Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്രെയിനിൽ തിരക്കായതിനാൽ വെള്ളിയാഴ്ച വന്നാൽ പോരെ എന്ന ചോദ്യത്തിന് ഒരു ദിവസം പാഴാക്കണ്ട, ബസിൽ വരൂ' എന്നു പറഞ്ഞത് സ്‌നേഹം കൊണ്ട്; മുഖത്തിന്റെ പാതിയും ബസിന്റെ ഉൾഭാഗവും ചേർത്ത സെൽഫി സ്റ്റാറ്റസും ഇട്ട ശേഷമുള്ള യാത്ര ദുരന്തത്തിലേക്കും; പുതുവീട്ടിലേക്ക് സഹോദരനെ കാത്തിരുന്നവരുടെ മുന്നിലേക്ക് എത്തിയത് ചലനമറ്റ ശരീരം; നസീഫിന്റെ ഓർമ്മകളിൽ പുന്നയൂർക്കുളം; അവിനാശിയിലെ അപകടത്തിൽ കല്ലൂരിന് വേദനയായി കിരൺകുമാറും

ട്രെയിനിൽ തിരക്കായതിനാൽ വെള്ളിയാഴ്ച വന്നാൽ പോരെ എന്ന ചോദ്യത്തിന് ഒരു ദിവസം പാഴാക്കണ്ട, ബസിൽ വരൂ' എന്നു പറഞ്ഞത് സ്‌നേഹം കൊണ്ട്; മുഖത്തിന്റെ പാതിയും ബസിന്റെ ഉൾഭാഗവും ചേർത്ത സെൽഫി സ്റ്റാറ്റസും ഇട്ട ശേഷമുള്ള യാത്ര ദുരന്തത്തിലേക്കും; പുതുവീട്ടിലേക്ക് സഹോദരനെ കാത്തിരുന്നവരുടെ മുന്നിലേക്ക് എത്തിയത് ചലനമറ്റ ശരീരം; നസീഫിന്റെ ഓർമ്മകളിൽ പുന്നയൂർക്കുളം; അവിനാശിയിലെ അപകടത്തിൽ കല്ലൂരിന് വേദനയായി കിരൺകുമാറും

മറുനാടൻ മലയാളി ബ്യൂറോ

ചാവക്കാട്: പുതുവീട്ടിലേക്ക് സഹോദരനെ കാത്തിരുന്നവരുടെ മുന്നിലേക്ക് എത്തിയത് ചലനമറ്റ ശരീരം. അവിനാശി അപകടത്തിൽ മരിച്ച പുന്നയൂർക്കുളം അണ്ടത്തോട് കുമാരൻപടി കല്ലുവളപ്പിൽ മുഹമ്മദാലിയുടെ മകൻ നസീഫിന്റെ (24) വേർപാടിൽ വിതുമ്പലൊടുങ്ങാതെയാണ് പുന്നയൂർക്കുളവും അണ്ടത്തോടും.

ബംഗളൂരുവിൽ നിന്നു ഗുരഡ ബസിൽ കയറിയ ഉടൻ നസീഫ് ഒരു സെൽഫിയെടുത്തിരുന്നുു. മുഖത്തിന്റെ പാതിയും ബസിന്റെ ഉൾഭാഗവും ചേർത്ത സെൽഫി. എന്നിട്ടത് വാട്‌സാപ്പിൽ ' ലൈവ് സ്റ്റേറ്റസ്' അപ്‌ഡേറ്റ് ചെയ്തു. ജ്യേഷ്ഠ സഹോദരൻ നബീലിന്റെ ഗൃഹപ്രവേശത്തിൽ പങ്കെടുക്കാനാണ് വീട്ടുകാരും കൂട്ടുകാരും നസിമോൻ എന്നു വിളിക്കുന്ന നസീഫ് നാട്ടിലേക്കു ബസ് കയറിയത്. ട്രെയിനിൽ തിരക്കായതിനാൽ വെള്ളിയാഴ്ചത്തെ വണ്ടിക്കു വന്നാൽ പോരേ എന്ന് വീട്ടിലേക്കു വിളിച്ചു ചോദിച്ചിരുന്നു. 'ഒരു ദിവസം പാഴാക്കണ്ട, ബസിൽ വരൂ' എന്നു പറഞ്ഞപ്പോൾ രാത്രിവണ്ടിക്കു തന്നെ ടിക്കറ്റെടുത്തു. ഗൃഹപ്രവേശം പ്രമാണിച്ച് ഗൾഫിലുള്ള സഹോദരങ്ങളായ നബീലും നാദിറും കഴിഞ്ഞ ദിവസം തന്നെ നാട്ടിലെത്തിയിരുന്നു.

ഒരുമാസം മുമ്പാണ് നസീഫ് മുഹമ്മദലി നോർത്ത് ബംഗളൂരുവിലെ ചിക്കബനവരയിലെ മല്ലിഗേ കോളജ് ഓഫ് ഫാർമസിയിലെ ബിഫാം ബിരുദ പഠനം പൂർത്തിയാക്കിയത്. ഇന്റേൺഷിപ്പിന്റെ ഭാഗമായി അവിടെ തന്നെ കഴിയുകയായിരുന്നു നസീഫ്. വ്യാഴാഴ്ച നടക്കാനിരുന്ന മൂത്ത ജ്യേഷ്ഠൻ നബീലിന്റെ ഗൃഹപ്രവേശത്തിൽ പങ്കെടുക്കാനാണ് നാട്ടിലേക്ക് തിരിച്ചത്.സാധാരണ ഇതേ ബസിൽ കുന്നംകുളത്ത് വന്ന് പുന്നയൂർക്കുളം ആൽത്തറയിൽ രാവിലെ ആറോടെ എത്താറുള്ള നസീഫ് സഹോദരങ്ങളെയോ സുഹൃത്തുക്കളെയോ വിളിച്ച് ബൈക്കിൽ വീട്ടിലെത്താറാണ് പതിവ്.

ആൽത്തറയിൽ എത്തും മുമ്പേ വിളിച്ചാൽ വണ്ടിയുമായി കാത്തിരിക്കലാണ് കൂട്ടുകാരോ സഹോദരങ്ങളോ. എന്നാൽ പതിവ് സമയം കഴിഞ്ഞിട്ടും വിളി വരാതിരുന്നതിനെതുടർന്ന് രണ്ടാമത്തെ സഹോദരൻ നാദിർ നാസിഫിന്റെ ഫോണിൽ വിളിക്കുകയായിരുന്നു. നസീഫിനു പകരം ഫോണെടുത്തത് ഒരു തമിഴ്‌നാട്ടുകാരനായിരുന്നു.അപകടത്തിൽ പരിക്കേറ്റ് നസീഫ് ആശുപത്രിയിലാണെന്നും ഉടനെ പുറപ്പെടണമെന്നും അയാൾ അറിയിച്ചു. ജ്യേഷ്ഠന്മാരും ബന്ധുക്കളും കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു. പിന്നെ അറിഞ്ഞത് മരണമെന്ന ദുഃഖവാർത്തയും.

കഴിഞ്ഞ ജനു. 18നാണ് നസീഫ് ഒടുവിൽ നാട്ടിലെത്തിയത്. കൂട്ടുകാരൻ പാവൂരയിൽ ഇർഷാദിന്റെ വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു. 19നായിരുന്നു വിവാഹം. 20ന് തിരിച്ചുപോയി. അടുത്ത 20 ന് അവസാനയാത്രയും. പത്താം ക്ലാസുവരെ അണ്ടത്തോട് തഖ് വ സ്‌കൂളിലും പ്ലസ്ടുവിന് പാലപ്പെട്ടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലുമായിരുന്നു നസീഫ് പഠിച്ചത്. മൃതദേഹം അണ്ടത്തോട് ജുമാ അത്ത് പള്ളി കബറിസ്ഥാനിൽ കബറടക്കി.

കല്ലൂരിന് വേദനയായി കിരൺകുമാർ

അവിനാശി അപകടത്തിൽ മരിച്ച ബെംഗളൂരു മലയാളി കിരൺകുമാർ സഹോദരിയുടെ വിവാഹം ക്ഷണിക്കാൻ അച്ഛൻ മംഗലത്ത് ശശികുമാറിന്റെ തറവാട്ടുദേശമായ കല്ലൂരിലേക്കു വരുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. മാർച്ച് എട്ടിനാണു സഹോദരി ഐശ്വര്യയുടെ വിവാഹം. തറവാട്ടിലുള്ളവർക്ക് കല്യാണത്തിന് അണിയേണ്ട വസ്ത്രങ്ങളുമായാണ് കിരൺകുമാർ യാത്ര തിരിച്ചത്. വരുന്ന കാര്യം ബന്ധുക്കളോട് പറഞ്ഞിരുന്നില്ല. ഒരു സർപ്രൈസ് സന്ദർശനമായിരുന്നു ലക്ഷ്യം.

ജനിച്ചതും വളർന്നതും ബെംഗളൂരുവിലാണെങ്കിലും അച്ഛന്റെ ജന്മനാടായ കല്ലൂർ ഗ്രാമമാണു കിരൺകുമാറിനെ് എന്നും പ്രിയപ്പെട്ടത്. അച്ഛൻ ശശികുമാർ ചെറുപ്പത്തിൽ നാട്ടിൽനിന്നു പോയതാണ്. പിന്നീട് ബംഗളൂരുവിൽ നിന്നു വിവാഹം ചെയ്ത് അവിടെത്തന്നെ സ്ഥിരതാമസമാക്കി. 10 വർഷം മുൻപ് ശശികുമാർ മരിച്ചതും വാഹനാപകടത്തിലായിരുന്നു. അതിനുശേഷം കല്ലൂരിൽ ആറു മാസത്തോളം അച്ഛന്റെ ബന്ധുക്കളോടൊപ്പം കിരൺകുമാർ താമസിച്ചിരുന്നു. മലയാളം പഠിച്ചു. ഇടയ്ക്കിടെ കല്ലൂരിലെത്തി കൊച്ചച്ഛൻ പ്രകാശന്റെ വീട്ടിൽ ഏതാനും ദിവസങ്ങൾ തങ്ം. കഴിഞ്ഞ ഓണത്തിനാണ് അവസാനമായി നാട്ടിലെത്തിയത്.

അച്ഛന്റെ തറവാടിനു സമീപം വീടുവച്ച് അമ്മയെയും കൂട്ടി കല്ലൂരിൽ സ്ഥിരതാമസമാക്കണമെന്നും ആ വീടിന് അച്ഛന്റെ പേരിടണമെന്നുമായിരുന്നു കിരണിന്റെ സ്വപ്നം. ഈ സ്വപ്‌നമാണ് അവിനാശിയിലെ അപകടം തട്ടിയെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP