണ്ട് മാത്രമായിരുന്നു. കോളജ് തുറക്കണം എന്നാവശ്യപ്പെട്ടായിരുന്നു കുട്ടികള്‍ പിറ്റെന്ന് മുതല്‍ സമരം തുടങ്ങിയത്.

നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ എനിക്കും വേണ്ട എന്ന കര്‍ശന നിലപാടിലായിരുന്ന പ്രിന്‍സിപ്പല്‍ പക്ഷേ, കോളജ് തുറന്നില്ല. സിപിഎമ്മിന്റെ സമുന്നത നേതാവായ കോലിയക്കോട് കൃഷ്ണന്‍ നായര്‍ക്കു കൂടി ഉടമസ്ഥാവകാശം ഉള്ള കോളജ്, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും കരുത്തരായ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുമായി ഗാഢമായ ബന്ധം, ഇടതു വലതു രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെല്ലാം ക്യൂ നിന്നു കൈപ്പറ്റിയിട്ടുള്ള ആനുകൂല്യങ്ങള്‍ എന്നിവ ആയിരുന്നു ഈ ആത്മവിശ്വാസത്തിന്റെ കാരണം.

സമരത്തിന് ആദ്യം ഇറങ്ങിയത് എബിവിപി, കെഎസ് യു വിദ്യാര്‍ത്ഥി സംഘടനകള്‍ ആയിരുന്നു. കോളജിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും സമരത്തിന് തയ്യാറല്ലായിരുന്നു. തൊട്ടുപിന്നാലെ എംഎസ്എഫും, എഐഎസ്എഫും കൂടി സമര രംഗത്തുവന്നു. പരാതികളുമായി വിദ്യാര്‍ത്ഥിനികള്‍ അടക്കമുള്ളവര്‍ രംഗത്ത് എത്തിയതോടെ കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോവുമെന്നു മനസിലാക്കി എസ്എഫ്‌ഐയും രംഗത്തിറങ്ങി. എക്കാലത്തും മാനേജ്‌മെന്റിന്റെ പിന്തുണ ഉണ്ടായിരുന്ന എസ്എഫ്‌ഐയുടെ രംഗപ്രവേശനം ആയിരുന്നു ലക്ഷ്മി നായരെ ആദ്യം ഞെട്ടിച്ചത്.

പാര്‍ട്ടി ബന്ധം ഉപയോഗിച്ച് എസ്എഫ്‌ഐയെ മെരുക്കാം എന്നായിരുന്നു മാനേജ്‌മെന്റിന്റെ വിശ്വാസം. അതുകൊണ്ടുതന്നെ എസ്എഫ്‌ഐയുടെ സമരം മുഖം രക്ഷിക്കാന്‍ വേണ്ടിയാണ് എന്നു പലരും കരുതി. എന്നാല്‍ ഒട്ടും വൈകാതെ വിദ്യാര്‍ത്ഥി സമരത്തിന്റെ ചുക്കാന്‍ എസ്എഫ്‌ഐ തന്നെ ഏറ്റെടുത്തു. എസ്എഫ്‌ഐക്കാര്‍ക്ക് അനര്‍ഹമായി ഇന്റേണല്‍ മാര്‍ക്കും മറ്റും നല്‍കുന്നതിനെരിതെ ആരംഭിച്ച സമരം പതിയെ എസ്എഫഐക്കാര്‍ തന്നെ നേതൃത്വം നല്‍കുന്ന തരത്തിലേയ്ക്ക് മാറി.

അപ്പോഴേയ്ക്കും സമര മുദ്രാവാക്യവും മാറിയിരുന്നു. പ്രിന്‍സിപ്പലിന്റെ രാജി എന്നതില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ല എന്നായി വിദ്യാര്‍ത്ഥികള്‍. പതിവുപോലെ മാധ്യമങ്ങള്‍ ആദ്യ ദിവസങ്ങളില്‍ പൂര്‍ണ്ണമായും സമരത്തെ അവഗണിച്ചു. സോഷ്യല്‍ മീഡിയ വിഷയം ഏറ്റെടുത്തതോടെ ഏഷ്യനെറ്റാണ് ആദ്യം രംഗത്തിറങ്ങിയത്. ഏഷ്യാനെറ്റിന്റെ പിന്നാലെ എല്ലാ ചനലുകളും രംഗത്തിറങ്ങിയിട്ടും പാര്‍ട്ടി നേതൃത്വം കണ്ടതായി നടിച്ചില്ല.

പക്ഷേ, അപ്പോഴേക്കും സമരത്തിന്റെ നേതൃത്വം ബിജെപി ഏറ്റെടുത്തിരുന്നു. കുമ്മനവും മുരളീധരനും അടക്കമുള്ള ബിജെപി നേതാക്കള്‍ സംഭവ സ്ഥലത്തെത്തി. തുടര്‍ന്ന് രമേശ് ചെന്നിത്തലയും, സുധീരനും അടക്കമുള്ള നേതാക്കളുടെ സന്ദര്‍ശനമായി. വിദ്യാര്‍ത്ഥികള്‍ നേരിട്ടുപോയി സംസാരിച്ചിട്ടും ആദ്യം സമര പന്തലില്‍ എത്താതിരുന്ന വിഎസ് എത്തിയതോടെ സമരത്തിന്റെ മുഖം ആകെ മാറി. തുര്‍ന്നാണ് മുരളീധരന്റെ നിരാഹാരസമരം ആരംഭിച്ചത്.

സമരം കൈവിട്ടതോടെ ചര്‍ച്ചയ്ക്ക് തയ്യാറായി മാനേജ്‌മെന്റ് രംഗത്തുവന്നു. എന്നാല്‍ പ്രിന്‍സിപ്പലിന്റെ രാജിവിഷയം ചര്‍ച്ച ചെയ്യാന്‍ മാനേജ്‌മെന്റ് ഒരുക്കമായിരുന്നില്ല. അതില്‍ കുറഞ്ഞൊരു ആവശ്യവും ഇല്ലെന്നു വിദ്യാര്‍ത്ഥികളും നിലപാടെടുത്തു. ചാനല്‍ ലൈവ് ചര്‍ച്ചകളും സ്ഥിരം വാര്‍ത്തകളുമായി ലക്ഷ്മി നായരുടെ കോളജിനെ വാര്‍ത്തയില്‍ നിലനിര്‍ത്തി. തുടര്‍ന്നാണ് സിപിഎം നേതാക്കള്‍ പ്രതികരണവുമായി രംഗത്തിറങ്ങി തുടങ്ങിയത്. വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിക്കാം പക്ഷേ, പ്രിന്‍സിപ്പല്‍ രാജി വേണ്ട എന്നായിരുന്നു നേതാക്കളുടെ നിലപാട്.

എന്നാല്‍ ആ നിലപാട് പാര്‍ട്ടിക്ക് വലിയ ദോഷം ഉണ്ടാക്കി. സിപിഎം മടിച്ചു നില്‍ക്കുന്നിടത്ത് ബിജെപി ഗുണം ഉണ്ടാകുന്നു എന്ന തിരിച്ചറിവാണ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളത്. പ്രിന്‍സിപ്പല്‍ രാജി തള്ളിയ കോടിയേരിയുടെ നിലപാടും, സമരത്തെ പ്രത്യക്ഷമായി ന്യായീകരിച്ച സ്വരാജിന്റെ പോസ്റ്റും അടക്കമുള്ള വിഷയങ്ങള്‍ പാര്‍ട്ടിക്കു ദോഷംമാകും എന്നുറപ്പായതോടെ ഒടുവില്‍ സിപിഎം നിലപാട് കടുപ്പിക്കുകയാണ്. മനസില്ലാമനസോടെ രംഗത്തിറങ്ങിയ കൈരളിക്കും ഇനി നിലപാട് കര്‍ക്കശമാക്കേണ്ടി വരും. അതിന്റെ ഭാഗമാണ് കോടിയേരി ബാലകൃഷ്ണന്റെ വരവ്. ബാലകൃഷ്ണന്‍ ഇപ്പോഴും പ്രിന്‍സിപ്പലിന്റെ രാജി ആവശ്യം സൂചിപ്പിട്ടില്ലെങ്കിലും പതിയെ ആ നിലപാടിലേയ്ക്ക് മാറേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇത്തരത്തില്‍ ലോ അക്കാഡമി വിഷയത്തില്‍ കാര്യങ്ങള്‍ കൈവിട്ടുപോകാതിരിക്കാന്‍ മൃദുസമീപനം വേണ്ടെന്ന നിലപാടിലേക്ക് സിപിഎം എത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ പ്രതികരണങ്ങളൊന്നും നടത്താത്തതും കോടിയേരിയാകട്ടെ പാര്‍്ട്ടി ഇക്കാര്യം പരിഗണിച്ചില്ലെന്ന് കഴിഞ്ഞദിവസം പറഞ്ഞതും പാര്‍ട്ടിയുടെ നില പരുങ്ങലിലാക്കിയിരുന്നു. സമരം ബിജെപി ഹൈജാക്ക് ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങാതിരിക്കാനാണ് ഇപ്പോള്‍ പാര്‍ട്ടിതന്നെ രംഗത്തിറങ്ങുന്നത്. കോടിയേരി സമരപ്പന്തലില്‍ എത്തിയതും ഇതിന്റെ ഭാഗമാണ്.

ഇന്ന് സര്‍വകലാശാല സിന്‍ഡിക്കേറ്റിലും പാര്‍ട്ടി നിലപാടാണ് ദൃശ്യമായത്. പ്രിന്‍സിപ്പലിന്റെ രാജി ശുപാര്‍ശ ചെയ്യാന്‍ സിപിഎം അംഗങ്ങള്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്. പാര്‍ട്ടി ചാനലില്‍ പരിപാടി അവതരിപ്പിക്കുന്നു എന്നതില്‍ കവിഞ്ഞ് ലക്ഷ്മി നായര്‍ക്ക് കൂടുതല്‍ ബന്ധങ്ങള്‍ പാര്‍ട്ടിയുമായി ഇല്ലെന്ന നിലപാടിലേക്ക് പാര്‍ട്ടി എത്തിയതോടെയാണ് ലോ അക്കാഡമിക്കെതിരായ റിപ്പോര്‍ട്ട് ഇന്ന് സിന്‍ഡിക്കേറ്റ് അംഗീകരിച്ചിരിക്കുന്നത്. സിന്‍ഡിക്കേറ്റ് ഉപസമിതിയിലെ അംഗങ്ങള്‍ക്കും പാര്‍ട്ടി കഴിഞ്ഞ ദിവസം തന്നെ കടുത്ത നിലപാട് സ്വീകരിക്കാന്‍ അനുവാദം നല്‍കിയിരുന്നു. അതോടെയാണ് ലോ അക്കാഡമിയില്‍ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ വസ്തുതയുണ്ടെന്ന ഉപസമിതിയുടെ വിലയിരുത്തല്‍ ശരിവയ്ക്കുന്ന സിന്‍ഡിക്കേറ്റ് തീരുമാനം ഉണ്ടായത്.

ഇതുവരെ വിഷയത്തില്‍ മുന്നില്‍ വരാത്ത കൈരളി ചാനലിനും ശക്തമായി രംഗത്തിറങ്ങേണ്ടിവരുമെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. നെഹ്‌റു കോളേജ് വിഷയത്തില്‍ മറ്റു ചാനലുകള്‍ മടിച്ചുനിന്നപ്പോള്‍ വിഷയം ശക്തമായി അവതരിപ്പിച്ച് കൈയടി നേടിയിരുന്ന കൈരളി ആദ്യം കണ്ടില്ലെന്നു നടിച്ചെങ്കിലും രണ്ടുമൂന്നു ദിവസമായി ലോ അക്കാഡമി വിഷയം കാര്യമായി തന്നെ കൊണ്ടുനടക്കുന്നുണ്ട്. എന്നാല്‍ അതു പോരെന്നും കര്‍ശനമായ നിലപാട് വേണമെന്നുമാണ് ഏറ്റവും ഒടുവിലത്തെ തീരുമാനം.

അതേസമയം, അക്കാഡമി അനര്‍ഹമായി സ്വന്തമാക്കിയ സ്ഥലം സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്ന നിലപാട് വിഎസും ബിജെപിയും സിപിഐയും ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെങ്കിലും അതിലേക്ക് സിപിഎം തല്‍ക്കാലം നീങ്ങാനിടയില്ല. മറിച്ച് കോളേജിനെതിരെ വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന മറ്റ് ആവശ്യങ്ങള്‍ അംഗീകരിച്ച് പ്രശ്‌നം പരിഹരിക്കാനായിരിക്കും മുന്‍തൂക്കം. പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് ലക്ഷ്മിനായരെ നീക്കുക എന്ന മുഖ്യ ആവശ്യത്തിന് പുറമെ ഇന്റേണല്‍ മാര്‍ക്കും ഹാജറും നല്‍കുന്നതിലെ ക്രമക്കേട് പരിഹരിക്കുക, വിദ്യാര്‍ത്ഥികളുടെ സ്വകാര്യത ഹനിക്കും വിധം വച്ച ക്യാമറകള്‍ മാറ്റുക, കുട്ടികള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അവര്‍ ഉന്നയിച്ചിട്ടുള്ളത്.

ഇതില്‍ ലക്ഷ്മി നായരുടെ രാജിക്കാര്യത്തില്‍ മാത്രമാണ് മാനേജ്‌മെന്റും കടുംപിടിത്തം പിടിക്കുന്നത്. പക്ഷേ, പ്രിന്‍സിപ്പല്‍ രാജിവയ്ക്കുകയോ അല്ലെങ്കില്‍ കുറച്ചേറെ കാലത്തേക്ക് ലീവെടുത്ത് മാറി നില്‍ക്കുകയോ വേണമെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിക്കുകയെന്നാണ് അറിയുന്നത്. ഇത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന കാര്യങ്ങളില്‍ തീരുമാനമുണ്ടാക്കുകയും അതേസമയം അക്കാഡമിയുടെ സ്ഥലത്തിന്റെ കാര്യത്തില്‍ ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ തല്‍ക്കാലം പരിഗണിക്കാതിരിക്കുകയും ചെയ്യുന്ന സമീപനമാണ് ഉണ്ടാവുക.

പ്രശ്‌നപരിഹാരത്തിന് ഇതേ താല്‍ക്കാലിക പോംവഴിയുള്ളൂ എ്ന്ന നിലപാടിലേക്ക് സിപിഎം നേതൃത്വം തന്നെ എത്തുന്നതോടെ ലക്ഷ്മിനായര്‍ക്കും അത് അനുസരിക്കേണ്ടിവരുമെന്നാണ് സൂചനകള്‍. പ്രിന്‍സിപ്പലിനെതിരെ നടപടിക്ക് സിന്‍ഡിക്കേറ്റ് ശുപാര്‍ശ ചെയ്യുകയും കൂടി ചെയ്ത സാഹചര്യത്തില്‍ ഇതുതന്നെയാകും സിപിഎമ്മും നിര്‍ദേശിക്കുന്ന പോംവഴിയെന്ന് വ്യക്തമാകുകയാണിപ്പോള്‍.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP