Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ട്രെയിനിങ് കിട്ടിയ ഗുസ്തിക്കാരെപോലെയായിരുന്നു അവരുടെ അടി; ആദ്യം മുഖമടച്ച് ഒരെണ്ണം; മൂക്കിലും വായിലും കിട്ടി; പുറത്ത് ചവിട്ടും നെഞ്ചത്ത് ഇടിയും; ക്യാമറാമാൻ മിഥുനും കിട്ടി പൊതിരെ; വീഡിയോ ഡിലീറ്റ് ചെയ്യടാ എന്ന് പറഞ്ഞ് തലയ്ക്കടി; പൊലീസ് എത്തി ഇല്ലായിരുന്നെങ്കിൽ അവർ ഇടിച്ചു കൊന്നേനെ'; വെള്ളയിൽ ബെവ്‌റിജസ് ഗോഡൗണിൽ വിലക്ക് ലംഘിച്ച് മദ്യം ഇറക്കിയത് റിപ്പോർട്ട് ചെയ്ത ജനം ടിവി സംഘത്തിന് സംഭവിച്ചത്

'ട്രെയിനിങ് കിട്ടിയ ഗുസ്തിക്കാരെപോലെയായിരുന്നു അവരുടെ അടി; ആദ്യം മുഖമടച്ച് ഒരെണ്ണം; മൂക്കിലും വായിലും കിട്ടി; പുറത്ത് ചവിട്ടും നെഞ്ചത്ത് ഇടിയും; ക്യാമറാമാൻ മിഥുനും കിട്ടി പൊതിരെ; വീഡിയോ ഡിലീറ്റ് ചെയ്യടാ എന്ന് പറഞ്ഞ് തലയ്ക്കടി; പൊലീസ് എത്തി ഇല്ലായിരുന്നെങ്കിൽ അവർ ഇടിച്ചു കൊന്നേനെ'; വെള്ളയിൽ ബെവ്‌റിജസ് ഗോഡൗണിൽ വിലക്ക് ലംഘിച്ച് മദ്യം ഇറക്കിയത് റിപ്പോർട്ട് ചെയ്ത ജനം ടിവി സംഘത്തിന് സംഭവിച്ചത്

ആർ പീയൂഷ്

കോഴിക്കോട്: വിലക്ക് ലംഘിച്ച് മദ്യം ഇറക്കുകയായിരുന്ന മുപ്പതോളം സിഐ.ടി.യു പ്രവർത്തകരുടെ ദൃശ്യങ്ങൾ പകർത്തിയതിനും ലൈവ് വാർത്ത റിപ്പോർട്ട് ചെയ്തതിനും ജനം ടിവി റിപ്പോർട്ടർ എ.എൻ അഭിലാഷിനും കെ.ആർ മിഥുനും ഏൽക്കേണ്ടി വന്നത് ക്രൂരമായ മർദ്ദനമാണ്. വെള്ളയിൽ ബിവറേജസ് ഗോഡൗണിൽ വിലക്ക് ലംഘിച്ച് മദ്യം ഇറക്കുന്നു എന്ന് വിവരം അറിഞ്ഞാണ് സംഘം എത്തിയത്. ലൈവ് റിപ്പോർട്ടിങ് നടക്കുന്നതിനിടയിൽ സംഭവിച്ച കാര്യങ്ങളെ പറ്റി റിപ്പോർട്ടർ എ.എൻ അഭിലാഷ് പറയുന്നതിങ്ങനെ;

രാവിലെ പത്ത് മണിയോടെയാണ് ഇവിടെ അനധികൃതമായി മദ്യം ഇറക്കുന്നു എന്ന വിവരം ലഭിച്ചത്. മുപ്പതോളം തൊഴിലാളികൾ യാതൊരു സുരക്ഷാ മുൻകരുതലുകളുമില്ലാതെയാണ് മദ്യം ഇറക്കുന്നത് എന്നും വിവരം അറിയിച്ചയാൾ പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് സെൻട്രൽ ബ്യൂറോയിൽ വിവരം അറിയിക്കുകയും അൽപ്പ സമയത്തിനകം ലൈവ് ഉണ്ടാകുമെന്നും അറിയിച്ചു. വാഹനത്തിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ ലൈവ് വ്യൂ കണക്ട് ചെയ്തു. രോഹിണി മഹേഷായിരുന്നു ന്യൂസ് ആങ്കർ. വാഹനത്തിൽ നിന്നിറങ്ങി നോക്കുമ്പോൾ ആരും മാസ്‌ക്കും ഗ്ലൗസും ധരിച്ചിട്ടില്ല എന്ന് കണ്ടു. ഞങ്ങളെ കണ്ടതും വേഗം ഒരാളെത്തി ഗേറ്റ് പൂട്ടി. ഗേറ്റിൽ ശുചിത്വം പാലിക്കുന്നതിനെ പറ്റിയും സുരക്ഷാ മുൻകരുതലിനെപറ്റിയുമൊക്കെ എഴുതി വച്ചിട്ടുണ്ടായിരുന്നു. ക്യാമറ ഓണാക്കി വിഷ്വൽസ് എടുക്കുകയും ലൈവ് റിപ്പോർട്ടിങ് തുടങ്ങുകയും ചെയ്തു. ഇത് കണ്ടതും അകത്ത് ലോഡിറക്കുകയായിരുന്നവർ ഓടിയെത്തി തടയുകയുമായിരുന്നു.

വേഗം തന്നെ ക്യാമറ ഓഫ് ചെയ്യാൻ പറഞ്ഞു. എന്നിട്ട് എന്നെ മർദ്ദിക്കാൻ തുടങ്ങി. ആദ്യം മുഖമടച്ചായിരുന്നു ഇടി. മൂക്കിലും വായിലും കിട്ടി. പുറത്ത് ചവിട്ടുകയും നെഞ്ചത്ത് ഇടിക്കുകയും ചെയ്തു. ഇതിനിടയിൽ ക്യാമറാ മാൻ മിഥുനെയും മർദ്ദിച്ചു. വീഡിയോ ഡിലീറ്റ് ചെയ്യടാ എന്ന് പറഞ്ഞ് തലയ്ക്കടിക്കുകയായിരുന്നു. ട്രെയിനിങ് കിട്ടിയ ഗുസ്തിക്കാരെപോലെയായിരുന്നു അവരുടെ മർദ്ദനം. എന്റെ കയ്യിലെ മൈക്ക് അവർ പിടിച്ചു വാങ്ങി. ക്രൂരമർദ്ദനം കണ്ട് വേഗം ഞങ്ങളുടെ ഡ്രൈവർ റോഡിലേക്ക് ഓടി പോയി പൊലീസിനോട് കാര്യം പറഞ്ഞു. പൊലീസ് ഓടിയെത്തിയപ്പോഴേക്കും മർദ്ദിച്ചവരെല്ലാം ഓടിമാറി. പൊലീസ് എത്തിയില്ലായിരുന്നെങ്കിൽ അവർ ഇടിച്ചു കൊന്നേനെ. പിന്നീട് പൊലീസ് മൈക്ക് തിരികെ വാങ്ങി നൽകി. പൊലീസിന്റെ നിർദ്ദേശ പ്രകാരം വൈദ്യ സഹായം തേടി. പിന്നീടി വെള്ളയിൽ പൊലീസിൽ ഇവർക്കെതിരെ പരാതി നൽകി. ക്യാമറാ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം സംസ്ഥാനത്ത് മദ്യഷോപ്പുകൾ അടച്ചിട്ടിരിക്കുകയാണ്. ഈ സമയത്താണ് മദ്യവുമായി ലോറി കോഴിക്കോട്ടെത്തിയത്. തുടർന്ന് തൊഴിലാളികൾ മദ്യം ഇറക്കുകയായിരുന്നു. എന്നാൽ സർക്കാർ നിർദ്ദേശിച്ച യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് ഇരുപതോളം തൊഴിലാളികൾ ഗോഡൗണിൽ ഉണ്ടായിരുന്നത്. ഇവിടെ നിന്നും പകർത്തിയ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ ആവിശ്യപ്പെട്ടു. ഡിലീറ്റ് ചെയ്യാതെ നീ പോവില്ല. ഫിലിം ഇങ്ങോട്ടെടുക്ക്. ഫിലിം എടുക്കാതെ പോവില്ല. ഫിലിം ഊര്. . അല്ലെങ്കിൽ ക്യാമറ നിനക്ക് കിട്ടില്ല'- അക്രമികളിലൊരാളുടെ ആക്രോശം ഇങ്ങനെയായിരുന്നു. ഡിജിറ്റൽ ക്യാമറയാണെന്ന ബോധം പോലുമില്ലാതെയായിരുന്നു ഫിലിം ഊരാനുള്ള ഭീഷണി. തൊഴിലാളികൾ ഭൂരിഭാഗവും ഗ്ലൗസോ മാസ്‌ക്കോ ധരിച്ചിരുന്നില്ല. ജനം ടി വി റിപ്പോർട്ടറുടെ മൈക്ക് പിടിച്ചെടുക്കുകയും ക്യാമറ തകർക്കാനും ആക്രമികൾ ശ്രമിച്ചു.

അക്രമത്തിൽ ജനം ടി വി ക്യാമറാമാൻ മിഥുനും പരിക്കേറ്റിട്ടുണ്ട്. ആദ്യമെത്തിയ ഒരാളാണ് മൈക്ക് പിടിച്ചെടുത്തത്. പിന്നീട് മറ്റുള്ളവരുമെത്തി. പൊലീസ് എത്തിയാണ് അക്രമിസംഘങ്ങളിൽ നിന്ന് ചാനൽ പ്രവർത്തകരെ രക്ഷപ്പെടുത്തിയത്. എന്നാൽ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. ജനം ടിവി റിപ്പോർട്ടർ എ എൻ അഭിലാഷിനെയും ക്യാമറാമാനെയും അക്രമിച്ച സിഐ.ടി.യു ക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ പൊലീസ് തയ്യാറാവണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. പത്രപ്രവർത്തക യൂണിയൻ ഇടപെട്ടതിനെത്തുടർന്ന് പൊലീസ് പിന്നീട് കേസെടുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP