Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അവിനാശിയിലെ ട്രക്ക് ഡ്രൈവറുടെ ക്രൂരത ജീവനെടുത്തത് നന്മമരമായ ഡ്രൈവറുടെ; എല്ലാവരും പാടി പുകഴ്‌ത്തിയിട്ടും മൃതദേഹമെത്തിയ ആംബുലൻസിന് പണം നൽകിയത് ബൈജുവിന്റെ വിയോഗം തളർത്തിയ കുടുംബാഗങ്ങൾ; വലിയ വായിൽ വീമ്പു പറഞ്ഞ സർക്കാരിനേയും കെ എസ് ആർ ടി സിയേയും പൊളിച്ചടുക്കി സോഷ്യൽ മീഡിയ; നാണക്കേട് ഒഴിവാക്കാൻ ചെലവെല്ലാം തിരിച്ചു നൽകുമെന്ന പ്രസ്താവനയുമായി ശശീന്ദ്രൻ മന്ത്രിയും; ഈ കുടുംബങ്ങളോട് സർക്കാർ കാട്ടിയത് ക്രൂരത തന്നെ

അവിനാശിയിലെ ട്രക്ക് ഡ്രൈവറുടെ ക്രൂരത ജീവനെടുത്തത് നന്മമരമായ ഡ്രൈവറുടെ; എല്ലാവരും പാടി പുകഴ്‌ത്തിയിട്ടും മൃതദേഹമെത്തിയ ആംബുലൻസിന് പണം നൽകിയത് ബൈജുവിന്റെ വിയോഗം തളർത്തിയ കുടുംബാഗങ്ങൾ; വലിയ വായിൽ വീമ്പു പറഞ്ഞ സർക്കാരിനേയും കെ എസ് ആർ ടി സിയേയും പൊളിച്ചടുക്കി സോഷ്യൽ മീഡിയ; നാണക്കേട് ഒഴിവാക്കാൻ ചെലവെല്ലാം തിരിച്ചു നൽകുമെന്ന പ്രസ്താവനയുമായി ശശീന്ദ്രൻ മന്ത്രിയും; ഈ കുടുംബങ്ങളോട് സർക്കാർ കാട്ടിയത് ക്രൂരത തന്നെ

മറുനാടൻ മലയാളി ബ്യൂറോ

അങ്കമാലി: തമിഴ്‌നാട്ടിലെ അവിനാശിയിലുണ്ടായ അപകടത്തിൽ മരിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർ വെളിയനാട് വാളകത്തിൽ വി.ആർ. ബൈജു (47) വിന്റെ മൃതദേഹം വസതിയിലെത്തിച്ച ആംബുലൻസിന്റെ തുക വീട്ടുകാർ നൽകിയത് വൻ വിവാദത്തിൽ. കെ എസ് ആർ ടി സിയിലെ നന്മ മരങ്ങളിൽ ഒരാളായിരുന്നു ബൈജു. ബൈജുവിന്റെ മരണം കെ എസ് ആർ ടി സിക്ക് വേണ്ടിയായിരുന്നു. എന്നിട്ടും വലിയ വായിൽ വീമ്പു പറയുന്ന സർക്കാരും കെഎസ്ആർടിസിയും മരണത്തിലും ബൈജുവിനു വേണ്ടി ഒന്നും ചെയ്തില്ല.

അവിനാശിയിൽനിന്നു പാലക്കാട് വരെ തമിഴ്‌നാട് സർക്കാരിന്റെ ആംബുലൻസിലായിരുന്നു മൃതദേഹം കൊണ്ടുവന്നത്. പാലക്കാട് മുതൽ വെളിയനാട് വരെ മറ്റൊരു ആംബുലൻസിലും. ഇതിന്റെ തുകയായ 12,000 രൂപയാണ് ബൈജുവിന്റെ വീട്ടുകാർ നൽകിയത്. ഈ വാഹനം ഏർപ്പെടുത്തിയതാരാണെന്നു ബന്ധുക്കൾക്ക് നിശ്ചയമില്ല. ഇതിനെ വിവാദമാക്കാൻ വീട്ടുകാർ ആഗ്രഹിക്കുന്നില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് നടക്കുന്നത്. എല്ലാം നോക്കുമെന്ന് പറഞ്ഞവർ ആംബുലൻസ് വീട്ടിലെത്തിയപ്പോൾ മുങ്ങിയെന്നാണ് ഉയരുന്ന ആരോപണം. അതിനിടെ മൃതദേഹം എത്തിക്കുന്നതിനുള്ള ചെലവ് നൽകുമെന്ന് മന്ത്രി എക് ശശീന്ദ്രൻ അറിയിച്ചിട്ടുണ്ട്.

ആംബുലൻസിന് നൽകിയ തുക സംബന്ധിച്ച് ആർക്കും പരാതി നൽകിയിട്ടില്ലെന്നും അനാവശ്യ വിവാദങ്ങളിലേക്ക് കുടുംബത്തെ വലിച്ചിഴയ്ക്കരുതെന്നും ബൈജുവിന്റെ സഹോദരൻ ബിജു പറഞ്ഞു. സർക്കാർ ഇടപെടൽ മൂലമാണ് വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വീട്ടിലെത്തിക്കാൻ സാധിച്ചത്. അതിന് സംസ്ഥാന സർക്കാരിനോട് പറഞ്ഞാൽ തീരാത്ത നന്ദിയുണ്ടെന്നും ബിജു കൂട്ടിച്ചേർത്തു. 20 നു പുലർച്ചെ മൂന്നിനാണ് കെ.എസ്.ആർ.ടി.സി. ബസിൽ കണ്ടെയ്നർ ഇടിച്ച് ബൈജു ഉൾപ്പെടെ 19 പേർ മരിച്ചത്.

അപകടത്തിൽ മരിച്ച കെ.എസ്.ആർ.ടി.സി. ജീവനക്കാരനും പെരുമ്പാവൂർ സ്വദേശിയുമായ ഗിരീഷ്, അങ്കമാലി സ്വദേശികളായ എംസി.കെ. മാത്യു, ജിസ്മോൻ എന്നിവരുടെയും ബന്ധുക്കളിൽനിന്ന് ആംബുലൻസ് ചെലവ് ഇടാക്കിയാതായി ആക്ഷേപമുണ്ട്. മരിച്ചവരുടെ കാര്യങ്ങളെല്ലാം നോക്കുമെന്നും പരിക്കേറ്റവരുടെ ചികിൽസ ഏറ്റെടുക്കുമെന്നും സർക്കാർ വീമ്പു പറഞ്ഞിരുന്നു. എന്നിട്ടും ആംബുലൻസ് പോലും വീട്ടുകാർക്ക് പണം നൽകേണ്ടി വന്നു. അവിനാശിയിൽ കെഎസ്ആർടിസി ബസിൽ കണ്ടെയ്നർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ ശുദ്ധ തട്ടിപ്പാണെന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു.

ഖജനാവിൽ നിന്ന് ഒരു തുക പോലും സർക്കാർ ആശ്രിതർക്ക് നൽകില്ല. പത്ത് ലക്ഷം രൂപ കെഎസ്ആർടിസി ഏർപ്പെടുത്തിയ അപകട ഇൻഷുറൻസ് പരിരക്ഷയിൽ നിന്നുള്ള സഹായമാണ്. ടിക്കറ്റുകളിൽ നിന്നുള്ള സെസ് പിരിവിലൂടെ പ്രതിവർഷം 3 കോടി രൂപയാണു കെഎസ്ആർടിസി ഇൻഷുറൻസ് പ്രീമിയമായി അടയ്ക്കുന്നത്. അതായത് യാത്രക്കാരിൽ നിന്ന് പിരിച്ചെടുത്ത് നൽകുന്ന തുകയാണ് നൽകുന്നത്.
അപകടമുണ്ടായപ്പോൾ തന്നെ മരിച്ചവർക്കുള്ള സഹായം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് ഇൻഷുറൻസ് തുകയാണെന്ന് പിന്നീടാണ് വ്യക്തമായത്. സർക്കാർ പ്രഖ്യാപിച്ചില്ലെങ്കിലും ഈ തുക മരിച്ചവരുടെ ആശ്രിതർക്ക് കിട്ടും. അങ്ങനെ ഭൂലോക തട്ടിപ്പായി മാറുകയാണ് സർക്കാരിന്റെ ധനസഹായ പ്രഖ്യാപനം. പരുക്കേറ്റവർക്കു പരുക്കിന്റെ തോത് അനുസരിച്ചു പരമാവധി 3 ലക്ഷം രൂപ വരെ നൽകും. ബസ് ഡ്രൈവർ ഗിരീഷ്, കണ്ടക്ടർ ബൈജു എന്നിവരുടെ കുടുംബങ്ങൾക്കു 30 ലക്ഷം രൂപ നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇതിൽ 10 ലക്ഷം രൂപ കെഎസ്ആർടിസി ഏർപ്പെടുത്തിയിട്ടുള്ള അപകട ഇൻഷുറൻസ് പദ്ധതിയിൽ നിന്നാണ്. മറ്റൊരു 10 ലക്ഷം രൂപ സർക്കാർ ജീവനക്കാർക്കുള്ള ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി വഴിയാണു ലഭിക്കുക. ഇതിനായി പ്രതിവർഷം 600 രൂപയോളം ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പ്രീമിയമായി ഈടാക്കി വരുന്നു. ഇനിയുള്ള 10 ലക്ഷം രൂപ ദേശസാൽകൃത ബാങ്കിന്റെ അക്കൗണ്ട് ഉടമകൾ എന്ന പേരിൽ ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷയുടെ ഭാഗമാണ്. കെഎസ്ആർടിസി ജീവനക്കാരിൽ ഭൂരിഭാഗം പേരും ഒരേ ദേശസാൽകൃത ബാങ്കിൽ അക്കൗണ്ട് ഉടമകളായതിനാൽ ഇവരിൽ മിക്കവരും ബാങ്കിന്റെ ഇൻഷുറൻസ് പദ്ധതിയിലും അംഗങ്ങളാണ്. അങ്ങനെ ആ തുകയും ഇൻഷുറൻസ്.

മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണൽ (എംഎസിടി) മുഖേനയുള്ള നഷ്ടപരിഹാരത്തിനും അപേക്ഷിക്കാം. അതേസമയം, മരിച്ച ജീവനക്കാരുടെ കുടുംബാംഗങ്ങൾക്കുള്ള ആശ്രിത നിയമനം കെഎസ്ആർടിസിയിൽ 4 വർഷമായി നിർത്തിവച്ചിരിക്കുകയാണ്. ചുരുക്കത്തിൽ പറഞ്ഞാൽ കെ എസ് ആർ ടിയിലെ നന്മമരങ്ങളായിരുന്ന ഡ്രൈവറുടേയും കണ്ടക്ടറുടേയും കുടുംബത്തിന് കെ എസ് ആർ ടി സി ഒന്നും നൽകില്ല. ആശ്രിത നിയമനവും ലഭിക്കാനിടയില്ലെന്നാണ് സൂചന. ഇതിനിടെയാണ് ആംബുലൻസ് തുകയും വീട്ടുകാർക്ക് നൽകേണ്ടി വന്നതെന്ന വാർത്ത ചർച്ചയാകുന്നത്.

ആനവണ്ടിയിലെ അപൂർവ്വ സൗഹൃദമാണ് അവിനാശിയിൽ ഒരുമിച്ച് അവസാനിച്ചത്. കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാരായ ഡ്രൈവർ ടി.ഡി. ഗിരീഷ്, കണ്ടക്ടർ ബൈജുവും സ്നേഹത്തിന്റെ സ്പർശവുമായി ബസ് യാത്രികരെ കൊണ്ടു പോയവരാണ്. ഇരുവരും മികച്ച സേവനത്തിലുള്ള അംഗീകാരം നേടിയവർ. എറണാകുളം -ബാംഗ്ലൂർ സ്ഥിരയാത്രക്കാർക്ക് പരിചിതരാണ് ഇരുവരും. 2018-ൽ എറണാകുളം-ബംഗളൂരു യാത്രക്കിടയിൽ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ബന്ധുക്കൾ വരുന്നതുവരെ അവർക്കൊപ്പം നിൽക്കുകയും ചെയ്ത മനുഷ്യസ്നേഹികൾ. അന്ന് കെ.എസ്.ആർ.ടി.സി ചെയർമാനും എംഡിയുമായിരുന്ന ടോമിൻ തച്ചങ്കരിയുടെ കൈയിൽ നിന്ന് അഭിനന്ദന കത്ത് ഏറ്റുവാങ്ങിയ സുഹൃത്തുക്കൾ. രണ്ടും പേർക്കും ഒരേ മനസ്സായിരുന്നു. അടുത്ത സുഹൃത്തുക്കൾ.

2018 ജൂണിലാണ് സംഭവം. യാത്രക്കിടെ ഒരു യാത്രക്കാരൻ മുന്നിലേക്ക് വന്ന് സാർ താക്കോൽ ഉണ്ടൊ എന്ന് ബസ് ജീവനക്കാരോട് ചോദിച്ചു എന്താണ് കാര്യമെന്ന അന്വേഷിച്ചപ്പോഴാണ് തൃശ്ശൂരിൽ നിന്ന് കയറിയ കവിത വാര്യർ എന്ന യാത്രക്കാരിക്ക് അപസ്മാരം വന്നതായി അയാൾ അറിയിക്കുന്നത്. താക്കോൽ നൽകിയെങ്കിലും കുറവൊന്നും കാണാതായതോടെ ഹോസ്പിറ്റലിലേക്ക് പോകേണ്ടി വരുമെന്ന് യാത്രക്കാർ ബസ് ജീവനക്കാരെ അറിയിച്ചു. ഹൊസൂരെത്തിയ ബസ് പിന്നെ ഓടിയത് ജനനി ഹോസ്പിറ്റലിലേക്കാണ്. കവിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഡ്‌മിറ്റ് ചെയ്യുന്നതിന് മുമ്പ് പണം മുൻകൂറായി കെട്ടിവെക്കണമായിരുന്നു. ജീവനാണ് വലുതെന്ന് മനസ്സിലാക്കിയ ഇരുവരും മേൽഉദ്യോഗസ്ഥന്റെ അനുവാദം വാങ്ങി പണം കെട്ടിവെച്ചു. രോഗിയുടെ അവസ്ഥ ഗുരുതരമായതിനാൽ കൂടെ ഒരാൾ നിൽക്കണമെന്ന ആശുപത്രി അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് ബൈജുവാണ് ബന്ധുക്കളെത്തും വരെ കവിതക്ക് കൂട്ടുനിന്നത്. ബസിലെ മറ്റു യാത്രക്കാരുമായി ഗിരീഷ് ബാഗ്ലൂരേക്ക് പുറപ്പെടുകയും ചെയ്തു. പിറ്റേന്ന് രാവിലെയാണ് കവിതയുടെ ബന്ധുക്കൾ ആശുപത്രിയിൽ എത്തുന്നതും ഡിസ്ചാർജ് വാങ്ങുന്നതും. അങ്ങനെ കണ്ടക്ടറില്ലാതെ മനുഷ്യസ്നേഹത്തിന്റെ പര്യായമായി ആ ബസ് ലക്ഷ്യത്തിലെത്തി.

കാരുണ്യത്തിന്റെ മുഖങ്ങളായ ബൈജുവിനെയും ഗിരീഷിനെയും കുറിച്ച് ആശുപത്രി വിട്ട രോഗി പിന്നീടു ഫേസ്‌ബുക്കിൽ കുറിച്ചു: 'നന്മയുടെ കരം നീട്ടിയ ഗിരീഷേട്ടനും ബൈജുവേട്ടനും ഒരായിരം അഭിനന്ദനങ്ങൾ.' യാത്രക്കാരിയുടെ ജീവന് കരുതലേകിയ കെഎസ്ആർടിസി ജീവനക്കാരുടെ കഥ വാർത്തയായി. സോഷ്യൽ മീഡിയയുടെ താരങ്ങളാണ് അവർ. തുടർന്ന് ഇവരെ തേടി അന്നത്തെ കെ.എസ്.ആർ.ടി.സി ചെയർമാനായിരുന്ന ടോമിൻ തച്ചങ്കരിയുടെ അഭിനന്ദനക്കത്തും എത്തി. പ്രളയകാലത്ത് ബെഗംളുരിവിലെ മലയാളികൾക്ക് സഹായമെത്തിക്കാനും പൊതു സമൂഹത്തിനൊപ്പം ചേർന്ന് കൈയടി നേടി. ഈ നന്മ മരങ്ങളുടെ അവസാന യാത്രയുടെ ചെലവ് പോലും കെ എസ് ആർ ടി സിക്ക് നൽകാൻ വിവാദങ്ങളുണ്ടാകേണ്ടി വന്നുവെന്നതാണ് വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP