Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സർക്കാർ ഭൂമി ലക്ഷ്മി നായരുടെ കുടുംബത്തിന് എഴുതി കൊടുത്ത സാക്ഷാൽ കെ കരുണാകരന്റെ മകനും ലോ അക്കാഡമിക്ക് മുമ്പിൽ നിരാഹാരമിരിക്കാൻ ഒരുങ്ങുന്നു; കെ മുരളീധരന്റെ പ്രഖ്യാപനം സ്വന്തം മണ്ഡലത്തിൽ കേറി വി മുരളീധരൻ മൈലേജ് കൊണ്ടുപോകുന്നുവെന്ന് തിരിച്ചറിഞ്ഞ്

സർക്കാർ ഭൂമി ലക്ഷ്മി നായരുടെ കുടുംബത്തിന് എഴുതി കൊടുത്ത സാക്ഷാൽ കെ കരുണാകരന്റെ മകനും ലോ അക്കാഡമിക്ക് മുമ്പിൽ നിരാഹാരമിരിക്കാൻ ഒരുങ്ങുന്നു; കെ മുരളീധരന്റെ പ്രഖ്യാപനം സ്വന്തം മണ്ഡലത്തിൽ കേറി വി മുരളീധരൻ മൈലേജ് കൊണ്ടുപോകുന്നുവെന്ന് തിരിച്ചറിഞ്ഞ്

തിരുവനന്തപുരം: ലോ അക്കാഡമി വിഷയത്തിൽ വിദ്യാർത്ഥികൾ സമരം തുടങ്ങുകയും എല്ലാ രാഷ്ട്രീയ കക്ഷികളും ഇടപെടുകയും സ്വന്തം മണ്ഡലത്തിൽ നടക്കുന്ന സമരത്തിന്റെ കാര്യത്തിൽ ഇതുവരെ മിണ്ടാതിരുന്ന കോൺഗ്രസ് നേതാവ് കെ മുരളീധരനും ഒടുവിൽ രംഗത്തെത്തുന്നു.

48 മണിക്കൂറിനകം പ്രശ്‌നത്തിന് പരിഹാരം ഉണ്ടായില്ലെങ്കിൽ സ്ഥലം എംഎൽഎ എന്ന നിലയിൽ ഇനി താൻ കാഴ്ചക്കാരനായി നോക്കിനിൽക്കില്ലെന്ന് പറഞ്ഞാണ് മുരളി അവസാനം വിഷയത്തിൽ പ്രതികരണവുമായി എത്തുന്നത്. ഈ ബുധനാഴ്ചത്തെ ക്യാബിനറ്റിലെങ്കിലും ലോ അക്കാഡമി വിഷയത്തിൽ പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കിൽ വ്യാഴാഴ്ച മുതൽ നിരാരാഹ സമരം തുടങ്ങുമെന്നാണ് മുരളിയുടെ പ്രഖ്യാപനം.

സമരം തുടങ്ങി ഇത്രയും ദിവസമായിട്ടും സംസ്ഥാനംമുഴുവൻ ശ്രദ്ധിക്കുന്ന തരത്തിലുള്ള കോലാഹലങ്ങളിലേക്ക് സമരം മാറിയിട്ടും ഇതുവരെ കാര്യമായ പ്രതികരണം പോലും ലോ അക്കാഡമി ഉൾപ്പെടുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലെ എംഎൽഎയായ കെ മുരളീധരൻ നടത്തിയിരുന്നില്ല. ഇത് വലിയ വിമർശനമാണ് പാർട്ടിയിലും ഉയർത്തിയിരുന്നത്.

അക്കാഡമി ഡയറക്ടർ നാരായണൻ നായരുടേയും പ്രിൻസിപ്പൽ ലക്ഷ്മിനായരുടേയും കുടുംബമായി ഉള്ള അടുത്ത ബന്ധമാണ് മുരളീധരനെ പ്രശ്‌നത്തിൽ ഇടപെടുന്നതിൽ നിന്ന് ഇതുവരെ വിലക്കിനിർത്തിയിരുന്നതെന്നാണ് സൂചനകൾ. അതിനാൽ തന്നെ ഇപ്പോൾ ഈ അവസാന നിമിഷത്തിൽ പ്രശ്‌നം 48 മണിക്കൂറിനകം തീർത്തില്ലെങ്കിൽ നിരാഹാരം തുടങ്ങുമെന്ന പ്രഖ്യാപനവുമായി മുരളി എത്തിയതിനെതിരെ കടുത്ത വിമർശനം ഉയർന്നുകഴിഞ്ഞു.

ലോ അക്കാഡമി വിഷയയത്തിൽ മൂന്നാഴ്ചയോളമായി വിദ്യാർത്ഥികൾ സമരം തുടങ്ങിയിട്ട്. ആദ്യഘട്ടത്തിൽ കെഎസ് യുവും എംഎസ്എഫുമാണ് ലക്ഷ്മിനായരുടെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്കെതിരെ സമര രംഗത്തെത്തിയത്. അതിനുശേഷം എബിവിപിയും പിന്നീട് എസ്എഫ്‌ഐയും സമരം ശക്തമാക്കുകയും ഇതിന് പിന്നാലെ ബിജെപി നേതാവ് വി മുരളീധരൻ വിഷയത്തിൽ നിരാഹാര സമരം തന്നെ ആരംഭിക്കുകയും ചെയ്തു.

ഇതിനിടെ സമരക്കാരെ കാണാൻ എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും നേതാക്കൾ നിരനിരയായി എത്തി. പ്രതിപക്ഷം നിർജീവമാണെന്ന് പറഞ്ഞ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ കലാപക്കൊടി ഉയർത്തുകയും എന്നിട്ടും സ്വന്തംമണ്ഡലത്തിൽ നടക്കുന്ന സമരവേദിയിലേക്ക് ഇപ്പോൾ സീനിയർ നേതാവും മണ്ഡലത്തിലെ എംഎൽഎയുമായ കെ മുരളീധരൻ എത്താതിരുന്നത് എന്താണെന്ന ചോദ്യവും പാർട്ടിക്കുള്ളിൽ തന്നെ ചർച്ചാ വിഷയമായി.

ലക്ഷ്മി നായരുടെ കുടുംബത്തിന് ഉള്ള പാർട്ടി ബന്ധം മുൻനിർത്തി ആദ്യമൊന്നും എത്താതിരുന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി പോലും എത്തിയിട്ടും മുരളി മിണ്ടിയിരുന്നില്ല. എന്നാൽ പ്രശ്‌നം തീരുമെന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തുമ്പോഴാണ് മുരളി പിന്നെയും രണ്ടുദിവസത്തെ കൂടി സമയം പ്രഖ്യാപിച്ച് സമരഭീഷണിയുമായി എത്തുന്നതെന്നതും ശ്രദ്ധേയമാണ്.

പ്രിൻസിപ്പാൾ സ്ഥാനത്തുനിന്ന് ലക്ഷ്മിനായരെ നീക്കണമെന്നും വിദ്യാർത്ഥി പീഡനത്തിന് അവരെ അറസ്റ്റുചെയ്യ്ണമെന്നും ആണ് മുരളി ഇന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. അവർക്കെതിരെ പൊലീസ് ഇന്ന് കേസെടുക്കുകപോലും ചെയ്തതിന് പിന്നാലെയാണ് മുരളി എത്തിയതെന്നതും ചർച്ചചെയ്യപ്പെടുന്നുണ്ട്.

ആദ്യം വിദ്യാർത്ഥിവിരുദ്ധ നിലപാടുകൾക്കെതിരെയാണ് പ്രിൻസിപ്പാളിനെതിരെ അക്കാഡമിയിൽ സമരം തുടങ്ങിയതെങ്കിൽ മൂന്നാഴ്ചയോളം സമരം എത്തുമ്പോൾ വിഷയം അതിൽ നിന്ന് മാറി അക്കാഡമി ട്രസ്റ്റ് കെവശപ്പെടുത്തി വച്ച സർക്കാർ ഭൂമി അവരിൽ നിന്ന് തിരിച്ചുപിടിക്കണമെന്ന നിലയിലേക്ക് വിഷയം വളർന്നുകഴിഞ്ഞു.

മുന്മുഖ്യമന്ത്രി കെ കരുണാകരന്റെ ഭരണകാലത്താണ് 1985ൽ ലോ അക്കാഡമിയുടെ ട്രസ്റ്റിന് സർക്കാർ ഭൂമി പതിച്ചു നൽകുന്നത്. 1972 കാലത്ത് ഡയറക്ട് പേയ്‌മെന്റ് എഗ്രിമെന്റിൽ അന്നുണ്ടായിരുന്ന എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒപ്പുവച്ച് എയ്ഡഡ് ആയി മാറിയപ്പോൾ ആ എഗ്രിമെന്റിൽ നിന്ന് ലോ അക്കാഡമി വിട്ടുനിന്നിരുന്നു.

ഇതോടെ അവർക്കൊഴികെ മറ്റെല്ലാ സ്വകാര്യ മാനേജ്‌മെന്റുകൾക്കും സർക്കാർ നൽകിയ ഭൂമി അതത് മാനേജ്‌മെന്റുകൾക്ക് പതിച്ചു നൽകിയിരുന്നു. മാറിനിന്ന അക്കാഡമിക്ക് പിന്നീട് കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ ഭൂമി പതിച്ചു നൽകിയെന്ന വിവരം പുറത്തുവന്നത് ഇപ്പോൾ വലിയ ചർച്ചയാണ്.

മാത്രമല്ല, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് ഡിഗ്രി കഴിഞ്ഞ ശേഷം കെ മുരളീധരൻ ലോ അക്കാഡമിയിൽ നിയമ വിദ്യാർത്ഥിയും ആയിരുന്നു. എന്നാൽ കോഴ്‌സ് പൂർത്തിയാക്കിയിരുന്നില്ല. ഇത്തരത്തിൽ അക്കാഡമി നടത്തുന്ന കുടുംബവുമായി ഉള്ള ബന്ധത്തെ തുടർന്നാണ് മുരളീധരൻ ഇതുവരെ പ്രശ്‌നത്തിൽ ഇടപെടാതെ മാറിനിന്നതെന്നാണ് സൂചനകൾ.

മാത്രമല്ല, വട്ടിയൂർക്കാവ് മണ്ഡലത്തിൽ ബിജെപി നേതാവ് വി മുരളീധരൻ പ്രശ്‌നപരിഹാരം ഉണ്ടാകുംവരെ ഒരാഴ്ചയോളമായി നിരാഹാര സമരം തുടരുകയാണ്. ഇത് തന്റെ മണ്ഡലത്തിലെ ഇമേജിനെ ബാധിക്കുമെന്ന തോന്നലുണ്ടായപ്പോഴാണ് ഒടുവിൽ ഗത്യന്തരമില്ലാതെ കെ മുരളീധരൻ ലക്ഷ്മിനായർക്കെതിരെ പ്രസ്താവനയുമായി എത്തുന്നതെന്നാണ് വിവരം.

ഏതായാലും ചെന്നിത്തലയും സുധീരനും ഉൾപ്പെടെയുള്ള നേതാക്കൾ സമരപ്പന്തലിൽ എത്തിയിട്ടും തിരിഞ്ഞുനോക്കാതിരുന്ന കെ മുരളീധരൻ ഇപ്പോൾ വ്യാഴാഴ്ചയ്ക്കകം പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ നിരാഹാരം നടത്തുമെന്ന പ്രഖ്യാപനം നടത്തിയത് വലിയ ചർച്ചയായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP