Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാനവരാശിയുടെ ക്ഷേമത്തിനായി തണുത്തുറഞ്ഞ മരവിപ്പിൽ നിന്നും ഉയിർത്തെഴുന്നേറ്റ് വരും! അഷു ബാബ ആയേംഗേ...; പാട്ടൂം പാടി ഫ്രീസറിന് മുമ്പിൽ കാവലിരിക്കുന്ന ഭക്തർ; ഹൃദയാഘാതം വന്ന് മരിച്ച ആൾദൈവത്തെ സംസ്‌കരിക്കാത്തവർ ചർച്ചയാക്കുന്നത് അന്ധവിശ്വാസത്തിന്റെ ആർക്കും അംഗീകരിക്കാനാവാത്ത തലം; ഫീസറിലെ ഊഷ്മാവ് ക്രമീകരിച്ചും രാസവസ്തുക്കളിലൂടെ മൃതദേഹം അഴുകാതെ നോക്കിയും തട്ടിപ്പ്; അശുതോഷ് മഹാരാജ് മരിച്ച ശേഷവും പഞ്ചാബ് സർക്കാരിന് തലവേദന സൃഷ്ടിക്കുമ്പോൾ

മാനവരാശിയുടെ ക്ഷേമത്തിനായി തണുത്തുറഞ്ഞ മരവിപ്പിൽ നിന്നും ഉയിർത്തെഴുന്നേറ്റ് വരും! അഷു ബാബ ആയേംഗേ...; പാട്ടൂം പാടി ഫ്രീസറിന് മുമ്പിൽ കാവലിരിക്കുന്ന ഭക്തർ; ഹൃദയാഘാതം വന്ന് മരിച്ച ആൾദൈവത്തെ സംസ്‌കരിക്കാത്തവർ ചർച്ചയാക്കുന്നത് അന്ധവിശ്വാസത്തിന്റെ ആർക്കും അംഗീകരിക്കാനാവാത്ത തലം; ഫീസറിലെ ഊഷ്മാവ് ക്രമീകരിച്ചും രാസവസ്തുക്കളിലൂടെ മൃതദേഹം അഴുകാതെ നോക്കിയും തട്ടിപ്പ്; അശുതോഷ് മഹാരാജ് മരിച്ച ശേഷവും പഞ്ചാബ് സർക്കാരിന് തലവേദന സൃഷ്ടിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ലുധിയാന: സമാധിയിൽ ആണ്. തിരിച്ചു വരും-ആൾദൈവത്തിന്റെ മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ച് അനുയായികൾ. പഞ്ചാബിലെ ലുധിയാനയിലെ ദിവ്യ ജ്യോതി ജാഗ്രിതി സൻസ്ഥാൻ മേധാവി അശുതോഷ് മഹാരാജിന്റെ മൃതദേഹമാണ്, അദ്ദേഹം തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ ശിഷ്യന്മാർ വർഷങ്ങളായി ഫ്രീസറിൽ സൂക്ഷിക്കുന്നത്.

അശുതോഷ് മഹാരാജിന്റെ മൃതദേഹം അന്ത്യകർമങ്ങൾ നടത്തി ദഹിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, നേതാവ് സമാധിയിലാണെന്നും മൃതദേഹം വിട്ടുതരില്ലെന്നും ആശ്രമം അധികൃതർ അറിയിച്ചു. കോടതിയുത്തരവു നടപ്പാക്കാൻ ആശ്രമത്തിലെത്തിയ പൊലീസിനെ ആൾദൈവത്തിന്റെ അനുയായികൾ തടഞ്ഞിരുന്നു. ദിവ്യ ജ്യോതി ജാഗ്രിതി സൻസ്ഥാൻ എന്ന വിഭാഗത്തിന്റെ നേതാവായിരുന്നു അശുതോഷ് മഹാരാജ്. 2014 ജനുവരി 29ന് ഇയാളുടെ മരണം ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു.

മൃതദേഹം 15 ദിവസത്തിനുള്ളിൽ ദഹിപ്പിക്കണമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധിച്ചത് ഡിസംബറിലാണ്. ഇതെതുടർന്നാണ് പൊലീസ് ആശ്രമത്തിലെത്തിയത്. പൊലീസ് സംഘത്തെ ആശ്രമാധികൃതരും അനുയായികളും തടയുകയായിരുന്നു. ഇദ്ദേഹം മരിച്ചിട്ടില്ലെന്നും സമാധിയിലാണെന്നുമാണ് ആശ്രമത്തിന്റെ അവകാശവാദം. മൃതദേഹം അന്ത്യ കർമങ്ങൾക്കായി വിട്ടു നൽകാനും വിസമ്മതിച്ചു. ആശ്രത്തിനു ചുറ്റും നിലയുറപ്പിച്ച അനുയായികൾ പൊലീസിനെയും മാധ്യമപ്രവർത്തകരെയും ആശ്രമത്തിനകത്തു കയറാൻ അനുവദിക്കാതെ മനുഷ്യക്കോട്ട കെട്ടുകയായിരുന്നു.

പഞ്ചാബിലെ ദിവ്യ ജ്യോതി ജാഗ്രതി സൻസ്ഥാൻ എന്ന ഭക്തിപ്രസ്ഥാനത്തിന്റെ തലവൻ ഗുരു അശുതോഷ് മഹാരാജിന്റെ മൃതദേഹമാണ് വർഷങ്ങളായി ആശ്രമത്തിൽ ഫ്രീസറിൽ സൂക്ഷിക്കുന്നത്. ഗുരു മരിച്ചിട്ടില്ലെന്നും ധ്യാനത്തിലാണെന്നുമാണ് ശിഷ്യന്മാരുടെ വാദം. അശുതോഷ് മഹാരാജ് ധ്യാനാവസ്ഥയിൽ നിന്നും വീണ്ടും ഉണരുമെന്ന ഉറച്ച വിശ്വാസത്തിലാണ് അനുയായികൾ നൂർമഹൽ പട്ടണത്തിലുള്ള ആശ്രമത്തിൽ മൃതദേഹം സൂക്ഷിക്കുന്നത്. എഴുപതുകാരനായ ഗുരുവിന്റെ ധ്യാനം പൂർത്തിയാകുന്നതുവരെ ശരീരം ഫ്രീസറിൽ നിന്ന് മാറ്റാനോ സംസ്‌കരിക്കാനോ അനുവദിക്കില്ലെന്ന് പ്രസ്ഥാന വക്താവ് സ്വാമി വിശാലാനന്ദ പറയുന്നു.

അവാന്തര വിശ്വാസി വിഭാഗത്തിന്റെ മാസം തോറും നടക്കുന്ന ഒത്തുചേരലിന്റെ അവിഭാജ്യ ഘടകമായ ഒരു പാട്ടുണ്ട്. അഷു ബാബ ആയേംഗേ... (അഷു ബാബ വരും) എന്നു തുടങ്ങുന്ന ഈ ഗാനം 'വൈദ്യശാസ്ത്രപരമായി മരിച്ച' ഇവരുടെ തലവനായിരുന്ന അശുതോഷ് മഹാരാജിന്റെ രണ്ടാം വരവിനെ കുറിച്ചാണ് പറയുന്നത്. മാനവരാശിയുടെ ക്ഷേമത്തിനായി അഷുതോഷ് തണുത്തുറഞ്ഞ മരവിപ്പിൽ നിന്നും ഉയിർത്തെഴുന്നേറ്റ് വരുമെന്ന് അനുയായികളെ വിശ്വസിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അശുതോഷിന്റെ ഭക്തരായ ദിവ്യജ്യോതി പ്രചാരകർ ഈ ഗാനാലാപനത്തെ ഉപയോഗപ്പെടുത്തി വരുന്നത്. അശുതോഷിന്റെ ഈ അനുയായിക്കൂട്ടത്തിന് പഞ്ചാബിൽ 36 കേന്ദ്രങ്ങളും ലോകത്തൊട്ടാകെ സാന്നിധ്യവുമുണ്ട്. ഇവരുടെ മൊത്തം ആസ്തി ആയിരം കോടിയിലേറെ വരുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. മരിച്ചിട്ടും അടക്കം ചെയ്യപ്പെടാത്ത ബാബയുടെ മൃതദേഹം സർക്കാരിനും ഒരു തലവേദനയാണ്.

മൃതദേഹം സംസ്‌കരിക്കാൻ വിട്ടു നൽകാത്തതിനെ തുടർന്ന് മഹാരാജിന്റെ മുൻ ഡ്രൈവർ കോടതിയെ സമീപിച്ചിരുന്നു. മരണം സ്ഥിരീകരിച്ചു കൊണ്ടുള്ള റിപ്പോർട്ട് സമർപ്പിച്ചിട്ടും കോടതി ഹരജി തള്ളുകയാണ് ചെയ്തത്. പ്രശ്നത്തിൽ കോടതി പഞ്ചാബ് സർക്കാരിനോട് വിശദീകരണം തേടി. എന്നാൽ ആത്മീയാചാര്യനായ അശുതോഷ് മഹാരാജിന്റെ മൃതദേഹം സംസക്രിക്കുന്നത് സംബന്ധിച്ച തീരുമാനം അനുയായികൾക്ക് വിട്ടു നൽകണമെന്നാണ് പഞ്ചാബ് സർക്കാർ കോടതിയെ അറിയിച്ചത്. തുടർന്ന് കോടതി മൃതദേഹം സൂക്ഷിക്കാൻ അനുമതി നൽകുകയായിരുന്നു. ഫ്രീസറിൽ ധ്യാനത്തിലിരിക്കുമ്പോഴും ഗുരുവുമായി ആത്മീയ ബന്ധം പുലർത്തുന്നതായാണ് അനുയായികളുടെ വാദം.

50 ഏക്കർ ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്നതാണ് ദിവ്യ ജ്യോതി ജാഗ്രിതി സൻസ്ഥാൻ. ദേരാ നേതാവ് 2014ൽ ലുധിയാനയിലെ സദ്ഗുരു അപ്പോളോ ആശുപത്രിയിലാണ് മരിച്ചത്. ശാരീരികാസ്വാസ്ഥത്തെ തുടർന്നായിരുന്നു മരണം. ഒരു മുറിയിൽ എല്ലാവിധ സുരക്ഷാ സംവിധാനങ്ങളോടെയാണ് മൃതദേഹം സൂക്ഷിക്കുന്നത്. ഇതിന് കാവലായി ഒരു സംഘം ആളുകൾ എല്ലായ്പോഴും ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. മുറിക്ക് അകത്തേയ്ക്ക് ആർക്കും പ്രവേശനമില്ല. ആരെങ്കിലും അന്യായമായി കടക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് സുരക്ഷാക്രമീകരണങ്ങൾ. ദേരയ്ക്ക് ചുറ്റും പഞ്ചാബ് പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. വിഐപികൾക്ക് പോലും ഇവിടെയ്ക്ക് പ്രവേശനമില്ല.

കഴിഞ്ഞവർഷം ആശ്രമത്തിൽ സന്ദർശനം നടത്തിയവരിൽ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് അടക്കമുള്ള പ്രമുഖർ ഉൾപ്പെടും. ദിവ്യ ജ്യോതി ജാഗ്രിതി സൻസ്ഥാനിൽ ഉയർന്ന പദവി വഹിക്കുന്ന മൂന്നുനാല് പേരെ മാത്രമേ മുറിയിൽ പ്രവേശിക്കാൻ അനുവദിച്ചിട്ടുള്ളൂ. ഇതുവരെ മൃതദേഹത്തിന് കുഴപ്പം ഒന്നും സംഭവിച്ചിട്ടില്ലെന്ന് പരിശോധിച്ച ഡോക്ടർമാർ പറയുന്നു. പഞ്ചാബ്, ഹരിയാന ഹൈക്കോടതികളുടെ നിർദ്ദേശപ്രകാരം പതിവായി പരിശോധകൾ നടക്കുന്നുണ്ട്. ഫ്രീസറിലെ ഊഷ്മാവ് ക്രമീകരിച്ചിരിക്കുകയാണ്. പതിവായി ചില മരുന്നുകൾ മൃതദേഹത്തിൽ ഉപയോഗിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അശുതോഷ് മഹാരാജ് തന്നെ എതിർത്ത സിഖ് വിഭാഗവുമായി നിരന്തരം സംഘർഷത്തിൽ ഏർപ്പെട്ടിരുന്നു. 2009 ഡിസംബറിൽ മഹാരാജിന്റെ സമ്മേളനത്തെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. അക്രമം പൊട്ടി പുറപ്പെട്ടതിനെ തുടർന്ന് പൊലീസ് വെടിയുതിർക്കുകയും രണ്ടു ദിവസത്തേക്ക് മേഖലയിൽ കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

2014 ജനുവരി 29-ന് പുലർച്ചെ പഞ്ചാബിലെ ഒരു മുതിർന്ന രാഷ്ട്രീയ നേതാവിന് സൻസ്ഥനിൽ നിന്നും ഒരു ഫോൺ കോൾ വന്നു. തങ്ങളുടെ ആത്മീയ നേതാവും സൻസ്ഥൻ തലവനുമായ അശുതോഷ് ബാബ ഹൃദയാഘാതം മൂലം മരിച്ചിരിക്കുന്നുവെന്ന വിവരം അറിയിക്കാനായിരുന്നു അത്. ഏതാനും മണിക്കൂറുകൾക്ക് മുമ്പ് തൊട്ടു മുമ്പത്തെ രാത്രിയിൽ അശുതോഷിന് നെഞ്ചുവേദന ഉണ്ടായപ്പോൾ ലുധിയാനയിലെ സദ്ഗുരു പ്രതാപ് സിങ് അപ്പോളോ ഹോസ്പിറ്റലിൽ നിന്നും ഒരു ആംബുലൻസ് വരുത്തുകയും ചെയ്തിരുന്നു. വിശദമായ പരിശോധനകൾക്കു ശേഷം ഡോക്ടർമാരുടെ സംഘം അശുതോഷ് മരിച്ചതായി വിധിയെഴുതുകയും ചെയ്തിരുന്നു. എന്നാൽ വിവരമറിഞ്ഞ് സൻസ്ഥനിന്റെ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന നാലു നേതാക്കൾ എത്തിച്ചേർന്നതോടെ കാര്യങ്ങളൊക്കെ കിഴ്മേൽ മറിയുകയായിരുന്നു. അഷുതോഷ് മരിച്ചിട്ടില്ല സമാധിയിലാണ് വൈകാതെ അദ്ദേഹം തിരിച്ചു വരുമെന്നാണ് പിന്നീട് ഇവർ പ്രചരിപ്പിച്ചത്.

മരിച്ചയുടൻ പ്രദേശത്തെ ഒരു ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവന്ന മോർച്ചറി ചേംബറിലേക്ക് അശുതോഷിനെ മാറ്റിയിരുന്നു. പിന്നീട് സൻസ്ഥൻ നേതാക്കളുടെ നിർബന്ധപ്രകാരം മൃതദേഹം ഫ്രീസറിലേക്ക് മാറ്റി സൂക്ഷിച്ചു വന്നു. അശുതോഷിന്റെ മരണം സംഭവിച്ചതായി ഇനിയും തീർപ്പുകൽപ്പിക്കാത്തതിനു കാരണമായി പറയപ്പെടുന്നത് യോഗ്യനായ ഒരു പിൻഗാമി ഇല്ലെന്ന പ്രശ്നമാണ്. ഈ ഭക്തസമൂഹത്തെ ഇപ്പോൾ നയിക്കുന്നത് ഡൽഹിയിലെ സൻസ്ഥ നേതാക്കളാണ്. സൻസ്ഥൻ തലവന്റെ ഒരു മുൻ ഡ്രൈവറും അശുതോഷിന്റെ മകൻ എന്നവകാശപ്പെടുന്ന ബിഹാറുകാരൻ ദലിപ് ഝായും അശുതോഷിന്റെ അന്ത്യകർമ്മങ്ങൾ നടത്താൻ അനുമതി തേടിയും മരണം സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടും പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഈ സംഭവത്തിൽ പലതവണ അട്ടിമറികളും വഴിത്തിരിവുകളും ഉണ്ടായത്.

പ്രശ്നങ്ങൾക്ക് രമ്യമായ പരിഹാരം കാണാനുള്ള ശ്രമങ്ങൾ നടത്തണമെന്ന് 2014 നവംബർ 30-ന് ജസ്റ്റിസ് എസ് കെ മിത്തൽ അധ്യക്ഷനായ ഹൈക്കോടതി ബെഞ്ച് സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. അശുതോഷിന്റെ പേരിൽ ഒരു സമാധിയോ ക്ഷേത്രമോ ഉണ്ടാക്കുകയും അന്ത്യകർമ്മങ്ങൾ നിർവഹിക്കുകയും ചെയ്യുന്ന കാര്യം പരിഗണിക്കണമെന്ന് കോടതി സൻസ്ഥയോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. 15 ദിവസങ്ങൾക്കകം അശുതോഷിന്റെ അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കണമെന്ന് 2014 ഡിസംബർ ഒന്നിന് ഹൈക്കോടതിയുടെ ഏകാംഗ ബെഞ്ച് സംസ്ഥാന സർക്കാരിനോട് ഉത്തരവിട്ടിരുന്നെങ്കിലും പിന്നീട് ഇത് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ഇത് മതകാര്യമാണെന്ന് പറഞ്ഞ് പ്രശ്നത്തിൽ നിന്നും സുരക്ഷിതമായ അകലം പാലിക്കാനാണ് സംസ്ഥാന സർക്കാരിനു താൽപര്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP