Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെള്ളത്തുണിയിൽ പൊതിഞ്ഞു കെട്ടിയ ബൈജുവിന്റെ ശരീരം കാണാൻ കരുത്തില്ലാതെ മാറി നിന്നു വിതുമ്പി സഹപ്രവർത്തകർ; ഭാര്യ കവിതയുടെ നെഞ്ചുപൊട്ടിയുള്ള നിലവിളിയിൽ എന്തു ചെയ്യണമെന്ന് അറിയാതെ സുഹൃത്തുക്കളും ബന്ധുക്കളും; ഒരുമിച്ചു യാത്രപോയവർ തിരികെ വരില്ലെന്ന സത്യത്തിൽ വിറങ്ങലിച്ച് എറണാകുളം ഡിപ്പോ; പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി എല്ലാ മൃതദേഹങ്ങളും നാട്ടിലെത്തിച്ചു; ഇന്ന് എല്ലാവർക്കും കണ്ണീരിൽ കുതിർന്ന വിടനൽകും

വെള്ളത്തുണിയിൽ പൊതിഞ്ഞു കെട്ടിയ ബൈജുവിന്റെ ശരീരം കാണാൻ കരുത്തില്ലാതെ മാറി നിന്നു വിതുമ്പി സഹപ്രവർത്തകർ; ഭാര്യ കവിതയുടെ നെഞ്ചുപൊട്ടിയുള്ള നിലവിളിയിൽ എന്തു ചെയ്യണമെന്ന് അറിയാതെ സുഹൃത്തുക്കളും ബന്ധുക്കളും; ഒരുമിച്ചു യാത്രപോയവർ തിരികെ വരില്ലെന്ന സത്യത്തിൽ വിറങ്ങലിച്ച് എറണാകുളം ഡിപ്പോ; പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി എല്ലാ മൃതദേഹങ്ങളും നാട്ടിലെത്തിച്ചു; ഇന്ന് എല്ലാവർക്കും കണ്ണീരിൽ കുതിർന്ന വിടനൽകും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സഹപ്രവർത്തകർ വിട്ടുപിരിഞ്ഞു പോയ നൊമ്പരത്തിൽ മനംനീറുകയാണ് എറണാകുളം കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാർ. ഇന്നലെ രാത്രിയോടെ എറണാകുളം ബസ് സ്റ്റാൻഡിലേക്ക മൃതദേഹങ്ങൾ എത്തിച്ചതോടെ അക്ഷരാർഥത്തിൽ കരയുകയായിരുന്നു എല്ലാവരും. ബൈജുവിന്റെ മൃതദേഹം കൂടെ ജോലി ചെയ്തിരുന്നവർക്കു അവസാനം ഒരു നോക്കു കാണാനായി ആംബുലൻസിൽ എത്തിച്ചപ്പോൾ അടക്കിപ്പിടിച്ച സങ്കടക്കടൽ ആർത്തലച്ച് മഴപോലെ പെയ്തു തോരുന്നതാണു പിന്നെ കണ്ടത്. സഹപ്രവർത്തകരുടെ ദുഃഖം കണ്ട് കാഴ്ചക്കാരായെത്തിയ യാത്രക്കാരും കണ്ണുപൊത്തി സങ്കടം അടക്കി.

ഇവിടെ നിന്നായിരുന്നു 2 ദിവസം മുൻപു ബൈജുവും ഗിരീഷും ബാംഗ്ലൂരിന് പുറപ്പെട്ടത്. ഒരിക്കലും മടങ്ങിവരാത്ത യാത്രയായിരുന്നു അതെന്ന് ഇന്നു രാവിലെ തിരിച്ചറിഞ്ഞപ്പോൾ വിറങ്ങലിച്ചു പോയിരുന്നു സഹപ്രവർത്തകരിലേറെയും. യാത്രക്കാർക്കെന്ന പോൽ സഹപ്രവർത്തകർക്കും അത്രമേൽ പ്രിയങ്കരരായിരുന്നു ഇരുവരും. ഇരുവരുടെയും ജീവനറ്റ ശരീരങ്ങളെങ്കിലും അവസാനമായി ഒരുനോക്കു കാണാൻ ചിത്രങ്ങൾക്കു മുന്നിൽ തിരിതെളിച്ചു പുഷ്പങ്ങളർപ്പിച്ച് അവർ കാത്തിരിക്കുകയായിരുന്നു.

ഒടുവിൽ രാത്രി എട്ടരയോടെ ബൈജുവിന്റെ ശരീരവുമായി ആദ്യ ആംബുലൻസ് പൊലീസ് അകമ്പടിയോടെ ഡിപ്പോയിലേക്കു പ്രവേശിച്ചു. തന്റെ പ്രിയതമന് ഏറെ പ്രിയപ്പെട്ടവരുടെ മുന്നിലേക്ക് അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരവുമായി കടന്നു വന്ന ഭാര്യ കവിതയുടെ നെഞ്ചുപൊട്ടിയുള്ള നിലവിളിയിൽ ഡിപ്പോയും പരിസരവും ഒരു നിമിഷം മൗനം പൂണ്ടു. പിന്നെ അണപൊട്ടിയ കണ്ണീരും നിലവിളികളും വാഹനത്തിനു പുറത്തേക്കും പടർന്നു.

വെള്ളത്തുണിയിൽ പൊതിഞ്ഞു കെട്ടിയ ആ ശരീരം കാണാൻ കരുത്തില്ലാതെ ജീവനക്കാരിൽ പലരും മാറിനിന്നു വിതുമ്പി. പൊതുദർശനത്തിനു വയ്ക്കാൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ല അപകടത്തിൽ ചിതറിപ്പോയ ബൈജുവിന്റെ മൃതദേഹമെന്നതിനാൽ ആംബുലൻസിനു പുറത്തേക്കെടുത്തില്ല. മാധ്യമങ്ങളുടെയും ജീവനക്കാരുടെയും തിക്കും തിരക്കുമേറിയതോടെ പൊലീസ് ഇടപെട്ടാണു തിരക്കു നിയന്ത്രിച്ചത്. ഒടുവിൽ 15 മിനിറ്റിനു ശേഷം ആംബുലൻസ് മടങ്ങുമ്പോഴും ജീവനക്കാരിൽ നല്ലൊരു പങ്കിനും മൃതദേഹം കാണാൻ അവസരം ലഭിച്ചിരുന്നില്ല. മാധ്യമങ്ങളുടെ തിക്കിത്തിരക്കു മൂലം തങ്ങളുടെ സഹപ്രവർത്തരുടെ മൃതദേഹം കാണാനായില്ലെന്ന പരാതി ഇതോടെ ഉയർന്നെങ്കിലും ജനപ്രതിനിധികൾ ഇടപെട്ടു ജീവനക്കാരെ സമാധാനിപ്പിച്ചു.

മൃതദേഹങ്ങൾ ഒരുമിച്ചു ഡിപ്പോയിൽ എത്തിക്കുമെന്നായിരുന്നു ആദ്യ വിവരമെങ്കിലും പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ 2 സമയത്തു വിട്ടുകിട്ടിയതിനാൽ ഇതിനു കഴിഞ്ഞില്ല. ഹൈബി ഈഡൻ എംപി, ടി.ജെ.വിനോദ് എംഎൽഎ, മുഖ്യമന്ത്രിക്കു വേണ്ടി കലക്ടർ എസ്.സുഹാസ് എന്നിവരും കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥരും വിവിധ യൂണിയൻ പ്രതിനിധികളും ഡിപ്പോയിലെത്തി ഇരുവർക്കും അന്തിമോപചാരമർപ്പിച്ചു.

അപകടത്തിൽ മരിച്ചവരുടെ മുഴുവൻ മൃതദേഹങ്ങളുടെയും പോസ്റ്റ്മോർട്ടം നടപടികൾ ഇന്നലെ തന്നെ പൂർത്തിയാക്കിയിരുന്നു. അപകടത്തിൽ മരിച്ചവരുടെ ചേതനയറ്റ ശരീരങ്ങൾ വീടുകളിലേക്ക് എത്തി തുടങ്ങിയതോടെ വൈകാരികമായ പ്രതികരങ്ങൾക്കാണ് നാട് സാക്ഷ്യം വഹിച്ചത്. എരുമപ്പെട്ടി സ്വദേശി അനുവിന്റെ മൃതദേഹമാണ് ആദ്യം നാട്ടിലെത്തിച്ചത്. കഴിഞ്ഞ ജനുവരി 19 ന് വിവാഹിതയായ അനു വിദേശത്തേക്ക് ജോലിക്ക് പോകുന്ന ഭർത്താവ് സിൻജോയെ യാത്രയാക്കാൻ നാട്ടിലേക്ക് വരുന്നതിനിടക്കാണ് അപകടത്തിൽപ്പെട്ടത്. അനുവിന്റെ സംസ്‌കാരം ഇന്ന് ഇയ്യാലിൽ നടക്കും. ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ സ്‌നൂക്ക് ഇന്ത്യയിൽ ജോലി ചെയ്തുവരികയായിരുന്ന ഹനീഷിന്റെ സംസ്‌കാര ചടങ്ങുകൾ പാറമേക്കാവ് ശാന്തി ഘട്ടിൽ നടക്കും. കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു മരിച്ച ഹനീഷ്.

പാസ്‌പോർട്ടുമയി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിനായാണ് രണ്ട് ദിവസത്തെ അവധിയെടുത്ത് അരിമ്പൂർ സ്വദേശി യേശുദാസ് നാട്ടിലേക്ക് യാത്ര തിരിച്ചത്. ഭാര്യയും കുട്ടിയുമടങ്ങുന്ന കുടുംബത്തെ തനിച്ചാക്കിയാണ് യേശുദാസിന്റെ മടക്കം. മൃതദേഹം ഇന്ന് അരിമ്പൂർ കപ്പൽ പള്ളിയിൽ സംസ്‌കരിക്കും. രാത്രി നാട്ടിലെത്തിച്ച ചാവക്കാട് അണ്ടത്തോട് സ്വദേശി നസീഫ് മുഹമ്മദിന്റെ മൃതദേഹം അണ്ടത്തോട് ജുമാമസ്ജിദിൽ സംസ്‌കരിച്ചു. രാത്രി പത്ത് മണിയോടെ് വീട്ടിലെത്തിച്ച ചിയ്യാരം സ്വദേശി ജോഫി പോളിന്റെയും ഒല്ലൂർ സ്വദേശി ഇഗ്‌നി റാഫേലിന്റെയും സംസ്‌കാരചടങ്ങുകൾ അടുത്ത ദിവസമാകും നടക്കുക.

10 ദിവസം മുൻപ് വിദേശത്ത് നിന്ന് നാട്ടിലെത്തിയ ഇഗ്നി ഭാര്യയുടെ സർട്ടിഫിക്കറ്റ് കൈപ്പറ്റി മടങ്ങും വഴിയാണ് അപകടത്തിൽ പെട്ടത്. ഭാര്യ ബിൻസി ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. തൃശൂരിൽ സംസ്ഥാന സർക്കാർ പ്രതിനിധിയായി മന്ത്രി എ സി മൊയ്തീൻ മൃതദേഹങ്ങളിൽ റീത്ത് സമർപ്പിച്ചു. മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്, ചീഫ് വിപ്പ് കെ രാജൻ, എംഎൽഎമാരായ അനിൽ അക്കര, അബ്ദുൾഖാദർ, കളക്ടർ എസ് ഷാനവാസ് തുടങ്ങിയവർ മൃതദേഹങ്ങളിൽ അന്ത്യമോപചാരമർപ്പിച്ചു. ബംഗളൂരുവിലെ ഐടി കമ്പനി ജീവനക്കാരിയും ഇടപ്പള്ളി സ്വദേശിനിയുമായ ഐശ്വര്യ, തൃപ്പൂണിത്തുറയിലെ ഗോപിക എന്നിവരുടെ സംസ്‌കാര ചടങ്ങുകളും ഇന്ന് രാവിലെ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP