Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'1983 ൽ തോട്ടക്കാരനായിരുന്നയാൾ 32 കൊല്ലം കൊണ്ട് എങ്ങനെ കോടീശ്വരനായി? ആലുവ ഉളിയന്നൂരിലെ നാട്ടുകാരുടെ ഇഷ്ടക്കാരനായ 'കുഞ്ഞി'നെതിരെ നിയമസഭയിൽ ഗണേശ് കുമാർ ആരോപണ ശരങ്ങൾ എയ്യുന്നത് അഞ്ചുവർഷം മുമ്പ്; സിങ്കം സ്റ്റൈലിൽ മീശ വച്ചെത്തിയ എംഎൽഎ അന്ന് ഉന്നയിച്ച ആരോപണങ്ങൾ വീണ്ടും ഇബ്രാഹിം കുഞ്ഞിനെ പൊള്ളിക്കുമോ? പാലാരിവട്ടം മേൽപ്പാല അഴിമതിയിൽ ഒന്നും അറിഞ്ഞില്ലെന്ന് പറഞ്ഞ് 'കുഞ്ഞ്' ഒഴിയുമ്പോഴും തെളിയുന്നത് പഴയ സഭാരംഗങ്ങൾ

'1983 ൽ തോട്ടക്കാരനായിരുന്നയാൾ 32 കൊല്ലം കൊണ്ട് എങ്ങനെ കോടീശ്വരനായി? ആലുവ ഉളിയന്നൂരിലെ നാട്ടുകാരുടെ ഇഷ്ടക്കാരനായ 'കുഞ്ഞി'നെതിരെ നിയമസഭയിൽ ഗണേശ് കുമാർ ആരോപണ ശരങ്ങൾ എയ്യുന്നത് അഞ്ചുവർഷം മുമ്പ്; സിങ്കം സ്റ്റൈലിൽ മീശ വച്ചെത്തിയ എംഎൽഎ അന്ന് ഉന്നയിച്ച ആരോപണങ്ങൾ വീണ്ടും ഇബ്രാഹിം കുഞ്ഞിനെ പൊള്ളിക്കുമോ? പാലാരിവട്ടം മേൽപ്പാല അഴിമതിയിൽ ഒന്നും അറിഞ്ഞില്ലെന്ന് പറഞ്ഞ് 'കുഞ്ഞ്' ഒഴിയുമ്പോഴും തെളിയുന്നത് പഴയ സഭാരംഗങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിലെ അഴിമതി തുറന്നടിച്ചതിനാലാണ് യുഡിഎഫിൽ നിന്ന് താൻ പുറത്ത് പോകേണ്ടി വന്നതെന്ന കെ.ബി.ഗണേശ്‌കുമാറിന്റെ ആരോപണം കുടത്തിലെ ഭൂതത്തെയാണ് തുറന്നുവിട്ടിരിക്കുകയാണ്. അഞ്ചുവർഷം മുമ്പ് ഡിസംബർ 14 ന് നിയമസഭയിൽ ഗണേശ്‌കുമാർ പൊട്ടിത്തറിച്ച രംഗങ്ങൾ വീണ്ടും തെളിയുകയാണ്. ഒന്നും അറിഞ്ഞില്ലെന്ന് പറഞ്ഞ് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് ഒഴിഞ്ഞു. എല്ലാം ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനാണ് ഇബ്രാഹിംകുഞ്ഞിന്റെ ശ്രമം. എന്നാൽ, അന്ന് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസിന്റെ ഓഫീസിനെതിരെ ഗണേശ്‌കുമാർ കോടിക്കണക്കിന് രൂപയുടെ ആരോപണമാണ് ഉന്നയിച്ചത്. പിന്നീട് ലോകായുക്തയിലും ഗണേശ് കുമാർ ഇബ്രാംഹിംകുഞ്ഞിനെതിരെ തെളിവുകൾ നൽകി.

പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിലെ മൂന്ന് പേർ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തുന്നുവെന്നും, മന്ത്രിയുടെ നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ച് അഴിമതിയുണ്ടെന്നും ഗണേശ് അന്ന് പറഞ്ഞു. ആരോപണം വി കെ ഇബ്രാഹിംകുഞ്ഞ് പാടേ നിഷേധിച്ചെന്ന് മാത്രമല്ല, ഗണേശിന് ആരുടെയോ പ്രേതം കൂടിയിട്ടുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. അബ്ദുൾ റാഷിദ്, നസിമുദ്ദീൻ, അബ്ദുൾ റഹിം എന്നീ ഉദ്യോഗസ്ഥർക്കെതിരെയാണ് അന്ന് ഗണേശ് ആരോപണം ഉന്നയിച്ചത്. ടി.ഒ.സൂരജ് മാത്രമല്ല കുറ്റക്കാരനെന്നും, അഞ്ചു പേർ കുറ്റം ചെയ്താൽ ഒരാൾക്കെതിരെ മാത്രം എങ്ങനെ നടപടി എടുക്കാനാകുമെന്നും ഗണേശ് ചോദിച്ചു. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടക്കുന്നത്. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പലപ്പോഴും പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിൽ പോയിട്ടുണ്ട്. എന്നാൽ അവഹേളനപരമായിരുന്നു പ്രതികരണം. .

നിയമസഭയിൽ ഒരു ഫയൽ ഉയർത്തിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. മൂന്ന് മന്ത്രിമാരാണ് അഴിമതിക്ക് ചുക്കാൻ പിടിക്കുന്നതെന്ന് ഗണേശ് പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രിക്ക് താൻ രേഖാമൂലം കത്ത് നൽകിയിട്ടുണ്ട്. ആരോപണത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താനൊരു യു.ഡി.എഫുകാരനാണെന്നും കയ്യാലപ്പുറത്തല്ലെന്നും ഗണേശ് കൂട്ടിച്ചേർത്തു. എന്നാൽ ഈ സമയം സ്പീക്കർ ഇടപെട്ട് ഗണേശ് കുമാറിനെ സംസാരിക്കുന്നതിൽ നിന്ന് വിലക്കി. സഭയിൽ മുൻകൂർ അനുവാദമില്ലാതെ സംസാരിക്കാനാവില്ലെന്നു പറഞ്ഞ് സ്പീക്കർ അനുമതി നിഷേധിക്കുകയായിരുന്നു. ആരോപണത്തെപ്പറ്റി നിയമസഭയിൽ കാര്യമായ ബഹളത്തിന് പ്രതിപക്ഷം തയ്യാറായില്ലെന്നത് വിചിത്രമായി. ഇതിനിടയിൽ മന്ത്രിസ്ഥാനം നഷ്ടമായതിന്റെ പേരിലാണ് ഗണേശ് ആരോപണം ഉന്നയിക്കുന്നതെന്ന് ഭരണപക്ഷ ബഞ്ചിൽ അപശബ്ദം ഉയർന്നു. അതിനേയും വികാരത്തോടെ ഗണേശ് കണ്ടു. അഴിമതിയുടെ പേരിൽ ആരും തന്നെ പുറത്താക്കിയതല്ല, മറിച്ച് കുടുംബ പ്രശ്നങ്ങളുടെ പേരിൽ സ്വയം രാജിവച്ചതാണെന്ന് ഗണേശ് ഓർമിപ്പിച്ചു.

ലോകായുക്തയിലും ഇബ്രാഹിം കുഞ്ഞിനെതിരെ ഗണേശ്

1983ൽ തോട്ടക്കാരനായിരുന്ന വികെ ഇബ്രാഹിംകുഞ്ഞ് 32 കൊല്ലം കൊണ്ട് കോടീശ്വരനായത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നാണ് ഗണേശ് കുമാർ 2015 മാർച്ച് 30 നാണ് ലോകായുക്തയിൽ ആവശ്യപ്പെട്ടത്. ഇബ്രാഹിംകുഞ്ഞിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ താൻ ശേഖരിച്ച തെളിവുകൾ ലോകായുക്തയ്ക്ക് അദ്ദേഹം കൈമാറി.

1983ൽ കൊച്ചിയിലെ വെറുമൊരു തോട്ടക്കാരനായിരുന്നു ഇബ്രാഹിംകുഞ്ഞ്. 1991ൽ ഒരു പൊതുമേഖലാ സ്ഥാപനത്തിൽ ചെയർമാനായി. ആയിരം രൂപയാണ് ചെയർമാന്മാർക്ക് പ്രതിമാസം ലഭിക്കുക. ഇബ്രാഹിംകുഞ്ഞിന്റെ കുടുംബ സ്വത്ത് സഹോദരനുമൊത്ത് ഒരു പോലെയാണ് വീതിച്ചത്. ഇബ്രാഹിംകുഞ്ഞിന്റെ ഭാര്യയും മക്കളും ജോലി ചെയ്ത് വരുമാനം ഉണ്ടാക്കുന്നുമില്ല. പിന്നെ എങ്ങനെ ഇബ്രാഹിംകുഞ്ഞിന് കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടായെന്നാണ് ഗണേശ് കുമാർ ലോകായുക്തയിൽ ഉന്നയിച്ചത്. ആദായ നികുതി വകുപ്പിന്റെ സഹകരണത്തോടെ അന്വേഷണം നടന്നാൽ എല്ലാം പുറത്തുവരും. ലോകായുക്തയുടെ അന്വേഷണ സംവിധാനം ഇതിനായി ആദായ നികുതി വകുപ്പുമായി സഹകരിക്കണമെന്നും ഗണേശ് കുമാർ ആവശ്യപ്പെട്ടു.

വയനാട്ടിലെ ഒരു റോഡിലെ നിർമ്മാണത്തിൽ മാത്രം പത്ത് കോടി രൂപയുടെ അഴിമതി തുടർന്നു. കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ മറവിലാണ് അഴിമതി നടക്കുന്നത്. പാലങ്ങൾ പണിയാനുള്ള രൂപരേഖ കൺസൾട്ടൻസികൾക്ക് നൽകുന്നു. നാല് ബിനാമി കൺസൾട്ടൻസികൾ ഇതിനായി പ്രവർത്തിക്കുന്നുണ്ട്. എല്ലാം മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന അഴിമതിയാണ്. വയനാട്ടിലെ ഒരു റോഡിന്റെ നിർമ്മാണത്തിന് കൺസ്ട്രക്ഷൻ കമ്പനിക്ക് കരാർ നൽകിയതിൽ അഴിമതിയുണ്ട്. മീറ്ററിന് 2297 രൂപയ്ക്കുള്ള കരാർ നൽകിയത് 6060 രൂപയ്ക്കാണ്. ഇതിലൂടെ 10 കോടിയുടെ അഴിമതിയാണ് നടന്നതെന്നും ഗണേശ് പറഞ്ഞു. ആദ്യം പാലക്കാട്ടു നടന്ന ഒരു യോഗത്തിലും തുടർന്ന് നിയമസഭയിലുമായിരുന്നു ഗണേശ്കുമാർ മുമ്പ് ആരോപണങ്ങൾ ഉന്നയിച്ചത്

ഇബ്രാഹിം കുഞ്ഞിന്റെ രാഷ്ട്രീയ വളർച്ച

കേരളത്തിലെ മിക്ക രാഷ്ട്രീയക്കാരുടെയും വളർച്ച പോലെ തന്നെയാണ് ഇബ്രാഹി കുഞ്ഞിന്റെയും പടിപടിയായുള്ള വളർച്ച. കേരളത്തിലെ ഏറ്റവും വലിയ വ്യവസായ മേഖലയായ ഏലൂരിൽ നിന്നും തൊഴിലാളിയായി തുടങ്ങി സംസ്ഥാനത്തെ സുപ്രധാന വകുപ്പായ പൊതുമരാമത്ത് വകുപ്പിന്റെ തലപ്പത്താണ് ആലുവ ഉളിയന്നൂരിലെ നാട്ടുകാരുടെ ഇഷ്ടക്കാരനായ കുഞ്ഞ് (ഇബ്രാഹിം കുഞ്ഞ്) എത്തിയത്. എൺപതുകളിലായിരുന്നു ഇബ്രാഹിം കുഞ്ഞിന്റെ തൊഴിലാളി നേതാവിന്റെ വളർച്ചയും രാഷ്ട്രീയ യൗവനവും പുഷ്പ്പിച്ചത്.

ആലുവ ഉളിയന്നൂരിലെ സാധാരണ ദരിദ്ര മുസ്ലിം കുടുംബത്തിലെ അംഗമായിരുന്നു ഇബ്രാഹിംകുഞ്ഞ്. ആ തൊഴിലാളിയായ കുഞ്ഞിൽ നിന്നും പൊതുപ്രവർത്തകനായും എംഎൽഎയായും പിന്നീട് യുഡിഎഫ് മന്ത്രിസഭയിൽ മന്ത്രിയായും വി കെ ഇബ്രാഹീം കുഞ്ഞ് വളർന്നത് ഏലൂരിലെ വ്യവസായിക യൂണിറ്റും അവിടുത്തെ സംഘടന പ്രവർത്തന പാരമ്പര്യവും ആണെന്ന് എതിരാളികളും അനുകൂലികളും ഒരു പോലെ പറയും. എറണാകുളം ജില്ലയിൽ സിഐടിയുവിലൂടെ വളർന്ന് ഇടതുമുന്നണിയിലെ പ്രബലന്മാരായി മാറിയ നേതാക്കളെ പോലെ ജില്ലയിലെ മുസ്ലിം രാഷ്ട്രീയത്തിന്റെ മുഖ്യകണ്ണിയെന്ന നിലയിലായിരുന്നു ഇബ്രാഹിം കുഞ്ഞിന്റെ വളർച്ച.

82-83 കാലഘട്ടത്തിൽ വ്യവസായിക മേഖലയിലെ വെറുമൊരു തൊഴിലാളി മാത്രമായിരുന്നു എന്നതാണ് ഗണേശിന്റെ ആരോപണങ്ങളുടെ പ്രധാന കുന്തമുന. താരതമ്യേന മുസ്ലിം ഭൂരിപക്ഷ മേഖലകൾ കൂടുതലായുള്ള കളമശ്ശേരി പ്രദേശത്ത് തൊഴിലാളി പ്രവർത്തകനായാണ് പിന്നീട് കുഞ്ഞ് പ്രത്യക്ഷപ്പെടുന്നത്. മുസ്ലിം ലീഗിന്റെ തൊഴിലാളി സംഘടനയായ എസ്ടിയുവിന്റെ ഏലൂർ മേഖലയിലെ നേതാവായുള്ള ഇബ്രാഹീം കുഞ്ഞിന്റെ വളർച്ച വളരെ പെട്ടന്നായിരുന്നു.

സംഘടന ഇല്ലാതിരുന്ന ഏലൂർ വ്യവസായിക മേഖലയിൽ തൊഴിലാളികളെ എസ് ടിയു വിലേക്ക് അടുപ്പിച്ചത് കുഞ്ഞാണെന്നാണ് കളമശ്ശേരിയിലെ ഒരു വിഭാഗം ലീഗുകാർ പറയുന്നത്. എന്നാൽ, യുഡിഎഫ് ഭരണത്തിൽ കാലകാലങ്ങളായി ലീഗ് കൈകാര്യം ചെയ്യുന്ന വ്യവസായ വകുപ്പിൽ അനധികൃതമായി നടത്തിയ ഇടപെടലുകളാണ് അദ്ദേഹത്തെ പെട്ടന്ന് നേതാവാക്കിയതെന്നാണ് വിരോധികളുടെ പക്ഷം. മന്ത്രിയായ കുഞ്ഞാലിക്കുട്ടിയുമായുള്ള അടുത്ത ബന്ധവും അദ്ദേഹത്തിന് ഗുണകരമായി. കുഞ്ഞാലിക്കുട്ടിയുടെ ഇഷ്ടക്കാരനായി എന്തിനും ഏതിനും ഒപ്പമുണ്ടായിരുന്നത് കുഞ്ഞായിരുന്നു. ഈ ബന്ധം തന്നെയാണ് വളരെ ഉന്നതരായ ലീഗ് നേതാക്കൾ ഉണ്ടായിട്ടും പിന്നീട് എംഎൽഎയായി ലീഗിന് ലഭിച്ച മട്ടാഞ്ചേരി സീറ്റിൽ സ്ഥാനാർത്ഥിയായി ഇബ്രാഹീം കുഞ്ഞ് എത്തിയതെന്നും നിസ്സംശയം പറയാം.

തൊഴിലാളി നേതാവായിരുന്ന കുഞ്ഞ് പിന്നീട് ഡെപ്യൂട്ടി സ്പീക്കർ യൂനിസ് കുഞ്ഞിന്റെ പിഎ ആയി മാറി. ഇക്കാലത്താണ് പി കെ കുഞ്ഞാലിക്കുട്ടിയുമായി അടുക്കുന്നത്. ഈ അടുപ്പമാണ് രാഷ്ട്രീയ വളർച്ച അതേവേഗത്തിലാക്കിയത്. അഹമ്മദ് കബീർ എന്ന ലീഗിലെ ഏറ്റവും പ്രബലനായ ജില്ലയിലെ നേതാവിന്റെ പേരായിരുന്നു അന്ന് ആദ്യ ഘട്ടത്തിൽ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ടിരുന്നത്. പിന്നീട് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ മൂലമാണ് ഇബ്രാഹിംകുഞ്ഞ് ആ സ്ഥാനത്തേക്ക് വന്നത്. തുടർച്ചയായി രണ്ട് തവണയാണ് ഇബ്രാഹിം കുഞ്ഞ് മട്ടാഞ്ചേരിയിൽ നിന്നും ജയിച്ച് കയറിയത്. ആദ്യം തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ കൊടുത്ത സത്യവാങ്മൂലവും വർഷങ്ങൾക്കിപ്പുറം മൂന്നാമത് കളമശ്ശേരിയിൽ ഇത്തവന നിൽക്കുമ്പോൾ നല്കിയ സ്വത്ത് വിവരവും പരിശോധിക്കുമ്പോഴാണ് ഗണേശ് ഉൾപ്പടെയുള്ള രാഷ്ട്രീയ എതിരാളികൾക്ക് ആയുധം നൽകുന്നത്.

2014ൽ വെളിപ്പെടുത്തിയ സ്വത്ത് പ്രകാരം മൂന്ന് കോടിയോളം രൂപയുടെ സ്വത്തുക്കളാണ് ഇബ്രാഹിംകുഞ്ഞിന്റെ പേരിലുള്ളത്. ആലുവ പെരിയാർ തീരത്തുകൊട്ടാര സദൃശ്യമായ വീടിന് ഇബ്രാഹീം കുഞ്ഞ് കേവലം ലക്ഷങ്ങളുടെ വില മാത്രമാണ് ഇബ്രാഹിംകുഞ്ഞ് രേഖപ്പെടുത്തിയിരിക്കുന്നത്. വീടിന്റെ ഗേറ്റിന് പോലും ലക്ഷങ്ങൾ വിലവരുമെന്നാണ് ആക്ഷേപം. മക്കളുടെ പേരിലുള്ള ബിസിനസും മറ്റും ഇദ്ദേഹത്തിന്റെ സ്വാധീനം കൊണ്ട് ഉണ്ടാക്കിയതാണെന്നാണ് ആക്ഷേപമുണ്ട്. പെട്രോൾ പമ്പും കിടക്ക നിർമ്മാണ ഫാക്ടറിയും വരെ ഇബ്രാഹിംകുഞ്ഞിന്റെ മക്കൾക്കുണ്ട്.

ഐസ്‌ക്രീം പാർലർ പെൺവാണിഭ കേസ് പി കെ കുഞ്ഞാലിക്കുട്ടിക്ക് അന്ന് തിരിച്ചടിയായെങ്കിൽ ഇതിന്റെ ഗുണഭോക്താവായതും ഇബ്രാഹികുഞ്ഞായിരുന്നു. അന്ന് പാർട്ടിയിലെ മുതിർന്നവരെയൊക്കെ അവഗണിച്ച് ചെറുപ്പക്കാരനായ ഇബ്രാഹിംകുഞ്ഞിനെ വ്യവസായ വകുപ്പ് ഏൽപ്പിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി ചെയ്തത്. ഇബ്രാഹിം കുഞ്ഞിനെ മുന്നിൽ നിർത്തി കുഞ്ഞാലിക്കുട്ടി വകുപ്പ് ഭരിച്ചത് കേരളത്തിലെ എല്ലാവർക്കും അറിയാം. തന്റെ ഇഷ്ടക്കാരനായി നിന്നതിനുള്ള പ്രതിഫലമായാണ് പിന്നീട് ഇബ്രാഹിംകുഞ്ഞിന് സുപ്രധാന വകുപ്പായ പൊതുമരാമത്ത് വകുപ്പ് തന്നെ നൽകിയത്. രണ്ട് വകുപ്പുകളും ഭരിക്കുന്നത് കുഞ്ഞാലിക്കുട്ടി തന്നെയാണെന്ന ആക്ഷേപങ്ങൾക്കിടെയാണ് ഗണേശ് കുമാർ അന്ന് ആരോപണവുമായി രംഗത്തെത്തിയതും.

പൊതുമരാമത്ത് വകുപ്പിലെ സെക്രട്ടറിയായിരുന്ന ടി ഒ സൂരജ് വിജിലൻസ് കേസിൽ സസ്പെൻഷനിൽ ആയതിന് പിന്നിൽ ലീഗിന് അകത്തുള്ള അന്തച്ഛിദ്രമാണെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. വകുപ്പ് മന്ത്രി അറിയാതെ എങ്ങനെ സെക്രട്ടറിക്ക് അനധികൃത സ്വത്ത് സമ്പാദനം നടത്താനും തീരുമാനങ്ങൾ എടുക്കാനും സാധിക്കുമെന്ന ചോദ്യം അന്നുയർന്നിരുന്നു.

പാലാരിവട്ടം മേൽപാല അഴിമതി

മുസ്ലിംലീഗ് ഭരിച്ച പൊതുമരാമത്ത് വകുപ്പ് അഴിമതിയുടെ വിളനിലമാണെന്ന ആക്ഷേപം ശക്തമായിരുന്നു. മുൻ പൊതുമരാമത്ത് വകുപ്പു സെക്രട്ടറി ടി ഒ സൂരജ് സ്ഥാനത്തിരുന്ന് അനധികൃതമായി സമ്പാദിച്ചുകൂട്ടിയത് കോടികളായിരുന്നു. എന്നിട്ടും വേണ്ട വിധത്തിൽ നടപടികളൊന്നും ഉണ്ടായില്ല. പാലാരിവട്ടം മേൽപ്പാല നിർമ്മാണം നേരത്തെ ഡിഎംആർസിക്ക് നൽകാൻ ആലോചനകൾ നടന്നിരുന്നു. എന്നാൽ, ഇത് റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനിലേക്കായി മാറ്റിയത മന്ത്രിയുടെ താൽപ്പര്യ പ്രകാരം തന്നെയായിരുന്നു. അതുകൊണ്ട് തന്നെ ഗണേശിന്റെ ആരോപണത്തിൽ നിന്നും എളുപ്പം പുറത്തുകടക്കാൻ ഇബ്രാഹിം കുഞ്ഞിന് സാധിക്കില്ല.

2014ൽ നിയമസഭയിൽ സിങ്കം സ്‌റ്റൈലിൽ മീശവെച്ച് എത്തിയ ഗണേശ് കുമാർ സഭയിൽവെച്ച് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ പൊട്ടിത്തെറിച്ചിരുന്നു. അഴിമതിക്കാരനായ മന്ത്രിയുടെ പേരു വെളിപ്പെടുത്തും എന്നു പറഞ്ഞാണ് ഗണേശ് അന്ന് രംഗത്തെത്തിയത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസ് ജീവനക്കാർക്കെതിരെയാണ് ഗണേശ് കുമാറിന്റെ ആരോപണം. ഗണേശിന്റെ ആരോപണത്തെ തുടർന്ന് പ്രതിപക്ഷ എം എൽ എമാർ നിയമസഭയിൽ ബഹളമുണ്ടാക്കിയിരുന്നു. ഇന്ന് ഗണേശ് ഇബ്രാഹിംകുഞ്ഞിനെ ലക്ഷ്യമിട്ടായിരുന്നു രംഗത്തുവന്നത്.

എന്നാൽ, ആരോപണങ്ങൾ തനിക്ക് നേരെ വരുമ്പോൾ വി കെ ഇബ്രാഹിം കുഞ്ഞ് തടിയൂരാനുള്ള ശ്രമം ശക്തമാക്കി. പാലത്തിൽ സിമന്റ്, കമ്പി തുടങ്ങിയവ ആവശ്യത്തിന് ഉപയോഗിക്കുന്നുണ്ടോ എന്നു നോക്കേണ്ടത് ഉദ്യോഗസ്ഥരാണെന്നും മന്ത്രിയല്ലെന്നും ഇബ്രാഹിംകുഞ്ഞ് എംഎൽഎ. പാലാരിവട്ടം മേൽപ്പാലം നിർമ്മിക്കുമ്പോൾ ഇബ്രാഹിംകുഞ്ഞായിരുന്നു പൊതുമരാമത്ത് മന്ത്രി. ഭരണാനുമതി നൽകുകയാണ് മന്ത്രിയുടെ ചുമതല. കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ഉദ്യോഗസ്ഥരാണ് കുറ്റക്കാർ. പാലാരിവട്ടം മേൽപ്പാലം വിഷയത്തിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്ക് പരാതി നൽകിയെന്ന ഗണേശ് കുമാർ എംഎൽഎ.യുടെ വാദം ശരിയല്ല. മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ അവതരിപ്പിച്ചത് വിജിലൻസിന്റെ റിപ്പോർട്ടല്ല, സർവേയാണ്. പാലം സംബന്ധിച്ച് ഇ. ശ്രീധരന് പലതും പറയാം. അതൊന്നും നടക്കണമെന്നില്ലെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

അതേസമയം പാലാരിവട്ടം മേൽപ്പാലം സംബന്ധിച്ച ഞെട്ടിക്കുന്ന വിവരം കൂടി പുറത്തുവന്നിട്ടുണ്ട്. പാലാരിവട്ടം മേൽപ്പാലം നിർമ്മിച്ചത് അത്യാവശ്യത്തിനു പോലും സിമന്റ് ഉപയോഗിക്കാതെയെന്ന് ചെന്നൈ ഐ.ഐ.ടി.യുടെ പഠന റിപ്പോർട്ട്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന്റെ ആവശ്യപ്രകാരം നടത്തിയ പരിശോധനകളുടെ ഇടക്കാല റിപ്പോർട്ടിലും അന്തിമ റിപ്പോർട്ടിലുമാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

പാകത്തിന് സിമന്റില്ലാത്തതാണ് ബലക്ഷയത്തിന്റെ പ്രധാന കാരണമെന്ന് എടുത്തുപറയുന്നു. ഗർഡറുകൾ, തൂണുകൾ, ഭിത്തി എന്നിവിടങ്ങളിൽ ആവശ്യത്തിന് കോൺക്രീറ്റ് ഇല്ല. 'എം. 35' എന്ന അനുപാതത്തിൽ കോൺക്രീറ്റ് വേണ്ടിടത്ത് 'എം. 22' എന്ന അളവിൽ മാത്രമാണ് ഉപയോഗിച്ചത്. ഗർഡറുകൾക്ക് വളവുണ്ടായി. എക്സ്പാൻഷൻ ജോയിന്റുകളുടെയും പാലത്തെ താങ്ങിനിർത്തുന്ന ബെയറിങ്ങുകളുടെയും നിർമ്മാണത്തിൽ വീഴ്ചയുണ്ടായി. ഗുണമേന്മ പരിശോധിക്കുന്നതിലും രൂപകല്പനയിലും വീഴ്ചയുണ്ടായി - ഇതാണ് വിള്ളലുകൾക്ക് കാരണമായത്.

പാലത്തിന്റെ സ്ഥിതി അതീവ ഗുരുതരമാണെന്നും റിപ്പോർട്ടിലുണ്ട്. അഞ്ച് ഇടക്കാല റിപ്പോർട്ടുകളും അന്തിമ റിപ്പോർട്ടുമാണ് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോർപ്പറേഷന് ചെന്നൈ ഐ.ഐ.ടി. നൽകിയത്. ചെന്നൈ ഐ.ഐ.ടി. സ്ട്രക്ചറൽ എൻജിനീയറിങ് വിഭാഗം പ്രൊഫസർ ഡോ. പി. അളഗ സുന്ദരമൂർത്തിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്. പാലത്തിൽ നടത്തിയ വിവിധ പരിശോധനകളുടെ ഫലവും ഒപ്പം, ചിത്രങ്ങളും അടങ്ങുന്ന 500-ലധികം പേജ് വരുന്നതാണ് റിപ്പോർട്ട്. അടിയന്തര പ്രാധാന്യത്തോടെ പാലത്തിലെ തകരാറുകൾ പരിഹരിക്കണമെന്നും ചെന്നൈ ഐ.ഐ.ടി. നിർദ്ദേശിക്കുന്നുണ്ട്. അത്യാധുനിക അസംസ്‌കൃത വസ്തുക്കളും രീതികളും ഇതിനായി ഉപയോഗിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP