Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'നാം മുന്നോട്ട്' പരിപാടിയിൽ ആശാശരത്തിനെ എത്തിക്കാൻ ലക്ഷങ്ങളുടെ ധൂർത്ത്; ഗൾഫിൽ നിന്ന് ബിസിനസ് ക്‌ളാസ് ടിക്കറ്റും താജിൽ താമസവുമൊരുക്കി മുഖ്യമന്ത്രിയെ പ്രകീർത്തിക്കാൻ നടിയെ എത്തിച്ചത് വിവാദത്തിൽ; രണ്ടുലക്ഷത്തിന്റെ ബജറ്റ് കൈവിട്ടതോടെ ചൂണ്ടിക്കാട്ടിയ സിഡിറ്റിനെ തള്ളി പിണറായിയുടെ ഓഫീസ്

'നാം മുന്നോട്ട്' പരിപാടിയിൽ ആശാശരത്തിനെ എത്തിക്കാൻ ലക്ഷങ്ങളുടെ ധൂർത്ത്; ഗൾഫിൽ നിന്ന് ബിസിനസ് ക്‌ളാസ് ടിക്കറ്റും താജിൽ താമസവുമൊരുക്കി മുഖ്യമന്ത്രിയെ പ്രകീർത്തിക്കാൻ നടിയെ എത്തിച്ചത് വിവാദത്തിൽ; രണ്ടുലക്ഷത്തിന്റെ ബജറ്റ് കൈവിട്ടതോടെ ചൂണ്ടിക്കാട്ടിയ സിഡിറ്റിനെ തള്ളി പിണറായിയുടെ ഓഫീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ജനകീയ സംവാദ പരിപാടിയായ നാം മുന്നോട്ട് എന്ന ചാനൽ ഷോയിൽ നടി ആശാ ശരത്തിനെ പങ്കെടുപ്പിക്കാൻ ലക്ഷങ്ങൾ ധൂർത്തടിച്ചതായി ആക്ഷേപം. ഗൾഫിലുള്ള നടിയെ സെലിബ്രിറ്റിയായി ഷോയിൽ പിണറായിയെ പുകഴ്‌ത്താനായി പങ്കെടുപ്പിക്കാൻ ലക്ഷങ്ങൾ ചെലവിട്ടതായാണ് ആക്ഷേപം. കോൺഗ്രസ് മുഖപത്രമായ വീക്ഷണമാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

നാം മുന്നോട്ട് പരിപാടിക്കായി ആശാ ശരത്തിനെ ദുബായിയിൽ നിന്ന് കൊണ്ടുവരുന്നതിനാണ് ലക്ഷങ്ങൾ ചെലവഴിച്ചത്. തിരുവല്ലത്തെ ചിത്രാഞ്ജലിയിൽ ഒരുക്കിയ പ്രത്യേക സ്റ്റുഡിയോയിൽ ഓരോ എപ്പിസോഡും ചിത്രീകരിക്കുന്നത് ഉൾപ്പെടെയുള്ള ചെലവുകൾക്കായി പരമാവധി രണ്ടുലക്ഷം രൂപയായിരുന്നു സി-ഡിറ്റിന്റെ ബജറ്റ്. മുൻ എപ്പിസോഡുകളിൽ പങ്കെടുക്കാനായി സിനിമാ മേഖലയിൽ നിന്ന് നടി റിമാ കല്ലിങ്കൽ, നടൻ ജോയ്മാത്യു എന്നിവർ എത്തിയപ്പോഴും ചെലവ് അധികരിച്ചിരുന്നില്ല. എന്നാൽ വെറും രണ്ടുദിവസത്തെ ഷൂട്ടിങിനായി ആശാ ശരത്തിനെ കൊണ്ടുവന്നതോടെ ചെലവ് അഞ്ചുലക്ഷത്തിലധികമാണ്. - റിപ്പോർട്ടിൽ പറയുന്നു.

കേരളത്തിലെത്താൻ വിമാനത്തിൽ ബിസിനസ് ക്ലാസ് ടിക്കറ്റായിരുന്നു നടിയുടെ ആദ്യ ഡിമാന്റ്. അതിനുമാത്രം ഒന്നേകാൽ ലക്ഷം രൂപ ചെലവഴിച്ചു. ഷൂട്ടിംഗിന് എത്തിയപ്പോൾ താമസിക്കാൻ പഞ്ചനക്ഷത്ര ഹോട്ടൽ ഉറപ്പാക്കണമെന്ന് നടി നിർദ്ദേശിച്ചെന്നും പറയുന്നു. 24-ാം തീയതി തിരുവനന്തപുരത്ത് എത്തിയ നടിക്ക് വേണ്ടി താജ് വിവാന്റയിലെ പ്രിമിയം സ്യൂട്ട് റൂം ഏർപ്പാടാക്കി. ഇന്നലെ രാവിലെയാണ് നടി ഹോട്ടൽ റൂം വെക്കേറ്റ് ചെയ്ത് മടങ്ങിയത്. മുൻ എപ്പിസോഡുകളിൽ പങ്കെടുത്ത അതിഥികൾക്ക് ടൂറിസം വകുപ്പിന്റെ കീഴിലുള്ള മാസ്‌ക്കറ്റ് ഹോട്ടലിലായിരുന്നു താമസം ഒരുക്കിയിരുന്നത്.

ഇതിന് പുറമെ ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് പരിപാടിയിൽ പങ്കെടുക്കുന്നവരെ ടച്ച് അപ്പ് ചെയ്യാനായി മേക്കപ്പ്മാൻ ഉണ്ടെങ്കിലും തനിക്ക് അതുപറ്റില്ലെന്ന് നടി അറിയിച്ചു. തുടർന്ന് കൊച്ചിയിൽ നിന്ന് വേറെ ആളെ എത്തിക്കേണ്ടി വന്നു. തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോവരെയുള്ള കാർ യാത്രാക്കൂലിയും 10,000 രൂപ പ്രതിഫലവും ത്രീസ്റ്റാർ ഹോട്ടലിൽ താമസ സൗകര്യവുമാണ് അതിനായി ഒരുക്കിയത്. ഇത്തരത്തിലാണ് എപ്പിസോഡ് ഷൂട്ട് ചെയ്തത്. ഇതിനായി പതിവിൽ കവിഞ്ഞ പണം ചെലവഴിച്ചതായും ഇക്കാര്യം ചൂണ്ടിക്കാട്ടിയ സിഡിറ്റിന്റെ നിലപാട് മുഖ്യമന്ത്രിയുടെ ഓഫീസ് തള്ളിയതായുമാണ് റിപ്പോർട്ട്.

സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ വിദേശത്ത് സ്ഥിരതാമസക്കാരിയായ നടിയെ പങ്കെടുപ്പിക്കുന്നതിന് വലിയ തുക ചെലവഴിക്കുന്നതിലെ അനൗചിത്യം പരിപാടിയുടെ ഏകോപന ചുമതല വഹിക്കുന്ന സി-ഡിറ്റ് ചൂണ്ടിക്കാട്ടിയെങ്കിലും ആ വാദം മുഖ്യമന്ത്രിയുടെ ഓഫീസ് തള്ളിക്കളഞ്ഞുവെന്ന് റിപ്പോർട്ടിൽ പറയുന്നു. പകരം, പരിപാടിയുടെ നിർമ്മാണം നിർവഹിക്കുന്ന ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്‌മെന്റ് വഹിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അറിയിപ്പ്. പ്രവാസികളുടെ പ്രശ്‌നങ്ങളിൽ സർക്കാരിന്റെ 'ക്രിയാത്മകമായ' ഇടപെടലുകൾ എന്ന വിഷയത്തിൽ സംസാരിക്കണമെന്നാണ് ആശാ ശരത്തിനോട് ആവശ്യപ്പെട്ടത്. അവർ അക്കാര്യം ഭംഗിയായി നിർവഹിക്കുകയും ചെയ്തു.

ഇതിനിടെ, പരിപാടിയുടെ ഏകോപനത്തെ ചൊല്ലിയുണ്ടായ ആശയക്കുഴപ്പമാണ് ചെലവ് അധികരിക്കാൻ കാരണമായതെന്ന സൂചനകളും ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ലോക കേരളസഭയിൽ പങ്കെടുക്കാനായി ആശാ ശരത്ത് കേരളത്തിൽ എത്തുന്ന ദിവസങ്ങളിൽ ഷൂട്ടിങ് നടത്താമെന്നായിരുന്നു ധാരണ. എന്നാൽ ആ ദിവസങ്ങളിൽ മുഖ്യമന്ത്രി വലിയ തിരക്കിലായതോടെ ഷൂട്ടിങ് ഷെഡ്യൂൾ മാറി. ലോക കേരള സഭക്ക് ശേഷം ആശാ ശരത്ത് ദുബായിയിലേക്ക് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് പരിപാടിക്ക് വേണ്ടി നടിയെ വീണ്ടും തിരുവനന്തപുരത്ത് എത്തിച്ചത്.

കഴിഞ്ഞ ദിവസം ഷൂട്ടിങ് കഴിഞ്ഞ് നടി മടങ്ങിയെങ്കിലും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി വരുന്ന ആഴ്ചകളിലേതെങ്കിലും ദിവസം പരിപാടി സംപ്രേഷണം ചെയ്യാനാണ് തീരുമാനം. അരമണിക്കൂർ ദൈർഘ്യമുള്ള സംവാദ പരിപാടിയിൽ ആറന്മുള എംഎ‍ൽഎ വീണാ ജോർജാണ് അവതാരക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP