ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയ്ക്ക് പിന്നാലെ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി; ശബരിമലയിലെ സ്വർണം നഷ്ടപ്പെട്ടില്ലെന്നും കണക്കിൽ പൊരുത്തക്കേടില്ലെന്നും വിലയിരുത്തി ഓഡിറ്റ് വിഭാഗം; കാള പെറ്റെന്നു കേൾക്കുമ്പോൾ കയറെടുക്കുന്ന രീതി നല്ലതല്ലെന്നും കടകംപ്പള്ളി സുരേന്ദ്രൻ; ഇന്നലെ രാവിലെ 10ന് ആരംഭിച്ച പരിശോധന നീണ്ടത് ഉച്ചയ്ക്ക് രണ്ട് വരെ
May 28, 2019 | 07:38 AM IST | Permalink

മറുനാടൻ ഡെസ്ക്
തിരുവനന്തപുരം; ശബരിമല സന്നിധാനത്തിൽ വഴിപാടായി ലഭിച്ച സ്വർണത്തിന്റെയും വെള്ളിയുടെയും അളവിൽ കുറവ് കണ്ടെത്തിയിട്ടില്ലെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസറുടെ റിപ്പോർട്ട്. സന്നിധാനത്ത് വഴിപാടായി ലഭിച്ച 40 കിലോ സ്വർണം, 100 കിലോയിലധികം വെള്ളി എന്നിവയുടെ കണക്കിൽ അവ്യക്തതയുണ്ടെന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.ആഭരണങ്ങളുടെ വിവരമടങ്ങിയ ദേവസ്വം ഓഫീസിലെ മഹസറും ആഭരണങ്ങൾ സൂക്ഷിച്ചിരിക്കുന്ന ആറന്മുള സ്ട്രോംഗ് റൂമിലെ രജിസ്റ്ററും പത്തനംതിട്ടയിലെ ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിലായിരുന്നു പരിശോധിച്ചത്.
ഹൈക്കോടതി നിയോഗിച്ച ലോക്കൽ ഫണ്ട് ഓഡിറ്റ് സെപഷൽ ഓഫിസർ പ്രതാപ് കുമാർ, സീനിയർ ഗ്രേഡ് ഓഡിറ്റർ നവനീത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.ശബരിമലയിൽ നട വരവായി കിട്ടുന്ന സ്വർണം, വെള്ളി ഉരുപ്പടികൾ ദേവസ്വം ഭണ്ഡാരത്തിൽ മഹസർ തയാറാക്കി ആറന്മുള സ്ട്രോങ് റൂമിലേക്ക് മാറ്റുകയാണ് പതിവ്. തിരുവാഭരണം കമ്മിഷണർ കെ.എസ്.ബൈജുവിന്റെ നേതൃത്വത്തിൽ ആറന്മുള സ്ട്രോങ് റൂം തുറന്ന് 50 വർഷത്തെ സ്വർണ ഉരുപ്പടികൾ പുറത്തെടുത്ത് പരിശോധിക്കുന്ന ജോലികൾ 6 മാസമായി നടക്കുന്നുണ്ട്. ആകെ എത്തിയ 10,413 ഉരുപ്പടികളിൽ 5720 എണ്ണം പരിശോധിച്ച് ഉറപ്പാക്കി. വിവിധ ക്ഷേത്രങ്ങളിലെ സ്വർണ കൊടിമരം, തിരുവാഭരണം എന്നിവയുടെ നിർമ്മാണത്തിനായി 4693 ഉരുപ്പടികൾ ബോർഡ് ഉത്തരവ് പ്രകാരം എടുത്തിട്ടുണ്ട്. ബാക്കി വരുന്ന 800 എണ്ണത്തിന്റെ പരിശോധന 3 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് ദേവസ്വം അധികൃതർ ഓഡിറ്റ് വിഭാഗത്തെ അറിയിച്ചു. ശബരിമലയെ തകർക്കാൻ ബോധപൂർവമായ ശ്രമം നടക്കുകയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ ആരോപിച്ചു.
ഇന്നലെ രാവിലെ 10ന് ആരംഭിച്ച പരിശോധന ഉച്ചയ്ക്ക് രണ്ട് വരെ നീണ്ടു. 40 കിലോ സ്വർണവും 100 കിലോ വെള്ളിയും നഷ്ടപ്പെട്ടെന്നായിരുന്നു പ്രചാരണം.സ്ട്രോംഗ് റൂമിലെ ആഭരണങ്ങളുടെ വിവരങ്ങൾ കൃത്യമായി രജിസ്റ്ററിലുണ്ടെന്ന് ഓഡിറ്റ് ഓഫീസർ പ്രതാപ്കുമാർ പറഞ്ഞു. മഹസറും രജിസ്റ്ററും തമ്മിൽ പൊരുത്തക്കേടുകളില്ല. ദേവസ്വം ജീവനക്കാരോട് വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. സ്ട്രാേംഗ് റൂം തുറന്നു പരിശോധിക്കേണ്ടത് ഓഡിറ്റ് വിഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു.രാജഭരണകാലത്തെ മഹസർ രീതിയിലാണ് കോടികൾ വിലപിടിപ്പുള്ള വഴിപാട് സാമഗ്രികളുടെ വിവരം രേഖകളിലാക്കുന്നത്.
ഇതുമാറ്റി സ്റ്റോക്ക് രജിസ്റ്റർ ആക്കണമെന്ന് ഓഡിറ്റ് വിഭാഗം ശുപാർശ നൽകും. സ്ട്രോംഗ് റൂമിലെ ആഭരണങ്ങൾ സൂക്ഷിക്കുന്നത് ആധുനികവത്കരിക്കണം. ആഭരണങ്ങൾ മുദ്രപ്പൊതികളിലാക്കി തുണികളിൽ നമ്പരിട്ട് പൊതിഞ്ഞ് സൂക്ഷിക്കുന്ന രീതിയാണ് ഇപ്പോഴത്തേത്. എൺപതിലേറെ വർഷം പഴക്കമുള്ള ആഭരണങ്ങളുമുണ്ട്.ആഭരണങ്ങൾ സൂക്ഷിക്കുന്ന മുദ്രപ്പൊതിയുടെ രജിസ്റ്റർ ഹാജരാക്കാത്തതിനാൽ കണക്കിൽ വ്യക്തതയില്ലെന്ന് ഓഡിറ്റ് വിഭാഗം നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടെന്ന പ്രചാരണത്തിന് കാരണമായത്.
കാള പെറ്റെന്നു കേട്ട് കയറെടുക്കരുതെന്ന് കടകംപള്ളി
തിരുവനന്തപുരം ; കാള പെറ്റെന്നു കേൾക്കുമ്പോൾ കയറെടുക്കുന്നുവെന്ന ശൈലിയിൽ രൂപപ്പെട്ട കള്ളക്കഥയായിരുന്നു ശബരിമലയിലെ സ്വർണവും വെള്ളിയും കാണാനില്ലെന്ന വാർത്തയെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. 2016ൽ പ്രയാർ ഗോപാലകൃഷ്ണൻ ബോർഡ് പ്രസിഡന്റായിരുന്ന കാലത്താണു ഗ്രേഡ് അക്കൗണ്ടന്റ് തസ്തികയിൽ ജോലി ചെയ്ത ഉദ്യോഗസ്ഥൻ ചുമതലകൾ നിർവഹിക്കാതെ വിരമിച്ചത്. വീഴ്ച കണ്ടെത്തിയ ഇപ്പോഴത്തെ ബോർഡ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തു. തന്റെ പെൻഷൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഇയാൾ ബോർഡിനു നിവേദനം നൽകി.
രേഖകൾ പരിശോധിച്ചു 3 മാസത്തിനകം റിപ്പോർട്ട് നൽകാൻ തിരുവാഭരണം കമ്മിഷണറെ ചുമതലപ്പെടുത്തി. നടപടിക്രമം നീണ്ടുപോയി. ഉദ്യോഗസ്ഥൻ കോടതിയെ സമീപിക്കുകയും നടപടി പൂർത്തിയാക്കണമെന്നു കോടതി നിർദ്ദേശിക്കുകയായിരുന്നു. ഓഡിറ്റർമാർ കുഴപ്പങ്ങളില്ലെന്നു കണ്ടെത്തിയിരിക്കുകയാണ്. തെറ്റായ വാർത്തകൾ ഛിദ്രശക്തികൾക്കു വളരാൻ ഇടനൽകുമെന്നും മന്ത്രി സൂചിപ്പിച്ചു.
