Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

48 മണിക്കൂർ നീളുമെന്ന് അറിയിച്ച വിലക്ക് ഇന്ന് രാവിലെ ഒൻപതരയോടെ നീക്കി; സംപ്രേഷണം തുടങ്ങിയത് കേന്ദ്രം വിലക്ക് സ്വമേധയാ മാറ്റിയതോടെയെന്ന് വിശദീകരിച്ച് മീഡിയാ വൺ; തൊട്ടു പിറകെ വിലക്ക് നീക്കിയത് പുലർച്ചെ ഒന്നരയ്‌ക്കെന്ന് ഫ്‌ളാഷ് നൽകി ഏഷ്യാനെറ്റ് ന്യൂസ്; സാമൂഹിക-രാഷ്ട്രീയ ഇടപെടലുകളെ കുറിച്ചും ഏഷ്യാനെറ്റ് ന്യൂസിൽ സ്‌ക്രോൾ; പിൻവലിച്ചത് എങ്ങനെയെന്ന് വിശദീകരിക്കാതെ രാജീവ് ചന്ദ്രശേഖറിന്റെ ചാനൽ; ഡൽഹി കലാപ റിപ്പോർട്ടിംഗിൽ കേന്ദ്രം മുട്ടുമടക്കിയത് മലയാളികളുടെ പ്രതിഷേധക്കരുത്തോ?

48 മണിക്കൂർ നീളുമെന്ന് അറിയിച്ച വിലക്ക് ഇന്ന് രാവിലെ ഒൻപതരയോടെ നീക്കി; സംപ്രേഷണം തുടങ്ങിയത് കേന്ദ്രം വിലക്ക് സ്വമേധയാ മാറ്റിയതോടെയെന്ന് വിശദീകരിച്ച് മീഡിയാ വൺ; തൊട്ടു പിറകെ വിലക്ക് നീക്കിയത് പുലർച്ചെ ഒന്നരയ്‌ക്കെന്ന് ഫ്‌ളാഷ് നൽകി ഏഷ്യാനെറ്റ് ന്യൂസ്; സാമൂഹിക-രാഷ്ട്രീയ ഇടപെടലുകളെ കുറിച്ചും ഏഷ്യാനെറ്റ് ന്യൂസിൽ സ്‌ക്രോൾ; പിൻവലിച്ചത് എങ്ങനെയെന്ന് വിശദീകരിക്കാതെ രാജീവ് ചന്ദ്രശേഖറിന്റെ ചാനൽ; ഡൽഹി കലാപ റിപ്പോർട്ടിംഗിൽ കേന്ദ്രം മുട്ടുമടക്കിയത് മലയാളികളുടെ പ്രതിഷേധക്കരുത്തോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 48 മണിക്കൂർ വിലക്ക് ഇന്ന് രാവിലെ ഒൻപതരയോടെ കേന്ദ്ര സർക്കാർ സ്വമേധയാ പിൻവലിച്ചുവെന്ന് മീഡിയാ വൺ ചാനൽ. ചാനലിന് വിലക്കുണ്ടായിരുന്നതായി സമ്മതിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഫ്‌ളാഷ് ന്യൂസ് നൽകി. രാവിലെ ഒന്നരയോടെയാണ് പിൻവലിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസ് പറയുന്നു. എന്നാൽ വിലക്ക് നീക്കിയത് സ്വമേധയാ ആണോ എന്ന് ഏഷ്യാനെറ്റ് ന്യൂസ് പറയുന്നുമില്ല. സാമൂഹിക രാഷ്ട്രീയ മേഖലകളിലെ എതിർപ്പിനെ കുറിച്ച് പറയുന്നുമുണ്ട്. രാവിലെ ആറു മണി വാർത്ത ഏഷ്യാനെറ്റ് ന്യൂസ് നൽകിയിരുന്നു. എന്നാൽ അതിലൊന്നും വിലക്ക് വാർത്തയായില്ല. എന്നാൽ മീഡിയാ വൺ ചാനൽ സംപ്രേഷണം തുടങ്ങിയപ്പോൾ തന്നെ വിലക്ക് മാറ്റിയത് ബ്രേക്കിംഗായി കൊടുത്തു. ഇതിന് ശേഷമാണ് ഏഷ്യാനെറ്റ് ന്യൂസ് വിലക്ക് സമ്മതിച്ച് ഫ്‌ളാഷ് നൽകിയത്.

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മീഡിയവണിന് ഏർപ്പെടുത്തിയ വിലക്ക് നീക്കിയെന്നായിരുന്നു അവരുടെ ബ്രേക്കിങ് ന്യൂസ്. കേന്ദ്ര സർക്കാർ സ്വമേധയാ വിലക്ക് നീക്കുകയായിരുന്നു. ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിൽ അപാകതയുണ്ടെന്ന് ആരോപിച്ചായിരുന്നു വിലക്ക്. മാർച്ച് ആറിന് രാത്രി ഏഴരയ്ക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. 48 മണിക്കൂർ നേരത്തേക്ക് ഏർപ്പെടുത്തിയ വിലക്ക് ഇന്ന് രാവിലെ 9.30 ഓടെയാണ് നീക്കിയത്. വിലക്ക് ഏർപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നുവെന്നും മീഡിയാ വൺ പറഞ്ഞു. അതിന് ശേഷമാണ് ഏഷ്യാനെറ്റ് ന്യൂസ് ഫ്‌ളാഷ് ന്യൂസ് നൽകിയത്. പിഴയടച്ചും മാപ്പു പറഞ്ഞുമാണ് ഏഷ്യാനെറ്റ് ന്യൂസ് വലിക്ക് പിൻവലിച്ചതെന്ന് സോഷ്യൽ മീഡിയ ആരോപണം ഉന്നയിച്ചിരുന്നു. ബിജെപി എംപി കൂടിയായ ഏഷ്യാനെറ്റ് ന്യൂസ് മുതലാളി രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലാണ് ഇതിന് കാരണമെന്നും വാദമെത്തി. ഇതിന് പിന്നാലെയാണ് മീഡിയാ വണ്ണിന്റെ വിലക്ക് സ്വമേധയാ കേന്ദ്ര സർക്കാർ മാറ്റിയത്.

കേബിൾടിവി മാർഗ്ഗ നിർദ്ദേശങ്ങൾ തെറ്റിച്ചതിനെ തുടർന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയമാണ് സംപ്രേഷണം നിർത്തിവെയ്ക്കാൻ കേന്ദ്രം ആവശ്യപ്പെട്ടത്. ആരാധാനാലയങ്ങൾ തകർക്കുന്ന ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തു, കലാപം ഏകപക്ഷീയമായി റിപ്പോർട്ട് ചെയ്തു, സംഘർഷ സാധ്യത നിൽക്കുന്ന സാഹചര്യത്തിൽ രാജ്യം മുഴുവൻ കലാപം പടർന്നു പിടിക്കാൻ സഹായിക്കുന്ന രീതിയിൽ റിപ്പോർട്ട് ചെയ്തു മുതലായ കുറ്റങ്ങൾക്കാണ് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും എതിരെ കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചത്. കലാപകാരികൾ സിഎഎ വിരുദ്ധ പ്രക്ഷോഭകർക്ക് നേരെ പൊലീസ് നോക്കി നിൽക്കെയാണ് വെടി ഉതിർത്തു എന്നാണ് റിപ്പോർട്ടർ വാർത്ത നൽകിയത്. എന്നാൽ ഇതെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. കലാപമേഖലയിൽ നിന്ന് റിപ്പോർട്ട് ചെയ്യുമ്പോൾ പാലിക്കേണ്ട മിതത്വം ഏഷ്യാനെറ്റ് ന്യൂസ് ചാനൽ സ്വീകരിച്ചില്ല. സാമൂഹ്യ സ്പർദ്ധ വളർത്തുന്ന രീതിയിൽ റിപ്പോർട്ട് ചെയ്യരുത് എന്ന നിബന്ധന ലംഘിച്ചു. ഒരു വിഭാഗമാണ് കാലപം നടത്തുന്നത് എന്ന രീതിയിൽ ഏകപക്ഷീയമായ വാർത്ത വിതരണരീതി അവലംബിച്ചുവെന്നും വിലക്ക് ഏർപ്പെടുത്തി കൊണ്ടുള്ള ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.

വിഷയത്തിൽ ചാനലുകളോട് വിശദീകരണം ചോദിച്ചെങ്കിലും നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനെ തുടർന്ാണ് നടപടി സ്വീകരിച്ചത്. വെള്ളിയാഴ്ച രാത്രി 7.30 ഓടെയാണ് ഇരു ചാനലിന്റേയും സംപ്രേഷണം നിർത്തിവെച്ചത്. ബിജെപി എംപിയായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ. അതുകൊണ്ട് തന്നെ മണിക്കൂറുകൾക്കുള്ളിൽ ഏഷ്യാനെറ്റിന്റെ വിലക്ക് നീങ്ങിയത് സോഷ്യൽ മീഡിയയിൽ ചർച്ചയുമാണ്. ഇതിന് പിന്നാലെയാണ് മീഡിയ വണിന്റെയും വിലക്ക് നീങ്ങിയത്. ഇരു ചാനലുകളുടെയും ലൈവ് ടെലികാസ്റ്റിങ്, ലൈവ് സ്ട്രീമിങ് എന്നിവ നിലവിൽ തടസങ്ങളില്ലാതെ പ്രവർത്തിക്കുന്നുണ്ട്.

വെള്ളിയാഴ്ച രാത്രി 7.30 മുതലാണ് ഇരുചാനലുകൾക്കും 48 മണിക്കൂർ നിരോധനം ഏർപ്പെടുത്തിയത്. ഡൽഹി കലാപം സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തതിൽ രണ്ട് ചാനൽ അധികൃതരോടും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നോട്ടീസ് നൽകിയിരുന്നു. ഇതിലെ വിശദീകരണം തള്ളിക്കളഞ്ഞിട്ടാണ് വിലക്ക് ഏർപ്പെടുത്തി ഉത്തരവ് ഇറക്കിയത്. വിലക്ക് ഏർപ്പെടുത്തിയ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. കേരള പത്രപ്രവർത്തക യൂണിയനും വിവിധ രാഷ്ട്രീയ നേതാക്കളും കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. സ്വതന്ത്ര മാധ്യമ പ്രവർത്തനം രാജ്യത്ത് പാടില്ലെന്ന് ഉത്തരവിടുന്നതിന് തുല്യമാണ് സർക്കാർ നടപടിയെന്ന് മീഡിയ വൺ എഡിറ്റർ ഇൻ ചീഫ് സിഎൽ തോമസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. അടിയന്തരാവസ്ഥ കാലത്തുപോലും ഉണ്ടാകാത്ത വിധത്തിലുള്ള ജനാധിപത്യ വിരുദ്ധമായ നടപടിയെ നിയമപരമായി നേരിടാനാണ് തീരുമാനം എന്നാണ് അറിയിച്ചിരിക്കുന്നത്.

എഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ ചാനലുകളെ 48 മണിക്കൂർ നേരത്തേക്ക് നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അപലപിച്ചിരുന്നു. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്താനുള്ള ഹീനമായ തന്ത്രം ആണിതെന്നു കോടിയേരി ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. ഡൽഹി കലാപം സംബന്ധിച്ച റിപ്പോർട്ടിങ്ങിനെ മുൻനിർത്തിയാണ് കേന്ദ്ര സർക്കാർ നടപടി. അക്രമം നടത്തിയ വർഗീയ ശക്തികൾക്ക് എതിരെയോ നിഷ്‌ക്രിയത്വം പാലിച്ച ഡൽഹി പൊലീസിനെതിരെയോ ചെറുവിരൽ അനക്കാത്തവർ ആണ് മാധ്യമങ്ങൾക്ക് എതിരെ തിരിഞ്ഞിരിക്കുന്നത്. ഇത്തരം നടപടി ജനാധിപത്യ രാജ്യത്തിന് ഭൂഷണം അല്ലെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ഏഷ്യാനെറ്റ്, മീഡിയ വൺ ചാനലുകൾക്ക് രണ്ടു ദിവസത്തെ വിലക്ക് ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി ഫാസിസത്തിന്റെ ഭീകരമുഖം പ്രകടമാക്കുന്നതെന്ന് കെപിസിസി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയെന്നാൽ ഒരു ജനതയുടെ വായ് മൂടിക്കെട്ടുകയെന്നാണ് അർത്ഥം. നിർഭയവും സ്വതന്ത്രവുമായ മാധ്യമ പ്രവർത്തനത്തെ വരുതിയിലാക്കാനുള്ള ശ്രമമാണ് ഈ മാധ്യമവിലക്ക്. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നായ സ്വതന്ത്ര മാധ്യമപ്രവർത്തനം തകർക്കാനുള്ള ഏത് ശ്രമവും ചെറുത്ത് പരാജയപ്പെടുത്തണം. മോദി സർക്കാരിന്റെ ഫാസിസ്റ്റ് ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കാൻ ജനങ്ങൾ തയ്യറാകണം. മാധ്യമവിലക്കിനെ കെപിസിസി. ശക്തമായി അപലപിക്കുന്നു. ഫാസിസത്തിന്റെ കടന്നു കയറ്റം അംഗീകരിക്കാനാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഏഷ്യാനെറ്റിന്റെയും മീഡിയ വണ്ണിന്റെയും സംപ്രേഷണം ഒരു നോട്ടീസുപോലും നൽകാതെ നിർത്തിവെപ്പിച്ച കേന്ദ്രസർക്കാർ നടപടി അടിയന്തരാവസ്ഥയെ വെല്ലുന്നതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. ഡൽഹി കലാപം സത്യസന്ധമായി റിപ്പോർട്ട് ചെയ്തതിന്റെ പേരിലാണ് ഈ നടപടി. മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണമാണിത്. മോദി സർക്കാർ അധികാരത്തിലേറിയ ശേഷം സ്വീകരിച്ചു വരുന്ന മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്ന നടപടികളുടെ തുടർച്ചയാണിത്. ഇതിനെതിരെ ശക്തമായ ബഹുജനരോഷം ഉയർന്നുവരണമെന്ന് കാനം രാജേന്ദ്രൻ അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP