Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആശ്രയംതേടി എത്തിയവർക്കെല്ലാം അഭയം നൽകിയ പ്രവാസി വ്യവസായി ജയിലിലെ അവസാന നാളുകൾ കഴിച്ചുകൂട്ടിയത് ആഹാരം കഴിക്കാൻപോലും പണമില്ലാതെ; 40 വർഷം അകത്ത് കിടക്കേണ്ടിവരുമെന്ന സാഹചര്യം വന്നതോടെ സംസാരംപോലും ഇല്ലാതെ ഒറ്റപ്പെട്ട ജയിൽജീവിതം; കേസുകളിൽ കുടുങ്ങിയതോടെ ആസ്തി വിറ്റ് മോചനത്തിന് നടത്തിയ നീക്കവും പാളി; ഒടുവിൽ ബാങ്കുകളുടെ സമ്മതത്തോടെ അറ്റ്‌ലസ് രാമചന്ദ്രൻ പുറത്തിറങ്ങുമ്പോൾ

ആശ്രയംതേടി എത്തിയവർക്കെല്ലാം അഭയം നൽകിയ പ്രവാസി വ്യവസായി ജയിലിലെ അവസാന നാളുകൾ കഴിച്ചുകൂട്ടിയത് ആഹാരം കഴിക്കാൻപോലും പണമില്ലാതെ; 40 വർഷം അകത്ത് കിടക്കേണ്ടിവരുമെന്ന സാഹചര്യം വന്നതോടെ സംസാരംപോലും ഇല്ലാതെ ഒറ്റപ്പെട്ട ജയിൽജീവിതം; കേസുകളിൽ കുടുങ്ങിയതോടെ ആസ്തി വിറ്റ് മോചനത്തിന് നടത്തിയ നീക്കവും പാളി; ഒടുവിൽ ബാങ്കുകളുടെ സമ്മതത്തോടെ അറ്റ്‌ലസ് രാമചന്ദ്രൻ പുറത്തിറങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ദൂബായ്: അറ്റ്ലസ് ജൂവലറി, ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ ഡയലോഗും പറഞ്ഞ് മിനി സ്‌ക്രീനിൽ സ്വന്തം സ്ഥാപനത്തിന്റെ പരസ്യവുമായി എത്തിയ പ്രവാസി വ്യവസായി. അടുത്ത് പരിചയപ്പെട്ടവർക്കും തന്റെ അടുക്കൽ അഭയം തേടിയെത്തിയവർക്കുമെല്ലാം താങ്ങും തണലുമായ മുതലാളി. സിനിമാലോകത്തും ചുരുങ്ങിയ കാലത്തിനിടെ വേഷങ്ങൾ ചെയ്തും നിർമ്മാണത്തിൽ പങ്കാളിയായും എല്ലാം കളത്തിൽ നിറഞ്ഞ വ്യക്തിത്വമായിരുന്നു. എന്നാൽ ഒരു കേസ് തളർത്തുകയും സ്ഥാപനങ്ങൾ പൂട്ടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്തതോടെ ആയിരം കോടിരൂപ ആർജിച്ച് കേസിൽ നിന്ന് രക്ഷപ്പെടാൻ രാമചന്ദ്രന് കഴിഞ്ഞില്ല. അതോടെ ജയിലിൽ കഴിയവെ ഭക്ഷണംപോലും വാങ്ങാനാവാത്ത സ്ഥിതിയിലേക്ക് മോശം സ്ഥിതിയിലായി പ്രവാസി വ്യവസായി. പുറത്തുവന്ന സഹ തടവുകാരിൽ ചിലർ തന്നെയാണ് ഈ വിവരങ്ങൾ പുറത്തുപറഞ്ഞത്.

എല്ലാവരേയും സഹായിച്ച രാമചന്ദ്രൻ എന്ന നല്ല വ്യക്തിക്കുവേണ്ടി പ്രവാസി ലോകത്തെ സാധാരണക്കാർ ഉള്ളുനിറഞ്ഞ് പ്രാർത്ഥിച്ചപ്പോഴും അവരെക്കൊണ്ട് സാധ്യമാകുന്നത് ആയിരുന്നില്ല അദ്ദേഹത്തിന്റെ കടങ്ങൾ ഏറ്റെടുക്കൽ. ഇതിനായി പിന്നീട് വൻകിടക്കാർ തന്നെ രംഗത്തുവന്നു എന്ന് റിപ്പോർട്ട് വന്നപ്പോഴും അതിൽ പലതും നടന്നില്ല. ഇത്തരത്തിൽ ജയിലിൽ തന്നെ ശിഷ്ട ജീവിതം ചെലവഴിക്കേണ്ടിവരുമോ എന്ന ആശങ്ക നിൽക്കുന്നതിനിടെയാണ് ഇപ്പോൾ പ്രവാസി ലോകത്തിന്റെ മൊത്തം മനസ്സിൽ കുളിർമപരത്തി അറ്റ്‌ലസ് രാമചന്ദ്രനെന്ന നന്മയുള്ള മുതലാളിയുടെ മോചനത്തിന് വഴിതുറന്നത്. രണ്ടുവർഷവും പത്തുമാസവും ജയിൽജീവിതം പിന്നിട്ടാണ് മോചനം സാധ്യമായത്.

ഒഴിഞ്ഞത് 40 കൊല്ലം അകത്തുകിടക്കേണ്ടി വരുമെന്ന ആശങ്ക

ഇനിയൊരിക്കലും അറ്റ്ലസ് രാമചന്ദ്രന് ജയിൽ മോചനമുണ്ടാകില്ലെന്ന തരത്തിലും ഇതിനിടെ വിവരങ്ങൾ വന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപടിലിലൂടെ മാത്രമേ ഇനി മലയാളിയുടെ പ്രിയപ്പെട്ട വ്യവസായിക്ക് പുറത്തിറങ്ങാൻ കഴിയൂ എന്ന നിലയിലേക്ക് കാര്യങ്ങളെത്തി. കേന്ദ്രത്തിൽ മന്ത്രി സുഷമസ്വരാജിനെ ബന്ധപ്പെട്ട ഇതിനായി നീക്കം നടന്നതോടെയാണ് പ്രതീക്ഷ വീണ്ടും ഉയർന്നത്.

ജയിൽ ജീവിതം നീണ്ടുപോയതോടെ ആകെ തളർന്നു പോയ അവസ്ഥയിലായിരുന്നു പ്രവാസി വ്യവസായി. ഇതിനിടെ സഹായം തേടി അദ്ദേഹത്തിന്റെ ഭാര്യ മുട്ടാത്ത വാതിലുകളില്ല. മുൻനിര വ്യവസായികളിൽ പലരും അതിന് തയ്യാറായില്ല. ബിആർ ഷെട്ടിയെന്ന വ്യവസായി അൽപം കരുണയോടെ ഇടപെടൽ നടത്തിയത് ഇതിനിടയിലും ആശ്വാസമായി. അറ്റ്‌ലസ് രാമചന്ദ്രനെതിരായ കേസുകളിൽ പലതും ഇപ്പോൾ കോടതിയുടെ പരിഗണനയിലും വിചാരണാ ഘട്ടത്തിലുമാണ്. ഇതിലെല്ലാം തിരിച്ചടി ഉണ്ടാകുമോ എന്ന ആശങ്കയും ശക്തമായതോടെ രാമചന്ദ്രൻ ജയിലിൽ വലിയ വിഷാദത്തിലുമായി.

കുടുംബവും സുഹൃത്തുക്കളും നടത്തുന്ന നീക്കം പൊളിഞ്ഞതോടെയായിരുന്നു ഇത്. ജയിൽവാസത്തിന്റെ ആദ്യ 6 മാസക്കാലം വരെ ജയിലിൽ രാമചന്ദ്രൻ ഉന്മേഷവാനായിരുന്നു.. അന്നൊക്കെ സഹതടവുകാർക്കൊപ്പം പാട്ടും കഥകളും തമാശയുമായി കഴിഞ്ഞുകൂടിയിരുന്ന രാമചന്ദ്രൻ പുതിയ കേസുകളുടെ കാര്യം കൂടി അറിഞ്ഞതോടെ മൗനത്തിലായി. പിന്നീട് അതിലും ദയനീയമായി അവസ്ഥ. പുറത്തുനിന്നും ഭക്ഷണം വാങ്ങിപ്പിക്കാൻ പണമില്ലാതെ ജയിലിലെ ആഹാരം മാത്രം കഴിക്കേണ്ട സ്ഥിതിയിലേക്കുപോലും അദ്ദേഹത്തിന്റെ സാമ്പത്തികനില തകർന്നു.

കൈവശം പണമുള്ള തടവുകാർക്ക് പുറത്തുനിന്ന് ഭക്ഷണം വാങ്ങിപ്പിച്ച് കഴിക്കാനുള്ള അനുവാദം തടവുകാർക്ക് ദുബായ് ജയിലധികൃതർ അനുവദിക്കാറുണ്ട്. അതിനാൽ സാമ്പത്തിക കുറ്റവാളികളും അല്പം ചുറ്റുപാടുള്ളവരുമൊക്കെ പുറത്തുനിന്നും ഭക്ഷണം വാങ്ങിപ്പിച്ച് കഴിക്കാറാണ് പതിവ്. സന്ദർശിക്കാനെത്തുന്നവർ ഇതിനുള്ള പണം നൽകും. എന്നാൽ രാമചന്ദ്രന് സന്ദർശകരുമില്ല, പണവുമില്ല എന്ന സ്ഥിതിയായിരുന്നു ജയിൽവാസത്തിന്റെ അന്ത്യകാലത്ത്. കോടികൾ വിലമതിക്കുന്ന സ്ഥാവര ജംഗമസ്വത്തുക്കൾ അറ്റ്‌ലസ് രാമചന്ദ്രന് ദുബായിലും നാട്ടിലുമായി സ്വന്തമായുണ്ട്. വായ്പാ കുടിശിഖയുള്ള ബാങ്കുകളുമായി ചർച്ച നടത്തി ഈ വസ്തുക്കൾ വിൽപ്പന നടത്തി പ്രശ്‌ന പരിഹാരം സാധ്യമാക്കാം എന്ന നിലയിൽ കാര്യങ്ങൾ നീക്കിയെങ്കിലും അത് വിജയിച്ചില്ല. പ്രവാസി മലയാളി സംഘടനകളും രാമചന്ദ്രന്റെ കാര്യത്തിൽ കാര്യമായി ഇടപെടാൻ പറ്റാത്ത സ്ഥിതിയിലൂമായി.

കുവൈറ്റിൽ ബാങ്ക് ഉദ്യോഗസ്ഥനായി തുടങ്ങിയ രാമചന്ദ്രൻ

കുവൈത്തിൽ ഒരു ബാങ്ക് ഉദ്യോഗസ്ഥനായിട്ടായിരുന്നു എംഎം രാമചന്ദ്രൻ നായരുടെ പ്രവാസ ജീവിതം തുടങ്ങുന്നത്. അവിടെ നിന്നാണ് അദ്ദേഹം അറ്റ്ലസ് രാമചന്ദ്രൻ നായരായി ഉയർന്ന് വന്നത്. കുവൈത്തിലായിരുന്നു അദ്ദേഹം ആദ്യമായി ജുവല്ലറി തുറന്നത്. പലരിൽ നിന്നുമായി മൂലധനം സമാഹരിച്ചുകൊണ്ടായിരുന്നു ഇത്. കുവൈത്തിൽ നിന്നും യുഎഇയിലേക്ക് ജുവല്ലറി ശൃംഖല വ്യാപിപ്പിച്ചതോടെ പിന്നീട് വളർച്ചയുടെ പടവുകളായിരുന്നു രാമചന്ദ്രനെ കാത്തിരുന്നത്. 1980 കളുടെ അവസാനത്തോടെ ആയിരുന്നു ഇത്. പിന്നീട് ദുബായ് തന്നെയായി അറ്റ്ലസ് ജുവല്ലറിയുടെ പ്രധാന കേന്ദ്രം. ഗൾഫിൽ മാത്രമായി അറ്റ്ലസ് ജൂവലറിക്ക് 48 ഷോറൂമുകളാണ് ഉണ്ടായിരുന്നത്. ഇതിന് പുറമേ ഇന്ത്യയിലും നിരവധി ശാഖകൾ ജുവല്ലറിക്ക് ഉണ്ടായിരുന്നു. മറ്റ് പല പ്രമുഖ ജൂവലറിക്കാരും കച്ചവടത്തിൽ അനീതി കാട്ടിയപ്പോഴും വിവാദങ്ങളിൽ പെട്ടപ്പോഴും തല ഉയർത്തി പരിശുദ്ധ സ്വർണ്ണവും തങ്കവും വിറ്റ ആളായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ.

സാധാരണക്കാരനായ പ്രവാസി മലയാളിയായിരുന്ന രാമചന്ദ്രൻ നായർ അറ്റ്ലസ് രാമചന്ദ്രനായി വളർന്നത് അതിവേഗമായിരുന്നു. എന്നാൽ, അതുപോലെ തന്നെ അവിശ്വസനീയമാണ് അദ്ദേഹത്തിന്റെ തകർച്ചയും ഉണ്ടായത്. അറ്റ് ലസ് രാമചന്ദ്രന്റെ ജയിൽവാസം 40 വർഷം വരെ നീണ്ടേക്കുമെന്നാണ് സൂചന. അതായത് ജയിലിൽ തന്നെ അവസാന നാളുകൾ സ്വർണ്ണക്കട മുതലാളിക്ക് കഴിയേണ്ടി വരുമെന്നാണ് സൂചന ഇതിനിടെ പുറത്തുവന്നു. നിലവിൽ ഒരു കേസിൽ മാത്രം മൂന്ന് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടായിരുന്നു അറ്റ്‌ലസ് രാമചന്ദ്രൻ ജയിലിലായത്. എന്നാൽ ആരോപിക്കപ്പെട്ട എല്ലാ ശിക്ഷകളിലും വിധി വരുമ്പോൾ തടവ് ശിക്ഷയുടെ കാലം നാൽപ്പതുകൊല്ലം കഴിയേണ്ടിവരുമെന്ന വാർത്തകൾ വന്നതോടെ അദ്ദേഹം കൂടുതൽ തളർന്നു. എന്നാൽ ഇപ്പോൾ മോചനം സാധ്യമായതോടെ വലിയ ആഹ്‌ളാദത്തിലാണ് അദ്ദേഹത്തിന്റെ കുടുംബവും ആ പ്രവാസി വ്യവസായി ഇഷ്ടപ്പെടുന്ന ആയിരക്കണക്കിന് പ്രവാസി മലയാളികളും സുഹൃത്തുക്കളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP