Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവിനാശിയെ ചോരക്കളമാക്കിയ അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത് കണ്ടെയ്‌നർ ലോറിയിൽ കയറ്റിയ ടൈൽസിന്റെ ഭാരം; 19 മലയാളി ജീവനുകൾ പൊലിഞ്ഞ അപകടത്തിന് ഇടയാക്കിയ കണ്ടെയ്‌നറിന്റെ ഡ്രൈവർ മലയാളിയായ ഹേമരാജ്; പാലക്കാട് സ്വദേശിയായ ഡ്രൈവർ പൊലീസിൽ കീഴടങ്ങി; 'രക്ഷിക്കണേ' എന്ന നിലവിളിയിൽ പ്രദേശം വിറച്ചപ്പോൾ തൽക്ഷണം മരിച്ചത് 13 പേർ; മൃതദേഹങ്ങൾ കേരളത്തിലേക്ക് എത്തിച്ചു; കെഎസ്ആർടിസിയിൽ അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തത്തിൽ പെട്ടവർക്ക് വിടനൽകാൻ ഒരുങ്ങി ജന്മനാട്

അവിനാശിയെ ചോരക്കളമാക്കിയ അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത് കണ്ടെയ്‌നർ ലോറിയിൽ കയറ്റിയ ടൈൽസിന്റെ ഭാരം; 19 മലയാളി ജീവനുകൾ പൊലിഞ്ഞ അപകടത്തിന് ഇടയാക്കിയ കണ്ടെയ്‌നറിന്റെ ഡ്രൈവർ മലയാളിയായ ഹേമരാജ്; പാലക്കാട് സ്വദേശിയായ ഡ്രൈവർ പൊലീസിൽ കീഴടങ്ങി; 'രക്ഷിക്കണേ' എന്ന നിലവിളിയിൽ പ്രദേശം വിറച്ചപ്പോൾ തൽക്ഷണം മരിച്ചത് 13 പേർ; മൃതദേഹങ്ങൾ കേരളത്തിലേക്ക് എത്തിച്ചു; കെഎസ്ആർടിസിയിൽ അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തത്തിൽ പെട്ടവർക്ക് വിടനൽകാൻ ഒരുങ്ങി ജന്മനാട്

മറുനാടൻ മലയാളി ബ്യൂറോ

അവിനാശി: കോയമ്പത്തൂരിനടുത്ത് അവിനാശിയിൽ കണ്ടയ്‌നർ ലോറി കെ.എസ്.ആർ.ടി.സിവോൾേവാ ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ പെട്ടവരുടെ മൃതദേഹങ്ങൾ കേരളത്തിൽ എത്തിച്ചു. മരിച്ച 19 പേരും മലയാളികൾ ആണെന്ന് വ്യക്തമായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിൽ കഴിയുകയാണ്. 19 മലയാളി ജീവനുകൾ പൊലിഞ്ഞ അപകടത്തിന് ഇടയാക്കി കണ്ടെയ്‌നറിന്റെ ഡ്രൈവർ ഒരു മലയാളിയായിരുന്നു. പാലക്കാട് സ്വദേശി ഹേമരാജ് പൊലീസിൽ കീഴടങ്ങിയിട്ടുണ്ട്. ഉറങ്ങിലപോയതു കൊണ്ടാണ് അപകടം ഉണ്ടായതെന്നാണ് ഹേമന്ദ് രാജ് പറഞ്ഞത്. അപകടം ഉണ്ടാക്കിയത് ടൈൽസുമായി കേരളത്തിലേക്ക് പോകുന്ന കണ്ടെയ്‌നർ ലോറി ആയിരുന്നു.

കേരള രജിസ്‌ട്രേഷനുള്ള ലോറിയാണിത്. ലോറിയുടെ ടയർ പൊട്ടി നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറിയാണ് അപകടമെന്നാണ് പറയുന്നതെങ്കിലുംഅധികൃതർ ഇത് സ്ഥിരികരിച്ചിട്ടില്ല. ലോറിക്ക് ആറു മാസമേ പഴക്കമുള്ളു. ടയർ പൊട്ടിയതാവില്ല. പകരം ഡ്രൈവർ ഉറങ്ങിപോയതാകാം കാരണമെന്നാണ് അനുമാനം. ഡ്രൈവറെ ചോദ്യംചെയ്യുന്നതിലൂടെ ഇക്കാര്യം വ്യക്തമാകും.

വ്യാഴാഴ്ച പുലർച്ച 3.25നാണ് അപകടം ഉണ്ടായത്. ദേശീയപാതയിലെ ദുരന്തമുഖം ഹൃദയഭേദകമായിരുന്നു. കണ്ടെയ്‌നർ ലോറി ഇടിച്ച ഭാഗത്തുണ്ടായിരുന്ന ബസ് യാത്രക്കാരുടെ ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയിരുന്നു. പലയിടത്തും രക്തം വാർന്നൊഴുകിയിരുന്നു. ബസിലും ലോറിയിലുമായി ചിതറിയ ശരീരഭാഗങ്ങൾ രക്ഷാപ്രവർത്തകരാണ് എടുത്തുമാറ്റിയത്.

ബാഗും സ്യൂട്ട്‌കേസും തുണിത്തരങ്ങളും ചെരിപ്പുകളും ഭക്ഷണപ്പൊതികളും കുടിവെള്ള കുപ്പികളും ചിന്നിച്ചിതറി കിടക്കുന്നുണ്ടായിരുന്നു. ബസിലെ സീറ്റുകളെല്ലാം ഇളകിപ്പോയിരുന്നു. ബംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി വോൾവോ ബസിന്റെ വലതുഭാഗം പൂർണമായും തകർന്നു. 12 സീറ്റുകളാണ് തരിപ്പണമായത്. ഇതിൽ യാത്ര ചെയ്തവരാണ് മരിച്ചത്.

ഇടത് ഭാഗത്തുണ്ടായിരുന്നവർ കഷ്ടിച്ച് രക്ഷപ്പെട്ടു. 42 യാത്രക്കാരും ഉറക്കത്തിലായിരുന്നു. മിക്കവരും സീറ്റുകൾക്കടിയിലാണ് കിടന്നിരുന്നത്. വൻ ശബ്ദംകേട്ട് നടുക്കത്തോടെയാണ് ഇവർ ഞെട്ടിയുണർന്നത്. 'രക്ഷിക്കണേ' എന്ന നിലവിളിയിൽ പ്രദേശം വിറച്ചു. അര മണിക്കൂറിനകം രക്ഷാപ്രവർത്തനം തുടങ്ങി. തദ്ദേശവാസികൾ പൊലീസിനെയും അഗ്‌നിശമനസേനയെയും അറിയിച്ചു. ബസിന്റെ ചില്ലുതകർത്തും വെട്ടിപ്പൊളിച്ചുമാണ് മരിച്ചവരെയും പരിക്കേറ്റവരെയും പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ എൻജിനും കണ്ടെയ്‌നറും വേർപെട്ടിരുന്നു. ദേശീയപാതകളിൽ നിർത്തിയിട്ടിരുന്നതും അവിനാശിയിലെ സ്വകാര്യ ആശുപത്രികളിലെയും ആംബുലൻസുകളിൽ ഇവരെ ആശുപത്രികളിലെത്തിച്ചു. മൃതദേഹങ്ങൾ അവിനാശി താലൂക്ക് ആശുപത്രിയിലും പിന്നീട് പോസ്റ്റുമോർട്ടത്തിന് തിരുപ്പൂർ ഗവ. ജനറൽ ആശുപത്രിയിലേക്കും മാറ്റി.

മൊബൈൽ ഫോണുകളും സ്വർണാഭരണങ്ങളും പണവും എ.ടി.എം കാർഡുകളും ഉൾപ്പെടെ വിലപിടിപ്പുള്ള സാധനങ്ങൾ തമിഴ്‌നാട് ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗവും പൊലീസും ശേഖരിച്ച് അവിനാശി സർക്കാർ ആശുപത്രിയിലും പൊലീസ് സ്‌റ്റേഷനിലുമെത്തിച്ചു. ഇതിലെ വിവരങ്ങളനുസരിച്ചാണ് യാത്രക്കാരുടെ പേരും വിലാസവും കണ്ടെത്തിയത്. കേരളത്തിൽനിന്ന് ടൈൽസ് കയറ്റിപ്പോവുകയായിരുന്ന കണ്ടെയ്‌നർ ലോറി റോഡിലെ സന്റെർ മീഡിയൻ ഇടിച്ചുതകർത്ത് വൺവേ തെറ്റിച്ച്, എതിർഭാഗത്തുകൂടെ വരുകയായിരുന്ന കെ.എസ്.ആർ.ടി.സി വോൾവോ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലോറിയിലെ ടൈൽസിന്റെ ഭാരമാണ് ഇടിയുടെ ആഘാതം വർധിപ്പിച്ചതെന്ന് കോയമ്പത്തൂർ സിറ്റി പൊലീസ് കമീഷണർ സുമിത് ശരൺ പറഞ്ഞു.

ബസിലെ 13 പേർ തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചവരിൽ ആറുപേർ പിന്നീടും മരിച്ചു. ഇതിൽ അഞ്ചുപേർ സ്ത്രീകളാണ്. പാലക്കാട്, തൃശൂർ, എറണാകുളം എന്നിവിടങ്ങളിലേക്ക് റിസർവ് ചെയ്ത യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. നിസ്സാര പരിക്കേറ്റ പത്തിലധികം പേർ നാട്ടിലേക്ക് തിരിച്ചു.

അപകടത്തിൽ മരിച്ചവർ ഇവരാണ്:

വി.ഡി.ഗിരീഷ് (42)

പെരുമ്പാവൂർ വളയൻചിറങ്ങര വാരിക്കാട് വളവനായത്ത് പരേതനായ ദാസന്റെയും ലക്ഷ്മിയുടെയും മകൻ. കെഎസ്ആർടിസി എറണാകുളം ഡിപ്പോയിലെ ഡ്രൈവർ. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഒക്കൽ എസ്എൻഡിപി ശ്മശാനത്തിൽ. ഭാര്യ: തമ്മനം പുഞ്ചക്കുന്നേൽ സ്മിത. മകൾ: ദേവിക (പ്ലസ് വൺ വിദ്യാർത്ഥിനി, വളയൻചിറങ്ങര എച്ച്എസ്എസ്).

വി.ആർ.ബൈജു (47)

എറണാകുളം പിറവം വെളിയനാട് വാളകത്ത് രാജന്റെയും സുമതിയുടെയും മകൻ. കെഎസ്ആർടിസി ഡ്രൈവർ കം കണ്ടക്ടർ. സംസ്‌കാരം ഇന്നു രാവിലെ 9.30നു വീട്ടുവളപ്പിൽ. ഭാര്യ: വെളിയനാട് അങ്ങാടിയിൽ കവിത. മകൾ: ഭവിത (വെളിയനാട് സെന്റ് പോൾസ് സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി).

എം.എസ്. കിരൺകുമാർ (24)

കല്ലൂർ പാലത്തുപറമ്പ് മംഗലത്ത് പരേതനായ ശശികുമാറിന്റെയും ബസ്സമ്മയുടെയും മകൻ. ബെംഗളൂരുവിൽ സ്ഥിരതാമസം. പെങ്ങളുടെ കല്യാണം വിളിക്കാൻ നാട്ടിലെ ബന്ധുക്കളുടെ അടുത്തേക്കു വരവേയാണ് അപകടം. സംസ്‌കാരം പിന്നീട് ബെംഗളൂരുവിൽ.

ജിസ്‌മോൻ ഷാജു (24)

അങ്കമാലി തുറവൂരിലെ വ്യാപാരി കിടങ്ങേൻ ഷാജുവിന്റെയും വടക്കേ കിടങ്ങൂർ പള്ളിപ്പാട്ട് ഷൈനിയുടെയും മകൻ. ബിടെക് ബിരുദധാരി. സംസ്‌കാരം ഇന്നു രാവിലെ 11ന് തുറവൂർ സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ. സഹോദരൻ: ജോമോൻ ഷാജു.

ഐശ്വര്യ രാജശ്രീ (28)

കൊച്ചി ഇടപ്പള്ളി പോണേക്കര ഇന്ദിരാ റോഡ് സാരംഗിൽ മെക്കാനിക്കൽ എൻജിനീയർ ഗോപകുമാറിന്റെയും കെഎസ്ഇബി റിട്ട. സീനിയർ എക്‌സിക്യൂട്ടീവ് എൻജിനീയർ രാജേശ്വരിയുടെയും മകൾ. ബെംഗളൂരുവിൽ ഏൺസ്റ്റ് ആൻഡ് യങ്ങിൽ സോഫ്റ്റ്‌വെയർ എൻജിനീയർ. എൻജിനീയറായ അഷിൻ ഉദയ് ഭർത്താവ്. ഒന്നേകാൽ വർഷം മുൻപായിരുന്നു വിവാഹം. സഹോദരൻ അശ്വിൻ ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥി.

ടി.ജി. ഗോപിക (23)

കൊച്ചി തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര ശാന്തിനഗറിൽ ടി.ജി.ഗോപിക പനങ്ങാട് തോപ്പിൽ വീട്ടിൽ ഗോകുലനാഥിന്റെയും വരദയുടെയും മകളാണ്. ബെംഗളൂരു ആൽഗോ എംബഡഡ് സിസ്റ്റം കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയർ. സംസ്‌കാരം ഇന്നു രാവിലെ 10ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ.

എംസി കെ.മാത്യു (34)

അങ്കമാലി സണ്ണി സ്റ്റുഡിയോ ഉടമ കളീക്കൽ മാത്യുവിന്റെയും സെലിന്റെയും മകൻ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിൽ. ബെംഗളൂരു മൈൻഡ് ട്രീ കമ്പനിയിൽ എൻജിനീയർ. ഭാര്യ: അങ്കമാലി ജോസ്പുരം കാവുങ്ങൽ ഡോ. സീതു (തൃക്കാക്കര ഭാരതമാതാ കോളജ് ലക്ചറർ). മകൻ: നീൽ.

അനു സ്‌നിജോ (23)

എരുമപ്പെട്ടി പൊലീസ് സ്റ്റേഷനു സമീപം വാഴപ്പള്ളി വീട്ടിൽ സ്‌നിജോ ജോസിന്റെ ഭാര്യ. എയ്യാൽ കൊള്ളന്നൂർ വീട്ടിൽ വർഗീസിന്റേയും മർഗിലിയുടേയും മകൾ. ബാംഗ്ലൂർ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ജീവനക്കാരി. സംസ്‌കാരം ഇന്നു 10.30ന് എയ്യാൽ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ.

ശിവകുമാർ (35)

മംഗലാംകുന്ന് പുളിഞ്ചിറക്കളരിക്കൽ ഉദയാ നിവാസിൽ ഉണ്ണിക്കൃഷ്ണ പണിക്കരുടെയും സത്യഭാമയുടെയും മകൻ. ബെംഗളൂരുവിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുന്നു. സംസ്‌കാരം ഇന്ന് തിരുവില്വാമല രാവിലെ 10ന് ഐവർമഠം ശ്മശാനത്തിൽ. ഭാര്യ: ശ്രുതി

രാഗേഷ് (35)

തിരുവേഗപ്പുറ ചെമ്പ്ര ആലിൻ ചുവട് കൊണ്ടപ്പറമ്പ് കളത്തിൽ ശശിധരൻ നായരുടെയും മാധവിക്കുട്ടിയുടെയും മകൻ. മെഡിക്കൽ റെപ്രസെന്റിറ്റിവായ രാഗേഷ് ഒരു യോഗത്തിൽ പങ്കെടുക്കാനാണു ബെംഗളൂരുവിലേക്കു പോയത്. സംസ്‌കാരം മൃതദേഹം ഇന്ന് (21) രാവിലെ ഒൻപതിന് ചെറുതുരുത്തി പുണ്യതീരത്ത്. ഭാര്യ: സാന്ദ്ര. മക്കൾ: സാരാംഗ് (7) സൗരവ് (5).

മാനസി മണികണ്ഠൻ (21)

തൃക്കൂർ പോത്തോട്ടപ്പറമ്പിൽ തൃക്കൂർമഠത്തിൽ മണികണ്ഠന്റെയും ബിജുവിന്റെയും മകൾ. ബെംഗളൂരുവിൽ സ്ഥിരതാമസം. ബെംഗളൂരു ക്രൈസ്റ്റ് കോളജിൽ എംബിഎയ്ക്ക് ചേരുന്നതിനു മുൻപ് നാട്ടിക്കു വന്നതായിരുന്നു. സംസ്‌കാരം പിന്നീട് ബെംഗളൂരുവിൽ.

നസീഫ് മുഹമ്മദ് (24)

പുന്നയൂർക്കുളം അണ്ടത്തോട് കുമാരൻപടി കള്ളിവളപ്പിൽ മുഹമ്മദാലിയുടെയും ഖദീജയുടെയും മകൻ. ബെംഗളൂരു മല്ലിഗെ കോളജിൽ ബിഫാം പഠനത്തിനു ശേഷം പരിശീലനത്തിലായിരുന്നു. ജ്യേഷ്ഠന്റെ ഗൃഹപ്രവേശനത്തിനായി നാട്ടിലേക്ക് മടങ്ങവെയാണ് അപകടം. കബറടക്കം നടത്തി.

ജോഫി പോൾ (33)

ചിയ്യാരം കരുവാൻ റോഡിൽ ചിറ്റിലപ്പിള്ളി പോളിന്റെയും ത്രേസ്യയുടെയും മകൻ. ജോയ് ആലുക്കാസ് ബെംഗളൂരു ശാഖയിൽ മാനേജർ. സംസ്‌കാരം ഇന്ന് 11നു ചിയ്യാരം വിജയ മാത പള്ളിയിൽ. ഭാര്യ: റിഫി, മക്കൾ: ഏദൻ, ആൻ തെരേസ, ആവേ മരിയ.

ഇഗ്‌നി റാഫേൽ (39)

ഒല്ലൂർ പള്ളിക്ക് സമീപം അപ്പാടൻ റാഫേലിന്റെയും ആനിയുടെയും മകൻ. സൗദിയിൽ റിഗ്ഗിൽ ഉദ്യോഗസ്ഥൻ. ഒരാഴ്ച മുൻപാണ് നാട്ടിലെത്തിയത്. സംസ്‌കാരം ഇന്ന് ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ വിൻസിക്കും പരുക്കേറ്റു.

യേശുദാസ് (37)

അരിമ്പൂർ കൈപ്പിള്ളി റിങ് റോഡിലെ കൊള്ളന്നൂർ കൊട്ടേക്കാട്ടുകാരൻ പരേതനായ ഡേവിസിന്റെയും ലിസിയുടെയും മകൻ. ബെംഗളൂരുവിൽ ടയോട്ട മോട്ടോഴ്‌സിൽ മാനേജർ. സംസ്‌കാരം ഇന്നു പത്തിന് എറവ് സെന്റ് തെരാസാസ് കപ്പൽ പള്ളിയിൽ. ഭാര്യ: ഷൈമി. മകൻ: ഏദൻ.

ഹനീഷ് മണികണ്ഠൻ (25)

തൃശൂർ ചിറ്റിലപ്പിള്ളി സ്വദേശി കുറുങ്ങാട്ടുവളപ്പിൽ വീട്ടിൽ മണികണ്ഠന്റെയും ലീലയുടെയും മകൻ. ബെംഗളൂരുവിൽ ഫനൂഖ്് ഇന്ത്യ പ്രൈവറ്റ്്് ലിമിറ്റഡ് കമ്പനിയിൽ സർവീസ് എൻനീയർ. സംസ്‌കാരം ഇന്നു 12നു പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: ശ്രീപാർവതി.

പി. ശിവശങ്കരൻ (30)

എറണാകുളം തിരുവാണിയൂർ കുംഭപ്പിള്ളി സ്‌നേഹതീരം ലെയ്ൻ 32ാം നമ്പർ ശ്രീ ശിവശങ്കരം വീട്ടിൽ പുരുഷോത്തമന്റെയും ഉഷയുടെയും മകൻ. ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയർ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്കു ശേഷം തിരുവാണിയൂർ ശാന്തിതീരം ശ്മശാനത്തിൽ. സഹോദരി: രാധിക.

എൻ.വി. സനൂപ് (28)

കണ്ണൂർ പയ്യന്നൂർതെരുവിലെ ഓട്ടോഡ്രൈവർ എൻ.വി.ചന്ദ്രന്റെയും ശ്യാമളയുടെയും മകൻ. ബെംഗളൂരുവിലെ കോണ്ടിനന്റൽ ഓട്ടമൊബീൽ കംപോണന്റ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ എൻജിനീയർ. സംസ്‌കാരം ഇന്ന് 11.30നു പയ്യന്നൂർ തെരുവിലെ സമുദായ ശ്മശാനത്തിൽ.

റോസ്ലി (61) )

പാലക്കാട് ചന്ദ്രനഗർ ശാന്തികോളനി നയങ്കര വീട്ടിൽ പരേതനായ ജോണിന്റെ ഭാര്യ. മരുമകൾ സോന സണ്ണിയുടെ വിദേശ ജോലി ആവശ്യത്തിനായി ബെംഗളൂരുവിൽ പോയി മടങ്ങുകയായിരുന്നു. സംസ്‌കാരം ഇന്ന് 11നു ചന്ദ്രനഗർ പിരിവുശാല പ്രോവിഡൻഷ്യൽ ദേവാലയത്തിൽ ശുശ്രൂഷയ്ക്കു ശേഷം യാക്കര സെമിത്തേരിയിൽ. മക്കൾ: സണ്ണി, സിൽട്ടൺ, സിൻസി മരുമക്കൾ: സോന, രാജു, ലിൻഡ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP