Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകത്തെ ഏറ്റവും പ്രായം കൂടിയ പരസ്യമോഡൽ; 2000 കോടി ആസ്തിയുള്ള സമ്പന്ന ബിസിനസുകാരൻ; ഒരു മാസം രണ്ട് കോടി രൂപ ശമ്പളം കൈപ്പറ്റുന്ന കമ്പനി സിഇഒ...! 95ാം വയസിൽ പത്മഭൂഷൺ കിട്ടിയ ധരംപാൽ ഗുലാത്തി ഒരു യഥാർത്ഥ ഇന്ത്യൻ ഹീറോ

ലോകത്തെ ഏറ്റവും പ്രായം കൂടിയ പരസ്യമോഡൽ; 2000 കോടി ആസ്തിയുള്ള സമ്പന്ന ബിസിനസുകാരൻ; ഒരു മാസം രണ്ട് കോടി രൂപ ശമ്പളം കൈപ്പറ്റുന്ന കമ്പനി സിഇഒ...! 95ാം വയസിൽ പത്മഭൂഷൺ കിട്ടിയ ധരംപാൽ ഗുലാത്തി ഒരു യഥാർത്ഥ ഇന്ത്യൻ ഹീറോ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഇക്കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പത്മ ഭൂഷൺ പുരസ്‌കാരത്തിൽ ഒന്ന് ലഭിച്ചിരിക്കുന്നത് 95 കാരനായ ധരം പാൽ ഗുലാത്തിക്കാണ്. വ്യാപാര-വ്യവസായ മേഖലകളിൽ മികവ് പുലർത്തിയതിനാണ് ജീവിത സായാഹ്നത്തിൽ അദ്ദേഹത്തെ തേടി ഈ ഉന്നത പുരസ്‌കാരമെത്തിയത്. നിരവധി പ്രത്യേകതകൾ അവകാശപ്പെട്ടയാളാണ് ധരം പാൽ. ലോകത്തെ ഏറ്റവും പ്രായം കൂടിയ പരസ്യമോഡലായ ഇദ്ദേഹം ഈ പ്രായത്തിലും നിരവധി പരസ്യങ്ങളിൽ അഭിനയിച്ച് കൊണ്ട് താരമായി നിറഞ്ഞ് നിൽക്കുന്നുണ്ട്. 2000 കോടി ആസ്തിയുള്ള മഹാശയ ദി ഹാറ്റി(എംഡിഎച്ച്) ഗ്രൂപ്പിന്റെ ഉടമയായ സമ്പന്ന ബിസിനസുകാരനാണ് ഈ വയോവൃദ്ധൻ.

ചുരുക്കിപ്പറഞ്ഞാൽ ഒരു യഥാർത്ഥ ഇന്ത്യൻ ഹീറോയാണ് ഇദ്ദേഹം. ഏത് സമയത്തും തന്റെ പ്രശസ്തമായ ചുവപ്പ് തലപ്പാവും നരച്ച മീശയമായി കാണപ്പെടുന്ന ധരം പാൽ മഹാശയ ജി എന്ന വിളിപ്പേരിലറിയപ്പെടുന്നു. ഇദ്ദേഹത്തിന് പത്മഭൂഷൺ ലഭിച്ചുവെന്ന വാർത്ത അറിഞ്ഞത് മുതൽ ഇദ്ദേഹത്തിന്റെ ഫോൺ തുടർച്ചയായി അടിച്ച് കൊണ്ടിരിക്കുന്നുണ്ട്. ഇദ്ദേഹത്തിന് ലഭിച്ച നേട്ടത്തിൽ ആശംസകൾ അറിയിച്ച് കൊണ്ട് സുഹൃത്തുക്കളും ഉറ്റവരും വിളിച്ച് കൊണ്ടിരിക്കുന്നുണ്ട്. സ്നേഹത്തിനല്ലാതെ താൻ മറ്റൊന്നിനും അടിമപ്പെട്ടില്ലെന്നാണ് ധരം പാൽ പ്രതികരിച്ചിരിക്കുന്നത്.

തന്നെ കാണാനും ഒപ്പം നിന്ന് ഫോട്ടോയെടുക്കാനും കുട്ടികളും യുവാക്കളും ഇഷ്ടപ്പെടുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. സ്‌കൂളിൽ വെറും അഞ്ചാം ക്ലാസ് മാത്രം പൂർത്തിയാക്കിയ ആളാണ് ഇത്രയും നേട്ടങ്ങൽ കൈയെത്തിപ്പിടിച്ച ധരം പാൽ എന്നത് വിസ്മയകരമായ കാര്യമാണ്. നിലവിൽ എഫ്എംസിജി സെക്ടറിൽ ഏറ്റവും ശമ്പളം വാങ്ങുന്ന ഇദ്ദേഹത്തിന് 2018ൽ ലഭിച്ച ശമ്പളം 25 കോടി രൂപയാണ്. 1923 മാർച്ച് 27ന് ഇപ്പോൾ പാക്കിസ്ഥാനിലുള്ള സിയാകോട്ടിലാണ് ധരം പാൽ ജനിച്ചത്.

ഇന്ത്യാ വിഭജനത്തിന് ശേഷം ധരം പാലും കുടുംബവും വെറും 1500 രൂപയുമായിട്ടായിരുന്നു ഇന്ത്യയിലേക്കെത്തിയത്. തുടക്കത്തിൽ ഒരു കുതിരവണ്ടിക്കാരനായിട്ടായിരുന്നു ധരം പാൽ ജോലി ചെയ്തിരുന്നത്. തുടർന്ന് കരോൾ ബാഗിൽ ഇദ്ദേഹത്തിന്റെ കുടുംബം ഒരു സുഗന്ധവ്യജ്ഞന കട തുറക്കുകയും ചെയ്തു. അവിടുന്നാരംഭിച്ച ബിസിനസ് പടിപടിയായി ഉയർന്ന് ഇന്നത്തെ നിലയിലെത്തുകയായിരുന്നു. നിലവിൽ ഇന്ത്യയിലും ദുബായിലുമായി ധരം പാലിന് 18 ഫാക്ടറികളാണുള്ളത്. ഇതിന് പുറമെ എംഡിഎച്ച് സ്പൈസസ് ലോകമാകമാനം വിതരണം ചെയ്യുന്നുമുണ്ട്.

കമ്പനി 62 ഉൽപന്നങ്ങളാണ് വിറ്റഴിക്കുന്നത്. ഉത്തരേന്ത്യയിൽ ഈ മേഖലയിലെ വിപണി ഓഹരിയിൽ 80 ശതമാനവും തങ്ങൾക്കാണെന്നും ഇവർ അവകാശപ്പെടുന്നു. ഈ പ്രായത്തിലും ഒരു ദിവസം ഒരു ഫാക്ടറിയെങ്കിലും ധരം പാൽ സന്ദർശിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ ആറ് പെൺമക്കളും മകനും ബിസിനസിൽ സഹായിക്കുന്നതിനാൽ ബിസിനസ് സാമ്രാജ്യം വളർന്ന് കൊണ്ടിരിക്കുകയാണ്. തിളങ്ങുന്ന മോഡലായി ഈ പ്രായത്തിലും നിരവധി ആരാധകരെ ധരം പാൽ സമ്പാദിച്ചിരിക്കുന്നു. പടിഞ്ഞാറൻ ഡൽഹിയിലെ കീർത്തി നഗർ ഇന്റസ്ട്രിയൽ ഏരിയയിലെ എംഡിഎച്ച് ഹൗസിലെ ചുമരുകളിലെ ഓരോ ഇഞ്ചിലും ഇദ്ദേഹത്തിന്റെ മുഖമുള്ള പരസ്യമുണ്ട്. തന്റെ സ്ഥാപനത്തിന്റെ പരസ്യങ്ങൾക്ക് പുറമെ മറ്റ് ചില പരസ്യങ്ങളിൽ അഭിനയിച്ചും ധരം പാൽ ഏവരെയും ആകർഷിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP