Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോളജിൽ പോകുമ്പോൾ ബസ് ഡ്രൈവറുടെ വെല്ലുവിളി ഏറ്റെടുത്ത് ബസ് ഓടിച്ചു; ആർടിഒ വിളിപ്പിച്ചപ്പോൾ ഹെവി ലൈസൻസ് കാട്ടി അമ്പരപ്പിച്ചു; പന്ത്രണ്ടാം വയസിൽ വണ്ടി ഓടിക്കാൻ പഠിച്ച് മിന്നും താരമായി ആതിര; ളാക്കാട്ടൂർ ഗ്രാമത്തിൽനിന്ന് ഡ്രൈവിങ് സീറ്റിലെ അദ്ഭുതമായ പെൺകുട്ടിയുടെ അടുത്ത ലക്ഷ്യം ഹിമാലയൻ റൈസിങ്

കോളജിൽ പോകുമ്പോൾ ബസ് ഡ്രൈവറുടെ വെല്ലുവിളി ഏറ്റെടുത്ത് ബസ് ഓടിച്ചു; ആർടിഒ വിളിപ്പിച്ചപ്പോൾ ഹെവി ലൈസൻസ് കാട്ടി അമ്പരപ്പിച്ചു; പന്ത്രണ്ടാം വയസിൽ വണ്ടി ഓടിക്കാൻ പഠിച്ച് മിന്നും താരമായി ആതിര; ളാക്കാട്ടൂർ ഗ്രാമത്തിൽനിന്ന് ഡ്രൈവിങ് സീറ്റിലെ അദ്ഭുതമായ പെൺകുട്ടിയുടെ അടുത്ത ലക്ഷ്യം ഹിമാലയൻ റൈസിങ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കോട്ടയം ളാക്കാട്ടൂർ സ്വദേശിനി ആതിരാ മുരളി ഒരു സാധാരണ പെൺകുട്ടിയാണ്. പഠിക്കാൻ മിടുക്കിയും അതിരുകളില്ലാത്ത ആകാശത്തക്കു പറന്നുയരാൻ സ്വപ്‌നങ്ങളുമുള്ള പെൺകുട്ടി. കാർ മുതൽ ജെസിബി വരെയുള്ള വാഹനങ്ങളുടെ വളയത്തോടുള്ള ഇഷ്ടമാണ് ആതിരയെ നാട്ടിലെ മറ്റു പെൺകുട്ടികളിൽനിന്നു വ്യത്യസ്തയാക്കുന്നത്. ചിലപ്പോൾ ലോറിയിൽ ഡ്രൈവറുടെ കാബിനിലായിരിക്കും ആതിരയെ കാണുക. അല്ലെങ്കിൽ നിറയെ യാത്രക്കാരുമായി കുതിക്കുന്ന ബസിലെ ഡ്രൈവർസീറ്റിൽ. ഡ്രൈവിംഗിലെ മിന്നുംതാരമായിരിക്കുയാണ് ആതിര.

ബസ് ഉൾപ്പടെയുള്ള വാഹനങ്ങൾ ഓടിക്കാനുള്ള ഹെവി പാസഞ്ചർ ലൈസൻസ്, ലോറി, ടോറസ് , ടിപ്പർ എന്നീ ചരക്ക് വാഹനങ്ങൾ ഓടിക്കാനുള്ള ഹെവി ഗുഡ്‌സ് ലൈസൻസ് എന്നിവയും സ്വന്തമായുള്ള ഈ മിടുക്കി ചെങ്കുത്തായ മലമുകളിലെ കയറ്റവും കൊടുവളവും വകവയ്ക്കാതെ അനായാസം വാഹനം തന്റെ വരുതിയിലാക്കി പറക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഏറ്റവും കൂടുതൽ ലൈസൻസുള്ള ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഡ്രൈവറാണ്. കൂടാതെ കേരളത്തിലെ ആദ്യത്തെ പ്രായം കുറഞ്ഞ മോട്ടോർ സ്പോർട്സ് ലേഡി ഡ്രൈവർ.

ഏറ്റവും കൂടുതൽ ലൈസൻസുള്ള രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതയ്ക്കുള്ള ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്, യൂണിവേഴ്‌സൽ റെക്കോഡ് ഫോറം അവാർഡ് എന്നിവ ഈ കൊച്ചു മിടുക്കിയെ തേടിയെത്തി. ബുള്ളറ്റിൽ മിന്നുന്ന അഭ്യാസ പ്രകടനവുമായി എത്തുന്ന ആതിര ദുർഘടമേറിയ മലയിടുക്കുകളിലും കുന്നിൻപുറങ്ങളിലും വാഹനം പായിക്കുന്ന ഓഫ് റോഡ് റേസിംഗിലും താരമാണ്.

പന്ത്രണ്ടാം വയസിലാണ് ആതിര ആദ്യമായി വാഹനമോടിക്കുന്നത്. അച്ഛന്റെ ടൂവീലറിലായിരുന്നു തുടക്കം. വീടിനടുത്തെ സ്‌ക്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ പോയിരുന്നത് ടൂവീലറിലായിരുന്നു. പത്ത് കഴിഞ്ഞപ്പോഴേക്കും
ജീപ്പോടിച്ചുകൊണ്ട് ഫോർ വീലർ ഡ്രൈവിംങ്ങിലേക്ക് ചുവടു മാറ്റി. ഡ്രൈവറായ അച്ഛനാണ് പഠിപ്പിച്ചത്. പ്ലസ് ടു ളാക്കാട്ടൂർ എം.ജി.എം സ്‌കൂളിലായിരുന്നു. ഒരു മോട്ടിവേഷൻ ക്ലാസ്സിൽ ഉയർന്ന ചോദ്യത്തിന് മറുപടി പറഞ്ഞപ്പോഴാണ് പ്ലസ്ടു ക്കാരി ജീപ്പോടിക്കുമെന്ന് സുഹൃത്തുക്കൾ അറിയുന്നത്. ആതിര ബഡായി പറഞ്ഞതാണെന്നാണ് സുഹൃത്തുക്കൾ കരുതിയിരുന്നത്.

എന്നാൽ ഏവരെയും ഞെട്ടിച്ചു കൊണ്ട് ജീപ്പുമായി സ്‌ക്കൂൾ മുറ്റത്തെത്തിയപ്പോഴാണ് സത്യമെന്ന് ബോധ്യമായത്. ഇതിനിടയിൽ അച്ഛന്റെ ലോറിയിലെ വളയത്തിലും ആധിപത്യമുറപ്പിച്ചു ആതിര. അടുത്തുള്ള പാറമടയിൽ ടേൺ പിടിക്കാനായി വെളുപ്പിനെ ലോറിയുമായി പോയി തുടങ്ങി. ഇങ്ങനെയൊക്കെ വാഹനമോടിക്കുമെങ്കിലും ലൈസൻസ് ഇല്ലാത്തതിന്റെ വിഷമം ഏറെയുണ്ടായിരുന്നു. ഇത് മൂലം റോഡിൽ സ്വരൈ വിഹാരമായി വാഹനമോടിക്കുവാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെ കാത്തിരുന്ന് 18-ാമത്തെ വയസ്സിൽ ടൂ, ത്രീ, ഫോർ ഉൾപ്പെടെയുള്ള ലൈസൻസ് സ്വന്തമാക്കി. ഇരുപതാമത്തെ വയസ്സിൽ ഹെവി പാസഞ്ചർ, ഗുഡ്‌സ്, ജെ.സി.ബി ലൈസൻസും സ്വന്തമാക്കി. പാല ചേർപ്പുങ്കൽ ബി.വി എം ഹോളിക്രോസ്സ് കോളേജിൽ പഠിക്കുമ്പോഴാണ് ആതിര ആദ്യമായി ബസ്സ് ഡ്രൈവ് ചെയ്യുന്നത്. 'ഒരുവെല്ലുവിളിയെ തുടർന്നാണ് ബസ് ഓടിച്ചത് ഞാൻ കോളേജിലേക്ക് സ്ഥിരം പോകുന്ന ബസ്സിലെ ഡ്രൈവർ ചേട്ടൻ ഞാൻ ലോറി ഡ്രൈവ് ചെയ്യുന്നത് കണ്ടിട്ടുണ്ട്.

എന്നും എന്നെ കളിയാക്കി ബസ് ഡ്രൈവ് ചെയ്യാമോ എന്ന് ചോദിക്കും. ഒരു ദിവസം ചോദിച്ചപ്പോൾ ഒരു വാശിക്ക് ചേട്ടൻ മാറ് ഞാൻ ഓടിച്ചോളാം എന്നു പറയുകയായിരുന്നു. ഞാൻ മാറും കോളേജ് വരെ ഓടിക്കണം എന്നൊക്കെ ആ ചേട്ടൻ പറഞ്ഞു. ഞാൻ ഒ.കെ പറഞ്ഞു. ഡ്രൈവിങ്ങ് സീറ്റിലേക്കിരുന്നു. കൃഷ്ണനെ മനസ്സിൽ ധ്യാനിച്ച് ക്ലച്ച് ചവിട്ടി ഫസ്റ്റ് ഗിയറിട്ട് എടുത്തു. യാത്രക്കാരൊക്കെ ഞെട്ടി. എന്നാൽ ബസ് സുരക്ഷിതമായി കോളേജിന് മുന്നിൽ എത്തിയതും എല്ലാവരും അഭിനന്ദനങ്ങൾ കൊണ്ട് പൊതിഞ്ഞു. സുഹൃത്തുക്കളുടെ മുന്നിൽ ഹീറോ ആയി. കോളേജിൽ താരമായി മാറി ' ആതിര പറയുന്നു.

എന്നാൽ ആതിരയുടെ സന്തോഷത്തിന് ഒരു രാത്രിയുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടുത്ത ദിവസം മനോരമയുടെ മുൻ പേജിൽ കോളേജ് വിദ്യാർത്ഥിനി ലൈസൻസില്ലാതെ ബസ് ഓടിച്ചു എന്നൊരു വ്യാജ വാർത്ത വന്നു. വാർത്തയെ തുടർന്ന് ആർ.ടി.ഒ വാഹനം കസ്റ്റഡിയിലെടുക്കുകയും ബസ് ഓടിച്ച ആതിരയെ വിളിച്ചു വരുത്തുകയും ചെയ്തു. എന്നാൽ ഹെവി പാസഞ്ചർ ലൈസൻസ് ഉൾപ്പെടെ നിരവധി ലൈസൻസുകൾ സ്വന്തമായുള്ള ആ കുട്ടി ഡ്രൈവറെ ആർ.ടി.ഒ അഭിനന്ദിച്ചു വിടുകയാണ് ചെയ്തത്. എന്നാൽ മനോരമ വീണ്ടും ആക്രമിച്ചു.

മറ്റൊരു കുട്ടിയാണ് ഡ്രൈവ് ചെയ്തതെന്നും ബസുടമയുടെ കൈക്കൂലിക്ക് മുന്നിൽ ഓടിച്ച ആളെ മാറ്റി പകരം ആളെ വച്ചു എന്നായിരുന്നു ആരോപണം. എന്നാൽ തനിക്ക് നിരവധി പുരസ്‌ക്കാരങ്ങൾ ലഭിച്ചപ്പോൾ മനോരമ നന്നായി വാർത്ത ചെയ്‌തെന്നും ആതിര പറയുന്നു. വാർത്ത വന്നതിന് പിന്നാലെ ബി.വി എം ഹോളി ക്രോസ്സ് കോളേജിലെ പ്രിൻസിപ്പൽ അച്ഛൻ ഏഴുദിവസം ആതിരയ്ക്ക് സസ്‌പെൻഷൻ കൊടുക്കുകയും ഡ്രൈവർ പണി പെൺപിള്ളേർക്ക് ചേർന്നതല്ലെന്നും നീ കാരണം കോളേജിന്റെ പേരിന് കളങ്കമുണ്ടായെന്നും പറഞ്ഞ് കണക്കിന് ശകാരിച്ചു.

അഡ്വൈഞ്ചറസായുള്ള കാര്യങ്ങൾ ഇഷ്ട്ടപ്പെടുന്ന ആതിര ഇരുപതാം വയസ്സിലാണ് ഓഫ് റോഡ് റൈഡിങ്ങിലേക്ക് തിരിയുന്നത്. ' വീട്ടിൽ ഒരു പാട് ഡ്രൈവർമാർ ഉണ്ടെങ്കിലും ഇതിനെ പറ്റി ആർക്കും ഒരു വിവരവുമില്ലായിരുന്നു. പിന്നീട്
ഗൂഗിളിൽ സെർച്ച് ചെയ്ത് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. അങ്ങനെയാണ് കുര്യൻ കല്ലരിക്കലിനെപ്പറ്റി അറിയുന്നത്. അദ്ധേഹവുമായി ഫെയ്‌സ് ബുക്കിൽ ബന്ധപ്പെട്ടിട്ടും കിട്ടിയില്ല. പിന്നീട് അദ്ദേഹത്തിന്റെ സഹോദരൻ സാം കുര്യൻ കല്ലരിക്കലുമായി ബന്ധപ്പെട്ടു. തന്റെ ആഗ്രഹം പറഞ്ഞു. ഈ സമയം അദ്ദേഹം കേരളത്തിൽ ആദ്യമായി ഓഫ് റോഡ് ഡ്രൈവിങ്ങ് ട്രെയിനിങ്ങ് സെൻറർ തുടങ്ങുവാനുള്ള ശ്രമത്തിലായിരുന്നു.

അങ്ങനെ ആർ & ടി എന്ന സ്ഥാപനം പ്രവർത്തനമാരംഭിച്ചു. 2014 ഓഗസ്റ്റ് 14 ന് ആദ്യമായി ഞാൻ ഓഫ് റോഡ് റെയ്‌സിങ്ങിൽ പങ്കെടുത്തു. ഒന്നാം സ്ഥാനവും നേടി. റെയ്‌സിങ്ങിൽപങ്കെടുക്കാൻ ജിപ്‌സി തന്നതും അദ്ദേഹം തന്നെയായിരുന്നു. കാർ റെയ് സിങ്ങിൽ റാലി ച്ചാമ്പ്യൻ തിരുവല്ല സ്വദേശി ഡോക്ടർ ബിക്കു സാബുവാണ്. ളാക്കാട്ടൂരിൽ എല്ലാ ഞായറാഴ്ചയും അച്ഛന്റെ സുഹൃത്തിന്റെ ബസായ ലക്ഷ്മി ബസിൽ ഡ്രൈവറായി പോകും. കൂടാതെ മഹാത്മ എന്ന ഡ്രൈവിങ്ങ് സ്‌ക്കൂളിലെ ഇൻസ്ട്രക്റ്ററാണ് ആതിര. നിരവധി പേരെ ഡ്രൈവിങ്ങ് പരിശീലിപ്പിച്ചു വിടുന്നുണ്ട്.

പെൺകുട്ടികൾ ഡ്രൈവിങ്ങ് ഉറപ്പായും പരിശീലപ്പിക്കണമെന്ന് ആതിര പറയുന്നു.' ആൺകുട്ടികൾക്ക് കൊടുക്കുന്ന തുല്യ പരിഗണന പെൺകുട്ടികൾക്ക് നൽകുക. പെൺ കുട്ടികൾ പൊതുവേ പേടിയുള്ളവരാണ്. ആ പേടി ചെറുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ മാതാപിതാക്കൾ ശ്രമിക്കണം. ഡ്രൈവിങ്ങ് അറിഞ്ഞിരിക്കേണ്ടത് ഈ കാലഘട്ടത്തിൽ വളരെ അനിവാര്യമാണ്. അതിനാൽ ചെറുപ്പത്തിൽ തന്നെ ടൂ വീലറും ഫോർ വീലറും പഠിപ്പിക്കുക. റോഡ് നിയമങ്ങൾ കശനമായും പാലിക്കുക. ഓരോ ജീവനും വിലപ്പെട്ടതാണ്'.

കെ.എസ്.ആർ.ടി.സി കോട്ടയം ഡിപ്പോയിൽ ഡ്രൈവറായ വി.എൻ. മുരളീധരനാണ് ആതിരയുടെ അച്ഛൻ. അമ്മ ഉഷ വീട്ടമ്മയാണ്. എൽ.എൽ.ബി വിദ്യാർത്ഥിനിയായ ആര്യ മുരളി സഹോദരിയാണ്. തിരുവനന്തപുരം പള്ളിച്ചൽ റീജിയണിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗിൽ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിനിയാണ് ആതിര.

വില്ലീസിന്റെ രണ്ട് വെറൈറ്റി കളക്ഷനും ജിപ്‌സിയും റെയ്‌സിങ്ങ് പർപ്പസിനുള്ള ഹോണ്ട സിറ്റിയുടെ കാറും വാങ്ങണം എന്നാണ് അഗ്രഹം. കൂടാതെ ഹിമാലയൻ റാലിക്ക് പങ്കെടുക്കണമെന്ന് അതിയായ മാറ്റമുണ്ട്. വലിയ ചിലവുള്ളതിനാൽ പോകാൻ പറ്റുന്നില്ല. നല്ലൊരു സ്‌പോൺസറെ കിട്ടിയാൽ ഹിമാലയൻ റാലിക്ക് അതിരയ്ക്ക് പങ്കെടുക്കാനാവും. ഓഗസ്റ്റിൽ ആതിരയ്ക്ക് ജീവിതത്തിൽ കൂട്ടായി ഒരാൾ ഒപ്പമെത്തുകയാണ്. എയർപോർട്ട് ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി അജിത്. നിരവധി നേട്ടങ്ങൾ കൈവരിക്കാനുള്ള ചവിട്ടുപടിയായ ഹിമാലയൻ റാലിക്ക് സ്‌പോൺസറെ കാത്തിരിക്കുകയാണ് ആതിര.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP