Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാൻസർ രോഗിയായ അംഗത്തിന് വേണ്ടി സഹപ്രവർത്തകർ സ്വരൂപിച്ച ഇരുപതിനായിരം രൂപയടക്കം കുടുംബശ്രീയുടെ പേരിലെടുത്ത ലിങ്കേജ് ലോണിലും നവകേരള ലോട്ടറിയിലും അടക്കം തട്ടിപ്പ്; കുടുംബശ്രീ അംഗങ്ങളുടെ പരാതിയിന്മേൽ സി പി എം ലോക്കൽ കമ്മിറ്റിയംഗത്തിന്റെ ഭാര്യയെ മാറ്റി നിർത്തി വിജിലൻസ് അന്വേഷണത്തിന് തിരുവല്ല നഗരസഭ; പുറത്തു വരുന്നത് സി ഡി എസ് ചെയർപേഴ്‌സൺ നടത്തിയ ലക്ഷങ്ങളുടെ തട്ടിപ്പ്; ആശാ സുദർശനന് കുരുക്ക് മുറുകുന്നു

കാൻസർ രോഗിയായ അംഗത്തിന് വേണ്ടി സഹപ്രവർത്തകർ സ്വരൂപിച്ച ഇരുപതിനായിരം രൂപയടക്കം കുടുംബശ്രീയുടെ പേരിലെടുത്ത ലിങ്കേജ് ലോണിലും നവകേരള ലോട്ടറിയിലും അടക്കം തട്ടിപ്പ്; കുടുംബശ്രീ അംഗങ്ങളുടെ പരാതിയിന്മേൽ സി പി എം ലോക്കൽ കമ്മിറ്റിയംഗത്തിന്റെ ഭാര്യയെ മാറ്റി നിർത്തി വിജിലൻസ് അന്വേഷണത്തിന് തിരുവല്ല നഗരസഭ; പുറത്തു വരുന്നത് സി ഡി എസ് ചെയർപേഴ്‌സൺ നടത്തിയ ലക്ഷങ്ങളുടെ തട്ടിപ്പ്; ആശാ സുദർശനന് കുരുക്ക് മുറുകുന്നു

എസ് രാജീവ്‌

തിരുവല്ല : കുടുംബശ്രീ ഫണ്ടുകളിൽ ലക്ഷങ്ങളുടെ തിരിമറിയും തട്ടിപ്പും നടത്തിയെന്ന കുടുംബശ്രീ അംഗങ്ങളുടെ പരാതിയിന്മേൽ സി പി എം ലോക്കൽ കമ്മിറ്റിയംഗത്തിന്റെ ഭാര്യയും നഗരസഭ വെസ്റ്റ് സി ഡി എസ് ചെയർപേഴ്‌സണുമായ ആശാ സുദർശന് മേൽ കുരുക്ക് മുറുകുന്നു. കാൻസർ രോഗിയായ കുടുംബശ്രീ അംഗത്തിന് നൽകാനായി കുടുംബശ്രീ അംഗങ്ങൾ സ്വരൂപിച്ച് നൽകിയ പണം കൈക്കലാക്കിയതും വിവിധ ലിങ്കേജ് ലോണുകളിലുമടക്കം നടത്തിയ തട്ടിപ്പുകൾ സംബന്ധിച്ച അന്വേഷണം ആശയെ ചുമതലയിൽ നിന്നും മാറ്റി നിർത്തി പരാതി വിജിലൻസിന് കൈമാറാൻ നഗരസഭ കൗൺസിൽ യോഗം ഏകകണ്ഠമായി പ്രമേയം പാസാക്കി.

സി ഡി എസ് ചെയർപേഴ്‌സണായ ആശാ സുദർശന്റെ കീഴിലുള്ള 19 വാർഡുകളിലെ കുടുംബശ്രീകൾ മുഖേന എടുത്ത ലിങ്കേജ് വായ്പകൾ സംബന്ധിച്ചും നടപ്പിലാക്കാത്ത കുടുംബശ്രീ സംരഭങ്ങളുടെ പേരിലെടുത്ത വായ്പകൾ സംബന്ധിച്ചുമുള്ള മുഴുവൻ രേഖകളും അടുത്ത കൗൺസിലിൽ ഹാജരാക്കാനും യോഗത്തിൽ തീരുമാനമുണ്ട്. സി ഡി എസ് ചെയർപേഴ്‌സൺ നടത്തിയ ലക്ഷങ്ങളുടെ തട്ടിപ്പ് സംബന്ധിച്ച് കഴിഞ്ഞ ദിവസം മറുനാടൻ മലയാളി പുറത്തുവിട്ട വാർത്തയെ തുടർന്ന് വിളിച്ചു ചേർത്ത അടിയന്തിര നഗരസഭാ കൗൺസിലാണ് നിർണ്ണായക തീരുമാനങ്ങളുണ്ടായത്. തട്ടിപ്പ് കൈയോടെ പിടികൂടിയ നഗരസഭാ സെക്രട്ടറിയെ ഭരണ സ്വാധീനം ഉപയോഗിച്ച് ഞൊടിയിടയിൽ സ്ഥലം മാറ്റിയതോടെയാണ് സംഭവം വിവാദമായത്.

ആറ് ലക്ഷത്തോളം രൂപയുടെ ക്രമക്കേടുകൾ നടന്നതായി നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക പരിശോധനകളിൽ വ്യക്തമായിട്ടുണ്ട്. അഴിമതി ആരോപണത്തിന്റെ അടിസ്ഥാനത്തിൽ കുടുംബശ്രീ മെമ്പർ സെക്രട്ടറിയുടെ കൂടി ചുമതല വഹിച്ചിരുന്ന ഹെൽത്ത് ഇൻസ്‌പെക്ടർ അജി എസ് കുമാറിനെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ഇൻ ചാർജായ ശ്രീകുമാറിന് പകരം ചുമതലയും നൽകിയിട്ടുണ്ട്. ആശയെ സി സി എസ് ചെയർപേഴ്‌സൺ സ്ഥാനത്തു നിന്നും നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ആശയുടെ കീഴിലുള്ള 19 സി ഡി എസ് മെമ്പറന്മാരുടെ പൊതുസഭ അടുത്ത ആഴ്ച വിളിച്ചു ചേർക്കാനും കൗൺസിൽ യോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. നഗരസഭ നാലാം വാർഡിൽ ചുമത്ര സ്വദേശിനിയും തിരുവല്ല നഗരസഭ വെസ്റ്റ് സി ഡി എസ് ചെയർപേഴ്‌സണും ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റിയംഗവുമായ സുദർശനന്റെ ഭാര്യ ആശ സുദർശൻ നടത്തിയ ലക്ഷങ്ങളുടെ തിരിമറി കണ്ടെത്തിയ നഗരസഭാ സെക്രട്ടറി എസ് ബിജുവിനെയാണ് കാസർഗോഡിന് രായ്ക്കുരാമാനം സ്ഥലം മാറ്റിയത്.

കാൻസർ രോഗിയായ കുടുംബശ്രീ അംഗത്തിന്ന് വേണ്ടി സഹപ്രവർത്തകർ സ്വരൂപിച്ച ഇരുപതിനായിരം രൂപയടക്കം കുടുംബശ്രീയുടെ പേരിലെടുത്ത ലിങ്കേജ് ലോണിലും കുടുംബശ്രീ മുഖേന വിറ്റഴിച്ച നവകേരള ലോട്ടറിയിലും മറ്റ് നിരവധി കുടുംബശ്രീ പദ്ധതികളിലുമടക്കം ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് സി ഡി എസ് ചെയർപേഴ്‌സൺ നടത്തിയതായാണ് നഗരസഭയിൽ നിന്നും ലഭിക്കുന്ന വിവരം. സി ഡി എസ് ചെയർപേഴ്‌സൺ ആശയ്‌ക്കെതിരെ പന്ത്രണ്ടോളം കുടുംബശ്രീ അംഗങ്ങൾ നഗരസഭാ ചെയർമാനും സെക്രട്ടറിക്കും കുടുംബശ്രീ ജില്ലാ മിഷനിലും ഒരാഴ്ച മുമ്പ് നൽകിയ പരാതിയുടെ ചുവടുപിടിച്ച് നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് വമ്പൻ തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. നാലാം വാർഡിലെ കുടുംബശ്രീ അംഗവും ക്യാൻസർ രോഗിയുമായ ആൻസിയമ്മ വർഗീസിന് വേണ്ടി 31-ാം വാർഡിലെ അയൽക്കൂട്ടം പിരിച്ച പതിനായിരം രൂപ ആൻസിയമ്മയ്ക്ക് കൈമാറാനായി മാസങ്ങൾക്ക് മുമ്പ് അശയെ ഏൽപ്പിച്ചിരുന്നു.

എന്നാൽ ആ തുകയും ആശ കൈയടക്കുകയായിരുന്നു. തിരിമറി സംബന്ധിച്ച പരാതി ശക്തമായതിനെ തുടർന്ന് ദുരിതാശ്വാസ ഫണ്ടിൽ ഉൾപ്പെടുത്തി ആൻസിയമ്മയ്ക്ക് പണം കൈമാറുകയായിരുന്നു. കൂടാതെ ആൻസിയമ്മയ്ക്ക് വേണ്ടി മറ്റ് 12 കുടുംബശ്രീകൾ ചേർന്ന് പിരിച്ചു നൽകിയ 1000 രൂപ മാസങ്ങൾ പിന്നിട്ടിട്ടും കൈമാറിയിട്ടുമില്ല. ആൻസിയമ്മ കഴിഞ്ഞ മാസം 9 ന് മരണപ്പെടുകയും ചെയ്തു. മൂന്ന് ലക്ഷമെന്ന് കുടുംബശ്രീ അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് ലിങ്കേജ് ലോൺ പ്രകാരം സെൻട്രൽ ബാങ്ക് തിരുവല്ല ശാഖയിൽ നിന്നും ഏഴ് ലക്ഷം രൂപ ലോൺ എടുക്കുകയും നാല് ലക്ഷം രൂപ മുക്കുകയും ചെയ്ത ശേഷം ഏഴ് ലക്ഷം രൂപയുടെ തിരിച്ചടവ് കുടുംബശ്രീ അംഗങ്ങൾക്ക് മേൽ കെട്ടിവെൽപ്പിച്ചതായും കുടുംബശീ അംഗങ്ങൾ നൽകിയ പരാതിയിൽ പരാമർശമുണ്ട്. ജില്ലാ മിഷനിൽ നിന്നും നിർമ്മാണ മേഖലയിലെ ഗുണഭോക്താക്കൾക്ക് നൽകിയ പണത്തിലും തിരിമറി നടന്നിട്ടുണ്ട്.

രണ്ടാം വാർഡിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തിയ ഭവന നിർമ്മാണത്തിൽ പങ്കാളിയെന്ന് തെറ്റിദ്ധരിപ്പിച്ച് 10400 രൂപ നഗരസിടയിൽ നിന്നും ആശ കൈപ്പറ്റിയിരുന്നു. കൂടാതെ കുടുംബശ്രീ അംഗങ്ങൾ മുഖേന വിറ്റഴിക്കുന്നതിനായി നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും നവകേരള ലോട്ടറിക്കായി ഒരു ലക്ഷം രൂപ വായ്പയായി നൽകിയിരുന്നു. ഇതു മുഖേന അംഗങ്ങൾക്ക് 25000 രൂപ കമ്മീഷൻ ഇനത്തിൽ ലഭിക്കേണ്ടതാണ്. എന്നാൽ ഈ കമ്മീഷൻ തുകയും സി ഡി തസ് ചെയർപേഴ്‌സൺ കൈക്കലാക്കുകയായിരുന്നു. മഹിളാ അസോസിയേഷന്റെ മാസികയായ സ്ത്രീ ശബ്ദം കുടുംബശ്രീയുടേതെന്ന് തെറ്റിദ്ധരിപ്പിച്ച് ഓരോ കുടുംബശ്രീ യൂണിറ്റിൽ നിന്നും 200 രൂപ വീതം ചെയർപേഴ്‌സൺ പിരിച്ചെടുത്തിരുന്നു. ഈ തുക സി പി എം ജില്ലാ കമ്മിറ്റി ഓഫീസിലടച്ച് ജില്ലയിൽ ഏറ്റവുമധികം കുടുംബശ്രീകളിലൂടെ മാസിക വിറ്റഴിച്ച ലേബലിൽ ആശ അടുത്തിടെ മഹിള അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗവുമായിരുന്നു.

ആശ ചെയർപേഴ്‌സണായ സി ഡി എസ് നടത്തിയ പണമിടപാടുകൾ സംബന്ധിച്ച് വ്യക്തതയില്ലായ്മ ബോധ്യപ്പെട്ടതായും ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ കെ വിധു പറഞ്ഞു. സംഭവം ഒതുക്കിത്തീർക്കാൻ പരാതിക്കാരായ കുടുംബശ്രീ അംഗങ്ങളുമായി ഇതിനിടെ സി പി എം നേതൃത്വം രഹസ്യ ചർച്ചകൾ നടത്തിയിരുന്നു. കുടുംബശ്രീ അക്കൗണ്ടിന്റെ തലയിൽ കെട്ടിവെച്ച് കേസിൽ നിന്നും ആശയെ ഊരിയെടുക്കാനുള്ള ശ്രമങ്ങളും അണിയറയിൽ ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP