Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവിനാശിയിലെ കെ.എസ്.ആർ.ടി,സി അപകടത്തിൽ കൊല്ലപ്പെട്ടവരിൽ 12 മലയാളികൾ; 20 സർക്കാർ ആംബുലൻസുകൾ തരുപ്പൂരിലേക്ക് തിരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ; പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചിലവുകളും സർക്കാർ ഏറ്റെടുക്കും; എട്ട് പേരുടെ മൃതദേഹം കൂടി തിരിച്ചറിയേണ്ടതുണ്ടെന്നും വിശദീകരണം; അപകടത്തെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ; എല്ലാ സഹായത്തിനും സർക്കാർ ഒപ്പമെന്ന് മുഖ്യമന്ത്രി പിണറായി

മറുനാടൻ മലയാളി ബ്യൂറോ

കോയമ്പത്തൂർ: തിരുപ്പൂർ അവിനാശിക്ക് സമീപം നടന്ന കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽ മരിച്ചവരിൽ തിരിച്ചറിഞ്ഞവർ എല്ലാവരും മലയാളികൾ എന്നു റിപ്പോർട്ട്. അപകടത്തിൽ 20 പേരാണ് മരിച്ചത്. ഇതിൽ തിരിച്ചറിഞ്ഞവരിൽ 12 പേരും മലയാളികളാണെന്നാണ് വിവരം. കെ.എസ്.ആർ.ടി.സി ഡ്രൈവർ കം കണ്ടക്ടർമാരായ ടി ഡി ഗിരീഷ്, ബൈജു എന്നിവരും അപകടത്തിൽ മരിച്ചു. പരിക്കേറ്റവിൽ ചിലരുടെ നില ഗുരുതരമാണ്. തമിഴ്‌നാട്ടിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഇവരുടെ ചികിത്സാച്ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു.

തൃശ്ശൂർ, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിലേയ്ക്ക് ടിക്കറ്റ് എടുത്തവരായിരുന്നു ബസിൽ ഉണ്ടായിരുന്നവർ എന്നാണ് ബുക്കിങ് വിവരങ്ങൾ. പാലക്കാട് സ്വദേശി രാജേഷ് (35), തുറവൂർ സ്വദേശി ജിസ്മോൻ ഷാജു (24), തൃശ്ശൂർ സ്വദേശി നസീഫ് മുഹമ്മദ് (24), ശിവകുമാർ (35), അറക്കുന്നം സ്വദേശി ബൈജു (47), ഐശ്വര്യ (28), തൃശ്ശൂർ സ്വദേശി ഇഗ്‌നി റാഫേൽ (39), കിരൺ കുമാർ (33), തൃശ്ശൂർ സ്വദേശി ഹനീഷ് (25), എറണാകുളം സ്വദേശി ഗിരീഷ് (29), റോസ്ലി എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.

ഇവരുടെ ബന്ധുക്കളെ ബന്ധപ്പെട്ടു വരികയാണെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. അവിനാശിയിലെയും തിരുപ്പൂരിലെയും ആശുപത്രികളിൽ മൃതദേഹങ്ങൾ അതിവേഗം പോസ്റ്റ്‌മോർട്ടം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മൃതദേഹങ്ങൾ തിരിച്ചെത്തിക്കാനായി 20ലധികം ആംബുലൻസുകൾ തിരുപ്പൂരിലേയ്ക്ക് പുറപ്പെട്ടതായി ആരോഗ്യമന്ത്രി അറിയിച്ചു. ആരോഗ്യവകുപ്പിന്റെ പത്ത് ആംബുലൻസുകളും പത്ത് 108 ആംബുലൻസുകളുമാണ് പുറപ്പെട്ടിട്ടുള്ളത്. മൃതദേഹങ്ങൾ കഴിവതും വേഗം തിരിച്ചെത്തിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. 8 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനുണ്ട്.

ദരുണമായ സംഭവമാണ് നടന്നതെന്നും അപകടത്തെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. കെഎസ്ആർടിസി എംഡി ഉൾപ്പെട്ട ഉന്നതതല സംഘം തിരുപ്പൂരിലേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. കെഎസ്ആർടിസി എംഡി സംഭവത്തെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് നൽകും. ബസിൽ 42 മലയാളികളാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. പരിക്കേറ്റവരുടെ ചികിത്സ തമിഴ്‌നാട്ടിലെ ആശുപത്രികളിൽ തന്നെ നടത്തുമെന്നും സംസ്ഥാന സർക്കാർ ചികിത്സാച്ചെലവ് പൂർണ്ണമായും വഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നും പരിക്കേറ്റ 23 പേരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നുമാണ് ആശുപത്രിവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്തു.

ആവശ്യമെങ്കിൽ അപകടസ്ഥലത്തേയ്ക്ക് മെഡിക്കൽ സംഘത്തെ അയയ്ക്കുമെന്ന് കേരള സർക്കാർ അറിയിച്ചെങ്കിലും പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ആവശ്യത്തിനുള്ള സൗകര്യങ്ങളുണ്ടെന്ന് തിരുപ്പൂർ ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ ആംബുലൻസുകൾ അടക്കമുള്ള സൗകര്യങ്ങൾ ലഭ്യമാക്കാമെന്നും തമിഴ്‌നാട് സർക്കാർ അറിയിച്ചിട്ടുണ്ട്. തിരുപ്പൂർ ജില്ലാ ഭരണകൂടമാണ് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടമുണ്ടായത്. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേയ്ക്ക് വരികയായിരുന്ന കെഎസ്ആർടിസി വോൾവോ ബസിനു നേർക്ക് കണ്ടെയ്‌നർ ലോറി ഇടിച്ചു കയറുകയായിരുന്നു. എതിർവശത്തു കൂടി വരികയായിരുന്ന കേരള രജിസ്‌ട്രേഷൻ ലോറിയുടെ ടയർ പൊട്ടി നിയന്ത്രണം വിട്ടതോടെ ഡിവൈഡർ തകർത്ത് ബസിനു നേർക്ക് പാഞ്ഞു കയറുകയായിരുന്നു. എൽ 15 എ 282 നമ്പർ കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ടൈൽസുമായി പോകുകയായിരുന്ന ലോറിയിൽ അമിത ലോഡ് ഉണ്ടായിരുന്നുവെന്ന ആരോപണം ഉയർന്നിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP