Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാമചന്ദ്രനെ പുറത്തിറക്കിയത് കുമ്മനത്തിന്റെ ഇടപെടലോടെ ഫെബ്രവരിയിൽ കേന്ദ്ര സർക്കാർ നടത്തിയ നീക്കം തന്നെ; ദുബായിക്ക് പുറത്ത് പോകണമെങ്കിൽ 100 കോടി ഉടൻ കണ്ടെത്തണം; ജാമ്യവ്യവസ്ഥകൾ പാലിക്കും വരെ പാസ്‌പോർട്ടും രേഖകളും ദുബായ് പൊലീസിന്റെ കൈയിൽ തന്നെ; ആസ്തികൾ വിറ്റ് കടങ്ങൾ തീർക്കാൻ ഇന്ത്യൻ എംബസി തന്നെ സഹായവുമായി രംഗത്ത്; പുറത്തിങ്ങിയെങ്കിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ അറ്റ്‌ലസ് രാമചന്ദ്രന് ഇനിയും നാളുകൾ വേണ്ടി വരും

രാമചന്ദ്രനെ പുറത്തിറക്കിയത് കുമ്മനത്തിന്റെ ഇടപെടലോടെ ഫെബ്രവരിയിൽ കേന്ദ്ര സർക്കാർ നടത്തിയ നീക്കം തന്നെ; ദുബായിക്ക് പുറത്ത് പോകണമെങ്കിൽ 100 കോടി ഉടൻ കണ്ടെത്തണം; ജാമ്യവ്യവസ്ഥകൾ പാലിക്കും വരെ പാസ്‌പോർട്ടും രേഖകളും ദുബായ് പൊലീസിന്റെ കൈയിൽ തന്നെ; ആസ്തികൾ വിറ്റ് കടങ്ങൾ തീർക്കാൻ ഇന്ത്യൻ എംബസി തന്നെ സഹായവുമായി രംഗത്ത്; പുറത്തിങ്ങിയെങ്കിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ അറ്റ്‌ലസ് രാമചന്ദ്രന് ഇനിയും നാളുകൾ വേണ്ടി വരും

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: പ്രവാസി വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ ജയിൽ മോചിതനായതു കേന്ദ്ര സർക്കാരിന്റെ ഇടപെടലോടെ തന്നെ. ശിക്ഷാ കാലാവധി തീരാൻ മാസങ്ങളുള്ളപ്പോഴാണ് അറ്റ്‌ലസ് രാമചന്ദ്രനെ ജയിൽ മോചനതനാക്കിയത്. 21ഓളം കേസുകളിൽ ഒത്തുതീർപ്പിന് വേണ്ടിയും കേന്ദ്ര സർക്കാർ മുൻകൈയെടുത്തിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷനായിരിക്കെ കുമ്മനം രാജശേഖരൻ നടത്തിയ ഇടെപടലാണ് രാമചന്ദ്രന് തുണയായത്. കുമ്മനത്തിന്റെ നിർദ്ദേശം പരിഗണിച്ച് അതിവേഗത്തിലെ ഇടപെടലാണ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജും ബിജെപിയും നടത്തിയത്. ഇതിനെ കേരള സർക്കാരും പിന്തുണച്ചു. ഇതോടെ പുറത്തിറക്കിയാൽ കടം രാമചന്ദ്രൻ വീട്ടുമെന്ന നിലപാട് യുഎഇ സർക്കാരിനെ സുഷമാ സ്വരാജ് അറിയിച്ചു.

കടുത്ത ജാമ്യവ്യവസ്ഥകളോടെയാണ് അറ്റ്‌ലസ് രാമചന്ദ്രൻ പുറത്തിറങ്ങിയത് എന്നാണ് സൂചന. ആസ്തികളിൽ ഉടൻ വിറ്റഴിക്കാൻ കഴിയുന്നവ വിറ്റ് 100 കോടി രൂപയോളം ബാങ്കുകളുടെ വായ്പാ തിരിച്ചടവിലേക്കു നൽകണമെന്നാണു വ്യവസ്ഥ. ഇതു പാലിച്ചാൽ മാത്രമേ അദ്ദേഹത്തിനു യു.എ.ഇ. വിടാൻ സാധിക്കൂ. അതുവരെ പാസ്പോർട്ട് അടക്കമുള്ള രേഖകൾ ദുബായ് പൊലീസിന്റെ കസ്റ്റഡിയിലായിരിക്കും. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ നിർദ്ദേശപ്രകാരം യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ നവദീപ് സിങ് സൂരിയുടെ അവസരോചിത നീക്കങ്ങളാണു കർശന ജാമ്യവ്യവസ്ഥയിലെങ്കിലും മോചനം സാധ്യമാക്കിയത്. സൂരിയുടെ ഇടപെടലിനെത്തുടർന്നു രാമചന്ദ്രന്റെ മോചനത്തിനു തടസമായി നിന്നിരുന്ന ബാങ്കുകൾ കോടതിക്കു പുറത്ത് ഒത്തുതീർപ്പിനു വഴങ്ങി. ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായ രാംമാധവും ദുബായിലെത്തി ചർച്ചകൾ നടത്തിയിരുന്നു. രാമചന്ദ്രന്റെ ഭാര്യയേയുടെ സാന്നിധ്യത്തിൽ അംബാസിഡറുമായും രാംമാധവ് ചർച്ച നടത്തിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് ഇതുസംബന്ധിച്ച രാമചന്ദ്രന് അനുകൂലമായ തീരുമാനം ബാങ്കുകൾ കൈക്കൊണ്ടത്. എന്നാൽ, രാമചന്ദ്രനു വായ്പ നൽകിയിരുന്ന രണ്ട് ഇന്ത്യക്കാരുടെയും പാക്കിസ്ഥാനിയുടെയും ധനകാര്യ സ്ഥാപനങ്ങൾ കോടതിക്കു പുറത്തുള്ള ഒത്തുതീർപ്പിനെ എതിർത്തു. സുഷമാ സ്വരാജും മുഖ്യമന്ത്രി പിണറായി വിജയനുമടക്കം നിലപാടു കടുപ്പിച്ചതോടെ ഇന്ത്യക്കാർ വഴങ്ങി. ബിജെപി ദേശീയ നേതൃത്വവും ഇടപെടൽ സജീവമാക്കി. ഗുജറാത്തുകാരായ വജ്രവ്യാപാരികൾക്ക് വഴങ്ങേണ്ടിയും വന്നു. പാക്കിസ്ഥാൻ സ്വദേശിയുടെ എതിർപ്പുമൂലം രാമചന്ദ്രന്റെ മോചനം മൂന്നു മാസത്തിലേറെ വീണ്ടും നീണ്ടു. രാമചന്ദ്രന്റെ ഭാര്യ ഇന്ദിരയും പ്രവാസി സംഘടനകളും നടത്തിയ ഇടപെടൽ ഒടുവിൽ പാക്കിസ്ഥാൻ സ്വദേശിയുടെ മനസുമാറ്റി. ജയിൽമോചിതനായ രാമചന്ദ്രൻ ബാങ്കുകളുടെ കടം വീട്ടാനുള്ള നടപടികൾ തുടങ്ങി. ഇതിന് ശേഷം അദ്ദേഹം കേരളത്തിലെത്തും. അതിനിടെ അറ്റ്‌ലസിന് അനുകൂലമായ പ്രചരണം സോഷ്യൽ മീഡിയയിൽ സജീവമായി. അറ്റ്‌ലസിൽ നിന്ന് സ്വർണം വാങ്ങി രാമചന്ദ്രനെ സഹായിക്കാനാണ് സോഷ്യൽ മീഡിയയുടെ ആഹ്വാനം.

2015 ഓഗസ്റ്റിൽ അറസ്റ്റിലായ അറ്റ്‌ലസ് രാമചന്ദ്രന് യു.എ.ഇ.യിലെയും ഖത്തറിലെയും 25 ബാങ്കുകളിലായി 55 കോടി ദിർഹത്തിന്റെ (900 കോടി രൂപയോളം) വായ്പാകുടിശ്ശികയുണ്ട്. പുറത്തിറങ്ങിയാൽ കുടിശ്ശികയെല്ലാം തീർക്കാനാവുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിനോടടുത്ത കേന്ദ്രങ്ങൾ വിവിധ ബാങ്കുകളുമായി ചർച്ചകൾ പൂർത്തിയാക്കിയത്. അറ്റ്ലസ് ഗ്രൂപ്പിന് ജൂവലറി, റിയൽ എസ്റ്റേറ്റ് മേഖലകളിലായി കോടികളുടെ ആസ്തിയുണ്ടെങ്കിലും ചെയർമാൻ കൂടിയായ രാമചന്ദ്രൻ ജയിലിലായതോടെ അവയെല്ലാം ഏതാണ്ട് പ്രവർത്തനരഹിതമാവുകയായിരുന്നു. ഈ ആസ്തികളുപയോഗിച്ച് ഉടനെ എല്ലാ ബാധ്യതകളും തീർക്കാനാവുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹവും ബന്ധുക്കളും. 2015 ഒക്ടോബറിലാണ് രാമചന്ദ്രന് ദുബായ് കോടതി മൂന്നുവർഷം തടവുശിക്ഷ വിധിച്ചത്. യു.എ.ഇ.യിലെ ഒരു ബാങ്കിന് വണ്ടിച്ചെക്കുകൾ നൽകിയെന്ന രണ്ടു കേസുകളിലായിരുന്നു ശിക്ഷ.

സമാനമായ കേസുകളിൽ അദ്ദേഹത്തിന്റെ മകൾ മഞ്ജുവും മരുമകൻ അരുണും ഇതേ സമയത്തുതന്നെ ജയിലിലായി. മഞ്ജു ഈയിടെയാണ് ജയിൽമോചിതയായത്. മരുമകൻ ഇപ്പോഴും ജയിൽശിക്ഷ അനുഭവിക്കുകയാണ്. 2015 ഓഗസ്റ്റിൽ അറസ്റ്റിലായതുമുതൽ അദ്ദേഹം ബർദുബായിലെ ജയിലിലാണ് കഴിഞ്ഞിരുന്നത്. അറ്റ്‌ലസ് രാമചന്ദ്രന്റെ സഹായം ലഭിച്ചിട്ടുള്ള ആശ്രിതരും രാമചന്ദ്രന്റെ കാരുണ്യത്തിൽ ഗൾഫിലെത്തി വ്യവസായം തുടങ്ങിയവരുമെല്ലാം ഉറ്റവനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തി. എന്നാൽ ആയിരം കോടിയുടെ ബാധ്യത ഏറ്റെടുക്കാൻ അവർക്ക് ആകുമായിരുന്നില്ല. മൂന്നു വർഷത്തെ ജയിൽ വാസത്തിനു ശേഷം പുറത്തിറങ്ങുമ്പോൾ ആത്മവിശ്വാസമാണ് രാമചന്ദ്രൻ ഇപ്പോഴും പ്രകടിപ്പിക്കുന്നത്. ശിക്ഷാകാലാവധി അവസാനിക്കാൻ അഞ്ചു മാസം ബാക്കിനിൽക്കെയാണ് മോചനം.

അറ്റ്‌ലസ് രാമചന്ദ്രനെന്നു കേൾക്കുമ്പോൾ ''ജനകോടികളുടെ വിശ്വസ്ത സ്ഥാപനം'' എന്ന പരസ്യവാചകമാണ് ആദ്യം മനസ്സിലെത്തുക. ആ ടാഗ് ലൈനൊപ്പം കഷണ്ടിത്തലയുള്ള മുഖവും മലയാളിയുടെ മനസ്സിൽ കയറിക്കൂടി, ഒപ്പം ആ ശബ്ദവും. വ്യാവസായിക, റിയൽ എസ്റ്റേറ്റ് രംഗങ്ങളിൽ മാത്രമല്ല, സിനിമയിലും വ്യക്തിമുദ്ര പതിപ്പിച്ചു എംഎം രാമചന്ദ്രൻ. രാമചന്ദ്രന്റെ സിനിമായാത്ര വർഷങ്ങൾക്കു മുൻപേ തുടങ്ങിയതാണ്. 1988 ൽ പുറത്തിറങ്ങിയ വൈശാലിയിൽ നിർമ്മാതാവായി ആയിരുന്നു തുടക്കം. പിന്നീട് വാസ്തുഹാര, ധനം, സുകൃതം എന്നീ ചിത്രങ്ങളും നിർമ്മിച്ചു. യൂത്ത് ഫെസ്റ്റിവൽ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനേതാവിന്റെ കുപ്പായം അണിയുന്നത്. തുടർന്ന് ആനന്ദഭൈരവി, അറബിക്കഥ, സുഭദ്രം, മലബാർ വെഡ്ഡിങ്ങ്. ടു ഹരിഹർ നഗർ, തത്വമസി, ബോംബേ മിഠായി, ബാല്യകാലസഖി എന്നീ സിനിമകളിലും അഭിനയിച്ചു. 2010 ൽ ഹോളിഡേയ്‌സ് എന്ന ചിത്രം സംവിധാനവും ചെയ്തു. ഇന്നലെ, കൗരവർ, വെങ്കലം, ചകോരം തുടങ്ങിയ സിനിമകളുടെ വിതരണവും നടത്തി.

സാധാരണഗതിയിൽ ഒരാൾ ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ടാൽ പലതരത്തിലുള്ള അഭിപ്രായപ്രകടനങ്ങൾ ഉയരാറുണ്ട്. എന്നാൽ, അറ്റ്ലസ് രാമചന്ദ്രന്റെ കാര്യത്തിൽ അദ്ദേഹത്തിന് എതിരായ അഭിപ്രായങ്ങൾ കാര്യമായൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഒരു വ്യവസായി എന്ന നിലയ്ക്കപ്പുറമുള്ള സ്‌നേഹമാണ് എല്ലാവരും അറ്റ്ലസ് രാമചന്ദ്രനായി കരുതിവെച്ചത്. ഫിനിക്സ് പക്ഷിയെപ്പോലെ തിരിച്ചെത്തുമെന്ന അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെ തികഞ്ഞ സന്തോഷത്തോടെയാണ് മലയാളികൾ എതിരേറ്റത്. ഇനി കച്ചവടം തുടങ്ങിയാൽ പൂർവസ്ഥിതിയിലാവുന്നതുവരെ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽനിന്നു മാത്രമേ സ്വർണം വാങ്ങുകയുള്ളൂ എന്ന് ഉറപ്പ് നൽകുന്നവരും ധാരാളം. ജയിൽ മോചിതനായെങ്കിലും ഇപ്പോഴും അടുത്ത സുഹൃത്തുക്കളെപ്പോലും കാണാതെ കഴിയുകയാണ് രാമചന്ദ്രനും ഭാര്യയും. ടെലിഫോണിലും ഇരുവരും സംസാരിക്കാൻ തയ്യാറാവുന്നില്ല. അല്പം കഴിയട്ടെ എന്ന മറുപടിയാണ് അവർ എല്ലാവർക്കും നൽകുന്നത്. അവരുടെ സ്വകാര്യത മാനിക്കണമെന്ന് നേരത്തേ തന്നെ അടുത്ത കേന്ദ്രങ്ങളും അറിയിച്ചിരുന്നു.

മുപ്പതുവർഷംമുമ്പ് കുവൈത്തിൽനിന്നാണ് അറ്റ്ലസ് രാമചന്ദ്രന്റെ സുവർണചരിത്രം തുടങ്ങുന്നത്. ഒരു ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന മൂത്തേടത്ത് രാമചന്ദ്രൻ എന്ന എം.എം. രാമചന്ദ്രൻ കുവൈത്തിലാണ് തന്റെ സ്വർണവ്യാപാരത്തിന് തുടക്കംകുറിച്ചത്. എന്നാൽ, കുവൈത്തിനെ ഇറാഖ് ആക്രമിച്ചതോടെ കച്ചവടം തകർച്ചയിലേക്കുനീങ്ങി. സമ്പാദ്യങ്ങളെല്ലാം വിട്ടെറിഞ്ഞ് വ്യാപാര ആസ്ഥാനം ദുബായിലേക്കുമാറ്റി വീണ്ടും പുതിയൊരു അധ്യായം അദ്ദേഹം തുടങ്ങുകയായിരുന്നു. പിന്നീടങ്ങോട്ട് അക്ഷരാർഥത്തിൽ രാമചന്ദ്രനും അറ്റ്ലസും ജനകോടികളുടെ വിശ്വാസം നേടി മുന്നേറി. കുവൈത്തിനുപുറമേ യു.എ.ഇ., സൗദി അറേബ്യ, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളിലും പ്രവാസികളുടെ ഇഷ്ടസ്ഥാപനമായി 'അറ്റ്ലസ്' വളർന്നു. ഇതിനിടെയാണ് രാമചന്ദ്രനെ ഞെട്ടിച്ച് ചെക്ക് കേസുണ്ടാകുന്നതും അകത്താകുന്നതും.

രാജ്യത്തെ വ്യവസായ-വാണിജ്യ സ്ഥാപനങ്ങൾ പ്രതിസന്ധി നേരിടുന്ന സന്ദർഭങ്ങളിൽ പുനരുദ്ധരിക്കുന്നതിന് നിലവിലുള്ള ചട്ടങ്ങളിൽ മാറ്റംവരുത്തുമെന്ന് യു.എ.ഇ. സർക്കാർ പ്രഖ്യാപിച്ചിരുന്നു. ചെക്ക് കേസുകളിൽ പെട്ടെന്ന് നടപടിയെടുത്ത് തടവിലിടുന്നതിനുപകരം അവരെ പുറത്തുനിർത്തിക്കൊണ്ടുതന്നെ ചർച്ചകളിലൂടെ പ്രശ്‌നപരിഹാരത്തിന് എന്തെങ്കിലും ചെയ്യാനാവുമോ എന്നു പരീക്ഷിക്കാവുന്ന രീതിയിലായിരുന്നു ഈ ആലോചന. ആ പശ്ചാത്തലവും വിശുദ്ധ റംസാന്മാസപരിഗണനകളുംചേർന്നാണ് അറ്റ്ലസ് രാമചന്ദ്രന്റെ ജയിൽമോചനം എളുപ്പമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP