Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മഹാമാരിയുടെ കാലത്തും പാദരക്ഷ പുറത്തഴിച്ച് വെയ്പിച്ച് ആയുർവേദ ആശുപത്രി; ചോദ്യം ചെയ്യുന്നവരോട് ഡോക്ടർ പറയുന്നത് നമ്മള് ഡിവൈഎഫ്‌ഐയിലൊക്കെ പ്രവർത്തിച്ചിട്ടുണ്ടെന്നും; ഇത്തരം ഒരു നിർദ്ദേശമില്ലെന്ന് ആവർത്തിച്ച് ആരോഗ്യ രംഗത്തെ പ്രമുഖർ; ഇത് മറ്റ് ആശുപത്രികളെ പോലല്ലെന്ന് ജീവനക്കാരും; വൃത്തിയുടെ പേരിൽ പകർച്ചവ്യാധിക്കാലത്ത് രോഗ വ്യാപനത്തിന് ആതുരാലയം തന്നെ വഴിയൊരുക്കുന്നത് ഇങ്ങനെ

മഹാമാരിയുടെ കാലത്തും പാദരക്ഷ പുറത്തഴിച്ച് വെയ്പിച്ച് ആയുർവേദ ആശുപത്രി; ചോദ്യം ചെയ്യുന്നവരോട് ഡോക്ടർ പറയുന്നത് നമ്മള് ഡിവൈഎഫ്‌ഐയിലൊക്കെ പ്രവർത്തിച്ചിട്ടുണ്ടെന്നും; ഇത്തരം ഒരു നിർദ്ദേശമില്ലെന്ന് ആവർത്തിച്ച് ആരോഗ്യ രംഗത്തെ പ്രമുഖർ; ഇത് മറ്റ് ആശുപത്രികളെ പോലല്ലെന്ന് ജീവനക്കാരും; വൃത്തിയുടെ പേരിൽ പകർച്ചവ്യാധിക്കാലത്ത് രോഗ വ്യാപനത്തിന് ആതുരാലയം തന്നെ വഴിയൊരുക്കുന്നത് ഇങ്ങനെ

ശ്രീകുമാർ.എസ്‌പിള്ള

കൊല്ലം: കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ കൊറോണ ഉൾപ്പെടെയുള്ള പകർച്ച വ്യാധികളുടെ വിതരണ കേന്ദ്രമായി സംസ്ഥാനത്തെ പല ആയുർവേദ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും. സർക്കാർ ആയുർവേദ ആശുപത്രികളിൽ പാദരക്ഷകൾ ധരിച്ച് അകത്ത് കടക്കാൻ ഇപ്പോഴും രോഗികൾക്ക് അനുവാദമില്ല. രോഗ വ്യാപനത്തിന് ഇത് വലിയതോതിൽ കാരണമാകും എന്ന് ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ തന്നെ ചൂണ്ടിക്കാണിക്കുമ്പോഴും ആശുപത്രികളിലെ മെഡിക്കൽ ഓഫീസർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ പാദരക്ഷകൾ ധരിച്ച് ആശുപത്രികളിലേക്ക് എത്തുന്ന രോഗികൾക്ക് പ്രവേശനം നിഷേധിക്കുകയാണ്. കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലട പഞ്ചായത്തിലുള്ള സർക്കാർ ആയുർവേദ ആശുപത്രിയിൽ കെട്ടിടത്തിന് മുന്നിൽ തന്നെയാണ് ഇത്തരത്തിൽ ബോർഡ് പ്രദർശിപ്പിച്ചിട്ടുള്ളത്.

ഇത് ചോദ്യം ചെയ്യുന്ന പൊതു പ്രവർത്തകരെ കളിയാക്കുന്ന നിലയിലാണ് ആശുപത്രിയിലെ ഡോക്ടർ ഉൾപ്പെടെയുള്ള ജീവനക്കാർ പെരുമാറുന്നത് എന്നും പരാതിയുണ്ട്. നിനക്കൊന്നും മറ്റ് പണിയില്ലേ, ആശുപത്രി കെട്ടിടം വൃത്തിയായി സൂക്ഷിക്കാനാണ് ചെരിപ്പ് വെളിയിലിടാൻ എഴുതി വെച്ചിരിക്കുന്നത് എന്നാണ് ആശുപത്രി ജീവനക്കാരുടെ ഭാഷ്യം. വളരെ പ്രായം ചെന്ന നിരവധി ആളുകളാണ് ദിവസവും ആ ആശുപത്രിയിൽ എത്തുന്നത്. അതേസമയം, മിക്ക ആശുപത്രികൾക്ക് മുന്നിലും പാദരക്ഷകൾ പുറത്തിടണമെന്ന ബോർഡും വെച്ചിട്ടുണ്ട് എന്ന് ആരോഗ്യ പ്രവർത്തകർ തന്നെ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ ഒരു നിർദ്ദേശം സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടെന്ന് ചോദ്യം ചെയ്യുന്നവർക്ക് മറുപടിയും നൽകുന്നുണ്ട്. എന്നാൽ ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുമെന്ന് ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

സ്ഥാപനം തുടച്ച് വൃത്തിയാക്കുന്ന സ്റ്റാഫിന്റെ ഉത്തരവെന്ന് ഡോക്ടർ

പാദരക്ഷകൾ ധരിച്ച് അകത്ത് വരരുതെന്ന് ആശുപത്രിക്ക് പുറത്ത് എഴുതി വെച്ചിട്ടുണ്ടെന്നും രോഗികൾക്ക് അതിൽ പരാതി ഇല്ലെന്നുമാണ് പടിഞ്ഞാറെ കല്ലട പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സർക്കാർ ആയുർവേദ ആശുപത്രിയിലെ ഡോക്ടറുടെ നിലപാട്. ചെരുപ്പ് ധരിച്ച് അകത്ത് കയറുന്നവരോട് അവ പുറത്തിടാൻ നിർദ്ദേശിക്കാറുമുണ്ടെന്ന് ഡോക്ടർ ഇതിനെ ചോദ്യം ചെയ്ത പൊതുപ്രവർത്തകരോട് പറഞ്ഞു. നമ്മുടെ സ്ഥാപനം തുടച്ച് വൃത്തിയാക്കി ഇടുന്നതുകൊണ്ടാണ് പാദരക്ഷകൾ പുറത്തിടാൻ പറയുന്നത്. ചെരുപ്പ് ഇട്ട് അകത്ത് കയറിയാൽ അത് തുടച്ച് വൃത്തിയാക്കുന്ന സ്റ്റാഫിന് ബുദ്ധിമുട്ടാണ്. ഇത് ഗവൺമെന്റ് നിർദ്ദേശമല്ലെന്നും സൂപ്പർമാർക്കറ്റുകളിൽ ചെരുപ്പ് ഇട്ട് കയറാൻ അനുവദിക്കില്ലെന്നുമാണ് ഡോക്ടറുടെ നിലപാട്. ചെരുപ്പിടാത്തതുകൊണ്ടാണോ രോഗം പകരുന്നത് എന്നും ഡോക്ടർ ആശുപത്രിയുടെ വൃത്തിക്ക് വേണ്ടിയാണ് ഇതെന്നും അതിനോട് നിങ്ങൾ സഹകരിക്കുകയാണ് വേണ്ടതെന്നും മറ്റ് ജീവനക്കാരും ആവശ്യപ്പെടുന്നു. നമ്മള് ഡിവൈഎഫ്‌ഐയിലൊക്കെ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് ആശുപത്രിക്കുള്ളിൽ പാദരക്ഷ അനുവദിക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് ഡോക്ടറുടെ മറുപടി.

ജനങ്ങളുടെ ആരോഗ്യത്തെ കുറിച്ച് ചോദിക്കുമ്പോൾ സ്ഥാപനത്തിലെ വൃത്തിയെ കുറിച്ചാണ് ജീവനക്കാർ പറയുന്നത്. നിങ്ങൾ തറയിലേക്ക് നോക്കൂ എന്നാണ് അവർ പറയുന്നത്. പുറത്ത് പലരുമായും സഹകരിച്ച് വരുന്ന ആൾക്കാരാണ്. ആ ചെളി കൊണ്ടാണ് ഇവിടെ രോഗമുണ്ടാകുന്നത്. ഈ സ്ഥാപനം വൃത്തികേടാക്കണം എന്നാണോ പറയുന്നത് എന്നാണ് ഡോക്ടർ ചോദിക്കുന്നത്. എല്ലാ ഹോസ്പിറ്റലും പോലല്ല, ഇത് വൃത്തിയുള്ള ഹോസ്പിറ്റൽ ആയതുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്നാണ് ഡോക്ടർ ഇതിനെ ചോദ്യം ചെയ്ത പൊതുപ്രവർത്തകർക്ക് നൽകിയ മറുപടി.

പാദരക്ഷ ധരിക്കണമെന്നാണ് എന്ന് സംസ്ഥാന സർക്കാരിന്റെ നയമെന്ന് മന്ത്രിമാർ തന്നെ ആരോപിക്കുമ്പോഴാണ് ആശുപത്രികൾ തന്നെ ഇത്തരത്തിൽ പാദരക്ഷ ധരിച്ച് വരുന്നവർക്ക് വിലക്ക് ഏർപ്പെടുത്തുന്നത്. വിവിധ തരം രോഗങ്ങൾ ഉള്ളവരാണ് ആശുപത്രികളിൽ എത്തുന്നത് എന്നുള്ളതുകൊണ്ട് തന്നെ പലതരം രോഗങ്ങളും വ്യാപിക്കാൻ ഇത് ഇടവരുത്തും എന്ന് ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. പാദരക്ഷകൾ ധരിക്കുന്നതിന് ഒരു ആശുപത്രിക്കും വിലക്ക് ഏർപ്പെടുത്താനാകില്ല. പാദരക്ഷകൾ വ്യക്തിശുചിത്വം പാലിക്കുന്നതിനുള്ള പ്രധാനപ്പെട്ട മാർഗമാണ്. ഐസിയുവിൽ മാത്രമാണ് ധരിച്ചുകൊണ്ടുവരുന്ന പാദരക്ഷകളുമായി അകത്ത് കടക്കുന്നതിന് വിലക്ക് ഉള്ളതെന്ന് ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഐസിയുവിൽ ഉൾപ്പെടെ പ്രത്യേക പാദരക്ഷകൾ സജ്ജമാക്കിയിട്ടുണ്ടെന്നും അവർ പറയുന്നു.

പാദരക്ഷ പുറത്തുവയ്ക്കണമെന്ന് സർക്കാർ നിർദ്ദേശമില്ല

ഇത്തരത്തിൽ പാദരക്ഷകൾ ധരിച്ച് ആശുപത്രികളിൽ പ്രവേശിക്കരുതെന്ന് സർക്കാർ ഒരു നിർദ്ദേശവും നൽകിയിട്ടില്ലെന്ന് ആയുഷ് മിഷൻസ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. സുഭാഷ് മറുനാടനോട് പറഞ്ഞു. പണ്ട് കാലത്ത് വീടിനിള്ളിൽ പ്രവേശിക്കുമ്പോൾ പാദരക്ഷകൾ പുറത്ത് അഴിച്ച് വെക്കുന്ന ഒരു ശീലമുണ്ടായിരുന്നു. ആ രീതി തുടർന്ന് പോകുന്നതാകാനാണ് വഴി എന്നും അദ്ദേഹം പറഞ്ഞു. പാദരക്ഷകൾ ധരിച്ച് അകത്ത് കയറരുത് എന്ന ബോർഡ് വെച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അവ നീക്കം ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സാനിറ്റൈസേഷൻ എല്ലാവരും നടത്തണമെന്നും സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കണമെന്നും മാസ്‌ക് ധരിക്കണമെന്നുമുള്ള പൊതു നിർദ്ദേശങ്ങളാണ് പൊതുവിൽ ആയുർവേദ ആശുപത്രികൾക്കും നൽകിയിട്ടുള്ളത്. മഹാമാരിയുടെ കാലത്ത് എന്ന് മാത്രമല്ല, എപ്പോഴാണെങ്കിലും പൊതു ഇടങ്ങളിൽ പ്രവേശിക്കുമ്പോൾ തീർച്ചയായും ചെരുപ്പ് ഉപയോഗിക്കണം. ആയുർവേദം എപ്പോഴും പാദരക്ഷ ധരിക്കണം എന്ന് തന്നെയാണ് ആവശ്യപ്പെടുന്നത് എന്നും അദ്ദേഹം പറഞ്ഞു. ശീലത്തിന്റെ ഭാഗമായി കെട്ടിടത്തിലേക്ക് പ്രവേശിക്കുമ്പോൾ ചെരിപ്പ് ഊരിവച്ച ശേഷം വരുന്നവരോട് ചെരുപ്പ് ഇട്ടിട്ട് വരൂ എന്ന് നമ്മൾ ആരും പറയാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതായാലും പാദരക്ഷകൾ ധരിക്കുന്നത് സുരക്ഷയുടെ ഭാഗമായി തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങളിൽ പഞ്ചായത്തുകൾക്ക് വലിയ ഒരു റോളുണ്ടെന്നും പഞ്ചായത്തുക്കൾ ഇക്കാര്യങ്ങളിൽ വലിയ ശ്രദ്ധ കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാദരക്ഷകൾ ധരിച്ച് അകത്ത് കടക്കരുത് എന്ന് ഒരു സ്ഥലത്തും നിഷ്‌കർഷിച്ചിട്ടില്ലെന്ന് നാഷണൽ ആയുഷ് മിഷന്റെ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. ജയനാരായൺ മറുനാടനോട് പറഞ്ഞു. നിശബ്ദത പാലിക്കുക, പുകവലി അരുത് തുടങ്ങിയ പൊതു നിർദ്ദേശങ്ങൾ മാത്രമേ ആശുപത്രികളിൽ പ്രദർശിപ്പിക്കുവാൻ പാടുള്ളു. ഇപ്പോൾ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആയുഷിന്റെ കീഴിലുള്ള രണ്ട് വകുപ്പുകൾ വളരെ കൃത്യമായ മാർഗനിർദ്ദേശങ്ങൾ എല്ലാ ഡിസ്‌പെൻസറികളിലും നൽകിയിട്ടുണ്ട്. എങ്ങനെയായിരിക്കണം ക്ലിനിക് മാനേജ് ചെയ്യേണ്ടത്, എങ്ങനെയായിരിക്കണം രോഗികളെ കൈകാര്യം ചെയ്യേണ്ടത് എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളാണ് നൽകിയിട്ടുള്ളത്. അതിൽ ഒരു സ്ഥലത്തും ഇത്തരം നിർദ്ദേശം നൽകിയിട്ടുള്ളതായി ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അദ്ദേഹം മറുനാടനോട് പറഞ്ഞു. അത്തരം കാര്യങ്ങൾ അശ്രദ്ധയുടെ ഭാഗമായാണ് സംഭവിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP