Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

19-ാം വയസ്സിൽ പ്രണയിച്ച് കെട്ടിയ രാജനെ കലിപിടിപ്പിച്ചത് താഴ്ന്ന ജാതിക്കാരനെ മരുമകനായി സ്വീകരിക്കാനുള്ള കോപ്ലക്‌സ്; എതിർപ്പ് തിരിച്ചറിഞ്ഞ് അവർ പ്ലാൻ ചെയ്തത് രജിസ്റ്റർ മാരീജ്; വീട്ടിൽ പോകാൻ മടിച്ച ആതിരയെ നല്ല വാക്ക് പറഞ്ഞ് അച്ഛനൊപ്പം വിട്ടത് അരിക്കോട് പൊലീസിന്റെ ആദ്യ വീഴ്ച; ക്ലൈമാക്‌സിൽ പഴുതുകളൊരുക്കി പ്രതിയെ രക്ഷപ്പെടുത്തിയതും പ്രോസിക്യൂഷന്റെ വീഴ്ചകൾ; ആതിരയുടെ ദുരഭിമാനക്കൊലയിൽ ഒന്നാം പ്രതി പൊലീസ് തന്നെ; രാജൻ പുറത്തിറങ്ങുമ്പോൾ ചർച്ചയാകുന്നത് കാക്കിക്കുള്ളിലെ ക്രൂരത

19-ാം വയസ്സിൽ പ്രണയിച്ച് കെട്ടിയ രാജനെ കലിപിടിപ്പിച്ചത് താഴ്ന്ന ജാതിക്കാരനെ മരുമകനായി സ്വീകരിക്കാനുള്ള കോപ്ലക്‌സ്; എതിർപ്പ് തിരിച്ചറിഞ്ഞ് അവർ പ്ലാൻ ചെയ്തത് രജിസ്റ്റർ മാരീജ്; വീട്ടിൽ പോകാൻ മടിച്ച ആതിരയെ നല്ല വാക്ക് പറഞ്ഞ് അച്ഛനൊപ്പം വിട്ടത് അരിക്കോട് പൊലീസിന്റെ ആദ്യ വീഴ്ച; ക്ലൈമാക്‌സിൽ പഴുതുകളൊരുക്കി പ്രതിയെ രക്ഷപ്പെടുത്തിയതും പ്രോസിക്യൂഷന്റെ വീഴ്ചകൾ; ആതിരയുടെ ദുരഭിമാനക്കൊലയിൽ ഒന്നാം പ്രതി പൊലീസ് തന്നെ; രാജൻ പുറത്തിറങ്ങുമ്പോൾ ചർച്ചയാകുന്നത് കാക്കിക്കുള്ളിലെ ക്രൂരത

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മലപ്പുറം അരീക്കോട് പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നിൽ ദുരഭിമാനമെന്നായിരുന്നു പിതാവിന്റെ മൊഴി. പട്ടികജാതിക്കാരൻ മകളെ വിവാഹം കഴിച്ചാൽ നാട്ടുകാർ കളിയാക്കുമെന്ന് ഭയന്നിരുന്നതായാണ് ആതിരയുടെ പിതാവ് രാജൻ വ്യക്തമാക്കിയത്. മലപ്പുറം കീഴുപറമ്പ് സ്വദേശിനി ആതിരയുടേത് ദുരഭിമാനക്കൊലയാണെന്ന് സ്ഥിരീകരിക്കുന്നതായിരുന്നു രാജന്റെ മൊഴി. പക്ഷേ കേസിൽ വിധി വന്നപ്പോൾ ഇതെല്ലാം ആവിയായി. കേസിലെ സാക്ഷികൾ കൂറുമാറിയപ്പോൾ രാജൻ പുറത്തെത്തി. കേസ് അന്വേഷിച്ച പൊലീസിന്റെ വലിയ വീഴ്ചയായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് ഈ കേസിൽ സിബിഐയുടെ പുനരന്വേഷണം ചർച്ചയാകുന്നതും. പൊലീസിലെ ചിലർ രാജന് വേണ്ടി കരുക്കൾ നീക്കിയെന്ന ആരോപണം ശക്തമാണ്.

ആതിരയ കൊലപ്പെടുത്തിയ ശേഷം അരീക്കോട് പൊലീസിന്റെ കസ്റ്റഡിയിലായിരിക്കെ രാജന്റെ മൊഴി മലപ്പുറം ഡിവൈഎസ്‌പിയുടെ സാന്നിധ്യത്തിലാണ് രേഖപ്പെടുത്തിയത്. പട്ടികജാതിക്കാരനായ ബ്രിജേഷിനെ വിവാഹം ചെയ്യാനുള്ള ആതിരയുടെ തീരുമാനം തന്നെ തകർത്തതായാണ് രാജന്റെ മൊഴിയിൽ പറഞ്ഞിരുന്നത്. ബ്രിജേഷിന്റെ ബന്ധുക്കളുമായുള്ള മധ്യസ്ഥ ചർച്ചയിൽ വിവാഹം നടത്തിക്കൊടുക്കാമെന്ന് ഉറപ്പ് നൽകിയത് താൻ തന്നെയാണ്. എന്നാൽ ഇത് അംഗീകരിക്കാൻ തന്റെ മനസ്സ് തയ്യാറായില്ല. കൊല നടന്ന ദിവസം വീട്ടിൽവെച്ച് മകളുമായി തർക്കമുണ്ടായി. മദ്യലഹരിയിലായിരുന്ന താൻ മകളെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്നും രാജൻ മൊഴി നൽകി. ഈ മൊഴിയെ സാധൂകരിക്കാനുള്ള സാഹചര്യ തെളിവെല്ലാം ഉണ്ടായിരുന്ന കേസ്. പ്രതിയെ കൈയോടെ പിടികൂടുകയും ചെയ്തു. എന്നിട്ടും വിചാരണ പൂർത്തിയായപ്പോൾ പ്രതി രക്ഷപ്പെട്ടു. ഈ കേസിൽ അപ്പീൽ പോകുന്നതിനെ കുറിച്ച് പോലും സർക്കാർ ആലോചിക്കുന്നില്ലെന്നതാണ് വസ്തുത.

മകൾ പട്ടികജാതിക്കാരനെ വിവാഹം ചെയ്താൽ സുഹൃത്തുക്കളുടെ മുഖത്ത് എങ്ങനെ നോക്കും, അവരുടെ കളിയാക്കലിനെ എങ്ങനെ നേരിടും തുടങ്ങിയ ചിന്തകൾ തന്നെ അലട്ടിയിരുന്നതായും രാജൻ മൊഴി നൽകിയിരുന്നു. തിയ്യ ജാതിയിൽ പെട്ടയാളാണ് രാജൻ. വിവാഹത്തിന് അച്ഛന്റെ എതിർപ്പുണ്ടായിരുന്നെന്നും പൊലീസ് ഇടപെട്ടാണ് വിവാഹം നിശ്ചയിച്ചതെന്നും ആതിരയുടെ പ്രതിശ്രുത വരനും വ്യക്തമാക്കി. വിവാഹം നിശ്ചയിച്ച ശേഷം വീട്ടിൽ പ്രശ്നങ്ങൾ പതിവായിരുന്നെന്ന് ആതിര പറഞ്ഞതായി ബ്രിജേഷ് വെളിപ്പെടുത്തിയിരുന്നു. ഒരു വേള രജിസ്റ്റർ വിവാഹം കഴിക്കാനൊരുങ്ങിയെങ്കിലും, ആതിരയുടെ അച്ഛൻ നൽകിയ പരാതിയിൽ പൊലീസ് മധ്യസ്ഥ ചർച്ച നടത്തി. തുടർന്ന് ഇരുവീട്ടുകാരുടെയും അനുമതിയോടെ വിവാഹം നിശ്ചയിക്കുകയായിരുന്നു. ഇതിനിടെയിലും രാജൻ പ്രശ്നങ്ങളുണ്ടാക്കിയെന്ന് ബ്രിജേഷ് പറഞ്ഞു. അങ്ങനെ ഈ കൊലയ്ക്ക് അവസരം ഉണ്ടാക്കി കൊടുത്തത് മധ്യസ്ഥരായ പൊലീസായിരുന്നു. ഇപ്പോഴിതാ ഇതേ പൊലീസ് കേസിൽ നിന്ന് രാജനെ രക്ഷിക്കുകയും ചെയ്തു. അല്ലെങ്കിൽ ഒരു പക്ഷേ സുരക്ഷിത കരങ്ങളായ ബ്രിജേഷിനൊപ്പം ഇന്നും ആതിര സുഖജീവിതം നയിക്കുമായിരുന്നു.

പൊലീസിന്റെ കൂടി നിർബന്ധത്തിന് വഴങ്ങിയാണ് കൊല്ലപ്പെട്ട ആതിര അച്ഛനൊപ്പം സ്വന്തം വീട്ടിലേക്ക് മടങ്ങാൻ തയാറായത്. ഇരു കുടുംബങ്ങളും പൊലീസിൽ പരാതി നൽകിയതിന് ശേഷം സ്റ്റേഷനിൽ വെച്ച് നടത്തിയ ചർച്ചയിൽ രാജൻ വിവാഹത്തിന് സമ്മതിച്ചു. ഇതിന് ശേഷം പൊലീസിന്റെ കൂടി നിർബന്ധത്തെ തുടർന്നാണ് ആതിര അച്ഛനൊപ്പം സ്വന്തം വീട്ടിലേക്ക് പോയത്. പ്രായപൂർത്തിയായ ആതിരയെ ഇങ്ങനെ പറഞ്ഞയയ്‌ക്കേണ്ട ആവശ്യം പൊലീസിനുണ്ടായിരുന്നില്ല. എന്നിട്ടും അവർ അത് ചെയ്തു. ഇതിനൊപ്പമാണ് വിചാരണയ്‌ക്കൊടുവിൽ പ്രതി ഈസിയായി പുറത്തിറങ്ങിയതും ചർച്ചയാകേണ്ടത്.

മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡയാലിസിസ് ടെക്‌നീഷ്യനായ ആതിര മിലിട്ടറി ഉദ്യോഗസ്ഥനായ ബ്രിഗേഷുമായി പ്രണയത്തിലായിരുന്നു. ഓട്ടോ ഡ്രൈവറായ രാജൻ ഈ ബന്ധം അംഗീകരിക്കാതിരുന്നതോടെ ഇവർ രജിസ്റ്റർ വിവാഹം നടത്തി. രാജൻ എതിർപ്പ് തുടർന്നതോടെ ബന്ധുക്കളുടെ സാന്നിധ്യത്തിൽ അരീക്കോട് പൊലീസ് സ്റ്റേഷനിൽ ചർച്ച നടന്നു. ബന്ധുക്കളുടെ നിർബന്ധത്തിനു വഴങ്ങിയ രാജൻ, വിവാഹം ക്ഷേത്രസന്നിധിയിൽ നന്നായി നടത്തിക്കൊടുക്കാമെന്നു സമ്മതിച്ചു. ആതിര സ്വന്തം വീട്ടിലേക്കു വരികയും ചെയ്തു. അച്ഛൻ ഉപദ്രവിക്കുമെന്ന് ആതിര അന്നേ പറഞ്ഞിരുന്നതായി പറയപ്പെടുന്നു. പിന്നീട് മദ്യപിച്ച് വീട്ടിലെത്തിയ രാജൻ വീട്ടുകാരോടും ബന്ധുക്കളോടും തട്ടിക്കയറുകയും ആതിരയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഭയന്ന ആതിര അയൽവീട്ടിലെ മുറിയിൽ കയറി വാതിലടച്ചു. പിന്നാലെ ചെന്ന രാജൻ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറുകയും കഠാര ഉപയോഗിച്ച് മകളെ കുത്തിവീഴ്‌ത്തുകയുമായിരുന്നു. കുത്തേറ്റു ഗുരുതരാവസ്ഥയിലായ ആതിരയെ ഉടൻ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആതിരയെ രക്ഷിക്കാനായില്ല. സൗത്ത് പുത്തലം സാളിഗ്രാമം ക്ഷേത്രത്തിലാണ് വിവാഹച്ചടങ്ങിന്റെ തലേ ദിവസം ആതിരയുടെ ജീവൻ പോയി. ഇവിടെ കരഞ്ഞ് തളർന്നത് ബ്രിജേഷ് മാത്രമായിരുന്നു. രണ്ട് കൊല്ലം മുമ്പ് നടന്ന കൊലപാതകത്തിൽ പിന്നീട് അതിവേഗ വിചാരണ നടന്നു. അപൂർവ്വങ്ങളിൽ അത്യപൂർവ്വമായിരുന്നു ഈ കൊലക്കേസ്. വധ ശിക്ഷയ്ക്ക് പ്രതി അർഹനുമായിരുന്നു. എന്നാൽ കേസ് നടത്തിപ്പിലെ വീഴ്കൾ കേസിനെ സ്വാധീനിച്ചു. അങ്ങനെ രാജൻ സർവ്വ സ്വതന്ത്രനായി.

ആതിര മരിച്ചത് ആരും ബ്രിജേഷിനോട് പറഞ്ഞില്ല. പ്രിയതമയ്ക്ക് പരിക്ക് മാത്രമേ ഏറ്റിട്ടുള്ളൂവെന്നാണ് ബ്രിജേഷ് കരുതിയത്. ആശുപത്രിക്കിടക്കയിൽ താലികെട്ടാനായിരുന്നു ആഗ്രഹം. അതുകൊണ്ട് തന്നെ ആശുപത്രിയിലേക്ക് ഓടിയെത്തിയത് താലിമാലയും സാരിയുമെടുത്ത്. പക്ഷേ അവിടെ എത്തിയപ്പോൾ അറിഞ്ഞത് ഹൃദയം തകർക്കുന്ന വാർത്തയായിരുന്നു. മോർച്ചറിക്ക് മുമ്പിൽ കുത്തിയിരുന്ന് പൊട്ടിക്കരഞ്ഞു. ഇതെല്ലാം രണ്ട് കൊല്ലം മുമ്പ് മലയാളിയുടെ മനസ്സിലെ നൊമ്പരക്കാഴ്ചയായിരുന്നു. ഒടുവിൽ ദുരഭിമാനക്കൊല തന്റെ പ്രിയതമയുടെ ജീവനെടുത്തത് ബ്രിജേഷ് ഒടുവിൽ ഉൾക്കൊണ്ടു. ''ഇന്നലെ വൈകീട്ടും ആതിര വിളിച്ചിരുന്നു. ഭയത്തോടെയായിരുന്നു അവൾ വിളിച്ചത്. നമ്മെ ജീവിക്കാൻ അനുവദിക്കില്ലെന്നും എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്നുമായിരുന്നു അവൾ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇങ്ങനെയൊരന്ത്യം പ്രതീക്ഷിച്ചിരുന്നില്ല''-ബ്രിജേഷിന്റെ വാക്കുകൾ പ്രിയതമയുടെ മരണമറിഞ്ഞ് മുറിഞ്ഞു.

ഉത്തർപ്രദേശിൽ ഇന്ത്യൻ ആർമിയിൽ മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പിൽ (എം.ഇ.ജി.) ജോലി ചെയ്യുകയായിരുന്നു അന്ന് ഈ ഇരുപത്താറുകാരൻ. മൂന്ന് വർഷം മുമ്പ് അമ്മ വല്ലിയുടെ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയപ്പോഴാണ് ബ്രിജേഷ് ആതിരയെ പരിചയപ്പെടുന്നത്. സ്വകാര്യ ഡയാലിസിസ് സെന്ററിലെ ജീവനക്കാരിയായിരുന്നു ആതിര. പരിചയം പതിയെ പ്രണയത്തിലേക്ക് വഴിമാറി. വിവാഹിതരാകാനും അവർ തീരുമാനിച്ചു. ദളിത് വിഭാഗത്തിൽപ്പെട്ട ബ്രിജേഷുമായുള്ള സ്നേഹബന്ധം ആതിരയുടെ പിതാവ് രാജന് ഇഷ്ടമായിരുന്നില്ല. തർക്കം രൂക്ഷമായപ്പോൾ വിഷയം അരീക്കോട് പൊലീസ് സ്റ്റേഷനിലും എത്തി. സ്റ്റേഷനിൽ നടത്തിയ മധ്യസ്ഥ ചർച്ചയിൽ കല്യാണം കഴിച്ചുകൊടുക്കാൻ താൻ തയ്യാറാണെന്ന് രാജൻ ഉറപ്പ് നൽകി. തുടർന്ന് ആതിര ബന്ധുക്കളോടൊപ്പം പോയി.

കൊയിലാണ്ടി കോതമംഗലത്തെ ക്ഷേത്രത്തിൽ ഇവർ തമ്മിലുള്ള വിവാഹത്തിന് ഒരുക്കം നടത്തി. ആതിരയുടെ വീടിനടുത്തുള്ള ക്ഷേത്രത്തിൽവെച്ച് വിവാഹം നടത്തി കൊടുക്കാമെന്ന ഉറപ്പിൽ അത് മാറ്റി. പിന്നീട് വിവാഹം നടത്താനായി രാജന്റെ വീട്ടിൽ പന്തലിട്ട് സദ്യയ്ക്കുവേണ്ട ഒരുക്കങ്ങളെല്ലാം നടത്തി. ഇതിനിടെയാണ് ആതിരയ്ക്ക് കുത്തേറ്റ വാർത്ത അറിഞ്ഞത്. ആ സമയത്ത് ബ്രിജേഷും മറ്റ് ബന്ധുക്കളും വിവാഹത്തിനുള്ള താലി വാങ്ങാൻ പോയതായിരുന്നു. രാത്രി ടി.വിയിൽ ആതിര കുത്തേറ്റ് മരിച്ച വാർത്ത വന്നത് ബന്ധുക്കൾ ശ്രദ്ധിച്ചെങ്കിലും ബ്രിജേഷിനെ അറിയിച്ചില്ല.

ബ്രിജേഷിന്റെ വീട്ടിലെ ഒരുക്കമൊന്നും വിവാഹ തലേന്ന് ആതിരയുടെ വീട്ടിൽ ഉണ്ടായിരുന്നില്ല. കല്യാണനാളിൽ ആതിരയ്ക്ക് ധരിക്കാനായി വാങ്ങിയ പുതുവസ്ത്രങ്ങൾ രാജൻ കൂട്ടിയിട്ട് തീയിട്ടു. അപകടം മണത്ത രാജന്റെ സഹോദരിയാണ് ആതിരയെ കൈപിടിച്ച് തൊട്ടടുത്ത വീട്ടിലേക്കോടി മുറിയിൽ ഒളിപ്പിച്ചത്. അവിടെ ഒളിച്ചിരുന്ന ആതിരയെ കണ്ടെത്തി രാജൻ നെഞ്ചിൽ കത്തിയിറക്കി. 19-ാം വയസ്സിൽ പ്രേമിച്ച് വിവാഹം ചെയ്ത രാജന് പ്രേമവിവാഹത്തോടായിരുന്നില്ല എതിർപ്പ്. താഴ്ന്ന ജാതിക്കാരനെ മരുമകനായി സ്വീകരിക്കേണ്ടതായിരുന്നു പ്രശ്നം. ഇത് ദുരഭിമാനമായപ്പോൾ സ്വന്തം മകളെ കുത്തിവീഴ്‌ത്തി അച്ഛൻ സ്വന്തം വീട്ടിലേക്ക് ദുരന്തമെത്തിച്ചു. ഇങ്ങനെ സമൂഹം അംഗീകരിക്കാൻ കഴിയാത്ത കേസാണ് പ്രോസിക്യൂഷന്റേയും പൊലീസിന്റേയും പിടിപ്പു കേടുകൊണ്ട് പ്രതിക്ക് രക്ഷപ്പെടാൻ അവസരമൊരുങ്ങിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP